മൂന്ന് മാസത്തിനുള്ളില്‍ ദീര്‍ഘദൂര ട്രാക്ക് നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും: റെയ്ല്‍വേ

മൂന്ന് മാസത്തിനുള്ളില്‍ ദീര്‍ഘദൂര ട്രാക്ക് നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും: റെയ്ല്‍വേ

ഈ വര്‍ഷം രണ്ടായിരം കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള ട്രാക്കുകള്‍ നവീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്

അഹമ്മദാബാദ്: അടുത്ത മൂന്ന് മാസത്തിനുള്ളില്‍ വിപുലമായ ട്രാക്ക് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യന്‍ റെയ്ല്‍വേ തുടക്കംകുറിക്കും. ട്രെയ്ന്‍ പാളംതെറ്റിയുണ്ടാകുന്ന അപകടങ്ങള്‍ കുറയ്ക്കുന്നതിനു വേണ്ടിയാണ് ട്രാക്ക് നവീകരണം ഊര്‍ജിതമാക്കാന്‍ റെയ്ല്‍വേ തയാറെടുക്കുന്നത്. പരമാവധി കാലാവധി പൂര്‍ത്തിയാക്കിയതോ കൂടുതല്‍ സര്‍വീസ് നടത്തുന്നതോ ആയ പാളങ്ങള്‍ കണ്ടെത്താനും നിര്‍ദിഷ്ട സമയപരിധിക്കുള്ളില്‍ അവയെല്ലാം മാറ്റി സ്ഥാപിക്കുന്നതിനും കേന്ദ്ര റെയ്ല്‍വേ മന്ത്രി പീയുഷ് ഗോയല്‍ റെയ്ല്‍വേ ബോര്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ട്രെയ്‌നുകള്‍ പാളം തെറ്റിയുണ്ടാകുന്ന അപകടങ്ങള്‍ തുടര്‍ക്കഥയാകുന്ന പശ്ചാത്തലത്തിലാണ് നടപടി.

നടപ്പുവര്‍ഷം അവസാനത്തോടെ രണ്ടായിരം കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള ട്രാക്കുകള്‍ നവീകരിക്കാനാകുമെന്നാണ് ഇന്ത്യന്‍ റെയ്ല്‍വേ പ്രതീക്ഷിക്കുന്നത്. നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി നിലവില്‍ ലഭ്യമായിട്ടുള്ള റെയ്‌ലുകള്‍ (തീവണ്ടിപാതയ്ക്കായി ഉപയോഗിക്കുന്ന പാളം) ഉപയോഗപ്പെടുത്തണമെന്നും ഗോയല്‍ റെയ്ല്‍വേ ബോര്‍ഡിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 3,300 കിലോ മീറ്റര്‍ ചരക്ക് ഗതാഗത ഇടനാഴി 2019 ഓടെ പൂര്‍ത്തിയാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. പുതിയ പാളങ്ങളുടെ നിര്‍മാണം സംബന്ധിച്ച നടപ്പു സാമ്പത്തിക വര്‍ഷത്തെ ലക്ഷ്യത്തില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ ഒന്നും ഇന്ത്യന്‍ റെയ്ല്‍വേ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ട്രാക്കുകള്‍ക്കായുള്ള പുതിയ കരാറുകള്‍ നടപ്പാക്കും.

റെയ്ല്‍വേ അറ്റകുറ്റപ്പണികള്‍ക്ക് കൂടുതല്‍ ഫണ്ട് കണ്ടെത്തുന്നതിനു വേണ്ടി യാത്രാ നിരക്ക് ഉയര്‍ത്താനോ റെയ്ല്‍ ടിക്കറ്റുകളില്‍ ഏതെങ്കിലും തരത്തിലുള്ള സുരക്ഷ സെസ് ചുമത്താനോ പദ്ധതിയിടുന്നില്ലെന്നാണ് ഗോയല്‍ ബോര്‍ഡിനെ അറിയിച്ചിട്ടുള്ളത്. പകരം നിരക്കിതര മാര്‍ഗങ്ങളിലൂടെ വരമാനം വര്‍ധിപ്പിക്കാനും പരിമിതികള്‍ ഇല്ലാതാക്കാനുമാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്നും റെയ്ല്‍വേ മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഈ വര്‍ഷം ഡിസംബര്‍ അവസാനത്തോടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് ഇന്ത്യന്‍ റെയ്ല്‍വേ വൃത്തങ്ങള്‍ അറിയിച്ചിട്ടുള്ളത്.

3,000 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള പുതിയ പാതകളുടെ നിര്‍മാണവും കഴിയുന്നത്ര വേഗത്തില്‍ പൂര്‍ത്തീകരിക്കുമെന്ന് റെയ്ല്‍വേ വിശദീകരിക്കുന്നു. നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തന്നെ പുതിയ പദ്ധതികളും പൂര്‍ത്തിയാക്കുക എന്നത് സോണല്‍ റെയ്ല്‍വേകള്‍ നേരിടുന്ന വെല്ലവിളിയാണെന്നും ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.

Comments

comments

Categories: More