പ്രതിപക്ഷത്തിന്റെ സ്വത്വ പ്രതിസന്ധി

പ്രതിപക്ഷത്തിന്റെ സ്വത്വ പ്രതിസന്ധി

കേരളത്തിലെ പൊതുസമൂഹത്തിന് നന്മ പ്രദാനം ചെയ്യുന്ന ഒട്ടേറെ പദ്ധതികള്‍ക്കാണ് ഈ മന്ത്രിസഭ ഇക്കഴിഞ്ഞ കാലംകൊണ്ട് തുടക്കമിട്ടത്. ഇക്കാലത്ത്, ഉമ്മന്‍ചാണ്ടിയുടെ ഭരണവേളയില്‍, എല്ലാ മന്ത്രിമാരും മത്സരിച്ചു ചെയ്ത അഴിമതിയുടേയും സകല കൊള്ളരുതായ്മകളുടേയും അന്വേഷണവും സമയബന്ധിതമായിത്തന്നെ പൂര്‍ത്തിയാക്കണം

കേരളത്തിലെ പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനത്തെപ്പറ്റി ചിന്തിക്കുമ്പോള്‍ ലജ്ജ തോന്നുന്നു. ഒരിക്കലും ഒരു രാഷ്ട്രീയപാര്‍ട്ടിക്ക് ഈ ഗതി വരല്ലേ എന്നേ നമുക്ക് പറയാനുള്ളൂ. പൊതുസമൂഹം പ്രതികരിക്കേണ്ടിവരിക, അതിനു നേതൃത്വം കൊടുക്കേണ്ട സാഹചര്യമുണ്ടാവുക, ഇവിടെയൊക്കെയാണ് പ്രതിപക്ഷത്തിന്റെ സാധ്യത അനിവാര്യമാവുന്നത്. പ്രതിപക്ഷനിരയിലെ മുഖ്യകക്ഷിയായ കോണ്‍ഗ്രസിന്റെ മുന്‍നിര നേതാക്കളില്‍ ഒന്നോ രണ്ടോ ആളുകള്‍ ഒഴിച്ച് എല്ലാവരും കൈക്കൂലിക്കാരോ ജനവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍പ്പെട്ടവരോ ആണ്. അവരെ മുന്‍നിറുത്തിയാണ് സര്‍ക്കാരിനെതിരായ സമരം നടത്തുന്നതെങ്കില്‍ അതെങ്ങനെ വിജയിക്കാനാവുമെന്ന് മുന്‍ കെ പി സി സി പ്രസിഡന്റ് ആയ വി എം സുധീരന് ആലോചിക്കാമായിരുന്നു.’ ഒരു പുരോഹിതശ്രേഷ്ഠനായ സൂസാപാക്യത്തെ തന്റെ വലതു വശത്തിരുത്തി സുധീരന്‍ കേരള സര്‍ക്കാരിനെതിരേ സമരം നടത്തുമെന്ന് പറഞ്ഞിരിക്കുന്നു. ഒരു രാഷ്ട്രീയനേതാവിന്റെ അടുത്തിരുന്ന് ഇങ്ങനെയൊരു സമരപ്രഖ്യാപനം നടത്തിയത് ശരിയായോ എന്ന് ആലോചിക്കേണ്ടത് സൂസാപാക്യവും അദ്ദേഹത്തെ ശ്രേഷ്ഠ പുരോഹിതനായി വിളിച്ചാരാധിക്കുന്ന അല്‍മേയക്കാരുമാണ്. എന്റെ അറിവ് ശരിയാണെങ്കില്‍ വി എം സുധീരന്‍ എന്‍ എസ് എസ് നേതാവ് സുകുമാരന്‍ നായരേയും എസ് എന്‍ ഡി പി നേതാവ് വെള്ളാപ്പിള്ളി നടേശനേയും ഈ പത്രസമ്മേളനത്തിലേക്ക് വിളിച്ചിരുന്നു. അവര്‍ ഒഴിഞ്ഞുമാറി. മറ്റു പ്രതിപക്ഷനേതാക്കള്‍ ആരും കൂടാതെ സുധീരന്‍ സ്വയം താന്‍ എല്ലാവരേക്കാളും മിടുക്കനാണെന്ന് കാണിക്കാന്‍ നടത്തിയ ശ്രമം എത്ര പരിഹാസ്യമായിപ്പോയെന്ന് അവരാലോചിച്ചാല്‍ അത്രയും നന്ന്. ഇനിയൊരു വിമോചനസമരം ക്ലച്ചു പിടിക്കില്ല എന്ന് ഈ സമുദായ നേതാക്കള്‍ക്ക് അറിയാം.

