റിസര്‍വ്ഡ് യാത്രക്കാരുടെ ഉറക്ക സമയത്തില്‍ മാറ്റം

റിസര്‍വ്ഡ് യാത്രക്കാരുടെ ഉറക്ക സമയത്തില്‍ മാറ്റം

ന്യൂഡെല്‍ഹി: സ്ലീപ്പര്‍ കോച്ചുകളില്‍ റിസര്‍വ്ഡ് യാത്രക്കാരുടെ അധിക ഉറക്കം മൂലം യാത്രക്കാര്‍ തമ്മിലുണ്ടാകുന്ന കലഹം അവസാനിപ്പിക്കാനുള്ള ശ്രമവുമായി റെയല്‍വേ. റിസര്‍വ് ചെയ്ത കോച്ചുകളിലെ യാത്രക്കാര്‍ക്ക് ഇനിമുതല്‍ രാത്രി 10 മുതല്‍ രാവിലെ 6 മണി വരെയാണ് കിടന്നുറങ്ങുന്നതിന് അനുവദിക്കപ്പെട്ട സമയം. ബാക്കി സമയംമറ്റ് യാത്രക്കാര്‍ക്കു കൂടി ഇരിക്കാന്‍ സാധിക്കുന്നതിനാണ് റെയ്ല്‍വേയുടെ തീരുമാനം. പുതിയ സമയ മാറ്റം സംബന്ധിച്ച സര്‍ക്കുലര്‍ ഓഗസ്റ്റ് 31നാണ് റെയല്‍വേ പുറത്തിറക്കിയത്. കിടന്നുറങ്ങുന്നതിന് അനുവദിക്കപ്പെട്ടിരിക്കുന്ന സമയം രാത്രി 9 മണിമുതല്‍ രാവിലെ 6 മണി വരെയായിരുന്നു.

രോഗബാധിതര്‍, ശാരീരിക വൈകല്യമുള്ളവര്‍, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ക്ക് ആവശ്യമെങ്കില്‍ അനുവദനീയമായ പരിധിക്കപ്പുറത്തേക്ക് ഉറങ്ങാനുള്ള അനുവാദം റെയ്ല്‍വേ അനുവദിച്ചിട്ടുണ്ട്. ഇന്ത്യന്‍ റെയ്ല്‍വേ കൊമേഴ്‌സ്യല്‍ മാനുവല്‍ ഒന്നാം വോളിയത്തിലെ 652-ാം ഖണ്ഡിക മാറ്റിയാണ് പുതിയ വ്യവസ്ഥ ഏര്‍പ്പെടുത്തുന്നത്. ഉറങ്ങാനുള്ള സൗകര്യത്തോട് കൂടിയ എല്ലാ റിസര്‍വ്ഡ് കോച്ചുകളിലും ഈ വ്യവസ്ഥ ബാധകമാണ്.

പകല്‍ അല്ലെങ്കില്‍ രാത്രിയില്‍ ഉറങ്ങാന്‍ പോകുന്ന റിസര്‍വ്ഡ് യാത്രികര്‍ സഹാത്രികരെ ബെര്‍ത്തുകളില്‍ നിന്ന് മാറ്റുകയും ഇതേ തുടര്‍ന്ന് പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നുവെന്നാണ് റെയല്‍വേ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്. യാത്രക്കാര്‍ തമ്മില്‍ നിരന്തരമായ കലഹത്തിന് ഇത് കാരണമാകുന്നു. സൈഡ് ബെര്‍ത്തുകള്‍ക്ക് വേണ്ടിയാണ് ഏറ്റവും കൂടുതല്‍ പ്രശ്‌നം ഉണ്ടാകുന്നത്. സൈഡ് അപ്പര്‍ ബെര്‍ത്ത് ബുക്ക് ചെയ്ത വ്യക്തിക്ക് രാത്രി 10 മുതല്‍ രാവിലെ 6 വരെ ലോവര്‍ ബെര്‍ത്തിലെ സീറ്റിനായി യാതൊരു അവകാശവും ഉന്നയിക്കാന്‍ സാധിക്കില്ലെന്ന് സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.

അനുവദനീയമായ സമയത്തിനപ്പുറത്ത് പകല്‍ ഉറക്കത്തിന് ശ്രമിക്കുന്ന യാത്രക്കാരെ തടയുന്നതിനും, അത്തരത്തിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനും പുതിയ നിര്‍ദേശം ടിടിഇ (ട്രാവലിംഗ് ടിക്കറ്റ് എക്‌സാമിനര്‍) യെ സഹായിക്കുമെന്നാണ് റെയ്ല്‍വേ മന്ത്രാലയം വ്യക്തമാക്കുന്നത്. 

Comments

comments

Categories: Slider, Top Stories