കേരളത്തിന്റെ സ്വന്തം ബുള്ളറ്റ് റാണി

കേരളത്തിന്റെ സ്വന്തം ബുള്ളറ്റ് റാണി

കന്യാകുമാരിയില്‍ നിന്നും കശ്മീരിലെ കര്‍ദുംഗ്ലാ വരെ ഹിമാലയന്‍ ബുള്ളറ്റില്‍ സഞ്ചരിച്ചു ചരിത്രമെഴുതിയിരിക്കുകയാണ് തിരുവനന്തപുരം സ്വദേശിനി ഷൈനി രാജ്കുമാര്‍. 42 ദിവസംകൊണ്ട് 12000 കിലോമീറ്റര്‍ യാത്ര ചെയ്താണ് ഷൈനി യാത്ര പൂര്‍ത്തിയാക്കിയത്. കേരളത്തില്‍ ഹിമാലയന്‍ ബുള്ളറ്റ് സ്വന്തമാക്കിയ ആദ്യ റൈഡറായ ഷൈനി സ്ത്രീകള്‍ക്കെതിരേ വര്‍ധിച്ചുവരുന്ന അത്രിക്രമം അവസാനിപ്പിക്കുകയെന്ന സന്ദേശമായിരുന്നു യാത്രയിലുടനീളം ഉയര്‍ത്തിക്കാട്ടിയത്. പെണ്‍കുട്ടികള്‍ ഭയന്നു പിന്‍മാറാന്‍ തുടങ്ങിയാല്‍ ജീവിതകാലം മുഴുവന്‍ പിന്നോട്ടു പോകാന്‍ മാത്രമേ ഇതുപകരിക്കുകയുള്ളുവെന്നും കേരളത്തില്‍ നിന്ന് നേപ്പാള്‍, ഭൂട്ടാന്‍ രാജ്യങ്ങളിലേക്കുള്ള യാത്രയാണ് ഇപ്പോള്‍ മനസിലുള്ളതെന്നും ഫ്യൂച്ചര്‍ കേരളയ്ക്കു നല്‍കിയ അഭിമുഖത്തില്‍ ഷൈനി രാജ്കുമാര്‍ പറയുന്നു.

റൈഡിംഗ് പാഷനോ അതോ വെല്ലുവിളി ഏറ്റെടുക്കാനുള്ള ധൈര്യമോ?

കൂടുതലും പാഷനെന്നു തന്നെ പറയാം. വര്‍ഷങ്ങള്‍ നീണ്ട പരിശ്രമത്തിലൂടെയാണ് ഞാന്‍ ഇപ്പോഴിവിടെ എത്തിനില്‍ക്കുന്നത്. വെല്ലുവിളികള്‍ ഏറ്റെടുക്കാറുണ്ടെങ്കിലും വെല്ലുവിളികള്‍ക്കു മാത്രമായി ഇറങ്ങിത്തിരിക്കുന്ന സ്വഭാവമല്ല എന്റേത്. എന്റെ പരിതസ്ഥിതികളും സമയവും അനുയോജ്യമായാല്‍ തീര്‍ച്ചയായും റൈഡിംഗിനായി ഇറങ്ങും.

സാധാരണ പെണ്‍കുട്ടികള്‍ ബൈക്ക് പോലും ഓടിക്കാത്ത കാലത്താണ് ഷൈനിയുടെ ബുള്ളറ്റ് പ്രേമം. ആ യാത്ര ഒന്നു റിവേഴ്സ് ഗിയറില്‍ ?