സുധീരന്‍ പത്രസമ്മേളനം സൂസാപാക്യത്തിന്റെ സാന്നിധ്യത്തില്‍ നടത്തുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ഉലകനായകന്‍ കമല്‍ഹാസന്‍ തമിഴ്‌നാട്ടില്‍ സ്വീകരിക്കേണ്ട രാഷ്ട്രീയ നയങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു. ഇടതുപക്ഷ നേതാക്കളെക്കുറിച്ച്, കേരളത്തിലെ മന്ത്രിസഭയെക്കുറിച്ച് പ്രശംസ വാരിച്ചൊരിഞ്ഞിട്ടാണ് കമല്‍ഹാസന്‍ ചെന്നൈയിലേക്ക് പോയത്. തന്റെ നേതാക്കള്‍ ഇടതുപക്ഷ നേതാക്കന്മാരാണെന്നു അര്‍ധശങ്കക്കിടം നല്‍കാതെ ഇന്ത്യയിലെ പൊതുസമൂഹത്തോട് പറയാനും കമല്‍ഹാസന്‍ മടിച്ചില്ല. തന്റെ രാഷ്ട്രീയപ്രവേശം ഇപ്പോഴത്തെ സാഹചര്യത്തിന് ചേര്‍ന്നതാണോ, അങ്ങനെയാണെങ്കില്‍ അത് ഏത് ദിശയിലാവണം, തുടങ്ങിയ കാര്യങ്ങളാണ് ചര്‍ച്ചക്ക് വിധേയമായത്. ചര്‍ച്ചയല്ല, പരിണിതപ്രജ്ഞനായ ഒരു മുതിര്‍ന്ന പോളിറ്റ് ബ്യൂറോ മെമ്പറോട് തന്റെ സംശയങ്ങള്‍ ചോദിച്ചു. അതിനു വ്യക്തമായ മറുപടി ലഭിക്കുകയും ചെയ്തു കമല്‍ഹാസന്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ലഭിക്കാവുന്ന ആദാനപ്രദായന പ്രക്രിയയുടെ ഉത്തമ മാതൃകയാണ് ക്ലിഫ് ഹൗസില്‍ നടന്നത്. ഒന്നോ രണ്ടോ സീറ്റിനുവേണ്ടി മുന്നണിയില്‍ വരികയും അതു കിട്ടാതെ വരുമ്പോള്‍ മുന്നണി വിട്ടുപോകുകയും ചെയ്യുന്ന ‘ ആയാറാം ഗയാറാം ‘ രാഷ്ട്രീയമല്ല ഇത്. രാഷ്ട്രീയത്തില്‍, തൊട്ടടുത്ത സംസ്ഥാനമാണെങ്കില്‍ പോലും, അവിടെ ഒരു ഉദയസൂര്യന്‍ ഉണരുകയാണ്. ഈ താരോദയം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ദിശാമാറ്റുകതന്നെ ചെയ്യും. ഈ പ്രക്രിയക്ക് നേതൃത്വം കൊടുക്കാന്‍, ഉപദേശം നല്‍കാന്‍ പറ്റിയ നേതാവിനെയാണ് കമല്‍ഹാസന്‍ സ്വയം തെരഞ്ഞെടുത്തത്.

