ഐയുസി: പരിഹാര നിര്‍ദേശം മുന്നില്‍വെച്ച് ഐഡിയ

ഐയുസി: പരിഹാര നിര്‍ദേശം മുന്നില്‍വെച്ച് ഐഡിയ

ഐയുസി എടുത്തുമാറ്റിയാല്‍ എയര്‍ടെല്ലിന് വയര്‍ലെസ് വിഭാഗത്തില്‍ 2000 കോടി രൂപയുടെ വരുമാന നഷ്ടം (പാദാടിസ്ഥാനത്തില്‍) ഉണ്ടാകുമെന്നാണ് കണക്കുകൂട്ടപ്പെടുന്നത്. ഐഡിയക്ക് 1200 കോടി രൂപയുടെ വരെ നഷ്ടമുണ്ടായേക്കും

ന്യൂഡെല്‍ഹി: ഇന്റര്‍കണക്റ്റ് യൂസേജ് ചാര്‍ജ് (ഐയുസി, ഒരു നെറ്റ്‌വര്‍ക്കില്‍ നിന്ന് മറ്റൊരു നെറ്റ്‌വര്‍ക്കിലേക്ക് വിളിക്കുന്നതിന് ഈടാക്കുന്ന തുക) സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായി) ഒരുങ്ങവെ ഇക്കാര്യത്തില്‍ പ്രശ്‌ന പരിഹാര മാര്‍ഗങ്ങള്‍ മുന്നില്‍വെച്ച് രാജ്യത്തെ മൂന്നാമത്തെ വലിയ സേവനദാതാക്കളായ ഐഡിയ സെല്ലുലാര്‍. വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് തയാറാണെന്ന് കമ്പനി മാനേജിംഗ് ഡയറക്റ്റര്‍ ഹിമാന്‍ഷു കപാനിയ ട്രായിക്ക് എഴുതിയ കത്തില്‍ അറിയിച്ചു. ഐയുസി പ്രശ്‌നത്തില്‍ ഇതു രണ്ടാം തവണയാണ് ഐഡിയ ട്രായിക്ക് കത്തെഴുതുന്നത്.

ഒരു നെറ്റ്‌വര്‍ക്കില്‍ നിന്നുള്ള കോള്‍ മറ്റൊരു നെറ്റ്‌വര്‍ക്കിലേക്ക് മാറ്റപ്പെടുമ്പോള്‍ ഈടാക്കുന്ന ചാര്‍ജ് പൂര്‍ണമായി ഒഴിവാക്കാനോ കുറയ്ക്കാനോ ട്രായി നീക്കമിടുന്നെന്നാണ് സൂചന. നിലവില്‍ 14 പൈസയാണ് ഐയുസി. 4ജി വോള്‍ട്ടി നെറ്റ്‌വര്‍ക്ക് വഴിയുള്ള കോള്‍ മറ്റൊരു നെറ്റ്‌വര്‍ക്കിലേക്ക് വഴിതിരിച്ചുവിടുന്നതിന് വളരെ കുറച്ചു ചാര്‍ജേ ഈടാക്കേണ്ടതുള്ളു. ഈ സാഹചര്യത്തിലാണ് ഐയുസിയില്‍ പുതിയ മാതൃകയ്ക്ക് ട്രായി നീക്കമിടുന്നത്.

ഐയുസി സംബന്ധിച്ച് ഐഡിയ ചെയര്‍മാന്‍ കുമാര്‍ മംഗളം ബിര്‍ളയും ട്രായിക്ക് കത്തയച്ചിരുന്നു. വില നിര്‍ണയ രീതികള്‍ ട്രായി കമ്പനികളോട് പങ്കുവയ്ക്കണമെന്നും അതുവഴി കൂടിയാലോചനകള്‍ കൂടുതല്‍ സുതാര്യമാകുമെന്നും ബിര്‍ള കത്തില്‍ അഭിപ്രായപ്പെടുകയുണ്ടായി

