അമ്പത് ബില്യണ്‍ യൂറോയുടെ നിക്ഷേപവുമായി ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കള്‍

അമ്പത് ബില്യണ്‍ യൂറോയുടെ നിക്ഷേപവുമായി ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കള്‍

‘ഇലക്ട്രിക് വാഹനങ്ങളാണ് ഭാവി’ എന്നാണ് 67 ാമത് ഫ്രാങ്ക്ഫര്‍ട്ട് മോട്ടോര്‍ ഷോ നല്‍കുന്ന സന്ദേശം

ഫ്രാങ്ക്ഫര്‍ട്ട് : ഡീസലിനോടുള്ള എതിര്‍പ്പ് വര്‍ധിക്കുന്നതിനിടെ യൂറോപ്പിലെ ഏറ്റവും വലിയ എണ്ണ ഉപഭോക്തൃ രാജ്യങ്ങളിലൊന്നായ ജര്‍മ്മനിയിലെ വാഹന നിര്‍മ്മാതാക്കള്‍ പൂര്‍ണ്ണമായും ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാന്‍ തയ്യാറെടുക്കുന്നു. ‘ഇലക്ട്രിക് വാഹനങ്ങളാണ് ഭാവി’ എന്നതാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന 67 ാമത് ഫ്രാങ്ക്ഫര്‍ട്ട് മോട്ടോര്‍ ഷോ നല്‍കുന്ന സന്ദേശം.

ഇലക്ട്രിക് കാറുകള്‍ നിര്‍മ്മിക്കുന്നതിനായി ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ്, ഡയ്മ്‌ലര്‍ ഗ്രൂപ്പ്, ബിഎംഡബ്ല്യു ഗ്രൂപ്പ് എന്നീ കമ്പനികള്‍ 50 ബില്യണിലധികം യൂറോയുടെ നിക്ഷേപങ്ങളാണ് നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണ്‍ 2025 ഓടെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളാകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വഴിയേ ഇതിനകം ഇറങ്ങിത്തിരിച്ച എതിരാളിയായ റെനോ-നിസ്സാന്‍ സഖ്യത്തെ പിന്നിലാക്കുകയാണ് ഉദ്ദേശ്യം.

വാഹന നിര്‍മ്മാണ വ്യവസായത്തിലെ തങ്ങളുടെ ഏറ്റവും വലിയ വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതായി ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് ആഗോള സിഇഒ മത്തിയാസ് മുള്ളര്‍ വാര്‍ത്താ മാധ്യമങ്ങളോട് പറഞ്ഞു. മുഴുവന്‍ മോഡലുകളെയും ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റും. അതായത് 2030 ഓടെ ഗ്രൂപ്പിനുകീഴിലെ വിവിധ ബ്രാന്‍ഡുകളുടെ 300 ലധികം മോഡലുകളുടെ ഒരു ഇലക്ട്രിക് വേരിയന്റ് എങ്കിലും എല്ലാ വിപണികളിലും ഉണ്ടാകും. ‘റോഡ്മാപ്പ് ഇ’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിക്കായി ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിനുകീഴിലെ ഫോക്‌സ്‌വാഗണ്‍, ഔഡി, സ്‌കോഡ, ലംബോര്‍ഗിനി, പോര്‍ഷെ തുടങ്ങിയ ബ്രാന്‍ഡുകള്‍ 20 ബില്യണിലധികം യൂറോയുടെ നിക്ഷേപമാണ് നടത്താന്‍ പോകുന്നത്.

2030 എന്ന വര്‍ഷമൊക്കെ ഇപ്പോള്‍ അരികിലെത്തുമെന്നും ഇലക്ട്രിക് വാഹന പ്രോജക്റ്റിന്റെ വേഗം ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് വര്‍ധിപ്പിക്കുകയാണെന്നും മത്തിയാസ് മുള്ളര്‍ വ്യക്തമാക്കി. ബാറ്ററി നിര്‍മ്മാണമെന്ന ഉത്തരവാദിത്തവും കമ്പനി ഏറ്റെടുക്കും. വാഹന വ്യവസായത്തിന്റെ പരിവര്‍ത്തനത്തെ തടഞ്ഞുനിര്‍ത്താനാവില്ലെന്നും ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് ഇതിന് നേതൃത്വം നല്‍കാന്‍ പോവുകയാണെന്നും മുള്ളര്‍ ഉദ്‌ഘോഷിച്ചു.