ഈ പശ്ചാത്തലത്തില്‍ വേണം കേരള രാഷ്ട്രീയത്തിലെ ഇപ്പോഴത്തെ സംഭവവികാസങ്ങളെ വിലയിരുത്താന്‍. ആദ്യം സൂചിപ്പിച്ചതുപോലെ കേരളത്തിലെ പൊതുസമൂഹത്തിന് നന്മ പ്രദാനം ചെയ്യുന്ന ഒട്ടേറെ പദ്ധതികള്‍ക്കാണ് ഈ മന്ത്രിസഭ ഇക്കഴിഞ്ഞ കാലംകൊണ്ട് തുടക്കമിട്ടത്. ഇക്കാലത്ത്, ഉമ്മന്‍ചാണ്ടിയുടെ ഭരണവേളയില്‍, എല്ലാ മന്ത്രിമാരും മത്സരിച്ചു ചെയ്ത അഴിമതിയുടേയും സകല കൊള്ളരുതായ്മകളുടേയും അന്വേഷണവും സമയബന്ധിതമായിത്തന്നെ പൂര്‍ത്തിയാക്കണം. പിണറായി വിജയനെ, സി പി ഐ എം നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ, കേരളത്തില്‍ അധികാരത്തിലേക്ക് ആനയിക്കുമ്പോള്‍ ഈ കടമകൂടി പൂര്‍ത്തിയാക്കാന്‍ അധികാരപ്പെടുത്തിയിരുന്നു. സമഗ്രവികസനവും അത് നടപ്പാക്കാനുള്ള ഇച്ഛാശക്തിയുമാണ് ഈ മുന്നണിയുടെ ആത്മാംശം. അതില്‍ നിന്നുള്ള വ്യതിചലനം ആത്മഹത്യാപരമായിരിക്കുമെന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതാക്കള്‍ക്ക് അറിയാം.

ഇപ്പോഴത്തെ ഭരണമുന്നണിയുടെ ഈ സംരംഭത്തിന് ഇവിടത്തെ പ്രതിപക്ഷം ക്രിയാത്മകമായ പിന്തുണയാണ് നല്‍കേണ്ടത്. അതിനുപകരം സംഹാരമനസുമായി നീങ്ങുകയാണ് പ്രതിപക്ഷം. കോണ്‍ഗ്രസ് നേതൃത്വം കൊടുക്കുന്ന യു ഡി എഫിനോട് പ്രതിപക്ഷം ചെയ്യേണ്ട ക്രിയാത്മക പ്രവര്‍ത്തനത്തില്‍ മുഴുകാനാണ് ജനങ്ങള്‍ ആവശ്യപ്പെട്ടത്. ഇതാണ് പ്രതിപക്ഷം ചെയ്യാതിരിക്കുന്നത്. കേരള സമൂഹത്തെ പൊതുവായി ബാധിക്കുന്ന പ്രശ്‌നങ്ങളാണ് അസംബ്ലിയില്‍ തലമുടിനാരിഴകീറി ചര്‍ച്ചയ്ക്ക് വരിക. പ്രതിപക്ഷത്തെ പരിണിതപ്രജ്ഞരായ നേതാക്കള്‍ക്ക് കാര്യമായ സംഭാവന ചെയ്യാന്‍ പറ്റുന്ന സന്ദര്‍ഭം. ഇക്കാര്യത്തില്‍ തികച്ചും നിസഹകരിക്കുകയായിരുന്നു അവര്‍ ഇതുവരെ. ഭരണകക്ഷി ചെയ്യുന്ന എല്ലാ നല്ല കാര്യങ്ങള്‍ക്കും പ്രതികൂല നിലപാടാണ് പ്രതിപക്ഷം കൈക്കൊള്ളുന്നത്. സഭയില്‍ ഇരിക്കാന്‍ തന്നെ അവര്‍ക്കു മടിയാണ്. ഇത് നല്ലകാര്യമെന്ന നിലയിലാണ് കേരളത്തിലെ പ്രചാരമുള്ള അച്ചടി, ദൃശ്യ മാധ്യമങ്ങള്‍ ജനങ്ങളെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നത്. സ്വര്‍ണ്ണപ്പാത്രംകൊണ്ട് മൂടിവെച്ചാലും ഇതൊക്കെ പുറത്തുവരും.