ബുള്ളറ്റിനോടുള്ള എന്റെ ഇഷ്ടം നഴ്സറി പ്രായത്തില്‍ തുടങ്ങിയതാണ്. അക്കാലം മുതല്‍ ബുള്ളറ്റ് കണ്ടാല്‍ ഒന്നുതൊടാനും കയറാനുമെല്ലാം ഞാന്‍ ആവേശം കാട്ടിയിരുന്നു. അച്ഛന്റെ സഹോദരന്‍ പോലീസ് ഡിപ്പാര്‍ട്ടുമെന്റിലായിരുന്നു, അക്കാലത്ത് പോലീസുകാര്‍ക്കിടയില്‍ മാത്രമാണ് ബുള്ളറ്റ് സര്‍വസാധാരണം. അതുകണ്ടതോടെ ബുള്ളറ്റിനോടുള്ള ഇഷ്ടം കൂടിവന്നു. ഒരു അകന്ന ബന്ധുവിന് അക്കാലത്ത് ബുള്ളറ്റുണ്ട്. അദ്ദേഹം വീട്ടില്‍ വരുമ്പോഴും മറ്റുമുള്ള വാഹനത്തിന്റെ തലയെടുപ്പ് എന്നെ വല്ലാതെ പ്രചോദിപ്പിച്ചിട്ടുണ്ട്. പിന്നീട് സ്‌കൂള്‍ പഠനകാലത്ത് കൊല്ലത്ത് ബുള്ളറ്റ് ഓടിക്കുന്ന ഒരു വനിതയെക്കുറിച്ചുള്ള ലേഖനം വായിക്കാനിടയായി. മറ്റുള്ളവര്‍ അവരെ ഭയക്കുന്നതും അസൂയയോടെ കാണുന്നതും സത്യത്തില്‍ എനിക്ക് കൂടുതല്‍ ഊര്‍ജം പകരുകയായിരുന്നു. ചെറുപ്പത്തില്‍ സ്പോര്‍ട്സില്‍ സജീവമായിരുന്നു. അത്ലറ്റിക്സായിരുന്നു പ്രധാന ഇനം. സ്‌കൗട്ട്സ് ആന്‍ഡ് ഗെയിംസിന്റെ ഭാഗമായി രാഷ്ട്രപതിയുടെ മെഡലും ലഭിച്ചിട്ടുണ്ട്. കോളെജ് പഠനകാലത്ത് ക്രിക്കറ്റിലും സജീവമായിരുന്നു. വടക്കേ ഇന്ത്യയില്‍വച്ച് സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഞാന്‍ ആദ്യമായി ബുള്ളറ്റ് ഓടിക്കാന്‍ പഠിച്ചത്. 20-ാം വയസു മുതല്‍ ബുള്ളറ്റ് ഓടിച്ചു തുടങ്ങിയെങ്കിലും 2007-ഓടെയാണ് കേരളത്തില്‍ സജീവമായത്. എന്നാല്‍ ആളുകള്‍ക്കിടയില്‍ ഞാന്‍ അറിയപ്പെട്ടു തുടങ്ങിയത് 2012-ലാണ്.

ബുളളറ്റ് ഓടിക്കാന്‍ കേരളത്തിലെ സാഹചര്യം എങ്ങനെയായിരുന്നു?

വടക്കേ ഇന്ത്യയിലായിരുന്ന ഞാന്‍ 2007-ലാണ് കേരളത്തില്‍ തിരികെയെത്തിയത്. അന്നെനിക്ക് ബൈക്ക് ഓടിക്കാന്‍ അറിയാമെങ്കിലും ഡ്രൈവിംഗ് ലൈസന്‍സില്ലായിരുന്നു. അക്കാലത്ത് ഒരു പെണ്‍കുട്ടി ബൈക്ക് ഓടിക്കുന്നതൊന്നും മലയാളികള്‍ അംഗീകരിക്കുമായിരുന്നില്ല. അതുകൊണ്ടുതന്നെ വീട്ടിലുണ്ടായിരുന്ന ഹീറോ ഹോണ്ട സ്പ്ലെന്‍ഡര്‍ വിറ്റ് പകരം ആക്ടീവ വാങ്ങാന്‍ പദ്ധതിയിട്ടെങ്കിലും അച്ഛന്റെ എതിര്‍പ്പുമൂലം പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. ഒടുവില്‍ അച്ഛന്‍ ഓടിക്കാതെ വച്ചിരുന്നതും വില്‍ക്കാന്‍ സമ്മതിക്കാത്തതുമായ ബൈക്കിലായിരുന്നു കേരളത്തില്‍ എന്റെ റൈഡിംഗ് തുടക്കം. കേരളത്തില്‍ ബുള്ളറ്റ് ഓടിക്കാന്‍ പ്രചോദനം നല്‍കിയത് കോവളത്ത് ഡ്രൈവിംഗ് സ്‌കൂള്‍ നടത്തുന്ന കസിന്‍ സഹോദരനായ ജയപ്രകാശാണ്.

