അതിരുകള്‍ ഭേദിച്ച് പുതിയ ഉയരങ്ങളിലേക്ക്

അതിരുകള്‍ ഭേദിച്ച് പുതിയ ഉയരങ്ങളിലേക്ക്

അരി വ്യാപാരത്തില്‍ നിന്ന് തുടക്കം കുറിച്ച് മലയാളിയുടെ ഭക്ഷണശീലങ്ങളെയാകെ സ്വാധീനിക്കുന്ന ജനപ്രിയ ബ്രാന്‍ഡായി വളര്‍ന്ന ഡബിള്‍ഹോഴ്‌സിന്റെ ചരിത്രം കേരളത്തിന്റെ വാണിജ്യവികസന ചരിത്രത്തിന്റെ ഭാഗമാണ്. തൃശൂരില്‍ നിന്ന് എളിയ രീതിയില്‍ തുടക്കം കുറിച്ച് രാജ്യാതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് വളര്‍ന്നു വികസിച്ച ഡബിള്‍ഹോഴ്‌സ് പുതിയ ഉയരങ്ങളിലേക്ക് ചുവടുവെയ്ക്കാനൊരുങ്ങുകയാണ്

കഴിഞ്ഞ 58 വര്‍ഷങ്ങളായി കേരളത്തിന്റെ വാണിജ്യമേഖലയിലെ നിറസാന്നിധ്യമാണ് തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡബിള്‍ ഹോഴ്‌സ്. ഭക്ഷണപഥാര്‍ത്ഥങ്ങളുടേയും, അനുബന്ധവസ്തുക്കളുടെയും നിര്‍മ്മാണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്ന ഡബിള്‍ ഹോഴ്‌സിനെ മുന്നിലെത്തിച്ചത് രുചിയും ഗുണനിലവാരവും കാത്തു സൂക്ഷിക്കുന്നതില്‍ അവര്‍ തുടക്കം മുതലേ പുലര്‍ത്തിയ ശ്രദ്ധയും നിഷ്‌കര്‍ഷയുമാണ്.

എം ഒ ജോണ്‍ എന്ന ദീര്‍ഘദര്‍ശിയായ ബിസിനസുകാരന്റെ കഠിന പ്രയത്‌നമാണ് ഡബിള്‍ ഹോഴ്‌സ് എന്ന ബ്രാന്‍ഡിന്റെ തുടക്കത്തിനു പിന്നില്‍. കേരളത്തിന്റെ വിപണിയിലേക്ക് പായ്ക്ക് ചെയ്ത അരി ആദ്യമായി എത്തിക്കുന്നത് അദ്ദേഹമാണ്. അന്ന് സെന്റ് തോമസ് (എസ് ടി) എന്ന പേരിലായിരിന്നു അരി ഇവര്‍ വിറ്റഴിച്ചിരുന്നത്. അതുകൊണ്ട് തന്നെ കേരളത്തിലെ ആദ്യ ബ്രാന്‍ഡഡ് റൈസ് എന്ന പദവി ഇവര്‍ക്ക് സ്വന്തമാണ്. 1985-ലാണ് കമ്പനി ഡബിള്‍ ഹോഴ്‌സ് എന്ന നാമം സ്വീകരിക്കുന്നത്. സമൂഹത്തിലും വിപണിയിലും സംഭവിച്ച മാറ്റങ്ങള്‍ക്കനുസരിച്ച് കമ്പനിയും അടിമുടി മാറ്റത്തിന് വിധേയമായി. മാറ്റങ്ങള്‍ അനിവാര്യമാണെന്നും മാറ്റങ്ങളുടെ മുമ്പേ നടക്കണമെന്നുമാണ് ഡബിള്‍ ഹോഴ്‌സിന്റെ പോളിസി.