അവസാന ദിവസം പ്രതിപക്ഷം സഭയുടെ പുറത്തിറങ്ങി വിളിച്ച മുദ്രാവാക്യം ഇ പി ജയരാജനെ ഭരണകക്ഷി ബലിയാടാക്കിയില്ലേ എന്നായിരുന്നു. സഭാതലത്തിലോ പുറത്തോ ഏതെങ്കിലും മന്ത്രിക്കെതിരായി ആരോപണമുണ്ടായാല്‍ അതന്വേഷിക്കുന്ന ‘ ചീത്തശ്ശീലം ‘എല്‍ ഡി എഫിനുണ്ട്. ആരോപണത്തില്‍ തരിമ്പെങ്കിലും കഴമ്പ് പ്രാഥമികാന്വേഷണത്തില്‍ ഉണ്ടെന്ന് ബോധ്യപ്പെട്ടാല്‍ ആ മന്ത്രിയോട് രാജിവെക്കാന്‍ പറയുന്ന ‘ ചീത്തശ്ശീല ‘വും എല്‍ ഡി എഫിനുണ്ട്. ഇതൊന്നും പറഞ്ഞാല്‍ പ്രതിപക്ഷത്തിന് മനസിലാവില്ല. കാരണം യു ഡി എഫ് ഭരണകാലത്ത് മുഖ്യമന്ത്രി ഉള്‍പ്പെടെ എല്ലാവരും കൈക്കൂലിക്കേസില്‍ പെട്ടിട്ടുണ്ട്. പ്രഥമദൃഷ്ട്യാ കേസില്‍ പ്രതിസ്ഥാനത്ത് എത്തേണ്ടവരാണ് എന്ന് കണ്ടെത്തുകയുമുണ്ടായി. ജയലക്ഷ്മി എന്ന മന്ത്രിയൊഴിച്ച് എല്ലാ മന്ത്രിമാരും സദാചാരവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നകാര്യം നാട്ടില്‍ പാട്ടാണ്. ആരെങ്കിലും രാജിവെച്ചോ?, ഇല്ല. ഇ പി രാജിവെക്കണം എന്നു പറഞ്ഞു ബഹളം കൂട്ടിയവരാണ് ഇപ്പോള്‍ ഇ പിയോട് സ്‌നേഹം കാണിക്കുന്നത്. കഴുത്തറ്റം ചളിയില്‍ മുങ്ങിക്കിടക്കുകയാണ് യു ഡി എഫ്.

യു ഡി എഫ് ഉയര്‍ത്തിയ മറ്റൊരാരോപണം ബാലാവകാശക്കമ്മീഷനില്‍ പീഡകനിയമനം നടത്തി എന്നാണ്. അങ്ങനെയാരെയും സര്‍ക്കാര്‍ നിയമിച്ചിട്ടില്ല. നിയമിച്ചു എന്ന് തെളിയിക്കാന്‍ പ്രതിപക്ഷത്തെ മുഖ്യമന്ത്രി സഭാതലത്തില്‍ വെല്ലുവിളിച്ചതാണ്.

ഈ സര്‍ക്കാര്‍ ആരോടൊപ്പമാണെന്നായിരുന്നു പ്രതിപക്ഷം മുഖ്യമന്ത്രിയോട് ചോദിച്ചത്. പ്രതിപക്ഷത്തിനും കോണ്‍ഗ്രസിനും ഇക്കാര്യത്തില്‍ സംശയമുണ്ടാവാം. എന്നാല്‍ കേരളത്തിലെ പൊതുസമൂഹത്തിന്, ഇവിടത്തെ തൊഴിലാളികള്‍, കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍, ഇടത്തരക്കാര്‍, സ്ത്രീകള്‍, വിദ്യാര്‍ത്ഥികള്‍ എന്നിങ്ങനെ മുഴുവന്‍ ആളുകള്‍ക്കും സംശയം കൂടാതെ പറയാനാവും സി പി ഐ എം, എല്‍ ഡി എഫ് മന്ത്രിസഭകളൊക്കെ പ്രമാണിമാര്‍ക്കും ബൂര്‍ഷ്വാ ഭൂവുടമകള്‍ക്കും വേണ്ടിയല്ല നിലകൊള്ളുന്നതെന്ന്. എല്ലാക്കാലത്തും ഇന്ത്യ ഭരിച്ചിരുന്ന കോണ്‍ഗ്രസ്്, ബി ജെ പി കക്ഷികള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയെയും പാര്‍ട്ടിയുടെ കൂടെയുള്ള വര്‍ഗ്ഗ ബഹുജന സംഘടനകളേയും വേട്ടയാടിയിട്ടേയുള്ളൂ. അതിന്നും തുടരുന്നു.