ബുള്ളറ്റിന്റെ തലയെടുപ്പ് തന്നെയാണ് സ്ത്രീകള്‍ക്ക് ആരാധന തോന്നാന്‍ കാരണം. എന്നെ സംബന്ധിച്ച് ചെറുപ്പം മുതലേ ആരാധന തോന്നിയ വാഹനമാണിത്. ഞാന്‍ മനസിലാക്കിയിടത്തോളം അപകടങ്ങളും വളരെക്കുറവാണ്. ബൈക്കുകളുമായി താരതമ്യപ്പെടുത്തിയാല്‍ പലപ്പോഴും ബുള്ളറ്റില്‍ റാഷ് ഡ്രൈവിംഗ് കുറവാണ്.

സ്ത്രീകള്‍ക്കായി ബുള്ളറ്റ് ക്ലബ്- ഡോണ്ടേഴ്സ് റോയല്‍ എക്സ്പ്ലോര്‍സ് തുടങ്ങിയതിനു പിന്നില്‍?

സ്ത്രീകള്‍ക്കിടയില്‍ കൂട്ടായ്മ അഥവാ ഒരുമിച്ചുകൂടുകയെന്നതു പൊതുവേ കുറവാണ്. അവര്‍ക്ക് അസൂയ, ഈഗോ എന്നിവയും വഴക്കിട്ട് മിണ്ടാതിരിക്കുന്ന സ്വഭാവവും മറ്റും ആണ്‍കുട്ടികളേക്കാള്‍ കൂടുതലാണ്. എടാ അളിയാ, എന്നൊരു വിളിയില്‍ ഒട്ടുമിക്ക പ്രശ്നങ്ങളും തീര്‍ക്കുന്നവരാണ് ആണ്‍കുട്ടികള്‍. ആണ്‍കുട്ടികളുടെ സൗഹൃദം കാലങ്ങളോളം നിലനില്‍ക്കും. ഈ സാഹചര്യത്തിലൂടെ ഞാനും കടന്നുവന്നിട്ടുണ്ട്. എനിക്കു മാത്രം ഓടിക്കാവുന്ന ഒന്നല്ല ബുള്ളറ്റ്, മറ്റു സ്ത്രീകളെ പഠിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും കഴിയുമെന്ന ആശയം മുന്നോട്ടുവച്ചത് ഭര്‍ത്താവാണ്. അതോടെ ഞാന്‍ മറ്റുള്ളവരെ ബുള്ളറ്റ് ഓടിക്കാന്‍ പഠിപ്പിച്ചു തുടങ്ങി. അക്കാലത്ത് കുറേ പെണ്‍കുട്ടികള്‍ക്കൊപ്പം തിരുവനന്തപുരം നഗരത്തിലൂടെ ബുള്ളറ്റില്‍ ഒരു യാത്രയെന്ന മോഹം എനിക്കുണ്ടായി. ഇതാണ് ഡോണ്ടേഴ്സ് റോയല്‍ എക്സ്പ്ലോര്‍സ് ക്ലബ് തുടങ്ങുന്നതിലേക്കു നയിച്ചത്. പെണ്‍കുട്ടികള്‍ക്ക് സാധാരണ ബൈക്കിനേക്കാളും ബുള്ളറ്റിനോടാണ് താല്‍പര്യം. ക്ലബിനായി ബുള്ളറ്റ് തെരഞ്ഞെടുക്കാനുള്ള കാരണവും അതുതന്നെ.

ബുള്ളറ്റിനോട് പൊതുവേ സ്ത്രീകള്‍ക്ക് ആരാധന തോന്നാനുളള കാരണം?

ബുള്ളറ്റിന്റെ തലയെടുപ്പ് തന്നെ. എന്നെ സംബന്ധിച്ചിടത്തോളം ചെറുപ്പം മുതലേ ആരാധന തോന്നിയ വാഹനമാണിത്. ഞാന്‍ മനസിലാക്കിയിടത്തോളം അപകടങ്ങളും വളരെക്കുറവാണ്. ബൈക്കുകളുമായി താരതമ്യപ്പെടുത്തിയാല്‍ പലപ്പോഴും ബുള്ളറ്റില്‍ റാഷ് ഡ്രൈവിംഗ് കുറവാണ്.

കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയുള്ള നീണ്ട യാത്രയെക്കുറിച്ച് ?

