മനുഷ്യാദ്ധ്വാനം വെട്ടിച്ചുരുക്കി തൊഴിലിടങ്ങള്‍ കീഴടക്കുന്നു റോബോട്ടുകള്‍

മനുഷ്യാദ്ധ്വാനം വെട്ടിച്ചുരുക്കി തൊഴിലിടങ്ങള്‍ കീഴടക്കുന്നു റോബോട്ടുകള്‍

സാങ്കേതികവിദ്യ ഓരോ ദിവസവും വിപ്ലവകരമായ മാറ്റങ്ങളാണ് ലോകത്തിനു സമ്മാനിക്കുന്നത്. ടെക്‌നോളജിക്ക് ഒരിക്കലും കടന്നു ചെല്ലാന്‍ സാധിക്കില്ലെന്നു കരുതപ്പെട്ടിരുന്ന അധ്യാപന, മെഡിക്കല്‍ രംഗത്തു പോലും ഇന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വന്‍ മാറ്റങ്ങള്‍ കൊണ്ടു വന്നിരിക്കുന്നു. ജപ്പാനിലും കൊറിയയിലും കുട്ടികളെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് യന്ത്രമനുഷ്യരാണ്. അമേരിക്കന്‍ സൈന്യം പട്ടാളക്കാരുടെ മാനസികനില പരിശോധിക്കുന്നതും യന്ത്ര മനുഷ്യന്റെ സഹായത്തോടെയാണ്.

മാധ്യമരംഗത്തെ ഏറ്റവും വിശിഷ്ട ബഹുമതിയെന്ന് അറിയപ്പെടുന്നതാണു പുലിറ്റ്‌സര്‍ അവാര്‍ഡ്. ആഫ്രിക്കയിലെ പട്ടിണിയുടെ രൂക്ഷത ലോകത്തിന് ഒറ്റ ചിത്രത്തിലൂടെ മനസിലാക്കി കൊടുത്ത കെവിന്‍ കാര്‍ട്ടറും, വിയറ്റ്‌നാം യുദ്ധത്തിന്റെ തീവ്രത അനുഭവപ്പെടുത്തും വിധം ചിത്രമെടുത്ത നിക് യുടി എന്ന ഫോട്ടോഗ്രാഫറും പുലിറ്റ്‌സര്‍ സമ്മാനം നേടിയവരാണ്. ഇത്തരത്തില്‍ യുദ്ധഭൂമിയിലും മറ്റ് പ്രതികൂല സാഹചര്യങ്ങളിലും ജീവന്‍ പണയപ്പെടുത്തി വാര്‍ത്തകളും ചിത്രങ്ങളും ലോകത്തിനു മുന്‍പാകെ അവതരിപ്പിക്കുന്നവര്‍ക്കും സമൂഹശ്രദ്ധ അര്‍ഹിക്കേണ്ട കാര്യങ്ങളെ അവ അതീവ ഗൗരവത്തോടെ റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്കും, അവര്‍ പുലര്‍ത്തിയ മികവിന്റെ അടിസ്ഥാനത്തിലാണു പുലിറ്റ്‌സര്‍ സമ്മാനിക്കുന്നത്. എന്നാല്‍ പുലിറ്റ്‌സര്‍ സമ്മാനം യന്ത്രമനുഷ്യനു സമ്മാനിക്കുന്ന ഒരു കാലത്തെ കുറിച്ചു ചിന്തിച്ചിട്ടുണ്ടോ ? ഇല്ലെങ്കില്‍ അക്കാര്യം ചിന്തിക്കാവുന്നതാണെന്നു നമ്മള്‍ക്കു സൂചന തരുന്നുണ്ട് ആധുനിക സാങ്കേതികവിദ്യ. വരും നാളുകളില്‍ ഇത്തരത്തില്‍ മാധ്യമരംഗത്തു മികവ് പുലര്‍ത്താന്‍ പോകുന്ന റോബോട്ടുകളെയാണു നമ്മള്‍ ദര്‍ശിക്കാന്‍ പോകുന്നത്. ആഗോള മാധ്യമരംഗം 2030-ാടെ കമ്പ്യൂട്ടര്‍വത്കൃതമാകുമെന്നും നരേറ്റീവ് സയന്‍സിന്റെ സഹസ്ഥാപകന്‍ ക്രിസ് ഹാമണ്ട് പറയുന്നു.