പൊലീസിനെ മര്‍ദ്ദകവീരന്മാരായാണ് പൊതുസമൂഹത്തിന് അനുഭവപ്പെടാറുള്ളത്. ആ വിധത്തിലുള്ള ശിക്ഷണമാണ് അവര്‍ക്കു കൊടുക്കാറ്. സാദാ പൊലീസ് മുതല്‍ ഐ പി എസുകാര്‍ വരെ ഈ ഗണത്തില്‍ പെടും. അവരെ ജനങ്ങളുടെ രക്ഷകരായി മാറ്റണം. ഇടിയന്‍ നാരായണ പിള്ളയും കൂത്താട്ടുകുളം പൊലീസ് സ്റ്റേഷനിലെ ദാസയ്യയെയും പോലുള്ളവര്‍ ഒരുകാലത്ത് ലോക്കപ്പില്‍ കമ്യൂണിസ്റ്റുകാരെ കൊല്ലാക്കൊലചെയ്തു. തിരുവിതാംകൂറിനെ വിറപ്പിച്ചു. കമ്യൂണിസ്റ്റ് കുടുംബത്തിലെ 14 വയസുകാരനും കര്‍ഷകത്തൊഴിലാളിയുമായ അയ്യപ്പനെ കൂത്താട്ടുകുളം ലോക്കപ്പിലിട്ട് ഇഞ്ച ചതയ്ക്കുന്നതുപോലെ മര്‍ദ്ദിച്ചു. ദേഹം മുഴുവന്‍ ബ്ലേഡുകൊണ്ട് വരഞ്ഞു. മുളകരച്ചുതേച്ചു. അയ്യപ്പന്‍ അങ്ങനെ രക്തസാക്ഷിയായി. അതുപോലെ കുട്ടനാട്ടെ കുറുമ്പ, എറണാകുളത്തെ അല്‍ഫോന്‍സ, കൂത്താട്ടുകുളത്തെ മേരി, പേട്ട രാജേന്ദ്രന്‍, ഹെമുക്കലാനി എന്നിവരെ വിപ്ലവകേരളത്തിന് മറക്കാനാവില്ല. കയ്യൂരും കരിവെള്ളൂരും കാവുമ്പായിയും പാടിക്കുന്നും മുനയന്‍കുന്നും തില്ലങ്കേരിയും വയലാര്‍ പുന്നപ്രയും ശൂരനാടും ഒക്കെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് നിരവധി രക്തസാക്ഷികളെ ദാനം ചെയ്ത വീരഭൂമികളാണ്. മര്‍ദ്ദകകേന്ദ്രങ്ങളാക്കി പൊലീസ് സ്റ്റേഷനുകളെ മാറ്റിയ, കൊലയറകളാക്കി അജ്ഞാത കേന്ദ്രങ്ങളെ മാറ്റിയ കേരളത്തിലെ പൊലീസിനെ ജനോപകാരപ്രദമാക്കി മാറ്റാനാവുമോ എന്നു നോക്കുകയാണ് ആഭ്യന്തര വകുപ്പുകൂടി കൈകാര്യം ചെയ്യുന്ന പിണറായി വിജയന്‍. ഇത് അന്ന് മര്‍ദ്ദനത്തിന് നേതൃത്വം കൊടുത്തവരുടെ പാരമ്പര്യം പേറുന്ന ഇന്നത്തെ കോണ്‍ഗ്രസുകാര്‍ക്ക്, സഹിക്കാവുന്നതിനും അപ്പുറമാണ്. അതാണ് നമ്മള്‍ അടിയന്തിരാവസ്ഥക്കാലത്ത് കണ്ടത്. കോണ്‍ഗ്രസുകാരുടേയും ബി ജെ പി ക്കാരുടെയും വര്‍ഗസ്വഭാവം മാറ്റുക പുള്ളിപ്പുലിയുടെ പുള്ളി മായ്ച്ചുകളയാന്‍ ശ്രമിക്കുന്നതുപോലെയാണ്. പൊലീസിനേയും മര്‍ദ്ദനോപകരണമെന്ന നിലയില്‍ നിന്ന് മാറ്റിയെടുക്കാനാവുമോ എന്നു നോക്കുകയാണ്. ഇതും കോണ്‍ഗ്രസിനും ബി ജെ പി ക്കും സഹിക്കാനാവില്ല. അതാണവര്‍ അസംബ്ലി നടപടികള്‍ തടസപ്പെടുത്തുന്നതും ബഹിഷ്‌ക്കരിക്കുന്നതും. ഇത് കേരള സമൂഹം കാണുന്നുണ്ടെന്ന് അസംബ്ലിയിലെ പ്രതിപക്ഷത്തെ ഒഴിഞ്ഞ ബഞ്ചുകളെ നോക്കി മുഖ്യമന്ത്രിക്ക് പറയേണ്ടിവന്നു. അസംബ്ലിക്ക് പുറത്ത് കേരളത്തിലെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി എല്‍ ഡി എഫ് കണ്‍വീനറും പാര്‍ട്ടി കേന്ദ്ര കമ്മറ്റി മെംബറുമായ വൈക്കം വിശ്വന് പൊതുസമൂഹത്തോട് തുറന്നു പറയേണ്ടിവന്നു .

