വിമാനത്താവള പദ്ധതികള്‍ വിപുലീകരിക്കാന്‍ ജിഎംആര്‍ ഗ്രൂപ്പ്

വിമാനത്താവള പദ്ധതികള്‍ വിപുലീകരിക്കാന്‍ ജിഎംആര്‍ ഗ്രൂപ്പ്

നിലവില്‍ ഡെല്‍ഹി, ഹൈദരാബാദ്, ഫിലിപ്പീന്‍സിലെ മക്ട്ടാന്‍ സെബ് അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനങ്ങളാണ് ജിഎംആര്‍ ഗ്രൂപ്പ് കൈകാര്യം ചെയ്യുന്നത്

ഹൈദരാബാദ്: ഇന്ത്യയിലും വിദേശത്തുമായി മൂന്ന് വിമാനത്താവളങ്ങളുടെ നടത്തിപ്പുകാരായ ജിഎംആര്‍ ഗ്രൂപ്പ് തെക്കുകിഴക്കന്‍ ഏഷ്യ, പശ്ചിമേഷ്യ, കിഴക്കന്‍ യൂറോപ്പ് എന്നിവിടങ്ങളിലേക്ക് കൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. ജെയ്പൂരിലേയും അഹമ്മദാബാദിലേയും വിമാനത്താവളങ്ങളുടെ അറ്റകുറ്റപ്പണികളുടെയും പ്രവര്‍ത്തനങ്ങളുടെയും ചുമതലകള്‍ നേടിയെടുക്കാനും കമ്പനി നീക്കമിടുന്നുണ്ട്.
വിമാനത്താവള വ്യവസായത്തിന്റെ വിപുലീകരണം ഗ്രൂപ്പിന് മികച്ച വളര്‍ച്ച നല്‍കും. ഞങ്ങളുടെ വളര്‍ച്ചാ നയം അനുസരിച്ച് ഇന്ത്യയിലും ആഗോള തലത്തിലും അനുയോജ്യമായ എയര്‍പോര്‍ട്ട് അവസരങ്ങള്‍ ആസൂത്രണം ചെയ്തുകൊണ്ടിരിക്കുകയാണ്- ജിഎംആര്‍ ഗ്രൂപ്പ് പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറഞ്ഞു.

നിലവില്‍ ഡെല്‍ഹി, ഹൈദരാബാദ്, ഫിലിപ്പീന്‍സിലെ മക്ട്ടാന്‍ സെബ് അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനങ്ങളാണ് ജിഎംആര്‍ ഗ്രൂപ്പ് കൈകാര്യം ചെയ്യുന്നത്.

ഗോവയിലെ ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ടിന്റെ കരാറും കമ്പനി കരസ്ഥമാക്കിയിട്ടുണ്ട്. നാഗ്പൂര്‍ വിമാനത്താവള വികസനം അടക്കമുള്ള ആഭ്യന്തര രംഗത്തെ അവസരങ്ങള്‍ പ്രയോജനപ്പെടുത്താനും ജിഎംആര്‍ ആലോചിക്കുന്നു. ആഗോള തലത്തില്‍, ബെല്‍ഗ്രേഡിലെ നിക്കോള ടെസ്ല, ജമൈക്കയിലെ നോര്‍മാന്‍ മാന്‍ലി വിമാനത്താവളങ്ങളുടെ പ്രവര്‍ത്തന- വികസനങ്ങള്‍ക്കായി അവര്‍ നേരത്തെ യോഗ്യത നേടിയെടുത്തിരുന്നു.

ജിഎംആര്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ പ്രാദേശിക പങ്കാളികളായ ജെക്ക് ടെര്‍നാക്ക് ഗ്രീസിലെ ക്രേറ്റില്‍ പുതിയ വിമാനത്താവളം നിര്‍മിക്കുന്നതിനുള്ള ബിഡ്ഡര്‍മാരിലൊന്നായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഹൈദരാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ ശേഷി വികസിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഒപ്പം ഭാവിയിലേക്കുള്ള ഗതാഗത ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനും പ്രവര്‍ത്തന കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും നൂതന സാങ്കേതിക വിദ്യ സ്വീകരിക്കുന്നതായും കമ്പനി വ്യക്തമാക്കി.
ജിഎംആര്‍ ഹൈദരാബാദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (ഗിയാല്‍) വികസന പദ്ധതിയുടെ രൂപരേഖ ഇതിനോടകം തയാറാക്കിക്കഴിഞ്ഞതിനാല്‍ എയര്‍പോര്‍ട്ട് ഇക്കണോമിക്ക് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(എഇആര്‍എ) യുടെ അംഗീകാരം ഈ വര്‍ഷം ലഭിക്കുമെന്നാണ് കരുതുന്നത്. ഹൈദരാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ 2,629 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും ന്യൂഡെല്‍ഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ 16,000 കോടി രൂപയുടെ പ്രവര്‍ത്തികള്‍ക്കും ജിഎംആര്‍ ഗ്രൂപ്പിന് പരിസ്ഥിതി മന്ത്രാലയത്തിന്റെ കീഴിലെ വിദഗ്ധ സമിതി അനുമതി നല്‍കിയിരുന്നു.

Comments

comments

Categories: More