21-ാം നൂറ്റാണ്ടിലെ തൊഴിലിടങ്ങള്‍ കീഴടക്കാനുള്ള പോരാട്ടത്തില്‍ വിജയിച്ചു കൊണ്ടിരിക്കുകയാണു കംപ്യൂട്ടറുകള്‍. അവിടെ ന്യൂനപക്ഷമാകുന്ന മനുഷ്യര്‍ക്കു സ്വാധീനം ക്രമേണ നഷ്ടപ്പെടുകയാണെന്നും വേണം മനസിലാക്കാന്‍. 2017 ജനുവരിയില്‍ മകെന്‍സി ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം നിലവില്‍ തൊഴിലിടങ്ങളിലെ പ്രവര്‍ത്തനങ്ങളുടെ ഭൂരിഭാഗവും 2055-ാടെ യന്ത്രവത്കൃതമാകുമെന്നു സൂചിപ്പിക്കുന്നു. റോബോട്ടുകള്‍ തൊഴില്‍രംഗം കീഴടക്കും. അതിനെ അകറ്റി നിറുത്താന്‍ ആര്‍ക്കും സാധിക്കില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

ഹോട്ടലുകളില്‍ ടവ്വല്‍ ഡെലിവറി ചെയ്യുന്ന ബോട്ട്‌ലര്‍ എന്ന യന്ത്രമനുഷ്യന്‍.

ഒരു വിധത്തില്‍ പറയുകയാണെങ്കില്‍ ഇതൊരു പുതിയ കാര്യമേയല്ല. ചക്രം കണ്ടുപിടിച്ച കാലം മുതല്‍ സാങ്കേതികവിദ്യ മനുഷ്യാദ്ധ്വാനത്തെ വെട്ടിച്ചുരുക്കിയിട്ടുണ്ട്. കുറഞ്ഞ തോതില്‍ നൈപുണ്യം ആവശ്യമായതും, ആവര്‍ത്തനപരവുമായ ജോലി കുറഞ്ഞ വേതന നിരക്കില്‍ ചെയ്യാന്‍ യന്ത്രങ്ങള്‍ക്കു സാധിക്കുമെന്നു തെളിയിച്ചിട്ടുണ്ട്. എങ്കിലും അധ്യാപനം, സോഷ്യല്‍ വര്‍ക്ക്, മെഡിക്കല്‍ പ്രഫഷന്‍, വൈദ്യശാസ്ത്രം തുടങ്ങിയ സേവന മേഖലകളില്‍ യന്ത്രവല്‍കരണം അസാധ്യമാണെന്നു തന്നെയാണ് ഇത്രയും കാലം വിചാരിച്ചിരുന്നത്. എന്നാല്‍ ഈ ധാരണ മാറുകയാണ്. അതുമല്ലെങ്കില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്ന നിര്‍മിത ബുദ്ധിയും നാച്വറല്‍ ലാങ്‌ഗ്വേജ് പ്രോസസിംഗുമൊക്കെ മാറ്റിമറിക്കുകയാണ്. സ്വാഭാവിക ഭാഷയും സംസാരവും വിശകലനം ചെയ്യുന്നതിനുള്ള കംപ്യൂട്ടേഷണല്‍ ടെക്‌നിക്കുകളെയാണു നാച്വറല്‍ ലാങ്‌ഗ്വേജ് പ്രോസസിംഗ് എന്നു വിളിക്കുന്നത്.

ഓട്ടോമേഷനിലൂടെ നിര്‍വഹിക്കാന്‍ സാധിക്കില്ലെന്നു കരുതിയിരുന്ന ചില ജോലികള്‍ ഇന്നു യന്ത്രങ്ങള്‍ എളുപ്പം നിര്‍വഹിക്കുന്ന തലത്തിലെത്തിയിരിക്കുന്നു. ഒരു പതിറ്റാണ്ട് മുന്‍പ്, ട്രാഫിക്കിലൂടെയും മറ്റു തടസങ്ങളിലൂടെയും വാഹനമോടിക്കുന്നതിലെ ബുദ്ധിമുട്ട് ഒഴിവാക്കുന്ന കാര്യത്തെ കുറിച്ചു ചിന്തിക്കുകയെന്നതു സിലിക്കണ്‍ വാലിയിലെ ബുദ്ധികേന്ദ്രങ്ങള്‍ക്ക് അസാദ്ധ്യമായിരുന്നു. എന്നാല്‍ ഇന്നു ഡ്രൈവറില്ലാത്ത കാറുകള്‍ വികസിപ്പിക്കുന്ന തലത്തില്‍ ടെക്‌നോളജി നമ്മളെ എത്തിച്ചിരിക്കുന്നു. ആപ്പിളും ഗൂഗിളുമൊക്കെ ഇതിന്റെ പരീക്ഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. കമ്പ്യൂട്ടറുകള്‍ക്കു ചെയ്യാന്‍ സാധിക്കുന്ന തൊഴിലിനങ്ങളും അവയുടെ എണ്ണവും ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ വര്‍ധിച്ചിരിക്കുന്നു.

ഭക്ഷണങ്ങള്‍ സമീപപ്രദേശങ്ങളില്‍ എത്തിക്കാന്‍ സ്റ്റാര്‍ഷിപ് ടെക്‌നോളജീസ് വികസിപ്പിച്ചെടുത്ത ഡെലിവറി റോബോട്ട്.