ഈ സര്‍ക്കാര്‍ കയ്യേറ്റക്കാര്‍ക്കൊപ്പമോ അവരെ ഒഴിപ്പിക്കുന്നതിന് അനുകൂലമോ? നൂറ്റാണ്ടുകളായി കേരളത്തിലെ ഭൂമി മുഴുവന്‍ ആരുടെ കൈവശമാണ്? പശമാറാത്ത, വിലകൂടിയ ഖദര്‍ വേഷമണിഞ്ഞുനടക്കുന്ന, സുന്ദരക്കുട്ടപ്പന്മാരായ കോണ്‍ഗ്രസുകാരുടെ കയ്യിലല്ലേ കേരളത്തിലെ ഭൂമിയും വനസമ്പത്തും റിസോര്‍ട്ടുകളുമൊക്കെ ? ഇപ്പറഞ്ഞത് തെറ്റാണെന്ന് വി എം സുധീരന് പറയാനാവുമോ? ഇവരാണത്രേ കോണ്‍ഗ്രസിലെ സോഷ്യലിസ്റ്റ് ചിന്താഗതിക്കാര്‍! അതേ, കയ്യേറ്റക്കാരെ ഒഴിപ്പിക്കണം. ഭൂമി തുല്യമായി വീതിക്കണം. സി പി ഐ എമ്മിന്റെ നയരേഖയില്‍ പറഞ്ഞ കാര്യമാണ്. അന്‍പതുകൊല്ലത്തിലധികം കേന്ദ്രം ഭരിച്ച കോണ്‍ഗ്രസും അതിനുശേഷം അധികാരം കയ്യാളിയ ബി ജെ പി യും എന്തുകൊണ്ട് ഇത് ചെയ്തില്ല? കേരളത്തിലെ മുഴുവന്‍ കയ്യേറ്റക്കാരെയും ഒഴിപ്പിക്കുക എന്നതുതന്നെയാണ് സി പി ഐ എമ്മിന്റെ പരിപാടി. ഇതിനായി ഭരണഘടന ഭേദഗതി ചെയ്യണം. കോണ്‍ഗ്രസും ബി ജെ പിയും ഇതിനു തയാറാവുമോ?, ഇല്ല. നിങ്ങള്‍ക്ക് അതു ചെയ്യാനാവില്ല. നിങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന, നിങ്ങള്‍ ഉള്‍ക്കൊള്ളുന്ന, വര്‍ഗ്ഗം അതിനു സമ്മതിക്കില്ല. അതല്ലേ, 1957ല്‍ ഇ എം എസ് മന്ത്രിസഭ കര്‍ഷക ബന്ധ ബില്ലുകൊണ്ടുവന്നപ്പോള്‍ അതിനെതിരായി, ആ മന്ത്രിസഭയെ അട്ടിമറിക്കാനായി സമരം ചെയ്തത്? എന്നിട്ടാണിപ്പോള്‍ വലിയവായില്‍ ഒഴിപ്പിക്കലിന്റെ പേരില്‍ കോണ്‍ഗ്രസും ബി ജെ പിയും രംഗത്തുവന്നിരിക്കുന്നത്!

