ആപ്പിള്‍ ഇന്ത്യയില്‍ ലക്ഷ്യമിടുന്നത് 50 ശതമാനം വില്‍പ്പന വളര്‍ച്ച

ആപ്പിള്‍ ഇന്ത്യയില്‍ ലക്ഷ്യമിടുന്നത് 50 ശതമാനം വില്‍പ്പന വളര്‍ച്ച

പ്രധാനപ്പെട്ട ഒന്‍പത് നഗരങ്ങളിലെ മുന്‍നിര മാളുകളില്‍ സെപ്റ്റംബര്‍ 29ന് കണ്‍സ്യൂമര്‍ ലോഞ്ച് ഇവെന്റ് നടക്കും

കൊല്‍ക്കത്ത: പുതിയ മോഡലുകളുടെ അവതരണത്തോടനുബന്ധിച്ച് ഇന്ത്യയില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 50 ശതമാനം വില്‍പ്പന വളര്‍ച്ചയാണ് ആപ്പിള്‍ ലക്ഷ്യമിടുന്നത്. ഐഫോണിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് കമ്പനി പുറത്തിറക്കിയ ഐഫോണ്‍ 8, 8 പ്ലസ് മോഡലുകള്‍ സെപ്റ്റംബര്‍ 29ന് വൈകിട്ട് ആറ് മണിക്കാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. പുതിയ ഉല്‍പ്പന്നങ്ങള്‍ അര്‍ധരാത്രിയോടെയോ വൈകിട്ട് ഏറെ വൈകിയോ അവതരിപ്പിക്കുന്ന രീതിയാണ് കഴിഞ്ഞ രണ്ട് വര്‍ഷമായി ആപ്പിള്‍ തുടര്‍ന്നിരുന്നത്. എന്നാല്‍, പുതിയ ഐഫോണ്‍ മോഡലുകള്‍ക്ക് വിശാലമായ വില്‍പ്പന സാധ്യത ഉറപ്പുവരുത്തുന്നതിനു വേണ്ടിയാണ് ലോഞ്ചിംഗ് സമയത്തില്‍ കമ്പനി മാറ്റം വരുത്തിയിരിക്കുന്നത്.

പുതിയ മോഡലുകളുടെ വില്‍പ്പന പ്രോത്സാഹിപ്പിക്കുന്നതിന് കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ്, ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം പേജുകള്‍ എന്നിവയില്‍ സെപ്റ്റംബര്‍ 18 മുതല്‍ പരസ്യ പ്രചാരണം ആരംഭിക്കും. ഇതിനു പുറമേ എയര്‍പോര്‍ട്ട്, ഡിജിറ്റല്‍, റേഡിയോ, അച്ചടി മാധ്യമങ്ങള്‍ എന്നിവയിലൂടെയുള്ള പരസ്യ പ്രചാരണങ്ങള്‍ക്കും തുടക്കം കുറിക്കുമെന്ന് എക്‌സിക്യൂട്ടിവുകള്‍ അറിയിച്ചു. ഡെല്‍ഹി, മുംബൈ, ബെംഗളൂരു, കൊല്‍ക്കത്ത, ചെന്നൈ, പൂനെ, ഹൈദരാബാദ് തുടങ്ങിയ പ്രധാനപ്പെട്ട ഒന്‍പത് നഗരങ്ങളിലെ മുന്‍നിര മാളുകളില്‍ സെപ്റ്റംബര്‍ 29ന് കണ്‍സ്യൂമര്‍ ലോഞ്ച് ഇവെന്റ് നടക്കും.

ഇന്ത്യയിലെ 10,000ല്‍ അധികം റീട്ടെയ്‌ലര്‍മാരിലേക്ക് സെപ്റ്റംബര്‍ 29നു തന്നെ ഐഫോണ്‍ 8, 8 പ്ലസ് മോഡലുകളും ആപ്പിള്‍ വാച്ച്, ആപ്പിള്‍ ടിലി എന്നീ ഉല്‍പ്പന്നങ്ങളും എത്തിക്കാനുള്ള പരിശ്രമത്തിലാണ് കമ്പനി. ഇതിന്റെ ഭാഗമായി ആപ്പിളിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ ലോഞ്ചിംഗ് ഇവെന്റാണ് സെപ്റ്റംബര്‍ 29ന് കമ്പനി ആസൂത്രണം ചെയ്യുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യയില്‍ സ്‌റ്റോക് ദൗര്‍ലഭ്യം ഇല്ലെന്ന് ഉറപ്പുവരുത്താനും കമ്പനി ശ്രമിക്കുന്നുണ്ട്.

ഫോണിനായുള്ള പ്രീ ബുക്കിംഗ് ആരംഭിക്കുന്നത് ഈ മാസം 22നാണ്. സിറ്റിബാങ്ക് കാര്‍ഡ് ഉപയോക്താക്കള്‍ക്കായി ലോഞ്ച് ഡേ സ്‌പെഷല്‍ കാഷ്ബാക്ക് ഓഫറും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ് മോഡലുകള്‍ക്ക് 10,000 രൂപയുടെ കാഷ്ബാക്ക് ഓഫറാണ് നല്‍കുക. പുതിയ ഐഫോണും സീരീസ് 3 ആപ്പിള്‍ വാച്ചും ഒരുമിച്ച് വാങ്ങുന്ന ഉപഭോക്താവിന് 15,000 രൂപയുടെ കാഷ്ബാക്ക് ഓഫര്‍ ലഭ്യമാക്കും. ഐഫോണ്‍ 8, 8 പ്ലസ് മോഡലുകളുടെ വില ഇന്ത്യയില്‍ 64,000 രൂപയിലാണ് ആരംഭിക്കുന്നത്. പുതിയ വാച്ചുകള്‍ക്ക് യഥാക്രമം 29,900രൂപ, 31,900 രൂപ എന്നിങ്ങനെയാണ് ഇന്ത്യയിലെ വില. ഐഫോണിന്റെ പത്താം വാര്‍ഷിക പതിപ്പായ ഐഫോണ്‍ 10 നവംബര്‍ മൂന്നിന് ഇന്ത്യയിലെത്തും.

Comments

comments

Categories: Business & Economy

Related Articles