ഇവര്‍ ഒന്നാമന്‍മാര്‍

ഇവര്‍ ഒന്നാമന്‍മാര്‍

ഏത് മേഖലയിലും ഒന്നാം സ്ഥാനം അലങ്കരിക്കുന്നത് വലിയ ബഹുമതിയാണ്. ഒന്നാമതാകുക എന്നത് വലിയ സന്തോഷവും അഭിമാനവും പകരും. എന്നാല്‍ ഇവിടെ വാഹന ലോകത്തെ ഒന്നാമന്‍മാരെ മാത്രമേ പരിഗണിച്ചിട്ടുള്ളൂ. ലോകത്തിലെ ആദ്യ കാറാണ് ഈ പേജില്‍ ഒന്നാമതായി വരുന്നത്. തുടര്‍ന്ന് പ്രധാനപ്പെട്ട സാങ്കേതികവിദ്യകള്‍ ലോകത്ത് ആദ്യമായി അവതരിപ്പിക്കാന്‍ ഭാഗ്യം ലഭിച്ച കാറുകളെ അറിയാം.

ലോകത്ത് ആദ്യമായി പ്രധാനപ്പെട്ട സാങ്കേതികവിദ്യകള്‍ അവതരിപ്പിച്ച കാറുകളെ പരിചയപ്പെടാം

1. ലോകത്തെ ആദ്യ കാര്‍

ജര്‍മ്മന്‍ എന്‍ജിന്‍ ഡിസൈനറും ഓട്ടോമൊബീല്‍ എന്‍ജിനീയറുമായിരുന്ന കാള്‍ ഫ്രെഡറിക് ബെന്‍സ് നിര്‍മ്മിച്ച് 1886 ല്‍ പുറത്തിറക്കിയ ബെന്‍സ് പേറ്റന്റ്-മോട്ടോര്‍വാഗണ്‍ ആണ് ലോകത്തെ ആദ്യ കാര്‍. പെട്രോള്‍ ഉപയോഗിച്ച ആദ്യ ഓട്ടോമൊബീല്‍ ആയതിനാല്‍ ആധുനിക കാറിന്റെ പിറവിയായാണ് ബെന്‍സ് പേറ്റന്റ്-മോട്ടോര്‍വാഗണെ പരിഗണിക്കുന്നത്. ആദ്യ യൂണിറ്റ് കൂടാതെ കുറച്ച് പകര്‍പ്പുകള്‍ കൂടി നിര്‍മ്മിച്ചതിനാല്‍ ആദ്യ പ്രൊഡക്ഷന്‍ മോഡലായും ഈ കാറിനെ കണക്കാക്കുന്നു.

എന്നാല്‍, 1807 ല്‍ ഫ്രാന്‍സ്വ ഐസക് ഡി റിവാസാണ് ആദ്യ ആന്തരിക ദഹന എന്‍ജിന്‍ കണ്ടുപിടിച്ചത്. ഹൈഡ്രജന്‍ ഉപയോഗിച്ചാണ് ഈ എന്‍ജിന്‍ പ്രവര്‍ത്തിച്ചത്.

2. സ്റ്റിയറിംഗ് വീല്‍ ലഭിച്ച ആദ്യ കാര്‍ – പാന്‍ഹാര്‍ഡ് 4 എച്ച്പി മോഡല്‍

സ്റ്റിയറിംഗ് വീല്‍ ഇല്ലാത്ത കാറുകള്‍ ഉണ്ടായിരുന്നോ എന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ? രസകരമെന്ന് പറയട്ടെ, അത്തരം കാറുകള്‍ ഉണ്ടായിരുന്നു. സ്റ്റിയറിംഗ് വീല്‍ നിര്‍മ്മിക്കുന്നതിനുമുമ്പ് ടില്ലര്‍ ഉപയോഗിച്ചാണ് കാറുകള്‍ നിയന്ത്രിച്ചിരുന്നത്.

1894 ല്‍ പാന്‍ഹാര്‍ഡ് 4 എച്ച്പി മോഡലിലാണ് ആദ്യമായി സ്റ്റിയറിംഗ് വീല്‍ ഉപയോഗിച്ചത്. ലോകത്തെ ആദ്യ മോട്ടോര്‍ മത്സരമെന്ന് വിശേഷിപ്പിക്കാവുന്ന പാരിസ്-റൂയന്‍ മോട്ടോര്‍ റേസില്‍ ആല്‍ഫ്രഡ് വാച്ചറോണ്‍ ആണ് പാന്‍ഹാര്‍ഡ് 4 എച്ച്പി കാറുമായി മത്സരിച്ചത്.