വാടകയ്‌ക്കെടുത്ത അരിമില്ലില്‍ നിന്നും എം ഒ ജോണ്‍ ആരംഭിച്ച സംരംഭം ഇന്ന് വളര്‍ച്ചയുടെ നെറുകയിലാണ്. തൃശൂരുള്ള കോര്‍പ്പറേറ്റ് ഓഫീസിനു പുറമേ പാലക്കാട്, ഷിമോഗ, മൈസൂര്‍, ആന്ധ്ര, പോണ്ടിച്ചേരി, പൊള്ളാച്ചി എന്നീ സ്ഥലങ്ങളിലായി ഏഴോളം ഫാക്ടറികളാണ് കമ്പനിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നത്. കമ്പനിയുടെ ആവശ്യാനുസരണം ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്നതിനായി പല നിര്‍മ്മാണ ശാലകളുമായി ഡബിള്‍ ഹോഴ്‌സ് കരാറില്‍ ഏര്‍പ്പെടുകയും ചെയ്തിട്ടുണ്ട്.

കേരളത്തിന്റെ വിപണിയിലേക്ക് പായ്ക്ക് ചെയ്ത അരി ആദ്യമായി എത്തിച്ചത് ഡബിള്‍ ഹോഴ്‌സ് സ്ഥാപകന്‍ എം ഒ ജോണ്‍ ആണ്. അന്ന് സെന്റ് തോമസ് എന്ന പേരിലായിരിന്നു അരി ഇവര്‍ വിറ്റഴിച്ചിരുന്നത്. അതുകൊണ്ട് തന്നെ കേരളത്തിലെ ആദ്യ ബ്രാന്‍ഡഡ് റൈസ് എന്ന പദവിയും ഇവര്‍ക്ക് സ്വന്തമാണ്

എം ഒ ജോണ്‍ 1959-ല്‍ തുടക്കം കുറിച്ച സംരംഭത്തിന് ഇന്ന് നേതൃത്വം നല്‍കുന്നത് അദ്ദേഹത്തിന്റെ നാലു മക്കളാണ്. ഇതില്‍ സജീവ് മഞ്ഞിലയാണ് കമ്പനിയുടെ ചെയര്‍മാന്‍. വിനോദ് മഞ്ഞില മാനേജിംഗ് ഡയറക്റ്ററായും, സന്തോഷ് മഞ്ഞില ഡയറക്റ്ററായും പ്രവര്‍ത്തിച്ചു വരുന്നു. സജീവിന്റെ മൂത്ത സഹോദരന്‍ രഞ്ജി മഞ്ഞില നിലവില്‍ കമ്പനിയുടെ ഔദ്യോഗിക പദവികള്‍ വഹിക്കുന്നില്ലങ്കിലും കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചുവരുന്നു. രഞ്ജി മഞ്ഞിലയുടെ മകന്‍ ജോ രഞ്ജിയും സ്ഥാപനത്തിന്റെ ഡയറക്റ്റര്‍ പദവിയിലുണ്ട്.

ചെയര്‍മാന്‍ സജീവ് മഞ്ഞില ഉന്നതവിദ്യാഭ്യാസം പൂര്‍ത്തിയാക്കിയാണ് സ്ഥാപനത്തിന്റെ ചുമതലയില്‍ വരുന്നത്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജില്‍ നിന്നും പ്രീഡിഗ്രിയും കോമേഴ്‌സ് ബിരുദവും പൂര്‍ത്തിയാക്കിയ ശേഷം മുംബൈ ഗവണ്‍മെന്റ് ലോ കോളെജില്‍ നിന്നും നിയമ ബിരുദവും, കെ സി കോളെജില്‍ നിന്നും മാനേജ്‌മെന്റില്‍ പിജി ഡിപ്ലോമയും കരസ്ഥമാക്കിയ സജീവ് മഞ്ഞില വിദ്യാഭ്യാസ ജീവിതം പൂര്‍ത്തിയാക്കി തിരിച്ചെത്തി തന്റെ ഔദ്യോഗിക ജീവിതത്തിന് തുടക്കം കുറിക്കുന്നത് 1984-ലാണ്.