2021 ഓടെ യൂറോപ്പിലെ കാര്‍ നിര്‍മ്മാതാക്കള്‍ക്ക് ‘കോര്‍പ്പറേറ്റ് ആവറേജ് ഫ്യൂവല്‍ ഇക്കോണമി’ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്

ഫോക്‌സ്‌വാഗന്റെ സ്റ്റുട്ട്ഗാര്‍ട്ട് ആസ്ഥാനമായ എതിരാളി മെഴ്‌സിഡസ് ബെന്‍സ് കാറുകളുടെ വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 10 ബില്യണ്‍ യൂറോയുടെ നിക്ഷേപം നടത്താനാണ് ഉദ്ദേശിക്കുന്നത്. സീറോ എമിഷന്‍ വാഹന നിര്‍മ്മാതാക്കളായി മാറുകയാണ് ഇടക്കാല ലക്ഷ്യമെന്നും 2022 ഓടെ മൈല്‍ഡ് ഹൈബ്രിഡ്, സ്‌ട്രോംഗ് ഹൈബ്രിഡ്, ഫുള്ളി ഇലക്ട്രിക് വാഹനങ്ങളുടെ നിര തങ്ങള്‍ക്കുണ്ടാകുമെന്നും മെഴ്‌സിഡസ് ബെന്‍സ് അറിയിച്ചു. അമ്പതിലധികം ഇലക്ട്രിക് മോഡലുകള്‍ അവതരിപ്പിക്കാനാണ് ആലോചിക്കുന്നത്. വാഹനങ്ങള്‍ വരുത്തിവെയ്ക്കുന്ന മലിനീകരണങ്ങള്‍ തടയുന്നതിന് ഞങ്ങളുടേതായ പങ്ക് ഞങ്ങള്‍ നിര്‍വ്വഹിക്കുന്നു എന്നാണ് ഈ ഉദാഹരണങ്ങളെല്ലാം തെളിയിക്കുന്നതെന്ന് ഡയ്മ്‌ലര്‍ ചെയര്‍മാന്‍ ഡീറ്റെര്‍ സെറ്റ്‌ഷെ പറഞ്ഞു.

സീറോ കാര്‍ബണ്‍ ബഹിര്‍ഗമനം അഥവാ അന്തരീക്ഷത്തിലെ കാര്‍ബണ്‍ ന്യൂട്രാലിറ്റി നിലനിര്‍ത്തുന്നതിന് ഡീസലിന് പ്രധാന പങ്ക് വഹിക്കാനുണ്ടെന്ന് സെറ്റ്‌ഷെ ചൂണ്ടിക്കാട്ടി. കുറഞ്ഞ അളവിലുള്ള കാര്‍ബണ്‍ ഡൈഓക്‌സൈഡ് ബഹിര്‍ഗമനത്തിലൂടെ കാലാവസ്ഥാ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് ഡീസല്‍ ആവശ്യമാണ്. ഡീസല്‍ എന്‍ജിനുകള്‍ വികസിപ്പിക്കുന്നതിന് ഡയ്മ്‌ലര്‍ പുതുതായി 3 ബില്യണ്‍ യൂറോയുടെ നിക്ഷേപം നടത്തിയതിന്റെ കാരണം ഇതാണെന്നും ഡീറ്റെര്‍ സെറ്റ്‌ഷെ വിശദീകരിച്ചു.

2025 ഓടെ 25 ഇലക്ട്രിക് മോഡലുകളാണ് ബിഎംഡബ്ല്യു ഗ്രൂപ്പ് നിശ്ചയിച്ചിരിക്കുന്നതെങ്കില്‍ 2020 ഓടെ എല്ലാ മോഡലുകളും ഇലക്ട്രിക് എന്നതാണ് ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ ലക്ഷ്യം. 2030 ഓടെ ലോകത്തെ 25 ശതമാനം കാറുകള്‍ ഇലക്ട്രിക് ആയി മാറിയിരിക്കുമെന്ന് ജര്‍മ്മന്‍ വാഹനഘടക നിര്‍മ്മാതാക്കളായ ബോഷ് കണക്കുകൂട്ടുന്നു.

ഇലക്ട്രിക് വാഹനങ്ങളെന്നത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചു. 2021 ഓടെ യൂറോപ്പിലെ കാര്‍ നിര്‍മ്മാതാക്കള്‍ക്ക് കര്‍ശനമായ ‘കോര്‍പ്പറേറ്റ് ആവറേജ് ഫ്യൂവല്‍ ഇക്കോണമി’ (കഫേ) മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്.

Comments

comments

Categories: Auto