42 ദിവസം നീണ്ട യാത്രയായിരുന്നു അത്. ഏകദേശം 12,000 കിലോമീറ്റര്‍. യഥാര്‍ഥത്തില്‍ ഈ യാത്രയോടെയാണ് ഞാന്‍ റൈഡറായി മാറിയത്. യാത്രയ്ക്കു മുന്‍പ് ഒരു പെണ്‍കുട്ടിക്ക് ഇത്തരമൊരു യാത്ര നടത്താനാവുമോയെന്നു പോലും എനിക്കു തോന്നിയിരുന്നു. ചെറിയ യാത്രകള്‍ പലപ്പോഴും ഒറ്റയ്ക്കു നടത്തിയിരുന്നതുകൊണ്ടുതന്നെ കുടുംബത്തില്‍ നിന്ന് എതിര്‍പ്പുണ്ടായില്ല. വയസ് 34 ആയതുകൊണ്ട് ഇനിയും വൈകിയാല്‍ യാത്ര മുടങ്ങിയാലോയെന്നു കരുതിയാണ് മുന്നിട്ടിറങ്ങിയത്. നീണ്ട യാത്ര ആയതിനാലാണ് പരിചയക്കാരായ അനൂപ്, നാഷ് എന്നിവരെ ഒപ്പം കൂട്ടിയത്. തിരുവനന്തപുരത്തുനിന്നും ജൂലൈ 16-ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഫഌഗ് ഓഫ് ചെയ്ത് ചീഫ് സെക്രട്ടറി നളിനി നെറ്റോ അടങ്ങിയ സംഘമാണ് ഞങ്ങളെ യാത്ര അയച്ചത്. ചണ്ഡിഗഢിലെത്തിയപ്പോള്‍ ഭര്‍ത്താവ് രാജ്കുമാര്‍ ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നു. പിന്നീട് ലേയില്‍വച്ചാണ് ഞങ്ങള്‍ അവരുമായി പിരിയുന്നത്. തിരികെ വരുമ്പോള്‍ ചണ്ഡിഗഢ് വരെ ഭര്‍ത്താവ് ഒപ്പമുണ്ടായിരുന്നു അതിനുശേഷം കേരളത്തിലേക്ക് ഞാന്‍ ഒറ്റയ്ക്കാണ് യാത്ര ചെയ്തത്. ഓഗസ്റ്റ് 27-ന് യാത്ര അവസാനിച്ചു.

യാത്രയ്ക്കിടയിലുണ്ടായ അനുഭവങ്ങള്‍ ?