അരിയുടെ വിപണനം നിലനിര്‍ത്തിക്കൊണ്ടു തന്നെ കമ്പനി മറ്റു പല മേഖലകളിലും പ്രവര്‍ത്തനം ആരംഭിക്കുകയുണ്ടായി. ചുവടുവെച്ച മേഖലയിലെല്ലാം ഡബിള്‍ ഹോഴ്‌സിന് മികവിന്റെ മുദ്ര പതിപ്പിക്കാന്‍ സാധിച്ചു. ഇന്ന് വിവിധ അരി ഉല്‍പ്പന്നങ്ങള്‍, ഗോതമ്പ് പൊടി, ബ്രേക്ക് ഫാസ്റ്റ് പൗഡേഴ്‌സ്, ഇന്‍സ്റ്റന്റ് ബ്രേക്ക്ഫാസ്റ്റ്, പായസം ഘീര്‍ മിക്‌സുകള്‍, റെഡി ടു ഈറ്റ് പായസം, കറികള്‍, ജാം, അച്ചാര്‍, വിവിധയിനം മസാലപ്പൊടികള്‍, ചിപ്‌സുകള്‍ എന്നിങ്ങനെ 20-ഓളം ഇനങ്ങളിലുള്ള 200-ല്‍ പരം ഉല്‍പ്പന്നങ്ങളാണ് ഡബിള്‍ ഹോഴ്‌സ് വിപണിയില്‍ എത്തിച്ചു കൊണ്ടിരിക്കുന്നത്. വരും നാളുകളില്‍ കൂടുതല്‍ പുതിയ ഉല്‍പന്നങ്ങള്‍ കമ്പനി വിപണിയിലേക്ക് എത്തിക്കുന്നതിനൊരുങ്ങുകയാണ്. ഇത്തരത്തില്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയിലേക്ക് എത്തിക്കുന്നതിനായി വളരെ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവെച്ചു വരുന്ന ഗവവേഷണ വികസന വിഭാഗമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.

നോട്ട് അസാധുവാക്കല്‍ പോലെ തന്നെ ജിഎസ്ടിയുടെ വരവും കച്ചവടത്തെ ചെറിയ രീതിയില്‍ ബാധിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള ഈ നടപടികള്‍ മൂലം തുടക്കത്തില്‍ കുറച്ച് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നാലും ഭാവിയില്‍ നേട്ടങ്ങള്‍ കൊണ്ടുവരും.’

സജീവ് മഞ്ഞില

ചെയര്‍മാന്‍

ഡബിള്‍ ഹോഴ്‌സ് ഫുഡ് പ്രോഡക്റ്റ്‌സ്

ഡബിള്‍ ഹോഴ്‌സ് ഉല്‍പ്പന്നങ്ങളുടെ പ്രധാന വിപണി കേരളം തന്നെയാണ്. കമ്പനിയുടെ ഉല്‍പ്പന്നങ്ങളില്‍ 70 ശതമാനവും വിറ്റഴിയുന്നത് കേരളത്തില്‍ തന്നെ. ബാക്കിയുള്ള 30 ശതമാനത്തില്‍ 20 ശതമാനം ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുകയും ബാക്കി 10 ശതമാനം മറ്റു സംസ്ഥാനങ്ങളില്‍ വിറ്റഴിയുകയും ചെയ്യുന്നു. കേരളത്തിന് പുറമേ ചെന്നൈ, ബെംഗളൂരു, മുംബൈ, ഡല്‍ഹി എന്നീ പ്രദേശങ്ങളില്‍ നിന്നുമാണ് കമ്പനിക്ക് കൂടുതല്‍ വിറ്റുവരവ് നേടാന്‍ സാധിച്ചിട്ടുള്ളത്. വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നതിന്റെ 70 ശതമാനവും മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലാണ് വിറ്റഴിയുന്നത്. ഗള്‍ഫ് രാജ്യങ്ങള്‍ക്കു പുറമേ യൂറോപ്പ്, ഓസ്‌ട്രേലിയ, യുഎസ്, സിംഗപ്പൂര്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലും ഡബിള്‍ ഹോഴ്‌സിന്റെ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാണ്.