മാനേജ്‌മെന്റ്, നിയമം, മാധ്യമം, വൈദ്യചികിത്സ, അധ്യാപനം, അഭിനയം, ഡ്രൈവിംഗ് തുടങ്ങിയ രംഗങ്ങള്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ കാതലായ മാറ്റങ്ങള്‍ക്കു സാക്ഷ്യം വഹിക്കും.

ലോകത്തിലെ ഏറ്റവും വലിയ ഹെഡ്ജ് ഫണ്ട് സ്ഥാപനമായ ബ്രിഡ്ജ്‌വാട്ടര്‍ അസോസിയേറ്റ്‌സ് ഏതാനും മാസങ്ങള്‍ക്കു മുന്‍പു സുപ്രധാനമായൊരു പ്രഖ്യാപനം നടത്തിയിരുന്നു. സ്ഥാപനത്തില്‍ തൊഴിലാളികളെ പുതുതായി നിയമിക്കുന്നതും നീക്കം ചെയ്യുന്നതുമടക്കമുള്ള മാനേജ്‌മെന്റ് തീരുമാനങ്ങള്‍ കംപ്യൂട്ടര്‍വത്കരിക്കുന്നതിനുള്ള ആല്‍ഗോരിഥം (algorithm) വികസിപ്പിക്കുകയാണെന്നതായിരുന്നു സ്ഥാപനം നടത്തിയ പ്രഖ്യാപനം. അഞ്ച് വര്‍ഷത്തിനകം ഈ തീരുമാനം നടപ്പിലാക്കുമെന്നും കമ്പനി അറിയിക്കുകയുണ്ടായി.

ചക്രം കണ്ടുപിടിച്ച കാലം മുതല്‍ സാങ്കേതികവിദ്യ മനുഷ്യാദ്ധ്വാനത്തെ വെട്ടിച്ചുരുക്കിയിട്ടുണ്ട്. കുറഞ്ഞ തോതില്‍ നൈപുണ്യം ആവശ്യമായതും, ആവര്‍ത്തനപരവുമായ ജോലി കുറഞ്ഞ വേതന നിരക്കില്‍ ചെയ്യാന്‍ യന്ത്രങ്ങള്‍ക്കു സാധിക്കുമെന്നു നിരവധി തവണ തെളിയിച്ചിട്ടുണ്ട്. 21-ാം നൂറ്റാണ്ടിലെ തൊഴിലിടങ്ങള്‍ കീഴടക്കാനുള്ള പോരാട്ടത്തില്‍ വിജയിച്ചു കൊണ്ടിരിക്കുകയാണു കംപ്യൂട്ടറുകള്‍.

ഇത്തരത്തില്‍ മാനേജ്‌മെന്റ് രംഗത്തു മാത്രമല്ല, വൈദ്യശാസ്ത്ര രംഗത്തും റോബോട്ടുകളുടെ സേവനം ഉപയോഗപ്പെടുത്തുന്ന കാലം വിദൂരമല്ലെന്നു തെളിയിക്കുന്ന നിരവധി ഉദാഹരണങ്ങളുണ്ട്. ഇപ്പോള്‍ തന്നെ പോസ്റ്റ് ട്രൊമാറ്റിക് സ്‌ട്രെസ് ഡിസ്ഓര്‍ഡര്‍ എന്ന മാനസികാരോഗ്യ പ്രശ്‌നമുള്ളവരെ തിരിച്ചറിയാന്‍ യുഎസ് സൈന്യം, കംപ്യൂട്ടര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന വെര്‍ച്വല്‍ തെറാപ്പിസ്റ്റുകളെയാണ് ഉപയോഗിക്കുന്നത്. അധ്യാപന രംഗത്താകട്ടെ, മക്‌ഗ്രോ-ഹില്‍ കണക്ട്, ആപ്ലിയ തുടങ്ങിയ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചു കോളേജ് അധ്യാപകര്‍ക്ക് ഒരേ സമയം നൂറോളം വിദ്യാര്‍ഥികളെ അവരുടെ കോഴ്‌സ് കൈകാര്യം ചെയ്യാന്‍ സാധ്യമാക്കുന്നുണ്ട്. മാസീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സ്(Moocs) എന്ന സംവിധാനത്തിലൂടെ ആയിരക്കണക്കിനു വിദ്യാര്‍ഥികളിലും അധ്യാപകര്‍ക്ക് എത്തിച്ചേരാന്‍ സാധിക്കും. ജപ്പാനിലും കൊറിയയിലും വിദ്യാര്‍ഥികളെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് റോബോട്ടുകളാണ്.

Comments

comments

Categories: FK Special, Slider