യഥാര്‍ഥത്തില്‍ ഈ യാത്രയ്ക്കുശേഷമാണ് ഒരു പെണ്‍കുട്ടിക്ക് ഒറ്റയ്ക്കു യാത്ര ചെയ്യാനാവുമെന്ന് ഞാന്‍ മനസിലാക്കിയത്. യാത്രയ്ക്കിടെ ചണ്ഡിഗഢില്‍ വച്ച് ഭര്‍ത്താവ് എനിക്കൊപ്പം ചേര്‍ന്നു. ലേ- ലഡാക്ക് പോലെയുള്ള സ്ഥലങ്ങളില്‍ അദ്ദേഹത്തിന്റെ സപ്പോര്‍ട്ട് നല്ല രീതിയില്‍ വേണ്ടിവന്നു. എനിക്കു സുഖമില്ലാതായതാണ് അതിനു കാരണം. ജീവിതത്തില്‍ ഏതു സമയത്തും ഭര്‍ത്താവ് താങ്ങും തണലുമാകുമെന്നു തോന്നിയ നിമിഷങ്ങളായിരുന്നു അത്. യാത്രയ്ക്കിടെ അപകടമുണ്ടായതും മറക്കാനാവാത്ത അനുഭവമാണ്. വാഹനത്തിന് എന്തെങ്കിലും സംഭവിക്കുമോയെന്നും യാത്ര മുടങ്ങുമോയെന്നുമായിരുന്നു എന്റെ മറ്റൊരു പേടി. ശരിക്കും ആ അവസരത്തില്‍ മാലാഖയെന്നു തന്നെ വിശേഷിപ്പിക്കാവുന്ന ഒരാള്‍ എന്റെ സഹായത്തിനെത്തി. കര്‍ണാടകയിലെ റോയല്‍ എന്‍ഫീല്‍ഡിന്റെ ആര്‍എഫ്എം ബിനോയ് ജോബായിരുന്നു അത്. എന്റെ യാത്രയുടെ ആദ്യം മുതല്‍ അവസാനം ഒരു അജ്ഞാതശക്തിയായി എന്നെ അദ്ദേഹം പിന്തുടര്‍ന്നു. യാത്രയ്ക്കിടയില്‍ എന്തു സഹായവും എനിക്കദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു. അതുകൊണ്ടുതന്നെ വണ്ടിക്കു സാരമായി പണിയുണ്ടാകുമെന്നു മനസിലാക്കിയ ഞാന്‍ ആദ്യം വിളിച്ചത് ബിനോയിയെ ആണ്. തുടര്‍ന്ന് അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം രണ്ടു മെക്കാനിക്കുകളെത്തി വാഹനം പരിശോധിച്ചു. ഓയില്‍ ലീക്കേജുള്‍പ്പെടെ മറ്റു തകരാറുകള്‍ കണ്ടെത്തിയെങ്കിലും വാഹനം ഷോറൂമിലെത്തിച്ച് തൊട്ടടുത്ത ദിവസം തന്നെ റെഡിയാക്കി തിരികെ തന്നു. ഈ സംഭവം എന്റെ ഭര്‍ത്താവിനെ ആരും അറിയിക്കരുതെന്ന ഒറ്റകാര്യം മാത്രമാണ് ഞാന്‍ മെക്കാനിക്കുകളോടും ബിനോയിയോടും ആവശ്യപ്പെട്ടത്. അവരത് കൃത്യമായി പാലിക്കുകയും ചെയ്തു. അപകടം നടന്നെങ്കിലും എനിക്കൊന്നും സംഭവിക്കാത്തതുകൊണ്ടുതന്നെ യാത്ര ഏതുവിധേനയും പൂര്‍ത്തിയാക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. തുടര്‍ന്നുള്ള യാത്രയ്ക്കിടയില്‍ വാഹനത്തിന്റെ എല്ലാവിധ പ്രശ്നങ്ങളും വിവിധ സര്‍വീസ് കേന്ദ്രങ്ങളില്‍ ഫോണിലൂടെ ശരിയാക്കി നല്‍കാനും ബിനോയിയുടെ സഹായം ലഭിച്ചു. തിരിക വന്നപ്പോള്‍ രാത്രിയില്‍ ബെംഗളൂരുവില്‍ നിന്നും 85 കിലോമീറ്റര്‍ അകലെ വിജനമായ സ്ഥലത്ത് വാഹനം അല്‍പ്പസമയം ഓഫായി പോയത് നേരിയ ആശങ്കയ്ക്കിടയാക്കിയെങ്കിലും പെട്ടെന്നു തന്നെ യാത്ര തുടരാന്‍ കഴിഞ്ഞു.

സമൂഹത്തിന് പ്രത്യേക സന്ദേശം പകര്‍ന്നു നല്‍കിയാണ് ഓരോ യാത്രയും. ഇതിനുള്ള കാരണം?

സ്ത്രീകള്‍ക്കെതിരായ അതിക്രമം അവസാനിപ്പിക്കുകയെന്ന ഒറ്റ സന്ദേശമാണ് എന്റെ എല്ലാ യാത്രകള്‍ക്കും പിന്നിലുള്ളത്. കന്യാകുമാരി – കശ്മീര്‍ യാത്രയിലും അതുതന്നെയാണ് വിഷയമാക്കിയത്. ഇതിനു മുന്‍പ് തിരുവനന്തപുരത്ത് പല റാലികളിലും മറ്റും ഞാന്‍ പങ്കെടുത്തിട്ടുണ്ട്. സ്‌കൂളുകളിലും കോളെജുകളിലും നിരവധി കാംപെയിനുകളും സംഘടിപ്പിച്ചിട്ടുണ്ട്.

ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ മോട്ടോറബിള്‍ റോഡായ കര്‍ദുംഗ്‌ലയില്‍ ഷൈനി രാജ്കുമാര്‍

ബുള്ളറ്റിന്റെ പല മോഡലുകളും ഓടിച്ചിട്ടുണ്ടാകുമല്ലോ, ഇഷ്ട മോഡല്‍?