വിപുലമായ വിപണന ശൃംഖലയാണ് ഡബിള്‍ ഹോഴ്‌സിനുള്ളത്. അതുകൊണ്ടുതന്നെ കമ്പനിയുടെ ഉടമസ്ഥതയില്‍ ഔട്ട്‌ലെറ്റുകള്‍ ആരംഭിച്ചുള്ള കച്ചവടത്തിന് വലിയ സാധ്യതയുണ്ടെങ്കിലും മാനേജ്‌മെന്റ് അതിന് തയ്യാറല്ല. കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ സ്വയം വിറ്റഴിക്കുന്നത് മറ്റുള്ള കച്ചവടക്കാരില്‍ അതൃപ്തിയുണ്ടാക്കുമെന്ന് സജീവ് മഞ്ഞില ചൂണ്ടിക്കാണിക്കുന്നു. കമ്പനി മാര്‍ക്കറ്റിംഗിനേക്കാള്‍ ഉല്‍പ്പാദനത്തിലാണ് കൂടുതല്‍ ശ്രദ്ധ നല്‍കിവരുന്നത്. മാര്‍ക്കറ്റിംഗ് രംഗത്തുണ്ടാകുന്ന പ്രതിസന്ധികള്‍ കൈകാര്യം ചെയ്യുവാന്‍ താല്‍പ്പര്യം ഇല്ലാത്തതുകൊണ്ടാണ് ഉല്‍പ്പന്നങ്ങളുടെ വിതരണം പുറത്തുള്ളവര്‍ക്ക് നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

കോര്‍പ്പറേറ്റ് രീതിയിലുള്ള പ്രവര്‍ത്തനങ്ങളിലൂടെ മുന്നേറുന്ന ഡബിള്‍ ഹോഴ്‌സിന്റെ പ്രതിവര്‍ഷ വളര്‍ച്ചാനിരക്ക് 20 ശതമാനമാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് അസാധുവാക്കല്‍ ബിസിനസിനെ സാരമായി ബാധിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ വളര്‍ച്ചാ നിരക്കില്‍ അഞ്ച് ശതമാനത്തിന്റെ കുറവാണുണ്ടായത്. നോട്ട് അസാധുവാക്കല്‍ പോലെ തന്നെ ജിഎസ്ടിയുടെ വരവും കച്ചവടത്തെ ചെറിയ രീതിയില്‍ ബാധിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള ഈ നടപടികള്‍ തുടക്കത്തില്‍ കുറച്ച് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നാലും ഭാവിയില്‍ നേട്ടങ്ങള്‍ കൊണ്ടുവരുമെന്ന കാഴ്ച്ചപ്പാടാണ് സജീവ് മഞ്ഞില പങ്കുവെക്കുന്നത്.

ഡബിള്‍ ഹോഴ്‌സിന്റെ ഭാവി വികസനത്തിനുള്ള വ്യക്തമായ പദ്ധതികള്‍ കമ്പനി മാനേജ്‌മെന്റ് തയ്യാറാക്കിയിട്ടുണ്ട്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ കമ്പനി ലക്ഷ്യം വച്ചിരിക്കുന്ന വിറ്റുവരവ് കരസ്ഥമാക്കുമെന്നാണ് കണക്കുകൂട്ടല്‍. അതിനുശേഷം ഓഹരി വിപണിയില്‍ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കാനും അവര്‍ ലക്ഷ്യമിടുന്നു. അഞ്ച് വര്‍ഷം മുന്നില്‍ കണ്ടുകൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങളാണ് കമ്പനി നടപ്പിലാക്കാറുള്ളത്. പ്ലാന്റുകളുടെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുന്നതിനാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്. ഇതിനു പുറമേ ഓരോ വിഭാഗങ്ങളിലും വരുന്ന പുതിയ മാറ്റങ്ങള്‍ അതാതു സമയങ്ങളില്‍ തന്നെ നടപ്പിലാക്കുകയും ചെയ്യും. ഉല്‍പ്പാദനക്ഷമതയും, ഗുണനിലവാരവും വര്‍ധിപ്പിക്കുന്നതിനായിട്ടുള്ള എല്ലാ നൂതന സംവിധാനങ്ങളും സജ്ജീകരിക്കുന്നതില്‍ കമ്പനി അതീവ ശ്രദ്ധ പുലര്‍ത്തി വരുന്നു.

