ഉത്സവകാല വില്‍പ്പന 10,000 കോടി രൂപ കടക്കും: റെഡ്‌സീര്‍

ഉത്സവകാല വില്‍പ്പന 10,000 കോടി രൂപ കടക്കും: റെഡ്‌സീര്‍

സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ഇ- കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ തമ്മില്‍ മല്‍സരം കനക്കും

ന്യൂഡെല്‍ഹി: ഇന്ത്യയിലെ ഇ കൊമേഴ്‌സ് സ്ഥാപനങ്ങളുടെ ഈ വര്‍ഷത്തെ ഉത്സകാല വില്‍പ്പന 1.7 ബില്യണ്‍ ഡോളറി (10,880 കോടി രൂപ)ന് മുകളിലെത്തുമെന്ന് റെഡ്‌സീര്‍ റിപ്പോര്‍ട്ട്. ആമസോണ്‍, ഫഌപ്കാര്‍ട്ട്, പേടിഎം മാള്‍ തുടങ്ങിയ വന്‍ കമ്പനികള്‍ ആകര്‍ഷകമായ ഉല്‍പ്പന്നങ്ങളും വാഗ്ദാനങ്ങളും വഴി ഉപഭോക്താക്കളെ തങ്ങളുടെ പ്ലാറ്റ്‌ഫോമിലേക്ക് കൂടുതലായി എത്തിക്കുമെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു. ഈ വര്‍ഷത്തെ വില്‍പ്പന 60 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടെലികോം രംഗത്തേക്കുള്ള റിലയന്‍സ് ജിയോയുടെ കടന്നുവരവോടെ കൂടുതല്‍ പേര്‍ ഓണ്‍ലൈനിലേക്ക് എത്തുകയും പുതിയ ഉപഭോക്താക്കളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാകുകയും ചെയ്യുന്നുവെന്നാണ് വിലയിരുത്തല്‍.

2016ലെ ഉത്സവകാല വില്‍പ്പനയില്‍ ഇന്ത്യന്‍ ഇ- കൊമേഴ്‌സ് കമ്പനികള്‍ 1.05 ബില്യണ്‍ ഡോളറിന്റെ വില്‍പ്പനയാണ് നടത്തിയത. തദേശ കമ്പനിയായ ഫഌപ്കാര്‍ട്ടും ആമസോണ്‍ ഇന്ത്യയും തമ്മിലായിരുന്നു പ്രധാന മത്സരം. ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നതിനായി ആമസോണിനെതിരെ ആക്രമണോത്സുക പോരാട്ടത്തിനായാണ് ഇക്കാലയളവിനെ ഫഌപ്കാര്‍ട്ട് ഉപയോഗിച്ചത്. കഴിഞ്ഞ വര്‍ഷം നേടിയ തിരിച്ചുവരവ് മുതല്‍ ടെന്‍സെന്റ്, ഇബേ, ലോകത്തിലെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് നിക്ഷേപകരായ സോഫ്റ്റ്ബാങ്ക് തുടങ്ങിയവയില്‍ നിന്നും തന്ത്രപ്രധാന നിക്ഷേപം സ്വന്തമാക്കാനും ഫഌപ്കാര്‍ട്ടിന് സാധിച്ചു. ഈ വര്‍ഷം വില്‍പ്പനയില്‍ ഇരട്ടി വര്‍ധനവാണ് ഫഌപ്കാര്‍ട്ട് ലക്ഷ്യമിടുന്നത്.