3. ആദ്യ ഡീസല്‍ കാര്‍ – മെഴ്‌സിഡസ് 260ഡി

ആദ്യ പ്രൊഡക്ഷന്‍ ഡീസല്‍ കാര്‍ പുറത്തിറക്കി എന്ന ഖ്യാതി മെഴ്‌സിഡസിനാണ്. 260ഡി ആണ് ലോകത്തെ ആദ്യ ഡീസല്‍ കാര്‍. 1936 ലാണ് കാര്‍ പ്രദര്‍ശിപ്പിച്ചത്. 2,545 സിസി ഓവര്‍ഹെഡ് വാല്‍വ്, 4 സിലിണ്ടര്‍ ഇന്‍ലൈന്‍ ഡീസല്‍ എന്‍ജിനാണ് കാറിന് കരുത്ത് പകര്‍ന്നത്. 1940 വരെ ഈ കാര്‍ നിര്‍മ്മിച്ച് വിപണിയിലെത്തിച്ചു.

 

 

4. ആദ്യ എയര്‍ കണ്ടീഷണിംഗ് കാര്‍ – 1939 പാക്കാര്‍ഡ്

പാക്കാര്‍ഡ് മോട്ടോര്‍ കാര്‍ കമ്പനിയാണ് ആദ്യമായി ഒരു കാറില്‍ എയര്‍ കണ്ടീഷണിംഗ് സംവിധാനം ഏര്‍പ്പെടുത്തിയത്. 1939 ല്‍ കമ്പനി പുറത്തിറക്കിയ കാറുകളിലൊന്നില്‍ എയര്‍ കണ്ടീഷണിംഗ് യൂണിറ്റ് നല്‍കി. ബിഷപ്പ് ആന്‍ഡ് ബാബ്‌കോക്ക് കമ്പനി നിര്‍മ്മിച്ച എയര്‍ കണ്ടീഷണറുകളാണ് ഉപയോഗിച്ചത്.

 

 

5. ആദ്യ ഫുള്ളി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ കാര്‍ – 1940 ഓള്‍ഡ്‌സ്‌മൊബീല്‍

ഹൈഡ്രാമാറ്റിക് എന്നായിരുന്നു ഒരു പ്രൊഡക്ഷന്‍ കാറില്‍ ഉപയോഗിച്ച ആദ്യ ഫുള്ളി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്റെ പേര്. ജനറല്‍ മോട്ടോഴ്‌സിനുകീഴിലെ ഓള്‍ഡ്‌സ്‌മൊബീല്‍ ബ്രാന്‍ഡിന്റെ 1939 മോഡലുകളിലാണ് ആദ്യമായി ഹൈഡ്രാമാറ്റിക് ട്രാന്‍സ്മിഷന്‍ ഉപയോഗിച്ചത്.

 

 

6. ത്രീ പോയന്റ് സീറ്റ് ബെല്‍റ്റ് ലഭിച്ച ആദ്യ കാര്‍ – വോള്‍വോ പിവി544

കാറുകളില്‍ ആദ്യമായി ത്രീ പോയന്റ് സേഫ്റ്റി ബെല്‍റ്റുകള്‍ അവതരിപ്പിച്ച കമ്പനി ഏതാണെന്ന് ഊഹിച്ചെടുക്കാന്‍ വലിയ പ്രയാസമുണ്ടാകില്ല. സുരക്ഷയ്ക്ക് ഏറ്റവുമധികം പ്രാധാന്യം നല്‍കുന്ന കമ്പനി ഏതാണെന്ന് ചോദിച്ചാല്‍ മതി. അതേ, വോള്‍വോ തന്നെ.

1959 ലാണ് സ്വീഡിഷ് വാഹന നിര്‍മാതാക്കള്‍ ആദ്യമായി ഒരു കാറില്‍ ത്രീ പോയന്റ് സീറ്റ് ബെല്‍റ്റ് അവതരിപ്പിച്ചത്. പിവി544 ആയിരുന്നു കാര്‍.

2 പോയന്റ് സീറ്റ് ബെല്‍റ്റ് പോലുള്ള സീറ്റ് ബെല്‍റ്റ് വേര്‍ഷനുകള്‍ ഇതിനുമുമ്പ് ഉണ്ടായിരുന്നു. പിന്നീട് 4, 5, 6 പോയന്റ് സീറ്റ് ബെല്‍റ്റുകളും കമ്പനികള്‍ അവതരിപ്പിച്ചു. എന്നാല്‍ ഇന്നത്തെ കാലത്ത് ത്രീ പോയന്റ് സീറ്റ് ബെല്‍റ്റുകള്‍ നമ്മള്‍ ഉപയോഗിക്കുന്നു എന്നതുകൊണ്ടാണ് വോള്‍വോ പിവി544 ന് പ്രാധാന്യം കൈവരുന്നത്.