എന്നാല്‍ 95 ശതമാനം വോയിസ് കോളുകളും വോള്‍ട്ടി ഇതര നെറ്റ് വര്‍ക്കുകളിലാണെന്ന് ട്രായി ചെയര്‍മാന്‍ ആര്‍ എസ് ശര്‍മ്മയ്ക്ക് അയച്ച കത്തില്‍ കപാനിയ വ്യക്തമാക്കി. പുതിയ ഐയുസി നിരക്കുകള്‍ നിശ്ചയിക്കുന്നതിന് രണ്ട് മാര്‍ഗങ്ങളും കപാനിയ മുന്നില്‍വെച്ചു. വോള്‍ട്ടി, വോള്‍ട്ടി ഇതര നെറ്റ്‌വര്‍ക്കുകളിലെ കോളുകളെ തോത് അനുസരിച്ച് രണ്ടായി വിഭജിക്കണം. അതിനുശേഷം ഡാറ്റയേയും രണ്ടു നെറ്റ്‌വര്‍ക്കുകളും തമ്മിലെ വലിപ്പ വ്യത്യാസവും അനുസരിച്ച് ഐയുസി നിരക്ക് നിശ്ചയിക്കാം. അതല്ലെങ്കില്‍ ഓരോ സേവനദാതാക്കളും വോള്‍ട്ടി, വോള്‍ട്ടി ഇതര നെറ്റ് വര്‍ക്കുകളിലെ കോളുകളുടെ എണ്ണത്തെ തരംതിരിക്കണമെന്നും അതാതു സമയങ്ങളിലെ പ്രവണതകള്‍ക്ക് അനുസൃതമായി ട്രായിക്ക് ഐയുസി നിശ്ചയിക്കാമെന്നും അദ്ദേഹം കത്തില്‍ ബോധിപ്പിച്ചു. 4ജി നെറ്റ്‌വര്‍ക്കോ 4ജി വോള്‍ട്ടിയോ ചെലവു കുറഞ്ഞതാണെന്നത് തെറ്റായ സങ്കല്‍പ്പമാണെന്നും കപാനിയ പറഞ്ഞു. ഐയുസി സംബന്ധിച്ച് ഐഡിയ ചെയര്‍മാന്‍ കുമാര്‍ മംഗളം ബിര്‍ളയും ട്രായിക്ക് കത്തയച്ചിരുന്നു. വില നിര്‍ണയ രീതികള്‍ ട്രായി കമ്പനികളോട് പങ്കുവയ്ക്കണമെന്നും അതുവഴി കൂടിയാലോചനകള്‍ കൂടുതല്‍ സുതാര്യമാകുമെന്നും ബിര്‍ള കത്തില്‍ അഭിപ്രായപ്പെടുകയുണ്ടായി.

റിലയന്‍സ് ജിയോയുടെ വരവോടെയാണ് ടെലികോം വിപണിയില്‍ ഇന്റര്‍കണക്റ്റ് യൂസേജ് ചാര്‍ജിനെ ചുറ്റിപ്പറ്റിയുള്ള തര്‍ക്കങ്ങള്‍ ഉടലെടുത്തത്. ഇന്റര്‍കണക്റ്റ് യൂസേജ് ചാര്‍ജിലൂടെ എയര്‍ടെല്ലും വോഡഫോണും ഐഡിയയും വന്‍ നേട്ടംകൊയ്തിരുന്നു. മറുവശത്ത് പുതുമുഖങ്ങളായ ജിയോയ്ക്ക് ഐയുസിയുടെ വകയില്‍ കാര്യമായ തുക ചെലവാകുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഐയുസി പൂര്‍ണമായും നീക്കണമെന്ന് ജിയോ ആവശ്യപ്പെടുന്നത്. ഐയുസി എടുത്തുമാറ്റിയാല്‍ എയര്‍ടെല്ലിന് വയര്‍ലെസ് വിഭാഗത്തില്‍ 2000 കോടി രൂപയുടെ വരുമാന നഷ്ടം (പാദാടിസ്ഥാനത്തില്‍) ഉണ്ടാകുമെന്നാണ് കണക്കുകൂട്ടപ്പെടുന്നത്. ഐഡിയക്ക് 1200 കോടി രൂപയുടെ വരെ നഷ്ടമുണ്ടായേക്കും. ജിയോയ്ക്കാകട്ടെ പാദാടിസ്ഥാനത്തില്‍ 7000-7500 കോടി രൂപ വരെ ലാഭിക്കാന്‍ കഴിയുമെന്നും വിലയിരുത്തപ്പെടുന്നു.

Comments

comments

Categories: More