വളരെ വ്യവസ്ഥാപിതമായ ഒരു ഭരണ രീതിയാണ് ഡബിള്‍ ഹോഴ്‌സിനുള്ളത്. ഏഴ് വര്‍ഷത്തിലൊരിക്കല്‍ കമ്പനി അവരുടെ ഭരണനേതൃത്വത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാറുണ്ട്. എല്ലാവര്‍ക്കും എല്ലാ മേഖലയിലും പ്രാവീണ്യം സിദ്ധിക്കുക എന്ന ലക്ഷ്യവുമായിട്ടാണ് കമ്പനി ഇത്തരത്തിലുള്ള നേതൃമാറ്റത്തിന് രൂപം കൊടുത്തിരിക്കുന്നത്.

കമ്പനിയുടെ ഉല്‍പ്പന്നങ്ങളില്‍ 70 ശതമാനവും വിറ്റഴിയുന്നത് കേരളത്തില്‍ തന്നെ. ബാക്കിയുള്ള 30 ശതമാനത്തില്‍ 20 ശതമാനം ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുകയും ബാക്കി 10 ശതമാനം മറ്റു സംസ്ഥാനങ്ങളില്‍ വിറ്റഴിയുകയും ചെയ്യുന്നു. കേരളത്തിന് പുറമേ ചെന്നൈ, ബെംഗളൂരു, മുംബൈ, ഡല്‍ഹി എന്നീ പ്രദേശങ്ങളില്‍ നിന്നുമാണ് കമ്പനിക്ക് കൂടുതല്‍ വിറ്റുവരവ് നേടാന്‍ സാധിച്ചിട്ടുള്ളത്

ഏറെ നാളുകളായി ഡബിള്‍ ഹോഴ്‌സിന്റെ ബ്രാന്‍ഡ് അംബാസഡര്‍ ചലചിത്ര നടി ശോഭനയാണ്. മറ്റു ബ്രാന്‍ഡുകളെ പോലെ വര്‍ഷംതോറും ബ്രാന്‍ഡ് അംബാസിഡറെ മാറ്റുന്നതിനോട് ഡബിള്‍ ഹോഴ്‌സിന് താല്‍പര്യമില്ല. എന്നാല്‍ കമ്പനിയുടെ പുതിയ സ്‌നാക്‌സ് വിഭാഗങ്ങള്‍ക്ക് വേണ്ടി മാത്രം ഒരു കുട്ടി ബ്രാന്‍ഡ് അംബാസഡറെ രംഗത്തെത്തിക്കുന്നതിനായുള്ള തയ്യാറെടുപ്പിലാണ് കമ്പനി. സമൂഹ മാധ്യമങ്ങളിലൂടെയും, ടെലിവിഷന്‍ പരിപാടികളിലൂടെയും പ്രശസ്തനായ കുട്ടി ഷെഫ് കിച്ചയെയാണ് കമ്പനി തങ്ങളുടെ സ്‌നാക്‌സ് വിഭാഗത്തിന്റെ ബ്രാന്‍ഡ് അംബാസിഡറായി തിരഞ്ഞിടുത്തിരിക്കുന്നത്.

‘ആത്മാര്‍ത്ഥമായ പ്രവര്‍ത്തനത്തിനുള്ള അംഗീകാരമായി അനേകം അവാര്‍ഡുകള്‍ ഈ പ്രവര്‍ത്തനകാലയളവില്‍ കമ്പനിക്ക് ലഭിച്ചിട്ടുണ്ട്. എന്നിരുന്നാലും ജനങ്ങള്‍ തരുന്ന അംഗീകാരമാണ് ഞങ്ങളുടെ മുന്നിലുള്ള ഏറ്റവും വലിയ അവാര്‍ഡ്,’ സജീവ് മഞ്ഞില പറയുന്നു.

Comments

comments