ഹരിജനങ്ങള്‍ എന്ന് പിന്നോക്കക്കാരെ വിളിച്ചത് മഹാത്മ ഗാന്ധിയാണ്. സാക്ഷാല്‍ വിഷ്ണുവിന്റെ സ്വന്തം പ്രജകള്‍. അവരെ ദളിതരാക്കി പുറമ്പോക്കിലേക്ക് മാറ്റിയത് ഇവിടത്തെ ഭരണവര്‍ഗ്ഗമാണ്; കോണ്‍ഗ്രസുകാരാണ്, ബി ജെ പിക്കാരാണ്. കേരളത്തില്‍ അവര്‍ക്കു നട്ടെല്ലുയര്‍ത്തി നിന്ന് അവകാശം ചോദിക്കാന്‍ പ്രാപ്തരാക്കിയത് ഇവിടത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. ദീര്‍ഘമായ സമരങ്ങള്‍ നടത്തി ശക്തരാക്കിയത് കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. 1957 ല്‍ അധികാരത്തില്‍ വന്ന ഇ എം എസ് സര്‍ക്കാരാണ് ഹരിജനങ്ങളുടെ, പിന്നോക്കക്കാരുടെ, പാര്‍ശ്വവത്ക്കരിക്കപ്പെട്ട എല്ലാ വിഭാഗം ജനങ്ങളുടേയും അവകാശങ്ങള്‍ സ്ഥാപിച്ചുകൊടുത്തത്. ഈ ജനവിഭാഗങ്ങളെ എന്നും മര്‍ദ്ദിച്ചുപോരുന്ന കോണ്‍ഗ്രസും ബി ജെ പിയുമാണ്, ഇവിടത്തെ ഭരണവര്‍ഗ്ഗമാണ് അവരുടെ, സംരക്ഷകരെന്നു പറഞ്ഞാല്‍ അതിലും വലിയ തമാശ വേറെയില്ല. ദളിത് പീഡനം നടത്തിയവര്‍, നടത്തുന്നവര്‍, ഈ സമൂഹത്തിലെ തമ്പുരാക്കന്മാരാണ്. സെക്രട്ടേറിയേറ്റ് പടിക്കല്‍ ജാനുവുമൊത്ത് കോലടിച്ചുപാടിയ എ കെ ആന്റണി മുത്തങ്ങയില്‍ ആദിവാസികള്‍ക്കുനേരെ നരനായാട്ടു നടത്തി. ഇതൊന്നും നമ്മള്‍ മറക്കരുത്.

പ്രതിപക്ഷത്തിന്റെ മറ്റൊരാരോപണം വിലക്കയറ്റം പിണറായി സര്‍ക്കാര്‍ നിയന്ത്രിച്ചില്ല എന്നാണ്. ശുദ്ധ അസംബന്ധമാണിത്. എന്നൊക്കെ പാര്‍ട്ടി അധികാരത്തില്‍ വന്നിട്ടുണ്ടോ അന്നൊക്കെ പൊതുവിതരണ ശൃംഖലയില്‍ ആ സക്കാരുകള്‍ സമര്‍ത്ഥമായി ഇടപെട്ടിട്ടുണ്ട്. ഇവിടെ കോണ്‍ഗ്രസ് ഭരിച്ചിരുന്നപ്പോള്‍ ഈ മേഖല ആന കയറിയ കരിമ്പിന്‍ കാടുപോലെ ആയിരുന്നല്ലോ. പഞ്ചായത്തുകള്‍ തോറും പൊതുവിതരണ കേന്ദ്രങ്ങള്‍ സ്ഥാപിച്ച് അതൊക്കെ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യമൊരുക്കിയത് ഈ സര്‍ക്കാരാണ്. ഇങ്ങനെയാണ് ഭരിക്കേണ്ടത്. എങ്ങനെ ഭരിക്കരുത് എന്ന ഉദാഹരണം ഇക്കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരും.

