ടൊയോട്ട കാറുകളുടെ വില വര്‍ധിപ്പിച്ചു

ടൊയോട്ട കാറുകളുടെ വില വര്‍ധിപ്പിച്ചു

ഇന്നോവ, ഫോര്‍ച്യൂണര്‍, കൊറോള, എറ്റിയോസ് കാറുകളുടെ വില വര്‍ധിച്ചു

ന്യൂ ഡെല്‍ഹി : ഇന്നോവ, ഫോര്‍ച്യൂണര്‍, കൊറോള, എറ്റിയോസ് കാറുകളുടെ വില വര്‍ധിപ്പിച്ചതായി ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ അറിയിച്ചു. വില വര്‍ധന ഇതിനകം പ്രാബല്യത്തില്‍ വന്നു. ജിഎസ്ടി സെസ്സ് വര്‍ധിച്ചതാണ് വില വര്‍ധനവിന് കാരണമായത്. മിഡ് സൈസ് കാറുകള്‍, വലിയ കാറുകള്‍, എസ്‌യുവികള്‍ എന്നിവയുടെ സെസ്സ് ജിഎസ്ടി കൗണ്‍സില്‍ യഥാക്രമം രണ്ട്, അഞ്ച്, ഏഴ് ശതമാനം വര്‍ധിപ്പിച്ചിരുന്നു.

ജിഎസ്ടി സെസ്സ് വര്‍ധനയ്ക്കനുസരിച്ച് വിവിധ മോഡലുകളുടെ വില വര്‍ധിപ്പിക്കാതെ നിര്‍വ്വാഹമില്ലെന്ന് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയ്ല്‍സ് ഡയറക്റ്ററും സീനിയര്‍ വൈസ് പ്രസിഡന്റുമായ എന്‍ രാജ വ്യക്തമാക്കി.

ജൂലൈ ഒന്നിന് മുമ്പത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ കാറുകളുടെ വില ഇപ്പോഴും കുറവാണ്

ടൊയോട്ട ഇന്നോവ ക്രിസ്റ്റ മോഡലിന് ഡെല്‍ഹിയില്‍ ഏകദേശം 78,000 രൂപ വരെയാണ് വില വര്‍ധിച്ചിരിക്കുന്നത്. ഫോര്‍ച്യൂണറിന് 1.60 ലക്ഷം രൂപ വരെ വില കൂടി. കൊറോള ആള്‍ട്ടിസിന് 72,000 രൂപയും പ്ലാറ്റിനം എറ്റിയോസിന് 13,000 രൂപ വരെയും വില വര്‍ധിച്ചു. ഹൈബ്രിഡ് കാറുകളുടെയും ചെറു കാറുകളുടെയും വിലയില്‍ മാറ്റമില്ല. ഈ വിഭാഗം കാറുകളുടെ സെസ്സ് ജിഎസ്ടി കൗണ്‍സില്‍ വര്‍ധിപ്പിച്ചിരുന്നില്ല.

ഈ വര്‍ഷം ജൂലൈ ഒന്നിന് ചരക്ക് സേവന നികുതി നടപ്പാക്കിയ സമയത്ത് ഇന്നോവയുടെ വില ഒരു ലക്ഷം രൂപയോളം കുറച്ചിരുന്നു. ഫോര്‍ച്യൂണറിന് രണ്ട് ലക്ഷത്തിലധികം രൂപയാണ് കുറഞ്ഞത്. കൊറോള ആള്‍ട്ടിസിന് 98,000 രൂപയും എറ്റിയോസിന് 24,500 രൂപയും വില കുറഞ്ഞിരുന്നു. ജൂലൈ ഒന്നിന് മുമ്പത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ കാറുകളുടെ വില ഇപ്പോഴും കുറവാണ് എന്നതാണ് ആശ്വാസകരം.

Comments

comments

Categories: Auto