പ്രധാനമന്ത്രിയുടെ വാഹനങ്ങള്‍

പ്രധാനമന്ത്രിയുടെ വാഹനങ്ങള്‍

ഇന്ത്യന്‍ പ്രധാനമന്ത്രിക്കായി ഉചിതമായ വാഹനം തെരഞ്ഞെടുക്കുന്നതിന് ചുമതലപ്പെടുത്തിയിരിക്കുന്നത് സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിനെയാണ്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വാഹനങ്ങളോട് എത്രമാത്രം കമ്പമുണ്ടെന്ന് കൃത്യമായി അറിയില്ല. എന്നാല്‍ ആഡംബരവും കവചിതവുമായ വാഹനങ്ങള്‍ ഇന്ത്യയുടെ ഈ പ്രധാന സേവകനായി ഒരുക്കിനിര്‍ത്തിയിട്ടുണ്ടാകും. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് മഹീന്ദ്ര സ്‌കോര്‍പിയോ ആയിരുന്നു ഉപയോഗിച്ചതെങ്കില്‍ പ്രധാനമന്ത്രി പദത്തിലെത്തിയതോടെ യാത്രാ വാഹനങ്ങള്‍ പദവിക്കനുസരിച്ച് ഉയര്‍ന്നു. ഇന്ത്യന്‍ പ്രധാനമന്ത്രിക്കായി ഉചിതമായ വാഹനം തെരഞ്ഞെടുക്കുന്നതിന് ചുമതലപ്പെടുത്തിയിരിക്കുന്നത് സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിനെയാണ് (എസ്പിജി). പ്രധാനമന്ത്രി നരേന്ദ്ര മോദി 67 ാം പിറന്നാള്‍ ആഘോഷിക്കുന്ന വേളയില്‍ അദ്ദേഹത്തിന്റെ മോട്ടോര്‍കേഡിലെ ചില കാറുകള്‍ അറിയാം.

മഹീന്ദ്ര സ്‌കോര്‍പിയോ

ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് നരേന്ദ്ര മോദി മഹീന്ദ്ര സ്‌കോര്‍പിയോ എന്ന എസ്‌യുവിയാണ് തെരഞ്ഞടുത്തത്. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്തെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്കായി അദ്ദേഹത്തെ യഥാസമയം വിവിധ റാലികളിലെത്തിച്ചതില്‍ ഈ കവചിത സ്‌കോര്‍പിയോ വലിയ പങ്ക് വഹിച്ചു. പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് രാഷ്ട്രപതി ഭവനിലെത്തുമ്പോഴും നരേന്ദ്ര മോദി ഈ വാഹനത്തെ കൈവിട്ടില്ല. ജിജെ 18 ജി 5645 നമ്പര്‍ മഹീന്ദ്ര സ്‌കോര്‍പിയോ തലയുയര്‍ത്തിപ്പിടിച്ചാണ് നിയുക്ത പ്രധാനമന്ത്രിയെയുംകൊണ്ട് രാഷ്ട്രപതി ഭവന്റെ അങ്കണത്തിലെത്തിയത്. 120 ബിഎച്ച്പി കരുത്തും 280 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുന്ന 2.2 ലിറ്റര്‍ എംഹോക് ഡീസല്‍ എന്‍ജിനാണ് മഹീന്ദ്ര സ്‌കോര്‍പിയോയെ കുതിച്ചുപായാന്‍ സഹായിച്ചത്. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് എന്‍ജിനുമായി ബന്ധിപ്പിച്ചിരിക്കുന്നത്.