പ്രൈം സബ്‌സിക്രിപ്ഷന്‍ സര്‍വീസ് വഴി ഉപയോക്താക്കളില്‍ വിശ്വസ്തമായ അടിത്തറ സൃഷ്ടിച്ച ആമസോണും തങ്ങളുടെ ബിസിനസ് ഇരട്ടിയാക്കാനാവുമെന്ന പ്രതീക്ഷയിലാണ്. ആലിബാബ പിന്തുണയ്ക്കുന്ന പേടിഎം മാളും ഉപഭോക്താക്കള്‍ക്കായി നിരവധി സേവനങ്ങളും ഉല്‍പ്പന്നങ്ങളും മുന്നോട്ടുവെക്കും. ഓണ്‍ലൈന്‍ റീട്ടെയ്ല്‍ ചരിത്രത്തിലെ ഏറ്റവും വലിയ വില്‍പ്പനയ്ക്കായിരിക്കും ഈ വര്‍ഷം സാക്ഷ്യം വഹിക്കുകയെന്ന് റെഡ്‌സീര്‍ കണ്‍സള്‍ട്ടിംഗ് സിഇഒ അനില്‍ കുമാര്‍ പറയുന്നു. എല്ലാ വിഭാഗങ്ങളിലും ആകര്‍കമായ ഡിസ്‌കൗണ്ട് ഓഫറുകള്‍ അവതരിപ്പിക്കപ്പെടുന്നു. ഇത് വില്‍പ്പനക്കാരെയും, ഉപയോക്താക്കളെയുമടക്കം എല്ലാവരെയും ആകര്‍ഷിക്കുമെന്നും അനില്‍കുമാര്‍ പറയുന്നു.

ഇന്ത്യയിലെ ഇ-കൊമേഴ്‌സ് കമ്പനികളിലെ വില്‍പ്പന മൂല്യത്തില്‍ 55 ശതമാനവും സംഭാവന ചെയ്യുന്നത് സ്മാര്‍ട്ട്‌ഫോണ്‍ മേഖലയാണ്. ഓണ്‍ലൈന്‍ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയില്‍ 53 ശതമാനം വിഹിതവുമായി ഫഌപ്കാര്‍ട്ടാണ് മുന്‍നിരയിലുള്ളത്. നിരവധി മൊബീല്‍ മാനുഫാക്ചറിംഗ് കമ്പനികളുമായി ആമസോണും ഫഌപ്കാര്‍ട്ടും കരാറിലെത്തിയിട്ടുണ്ട്. സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയില്‍ ആമസോണിന് 35 ശതമാനവും പേടിഎം മാളിന് 5 ശതമാനവും വിഹിതമാണുള്ളതെന്ന് റെഡ്‌സീര്‍ ഡാറ്റ പറയുന്നു. ഈ സീസണില്‍ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയില്‍ 2.5 മടങ്ങ് വര്‍ധനവാണ് ഫഌപ്കാര്‍ട്ട് പ്രതീക്ഷിക്കുന്നത്. തങ്ങളുടെ ആദ്യ ഉത്സവകാല വില്‍പ്പനയ്ക്കായി 1,000 കോടിയോളം രൂപയാണ് പേടിഎം മാള്‍ വിപണിയില്‍ ചെലവിടുന്നത്.

ബിഗ് ബില്യണ്‍ ഡേയ്‌സ് എന്ന് പേരിട്ടിരിക്കുന്ന ഫഌപ്കാര്‍ട്ടിന്റെ അഞ്ച് ദിവസത്തെ ഉത്സകാല വില്‍പ്പന സെപ്റ്റംബര്‍ 20 മുതല്‍ ആരംഭിക്കും. തങ്ങളുടെ പ്ലാറ്റ്‌ഫോം വഴി വില്‍ക്കുന്ന ഓരോ ഹാന്‍ഡ്‌സെറ്റിനും ഫഌപ്കാര്‍ട്ട് ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്തിട്ടുണ്ട്. സെപ്റ്റംബര്‍ 21-24 വരെയാണ് ആമസോണില്‍ ഉത്സവകാല വില്‍പ്പന നടക്കുക. പ്രൈം ഉപഭോക്താക്കള്‍ക്ക് ഒരു ദിവസം മുന്‍പേ എക്‌സ്‌ക്ലുസിവ് ഓഫറുകള്‍ ആമസോണ്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

Comments

comments

Categories: Business & Economy