എന്റെ പക്കലുള്ള റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ മോട്ടോര്‍സൈക്കിള്‍ തന്നെ. എന്റെ കൈവശം വേറെയും മോഡലുകളുണ്ട്. രണ്ട് ഓള്‍ഡ് മോഡല്‍, സ്റ്റാന്റേര്‍ഡ്, ക്ലാസിക്, ഹിമാലയന്‍ എന്നിങ്ങനെ അഞ്ചു വാഹനങ്ങള്‍ എനിക്കിപ്പോഴുണ്ട്. ഹിമാലയന്‍ മോഡല്‍ വാങ്ങിയതു തന്നെ വെല്ലുവിളി ഏറ്റെടുത്താണ്. ഇതുവരെയുള്ള ബുള്ളറ്റുകളില്‍ നിന്നു വളരെ വൃത്യസ്തമായി ഓഫ് റോഡിന് ആദ്യമായാണ് റോയല്‍ എന്‍ഫീല്‍ഡ് ആ മോഡല്‍ പുറത്തിറക്കിയത്. തുടക്കത്തില്‍ പലരും പരാജയമാകുമെന്ന നെഗറ്റീവ് അഭിപ്രായമാണ് പറഞ്ഞത്. അതോടെ ഷോറൂമില്‍ നേരിട്ടുപോയി അന്വേഷിച്ചതോടെ എനിക്ക് ഹിമാലയന്‍ ബുള്ളറ്റ് എങ്ങനെയും സ്വന്തമാക്കണമെന്ന ആഗ്രഹമുണ്ടായി. മറ്റുള്ളവര്‍ എടുക്കരുതെന്നു പറഞ്ഞ വാഹനമെടുക്കാന്‍ പ്രോത്സാഹനം നല്‍കിയതു ഭര്‍ത്താവാണ്. അതോടെ ആ വെല്ലുവിളി ഞാന്‍ ഏറ്റെടുക്കുകയായിരുന്നു. കേരളത്തിലെ ആദ്യ ഓര്‍ഡര്‍ എന്റേതായിരുന്നു. എനിക്കിതിനുള്ള എല്ലാ പിന്തുണയും തന്നത് തിരുവനന്തപുരം മരിയ്ക്കാര്‍ ഷോറൂമിന്റെ ജനറല്‍ മാനേജരായ അമുല്‍ സാം വര്‍ഗീസ് ആണ്. എന്റെ നല്ലൊരു പ്രമോട്ടറാണ് അദ്ദേഹം.

കേരളത്തിലെ ബുള്ളറ്റ് റാണിക്ക് സമൂഹത്തിന്റെ എതിര്‍പ്പ് നേരിടേണ്ടി വന്നിട്ടുണ്ടോ ? ഓര്‍മയില്‍ സൂക്ഷിക്കാവുന്ന രസകരമായ സംഭവം?