ബിഎംഡബ്ല്യു 7 സീരീസ് 760 Li ഹൈ സെക്യൂരിറ്റി എഡിഷന്‍

പ്രധാനമന്ത്രിയായതോടെ സ്‌കോര്‍പിയോ പറ്റില്ലെന്ന് എസ്പിജി നിലപാടെടുത്തു. പകരം ബിഎംഡബ്ല്യു സെവന്‍ സീരീസിന്റെ കവചിത വാഹനമാണ് പ്രധാനമന്ത്രി മോദിയുടെ ഔദ്യോഗിക വാഹനമായി ഓടിത്തുടങ്ങിയത്. രാജ്യത്തെ ഏറ്റവും സുരക്ഷിതമായ വാഹനങ്ങളിലൊന്നായാണ് 7 സീരീസ് 760 Li ഹൈ സെക്യൂരിറ്റി എഡിഷന്‍ കണക്കാക്കുന്നത്. വെടിയുണ്ടകളില്‍നിന്നും ബോംബുകളില്‍നിന്നും യാത്രക്കാരെ രക്ഷിക്കാന്‍ ഈ കാറിന് കഴിയും. എകെ 47 പോലുള്ള ഓട്ടോമാറ്റിക് ആയുധങ്ങള്‍ക്കുപോലും ബിഎംഡബ്ല്യു 7 സീരീസ് 760 Li ഹൈ സെക്യൂരിറ്റി എഡിഷനെ ഒന്നും ചെയ്യാന്‍ കഴിയില്ല. 20 ഇഞ്ച് ബുള്ളറ്റ് പ്രൂഫ് അലോയുകളും ഫഌറ്റ് ടയറുകളുമാണ് മറ്റൊരു പ്രധാനപ്പെട്ട ഫീച്ചര്‍. ഗ്യാസ് ആക്രമണം നേരിടുന്നതിന് ഈ കാറിനകത്ത് ഓക്‌സിജന്‍ സപ്ലൈ കിറ്റും ഒരുക്കിയിട്ടുണ്ട്. സ്‌ഫോടനങ്ങളെ പ്രതിരോധിക്കാന്‍ കഴിയുന്നതാണ് ഇന്ധന ടാങ്ക്.

2010 റേഞ്ച് റോവര്‍ എച്ച്എസ്ഇ

റോഡ് ഷോകള്‍ക്കും മറ്റുമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 2010 റേഞ്ച് റോവര്‍ എച്ച്എസ്ഇ ഉപയോഗിക്കുന്നത്. 375 ബിഎച്ച്പി കരുത്ത് പുറപ്പെടുവിക്കാന്‍ കഴിയുന്നതാണ് ഈ കാറിലെ 5 ലിറ്റര്‍ വി8 എന്‍ജിന്‍. പ്രധാനമന്ത്രിക്കായി പൂര്‍ണ്ണമായും കവചിത വാഹനമാക്കി ഈ ഓള്‍ വീല്‍ ഡ്രൈവ് കാറിനെ മാറ്റിയിട്ടുണ്ട്.

 

എയര്‍ ഇന്ത്യാ വണ്‍- എഐസി001

നരേന്ദ്ര മോദിയുടെ കാറുകളെക്കുറിച്ച് പറയുമ്പോള്‍തന്നെ ചക്രങ്ങള്‍ക്കുമുകളില്‍ ചിറകുകളുള്ള എയര്‍ ഇന്ത്യാ വണ്‍ എന്ന വിമാനത്തെക്കുറിച്ചും പ്രതിപാദിക്കണം. ഔദ്യോഗിക യാത്രകള്‍ക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി സഞ്ചരിക്കുന്നത് എയര്‍ ഇന്ത്യാ വണ്ണിലാണ്. ബോയിംഗ് 747-400 വിമാനമാണ് എയര്‍ ഇന്ത്യാ വണ്‍. റഡാര്‍ മുന്നറിയിപ്പ്, മിസൈല്‍ മുന്നറിയിപ്പ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളോടെയാണ് എയര്‍ ഇന്ത്യാ വണ്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെയോ പ്രസിഡന്റിനെയോ വഹിച്ചുകൊണ്ട് ആകാശത്തുകൂടെ പറക്കുന്നത്. വിമാനത്തിനകത്തെ ഇലക്ട്രോണിക്‌സ് സംവിധാനങ്ങള്‍ ഏത് സാഹചര്യത്തിലും തകരാറിലാകാതെയിരിക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ബോയിംഗ് 747-400 ന് പകരമായി ബോയിംഗ് 777-300ഇആര്‍ ഉപയോഗിക്കാനാണ് വ്യോമസേനയുടെ തീരുമാനം.

Comments

comments

Categories: Auto