ഒഴിവുകാലത്ത് ഭാരം കൂടുന്നുണ്ടോ ? ഇതാ ചില പരിഹാരങ്ങള്‍

ഒഴിവുകാലത്ത് ഭാരം കൂടുന്നുണ്ടോ ? ഇതാ ചില പരിഹാരങ്ങള്‍

ഒഴിവുകാലത്ത് നിയന്ത്രണങ്ങളില്ലാതെ ഭക്ഷണം കഴിക്കുന്നവരാണ് നമ്മളില്‍ പലരും. ഇഷ്ടമുള്ള രുചിയേറിയ ഭക്ഷണത്തിനു മുന്നില്‍ പലപ്പോഴും ശരീരഭാരം കൂടുമെന്ന ചിന്തയൊക്കെ പമ്പ കടക്കും. അമിതമായി ഭക്ഷണം കഴിച്ച് ഭാരം കൂടി, ബോഡി ഷെയ്പ് നഷ്ടമായി എന്നിങ്ങനെയുള്ള പരാതികള്‍ക്ക് ഇടനല്‍കാതെ വളരെ ലളിതമായി പരിഹരിക്കാവുന്ന ചില ടിപ്‌സുകള്‍ ഇവിടെ പരിചയപ്പെടാം. പൂനെയിലെ ആത്മാന്ദന്‍ വെല്‍നസ് സെന്ററിലെ ഡോ. മനോജ് കുടേരിയുടെ അഭിപ്രായത്തില്‍ മികച്ച ഡയറ്റിംഗ് പ്ലാനിലൂടെ ഒഴിവുകാലത്തെ ഭക്ഷണരീതി കൂടുതല്‍ ആരോഗ്യപ്രദമാക്കാം.

സ്‌നാക്‌സുകള്‍ സ്വയം തയ്യാറാക്കാം

കടകളില്‍ നിന്നും ലഭിക്കുന്ന പിസ, ബര്‍ഗര്‍, കുക്കീസ്, ചിപ്‌സ് എന്നിവ ഒഴിവാക്കി വീട്ടില്‍ തന്നെയുണ്ടാക്കാവുന്ന ഗ്രാനോള (ഓട്‌സ്, നട്‌സ്, തേന്‍ എന്നിവ ചേര്‍ന്ന പ്രഭാതഭക്ഷണം), പോപ്‌കോണ്‍, കഷണങ്ങളാക്കിയ പച്ചക്കറികളും പഴവര്‍ഗങ്ങളും കൂടുതലായി ഉള്‍പ്പെടുത്തണം

സൂപ്പര്‍ മാര്‍ക്കറ്റുകള്‍ കണ്ടെത്തുക

ഒഴിവുകാലം വീടിനു പുറത്ത് ആഘോഷിക്കുന്നവര്‍ നിര്‍ദിഷ്ട സ്ഥലത്ത് എത്തിയാലുടന്‍ നിങ്ങള്‍ക്ക് അനുയോജ്യമായ സൂപ്പര്‍മാര്‍ക്കറ്റുകള്‍ കണ്ടെത്തണം. ശുദ്ധമായ പഴങ്ങളും പച്ചക്കറികളും സ്‌നാക്‌സായും അഥവാ പ്രഭാത ഭക്ഷണത്തിനു പകരമായും കഴിക്കാം.

ഹോട്ടലുകളില്‍ നിന്നും ആരോഗ്യകരമായ ഭക്ഷണം മാത്രം

റിസോര്‍ട്ടുകളിലും മറ്റും താമസിക്കുന്നവര്‍ ഭക്ഷണം തെരഞ്ഞെടുക്കുമ്പോള്‍ ഏറെ ശ്രദ്ധിക്കണം. ശുദ്ധമായ പഴങ്ങള്‍, സാലഡുകള്‍, ഓട്‌സ് എന്നിവയ്ക്ക് പ്രാമുഖ്യം നല്‍കണം. ഇത് ലഭിക്കാത്ത സാഹചര്യമായാല്‍ നാരുകള്‍ അടങ്ങിയ ഭക്ഷണം ദിവസം രണ്ടു നേരമെങ്കിലും കഴിച്ചിരിക്കണം.

ഫാസ്റ്റ് ഫുഡ് സ്ഥാപനങ്ങള്‍ ഒഴിവാക്കാം

യാത്രയ്ക്കിടയില്‍ ഫാസ്റ്റ് ഫുഡ് സ്ഥാപനങ്ങള്‍ പരമാവധി ഒഴിവാക്കി ഇരുന്നു കഴിക്കാവുന്ന റെസ്‌റ്റോറന്റുകള്‍ തെരഞ്ഞെടുക്കുക. സമയം കൂടുതല്‍ വേണ്ടിവരുമെങ്കിലും ആരോഗ്യകരമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ചോദിച്ചു വാങ്ങാനുള്ള സാഹചര്യം ഇവിടെ ലഭ്യമാകും. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കി ഗ്രീല്‍ഡ് ഭക്ഷണ പരാര്‍ത്ഥങ്ങള്‍ വാങ്ങുക. ആഹാരത്തിനൊപ്പം സാലഡുകളും പച്ചക്കറികളും ചോദിച്ചു വാങ്ങാനും ഇത്തരം റെസ്‌റ്റോറന്റുകള്‍ സഹായകരമാണ്.

മിതമായി കഴിക്കുക

സൂപ്പ്, പച്ചക്കറികള്‍ അടങ്ങിയ സാന്‍ഡ്‌വിച്ചുകള്‍ എന്നിവയ്ക്കു പ്രാധാന്യം നല്‍കി മിതമായ കഴിക്കുക. അമിതമായി ക്രീമുകള്‍ നിറഞ്ഞ, കൂടുതല്‍ വറുത്ത ഭക്ഷണങ്ങള്‍ കഴിവതും ഒഴിവാക്കുക. മത്സ്യം ഏറെയിഷ്ടമുള്ളവര്‍ക്ക് സാല്‍മണ്‍ തെരഞ്ഞെടുക്കാവുന്നതാണ്.

ഭക്ഷണം പങ്ക് വെയ്ക്കാം

യാത്രയ്ക്കും മറ്റും രണ്ടില്‍ കൂടുതല്‍ പേരുണ്ടെങ്കില്‍ അംഗസംഖ്യ മിതപ്പെടുത്തി വാങ്ങി പങ്കിടുന്നതാവും നല്ലത്. ഉദാഹരണത്തിന് നാലു പേരുള്ള സംഘമാണെങ്കില്‍ മൂന്നു പേര്‍ക്കുള്ള ആഹാരം മാത്രം വാങ്ങി പങ്കിടാം. ഇത് നിങ്ങള്‍ അമിതമായി കഴിക്കുന്നത് ഒഴിവാക്കാനും ആഹാരം പാഴാകാതിരിക്കാനും സഹായിക്കും

ഇഷ്ടഭക്ഷണം കരുതലോടെ

ഒഴിവുകാലത്ത് നിങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഭക്ഷണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണമെന്നു പറയില്ല. എന്നാല്‍ അതുണ്ടാക്കുന്ന അനോരോഗ്യത്തേക്കുറിച്ച് ബോധമുള്ളവരാകണം. വീട്ടില്‍ തന്നെയുണ്ടാക്കുന്ന ഭക്ഷണങ്ങള്‍ക്ക് പ്രധാന്യം നല്‍കാനും അതില്‍ മിതത്വം പാലിക്കാനും സ്വയം തയാറായേ മതിയാകൂ.

Comments

comments

Categories: FK Special, Slider