വാഹനം അപകടത്തില്‍പ്പെട്ട് കോമഡിയായ സംഭവങ്ങളുണ്ട്. ഞാന്‍ പണ്ട് കൊട്ടക് മഹിന്ദ്രയില്‍ ജോലി ചെയ്തിരുന്ന കാലത്ത് ഓഫീസില്‍ നിന്നും വീട്ടിലേക്ക് വരുമ്പോഴാണ് അപകടം. ബുള്ളറ്റിനു പിന്നിലിരുന്ന ജാക്കറ്റ് പറന്നത് എടുക്കാന്‍ ശ്രമിച്ചതോടെ വണ്ടി സ്‌കിഡായി. കോവളം ബൈപാസിനടുത്തുവച്ചായിരുന്നു സംഭവം. ഏകദേശം 30 മീറ്ററോളം ഞാന്‍ വാഹനത്തിനൊപ്പം ഫുട്പാത്തിലൂടെ തെന്നിനീങ്ങുകയും വണ്ടി നാഷണല്‍ ഹൈവേയ്ക്കപ്പുറം കുഴിയിലേക്കു വീഴുകയും ചെയ്തു. എന്റെ കൈയിലുണ്ടായിരുന്ന ബാഗും പൊട്ടിയ മൊബീല്‍ ഫോണും ചെരിപ്പുമായി ഞാന്‍ ആ റോഡില്‍ ഇരുന്നു. റോഡിലൂടെ കടന്നുപോയ പരിചയക്കാരായ പലരും അപകടം കണ്ടിട്ടും അന്വേഷിക്കാനോ സഹായിക്കാനോ തയാറായില്ല. അഹങ്കാരം കൊണ്ട് സംഭവിച്ചതല്ലേയെന്ന ഭാവമായിരുന്നു പലര്‍ക്കും. പരിചയക്കാരില്‍ ഒരാള്‍ ‘ നമ്മുടെ ബൈക്ക് ഷൈനി വീണു’ എന്നുവരെ നാട്ടില്‍ വിളിച്ചറിയിച്ചതായി ഞാന്‍ പിന്നീടറിഞ്ഞു. എന്നാല്‍ ഇവരാരും എന്നെ സഹായിക്കാന്‍ തയാറായില്ല. നേരം ഇരുട്ടിയെങ്കിലും കുഴിയില്‍ വീണ ബൈക്ക് എടുക്കാതെ പോകാന്‍ കഴിയില്ലായിരുന്നു, ഇതോടൊപ്പം ഞാന്‍ ക്ഷീണിതയുമായി. ഫോണ്‍ പൊട്ടി ഡിസ്പ്ലേ നഷ്ടപ്പെട്ടതിനാല്‍ ആരെയും വിളിക്കാനും പറ്റില്ല. ഒടുവില്‍ യാത്രക്കാരിലൊരാള്‍ കാര്യങ്ങള്‍ അന്വേഷിച്ചതോടെ അപകടത്തില്‍ വാഹനം കുഴിയിലേക്കു വീണതായി ഞാന്‍ പറഞ്ഞു. അല്‍പ്പം കഴിഞ്ഞു മടങ്ങിവന്ന അദ്ദേഹം കുഴിയില്‍ വാഹനം മാത്രമേയുള്ളു, ഓടിച്ച ആളെ കാണാനില്ലെന്ന മറുപടി കേട്ട് ചിരിയാണ് വന്നത്. ഈ സംഭവം ഇന്നും രസകരമായി തോന്നാറുണ്ട്. പിന്നീട് അപകടം നടന്ന സ്ഥലത്തെ പരിചയക്കാരായ കുറച്ചു ചെറുപ്പക്കാരുടെ സഹായത്തോടെ ബുള്ളറ്റ് പുറത്തെടുത്താണ് ഞാന്‍ വീട്ടിലേക്ക് മടങ്ങിയത്.

ഈ യാത്രയ്ക്കുശേഷം ഒരു പെണ്‍കുട്ടിക്ക് ഒറ്റയ്ക്കു യാത്ര ചെയ്യാനാവുമെന്ന് ഞാന്‍ മനസിലാക്കി. ചണ്ഡിഗഢില്‍ വെച്ച് യാത്രയില്‍ ഭര്‍ത്താവ് എനിക്കൊപ്പമുണ്ടായിരുന്നു. ലേ- ലഡാക്ക് പോലെയുള്ള സ്ഥലങ്ങളില്‍ അദ്ദേഹത്തിന്റെ സപ്പോര്‍ട്ട് നല്ല രീതിയില്‍ വേണ്ടിവന്നു. ജീവിതത്തില്‍ ഏതു സമയത്തും ഭര്‍ത്താവ് താങ്ങും തണലുമായി എനിക്കൊപ്പമുണ്ടാകുമെന്ന് തോന്നിയ നിമിഷങ്ങളായിരുന്നു അത്

ഹിമാലയയിലൂടെ ഇന്ത്യയുടെ രണ്ടറ്റവും കൂട്ടിമുട്ടിച്ചു കഴിഞ്ഞിരിക്കുന്നു. എന്താണ് അടുത്ത പദ്ധതി ?

ഈ യാത്ര ഇവിടെ നിര്‍ത്താന്‍ ഉദ്ദേശമില്ല. ഞാന്‍ പോകാത്ത സ്ഥലങ്ങളിലേക്കാവും ഇനിയുള്ള യാത്ര. ഇതേ സന്ദേശം അല്ലെങ്കില്‍ അപ്പോഴത്തെ സാഹചര്യമനുസരിച്ചുള്ള സന്ദേശം തെരഞ്ഞെടുക്കും. കേരളത്തില്‍ നിന്ന് നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രയാണ് ഇപ്പോള്‍ മനസിലുള്ളത്. അതായത് ബൈക്കില്‍ പോകാനാവുന്ന ഇന്ത്യക്കു പുറത്തുള്ള രാജ്യങ്ങള്‍. ഇനിയുള്ള യാത്രകള്‍ ആരെയും ഒപ്പം കൂട്ടാതെ തനിച്ചു പോകണമെന്നാണ് ആഗ്രഹം.

