കായിക പദ്ധതികള്‍ക്ക് ടാറ്റ ട്രസ്റ്റ് ഇരട്ടി ചെലവാക്കും

കായിക പദ്ധതികള്‍ക്ക് ടാറ്റ ട്രസ്റ്റ് ഇരട്ടി ചെലവാക്കും

ഛത്തീസ്ഗഡില്‍ ബാഡ്മിന്റണ്‍ പരിശീലന കേന്ദ്രവും മിസോറാമിലും മണിപ്പൂരിലും ഫുട്‌ബോള്‍ പരിശീലന കേന്ദ്രങ്ങളും സജ്ജീകരിക്കുന്നതടക്കമുള്ളതാണ് ടാറ്റ ട്രസ്റ്റിന്റെ പദ്ധതികള്‍

ന്യൂഡെല്‍ഹി: അടുത്ത അഞ്ച് വര്‍ഷത്തേക്ക് കായിക മേഖലയിലെ പദ്ധതികള്‍ക്കു വേണ്ടി ചെലവാക്കുന്ന തുക ഇരട്ടിയാക്കാന്‍ ടാറ്റ ട്രസ്റ്റ് ആലോചിക്കുന്നു. ഇതിനായി നിക്ഷേപ തന്ത്രങ്ങള്‍ ആസൂത്രണം ചെയ്യാന്‍ ഒരു സംഘത്തെ നിയോഗിച്ചതായി ടാറ്റ ട്രസ്റ്റിന്റെ സ്‌പോര്‍ട്‌സ് വിഭാഗം തലവന്‍ ആനന്ദ് ദത്‌ല പറഞ്ഞു. മൊത്തം പ്രവര്‍ത്തനങ്ങളെ കായിക മേഖലയുമായും വിദ്യാഭ്യാസ മേഖലയുമായും സമന്വയിപ്പിക്കാനാണ് ശ്രമം. കഴിഞ്ഞ 12 മാസമായി താഴേത്തട്ടിലാണ് കൂടുതല്‍ നിക്ഷേപം നടത്തുന്നതെന്നും ദത്‌ല വ്യക്തമാക്കി.

ഛത്തീസ്ഗഡില്‍ ബാഡ്മിന്റണ്‍ പരിശീലന കേന്ദ്രവും മിസോറാമിലും മണിപ്പൂരിലും ഫുട്‌ബോള്‍ പരിശീലന കേന്ദ്രങ്ങളും സജ്ജീകരിക്കുന്നതടക്കമുള്ളതാണ് ടാറ്റ ട്രസ്റ്റിന്റെ പദ്ധതികള്‍. ഝാര്‍ഖണ്ഡിലെ ഹോക്കി പരിശീലന പരിപാടികള്‍ വിപുലീകരിക്കുന്നതിനൊപ്പം ആന്ധ്ര പ്രദേശിലെ 100 സര്‍ക്കാര്‍ സ്‌കൂളുകളില്‍ കബഡി പ്രോത്സാഹിപ്പിക്കുന്നതിനാവശ്യമായ പരിശീലനവും സഹായവും നല്‍കും. മുന്‍ ബാഡ്മിന്റണ്‍ താരം പുല്ലേല ഗോപിചന്ദുമായും സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുമായും പദ്ധതിയുടെ ഭാഗമായി ടാറ്റ ചര്‍ച്ചകള്‍ നടത്തിവരികയാണ്.

വിവിധ സംസ്ഥാനങ്ങളില്‍ വിദ്യാഭ്യാസ സംരംഭങ്ങളുമായി ഗ്രാന്റുകളെ ബന്ധിപ്പിക്കും. അമ്പെയ്ത്ത്, കബഡി, ഹോക്കി, ഫുട്‌ബോള്‍, ബാഡ്മിന്റണ്‍ എന്നീ കായിക ഇനങ്ങള്‍ക്കുവേണ്ടി 2022 ഓടെ 100 കോടി രൂപ മാറ്റിവയ്ക്കും. മിസോറാം, ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, ആന്ധ്ര പ്രദേശ് സംസ്ഥാനങ്ങളിലെ 50000 ഓളം വിദ്യാര്‍ത്ഥികള്‍ക്കായിരിക്കും ഇതിന്റെ ഗുണഫലം ലഭിക്കുക.

Comments

comments

Categories: More