കനത്ത മഴയില്‍ വ്യാപക നാശനഷ്ടം, ജാഗ്രത നിര്‍ദേശവുമായി അധികൃതര്‍

കനത്ത മഴയില്‍ വ്യാപക നാശനഷ്ടം, ജാഗ്രത നിര്‍ദേശവുമായി അധികൃതര്‍

സംസ്ഥാനത്ത് 21 വരെ മഴ ശക്തമായി തുടരുമെന്ന് വിലയിരുത്തല്‍

തിരുവനന്തപുരം: ശനിയാഴ്ച രാത്രി മുതല്‍ ആരംഭിച്ച കനത്ത മഴ സംസ്ഥാനത്ത് തുടരുന്നു. കേരളത്തിന്റെ പലമേഖലകളിലും വ്യാപക നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. സംസ്ഥാനത്ത് 21 വരെ വ്യാപകമായി മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. ഇതതേതുടര്‍ന്ന് വയനാട്, കോഴിക്കോട്, കോട്ടയം, ഇടുക്കി ജില്ലകളില്‍ രാത്രിയാത്രയ്ക്ക് അധികൃതര്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയും ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. തുലാവര്‍ഷം പോലെ ഇടിയോടുകൂടിയ മഴയാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. എന്നാല്‍ ഇത് തുലാവര്‍ഷത്തിന്റെ തുടക്കമല്ലെന്നും, അതിനു ഒക്‌റ്റോബര്‍ വരെ കാത്തിരിക്കണമെന്നുമാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്.

ശക്തമായി തുടരുന്ന മഴ സംസ്ഥാനത്തിന്റെ പലയിടങ്ങളിലും ജനജീവിതം സ്തംഭിപ്പിച്ചു. പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ നടക്കുന്ന കോട്ടയത്തെ ചിങ്ങവനത്ത് മണ്ണിടിഞ്ഞ് വീണതിനെ തുടര്‍ന്ന് തീവണ്ടി ഗതാഗതം തടസപ്പെട്ടിരുന്നു. പിന്നീട് ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്. കനത്ത മഴയില്‍ പാലക്കാട്ടെ അട്ടപ്പാടിയിലുണ്ടായ ഉരുള്‍ പൊട്ടലില്‍ നാല് വീടുകള്‍ തകര്‍ന്നു. മലവെള്ളപ്പാച്ചിലിനെ മണ്ണിടിഞ്ഞ് വീണ് തുടര്‍ന്ന് പാലക്കാട്-അട്ടപ്പാടി റൂട്ടില്‍ ഗതാഗതം തടസപ്പെട്ടു. അടിയന്തിര സാഹചര്യം നേരിടാന്‍ പാലക്കാട് കളക്ട്രേറ്റില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.

കനത്ത മഴയെത്തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും ഇടുക്കിയില്‍ വ്യാപകമായ കൃഷി നാശമാണ് സംഭവിച്ചത്. ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ഇടുക്കിയില്‍ ഇരുപതിലേറെ സ്ഥലങ്ങളില്‍ മണ്ണിടിച്ചിലുണ്ടാതായാണ് റിപ്പോര്‍ട്ട്. മഴയെ തുടര്‍ന്ന് കോഴിക്കോട്, എറണാകുളം നഗരങ്ങളില്‍ വെള്ളക്കെട്ട് രൂപം കൊണ്ടത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ആലപ്പുഴയില്‍ കനത്ത മഴ തുടരുന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ പല അണക്കെട്ടുകളും നിറഞ്ഞതിനെ തുടര്‍ന്ന് ഷട്ടറുകള്‍ തുറന്നതിനാല്‍ പുഴയോരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Comments

comments

Categories: Slider, Top Stories