ബുള്ളറ്റ് ക്രെയിസ് ഉള്ള പെണ്‍കുട്ടികളോട് പറയാനുള്ളത്?

ആദ്യമായി നാം ഒന്നിനെയും പേടിച്ച് പിന്നോട്ട് നില്‍ക്കാന്‍ പാടില്ലായെന്നു തന്നെയാണ്. ഇന്ന് സ്ത്രീകള്‍ എല്ലാ മേഖലയിലും അവരുടെ സാന്നിധ്യമറിയിച്ചു കഴിഞ്ഞു. പണ്ട് പുരുഷന്‍മാരുടെ മാത്രം കുത്തകയായിരുന്ന ബുള്ളറ്റ് ഇന്ന് സ്ത്രീകള്‍ക്കും വഴങ്ങുമെന്ന് തെളിയിച്ചിരിക്കുന്നു. ഒരാള്‍ നമ്മുടെ മുന്നില്‍ വന്നു ഭീഷണിപ്പെടുത്തിയാലും അവരുടെ കണ്ണില്‍ നോക്കി ഒരടി മുന്നോട്ട് നീങ്ങണമെന്ന ഉപദേശമാണ് എനിക്ക് പെണ്‍കുട്ടികള്‍ക്കു നല്‍കാനുള്ളത്. എങ്കില്‍ മാത്രമേ വര്‍ധിച്ചു വരുന്ന അത്രിക്രമങ്ങളെ ഒരു പരിധിവരെ നമുക്കു നേരിടാനാവൂ. ഭയന്നു പിന്‍മാറിയാല്‍ ജീവിതകാലം മുഴുവന്‍ പിന്നോട്ട് പോകാനേ കഴിയൂ. മറ്റൊന്ന് കുടുംബത്തില്‍ നിന്നും ശരിയായ പിന്തുണ ലഭിക്കുകയെന്നതാണ്. എന്റെ അച്ഛനും അമ്മയും ഭര്‍ത്താവും ഇന്നും എനിക്ക് ഏറ്റവും നല്ല പിന്തുണയുമായി ഒപ്പമുണ്ട്. ഇത്രയും ദൈര്‍ഘ്യമേറിയ യാത്ര നടത്താന്‍ അവര്‍ അനുവദിച്ചത് എന്നിലുള്ള വിശ്വാസം ഒന്നുകൊണ്ടുമാത്രമാണ്.

ആരോടെങ്കിലും ആരാധനയുണ്ടോ?

ബുള്ളറ്റുമായി ബന്ധമില്ലാത്ത വയലിനിസ്റ്റ് ബാലഭാസ്‌കറിനോട് വല്ലാത്ത ആരാധനയാണ്. ആരാധനയില്‍ ഒരു വയലിന്‍ തന്നെ വീട്ടില്‍ വാങ്ങിയിട്ടുണ്ട്. ഞാന്‍ ഒരു മ്യൂറല്‍ ആര്‍ട്ടിസ്റ്റും കൂടിയാണ്.

കുടുംബം ?

അച്ഛന്‍ സിസില്‍, അമ്മ വിമല. ഇരുവരും ചെറുപ്പം മുതല്‍ തന്നെ ആണ്‍- പെണ്‍ വേര്‍തിരിവൊന്നുമില്ലാതെയാണ് എന്നെ വളര്‍ത്തിയത്. ചെറുപ്പത്തില്‍ മതിലും മരംകയറിയും വളര്‍ന്നതു തന്നെയാണ് ഇന്ന് ഞാന്‍ ഇവിടെയെത്താനുള്ള കാരണം. സഹോദരി സ്‌കൂള്‍ അധ്യാപികയായി ജോലി ചെയ്യുന്നു. തമിഴ്നാട് സ്വദേശിയായ ഭര്‍ത്താവ് രാജ്കുമാര്‍ ടാറ്റാ മോട്ടേഴ്സിലാണ്. എനിക്ക് ഏറ്റവും ശക്തമായ പിന്തുണയുമായി ഒപ്പമുള്ളത് ഭര്‍ത്താവും മകന്‍ ലെനിന്‍ ജോഷ്വയുമാണ്. തിരുവനന്തപുരം കോവളമാണ് സ്വദേശം. ഇപ്പോള്‍ ശാസ്തമംഗലത്താണ് താമസം.

Comments

comments

Categories: FK Special, Slider