ആഗ്രഹം പൂവണിയിച്ച വിമാനയാത്ര

ആഗ്രഹം പൂവണിയിച്ച വിമാനയാത്ര

നെടുമ്പാശേരി: വിമാനം ആദ്യമായി കണ്ടപ്പോള്‍ അവര്‍ക്ക് ആകാംക്ഷയും കൗതുകവും. പിന്നെ പതുക്കെ അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൈകള്‍ പിടിച്ച് വിമാനത്തിനകത്തേക്ക് കയറിയപ്പോള്‍ അവര്‍ സ്വപ്നത്തില്‍ നിന്നും യാഥാര്‍ത്ഥ്യത്തിലേക്ക് നടന്നടുക്കുകയായിരുന്നു.

സര്‍വശിക്ഷാ അഭിയാന്‍ തൃപ്പൂണിത്തുറ ബ്ലോക്ക് റിസോഴ്‌സ് സെന്ററിന്റെ കീഴിലുള്ള വിവിധ സ്‌പെഷല്‍ സ്‌കൂളില്‍ നിന്നും തിരഞ്ഞെടുത്ത ഭിന്നശേഷിക്കാരായ 50 കുട്ടികളാണ് മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ച്ചക്കായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിന്നും തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചത്. എന്നാല്‍ സ്ഥലത്തില്ലാതിരുന്നതിനാല്‍ മുഖ്യമന്ത്രിയെ കാണാന്‍ കഴിയാത്തതിന്റെ സങ്കടത്തിലാണ് കുട്ടികള്‍. ഇന്‍ഡിഗോ വിമാനം തിരുവനന്തപുരത്തെത്തുമ്പോള്‍ അവരെ സ്വീകരിക്കാന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ എത്തുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ തിരക്ക് കാരണം സ്പീക്കറും എത്തിയില്ല. പകരം ഹരിത കേരള മിഷന്‍ വൈസ് ചെയപേഴ്‌സണ്‍ ഡോ. ടിഎന്‍ സീമയും അശ്വമേധം ഫെയിം ജി എസ് പ്രദീപും ചേര്‍ന്ന് ഇവരെ സ്വീകരിച്ചു.

സെക്രട്ടറിയേറ്റ്, നിയമസഭാ മന്ദിരം സന്ദര്‍ശനം, മൃഗശാല എന്നിവ സന്ദര്‍ശിച്ച ശേഷം വൈകിട്ട് നാലരയോടെ റോഡ് മാര്‍ഗം നാട്ടിലേക്ക് മടങ്ങി. രണ്ടാം ക്ലാസ് മുതല്‍ ഏഴാം ക്ലാസ് വരെയുള്ള വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ഥികളെയാണ് ആകാശയാത്രക്കായി തിരഞ്ഞെടുത്തിട്ടുള്ളത്. കുട്ടികളുടെ സംരക്ഷണത്തിന് 17 അധ്യാപകരും, ഒരു ഡോക്ടറുമുണ്ട്. തൃപ്പൂണിത്തുറ ഉദയംപേരൂരില്‍ സണ്‍റൈസ് ഫിറ്റ്‌നസ് സെന്റര്‍ നടത്തുന്ന വിദേശ മലയാളി അറക്കത്താഴത്ത് ലൂയിസ് ആണ് വിമാനയാത്ര സ്‌പോണ്‍സര്‍ ചെയ്തിട്ടുള്ളത്. ലൂയിസ് ഒരിക്കല്‍ സ്‌പെഷല്‍ സ്‌കൂള്‍ സന്ദര്‍ശിച്ചപ്പോള്‍ കുട്ടിയോട് എന്താണ് ആഗ്രഹം എന്ന് ചോദിച്ചു. അവരുടെ ആവശ്യപ്രകാരമാണ വിമാനയാത്ര ഒരുക്കിയത്.

തൃപ്പൂണിത്തുറ എംഎല്‍എ എം സ്വരാജ് കുട്ടികളെ യാത്രയാക്കാന്‍ നെടുമ്പാശേരി വിമാനത്തിലെത്തിയിരുന്നു. പാചകവിദഗ്ധന്‍ ബേസില്‍ തോമസ്, ഉദയംപേരൂര്‍ പഞ്ചായത്ത് അംഗം എം അനില്‍കുമാര്‍, പ്രോഗ്രാം ഓഫീസര്‍ ജിഎസ് ദീപ എന്നിവരും കുട്ടികളോടൊപ്പമുണ്ടായിരുന്നു.

Comments

comments

Categories: More