7. ഫ്യൂവല്‍ ഇന്‍ജെക്ഷന്‍ സിസ്റ്റമുള്ള ആദ്യ കാര്‍ – 1955 മെഴ്‌സിഡസ് ബെന്‍സ് 300എസ്എല്‍

ഡയറക്റ്റ് ഫ്യൂവല്‍ ഇന്‍ജെക്ഷന്‍ സവിശേഷതയോടെ പുറത്തിറങ്ങിയ ആദ്യ കാറാണ് 1955 എസ്എല്‍ ഗള്‍വിംഗ്. 4 സ്‌ട്രോക് പെട്രോള്‍ എന്‍ജിനാണ് കാറിനെ കുതിച്ചുപായാന്‍ സഹായിച്ചത്. ബോഷിന്റെ ഫ്യൂവല്‍ ഇന്‍ജെക്റ്ററുകളാണ് ഉപയോഗിച്ചത്.

 

8. ഡിസ്‌ക് ബ്രേക്കുകള്‍ ലഭിച്ച ആദ്യ കാര്‍ – 1955 സിട്രോണ്‍ ഡിഎസ്

1955 സിട്രോണ്‍ ഡിഎസ് ആണ് ഡിസ്‌ക് ബ്രേക്കുകളുമായി പുറത്തിറങ്ങിയ ആദ്യ കാര്‍. നിരവധി പുതിയ ഫീച്ചറുകളും ഫ്യൂച്ചറിസ്റ്റിക് ഡിസൈനും 1955 സിട്രോണ്‍ ഡിഎസ്സിനെ ആ കാലഘട്ടത്തിലെ ജനപ്രീതിയാര്‍
ജ്ജിച്ച വാഹനമാക്കി മാറ്റി.

 

 

9. എബിഎസ് ലഭിച്ച ആദ്യ കാര്‍ – ജെന്‍സന്‍ എഫ്എഫ്

കാറുകളില്‍ സ്റ്റാന്‍ഡേഡ് ഫീച്ചറായി ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം നല്‍കുന്നതില്‍ ഇന്ത്യയിലെ വാഹന നിര്‍മ്മാതാക്കള്‍ ഇപ്പോഴും മന്ദഗതിയിലാണ്. എബിഎസ് സ്റ്റാന്‍ഡേഡായി നല്‍കണമെന്നത് പല രാജ്യങ്ങളിലും നിര്‍ബന്ധമാണ്.

എബിഎസ് ലഭിച്ച ലോകത്തെ ആദ്യ പ്രൊഡക്ഷന്‍ കാര്‍ ജെന്‍സന്‍ എഫ്എഫ് ആണ്. ബ്രിട്ടീഷ് വാഹന നിര്‍മാതാക്കളായ ജെന്‍സന്‍ മോട്ടോഴ്‌സ് പുറത്തിറക്കിയ 4 വീല്‍ ഡ്രൈവ് ഗ്രാന്‍ഡ് ടൂറര്‍ ആയിരുന്നു ജെന്‍സന്‍ എഫ്എഫ്. 1966 മുതല്‍ 1971 വരെ ഈ മോഡലിന്റെ 360 യൂണിറ്റ് നിര്‍മ്മിച്ച് വിപണിയിലെത്തിച്ചു.

10. പാസഞ്ചര്‍ എയര്‍ബാഗ് ലഭിച്ച ആദ്യ കാര്‍ – ഓള്‍ഡ്‌സ്‌മൊബീല്‍ ടൊര്‍ണാഡോ

കാര്‍ യാത്രക്കാരുടെ സുരക്ഷയ്ക്കായി എയര്‍ബാഗുകള്‍ നിര്‍മ്മിക്കുകയും പരീക്ഷിക്കുകയും പേറ്റന്റ് നേടുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ 1951 മുതല്‍ കമ്പനികള്‍ നടത്തിയിരുന്നു. എന്നാല്‍ 1973 വരെ പാസഞ്ചര്‍ കാറുകളില്‍ എയര്‍ബാഗുകള്‍ ഉപയോഗിക്കാന്‍ സാധിച്ചില്ല. ജനറല്‍ മോട്ടോഴ്‌സിന്റെ ഓള്‍ഡ്‌സ്‌മൊബീല്‍ ടൊര്‍ണാഡോയിലാണ് ആദ്യമായി എയര്‍ബാഗുകള്‍ ഘടിപ്പിച്ച് വിപണിയിലെത്തിച്ചത്.

11. ലൈറ്റ് ബള്‍ബുകള്‍ ഇല്ലാതെ ആദ്യ കാര്‍ – 2014 മെഴ്‌സിഡസ് എസ് ക്ലാസ്

പരമ്പരാഗതമായി ഉപയോഗിക്കുന്ന ഒരു ലൈറ്റ് ബള്‍ബ് പോലുമില്ലാതെയാണ് 2014 മോഡല്‍ മെഴ്‌സിഡസ് എസ് ക്ലാസ് പുറത്തിറങ്ങിയത്. ഹെഡ്‌ലൈറ്റുകളിലും ടെയ്ല്‍ ലാംപുകളിലും ഇന്റീരിയറിലുമായി 500 ഓളം എല്‍ഇഡികളാണ് ഈ കാറില്‍ ഉപയോഗിച്ചത്.

Comments

comments

Categories: Auto