ഈ ഭരണം കമ്യൂണിസ്റ്റ് ഭരണമാണോ?, അല്ല. അതിനു കാരണങ്ങള്‍ പലതാണ്. ഇടതുപക്ഷവും ജനാധിപത്യ പാര്‍ട്ടികളും ഒന്നിച്ചുചേര്‍ന്ന ഭരണമാണ്. പരിമിതികള്‍ക്കകത്തുനിന്നുകൊണ്ട് പാവപ്പെട്ടവര്‍ക്ക് പരമാവധി സഹായം ചെയ്യുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അത് നടപ്പാക്കാതിരിക്കാന്‍ കേന്ദ്രത്തിലെ ഭരണകക്ഷിയായ ബി ജെ പിയും കേരളത്തിലെ പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസും സഖ്യകക്ഷികളും എല്ലാ കഴിവും ഉപയോഗിച്ച് ശ്രമിക്കും. അതവരുടെ വര്‍ഗ്ഗനയമാണ്.1957 ല്‍ അധികാരത്തില്‍ വന്ന മന്ത്രിസഭയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയും അവരെ പിന്താങ്ങുന്ന സ്വതന്ത്രന്മാരുമാണ് ഉണ്ടായിരുന്നത്. അന്ന് ആ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍, ആ മന്ത്രിസഭയുടെ പരിപാടി വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി ഇ എം എസ് പറഞ്ഞു: തന്റെ ഗവണ്‍മെന്റ് കമ്യൂണിസ്റ്റ് സര്‍ക്കാരായല്ല പ്രവര്‍ത്തിക്കുക എന്ന്. ഈ ഭരണഘടനയുടെ കീഴില്‍ അങ്ങനെയൊരു സര്‍ക്കാരിന് പ്രവര്‍ത്തിക്കാനാവില്ല. സ്വാതന്ത്ര്യം കിട്ടുന്നതിനു മുന്‍പ് കോണ്‍ഗ്രസ് നടപ്പാക്കുമെന്ന് പറഞ്ഞ കാര്യങ്ങള്‍, അവര്‍ ജനങ്ങള്‍ക്കു കൊടുത്ത വാഗ്ദാനങ്ങള്‍, അവ നടപ്പാക്കാനാണ് തന്റെ സര്‍ക്കാര്‍ ശ്രമിക്കുക എന്ന്. അത് നടപ്പാക്കാന്‍ കോണ്‍ഗ്രസ് സമ്മതിച്ചില്ല. വിമോചനസമരം നടത്തി, കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെകൊണ്ട് ആ മന്ത്രിസഭയെ പിരിച്ചുവിട്ടു.

ഇ എം എസ് ആയാലും നായനാര്‍ ആയാലും വി എസ് ആയാലും പിണറായി വിജയനായാലും ജനങ്ങള്‍ക്കുവേണ്ടിയാണ് ഭരിക്കുന്നത്. ഈ വ്യവസ്ഥിതി അപ്പാടെ മാറ്റി മറിക്കുകയെന്നതാണ് ആത്യന്തിക ലക്ഷ്യം. അങ്ങോട്ടുള്ള പ്രയാണത്തിലെ നാഴികക്കല്ലായി മാത്രം ഈ ഭരണത്തെ കണ്ടാല്‍ മതി. അതിനിടയ്ക്ക് അധ്വാനിക്കുന്ന പാവപ്പെട്ടവര്‍ക്ക് എന്തൊക്കെ സഹായം ചെയ്യാമോ അതൊക്കെ ചെയ്യും.

Comments

comments

Categories: FK Special, Slider