ടാറ്റ ടിയാഗോ വിസ് ലിമിറ്റഡ് എഡിഷന്‍ അവതരിപ്പിച്ചു

ടാറ്റ ടിയാഗോ വിസ് ലിമിറ്റഡ് എഡിഷന്‍ അവതരിപ്പിച്ചു

ഡെല്‍ഹി എക്‌സ് ഷോറൂം വില 4.52 ലക്ഷം മുതല്‍ 5.30 ലക്ഷം രൂപ വരെ

ന്യൂ ഡെല്‍ഹി : ടാറ്റ ടിയാഗോ ഹാച്ച്ബാക്കിന്റെ പുതിയ വേരിയന്റ് അവതരിപ്പിച്ചു. ടിയാഗോ വിസ് എന്നാണ് ഈ വേരിയന്റിന് ടാറ്റ മോട്ടോഴ്‌സ് പേര് നല്‍കിയിരിക്കുന്നത്. ടിയാഗോ വിസ് ലിമിഡ് എഡിഷന്‍ മോഡല്‍ ആയിരിക്കുമെന്ന് കമ്പനി വ്യക്തമാക്കി. കാറിനെ സ്‌പോര്‍ടിയര്‍ ആക്കുന്നതിന് ആക്‌സസറി കിറ്റ് നല്‍കാന്‍ ടാറ്റ മോട്ടോഴ്‌സ് മറന്നിട്ടില്ല. ആക്‌സസറി കിറ്റ് സഹിതം 4.52 ലക്ഷം രൂപയാണ് ടിയാഗോ വിസ് പെട്രോള്‍ വേരിയന്റിന് ഡെല്‍ഹി എക്‌സ് ഷോറൂം വില. ഡീസല്‍ വേര്‍ഷന് 5.30 ലക്ഷം രൂപ നല്‍കണം.

ടാറ്റ ടിയാഗോ വിസ്സിന് നല്‍കിയിരിക്കുന്ന ഓരോ പുതിയ ഫീച്ചറുകളും കാറിനെ സ്‌പോര്‍ടിയാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. ആകര്‍ഷകമായ കോണ്‍ട്രാസ്റ്റ് ബ്ലാക്ക് റൂഫ്, സ്‌പോയ്‌ലര്‍, ബെറി റെഡ് ഗ്രില്ല് എന്നിവയാണ് എക്‌സ്റ്റീരിയര്‍ ഫീച്ചറുകളില്‍ ചിലത്. കുറേക്കൂടി സ്റ്റൈലിഷ് ആക്കുന്നതിന് ബി പില്ലറിന് കറുപ്പ് നിറം നല്‍കിയിട്ടുണ്ട്. ചുവന്ന ആക്‌സന്റോടുകൂടിയ ഡുവല്‍ ടോണ്‍ വീല്‍ കവര്‍ കാറിന്റെ സ്‌പോര്‍ടിനെസ് ഒന്നുകൂടി വര്‍ധിപ്പിക്കുന്നു. ടാറ്റ ടിയാഗോ വിസ്സിന് ഓവറോള്‍ ലുക്ക് നല്‍കുന്നതില്‍ റൂഫ് റെയിലുകള്‍ വലിയ പങ്ക് വഹിക്കുന്നു.

ആകര്‍ഷകമായ കോണ്‍ട്രാസ്റ്റ് ബ്ലാക്ക് റൂഫ്, സ്‌പോയ്‌ലര്‍, ബെറി റെഡ് ഗ്രില്ല് എന്നിവയാണ് എക്‌സ്റ്റീരിയര്‍ ഫീച്ചറുകളില്‍ ചിലത്

സ്‌പോര്‍ടി റെഡ് ആക്‌സന്റോടുകൂടിയ പിയാനോ ബ്ലാക്ക് ഫിനിഷാണ് ഇന്റീരിയറിന് നല്‍കിയിരിക്കുന്നത്. പുതിയ പാറ്റേണിലുള്ളതാണ് സീറ്റ് ഫാബ്രിക്.

ടിയാഗോ വിസ് ലിമിറ്റഡ് എഡിഷന്‍ പുറത്തിറക്കുന്നതിലൂടെ ടിയാഗോ ഹാച്ച്ബാക്കിന്റെ വിജയമാണ് ആഘോഷിക്കുന്നതെന്ന് ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വാഹന വിഭാഗം പ്രസിഡന്റ് മയങ്ക് പാരീക് പറഞ്ഞു. ഈ ഉത്സവ സീസണില്‍ ഉപയോക്താക്കള്‍ക്കുള്ള ടാറ്റ മോട്ടഴ്‌സിന്റെ സമ്മാനമാണ് ടിയാഗോ വിസ്. ടാറ്റ മോട്ടോഴ്‌സിനെ സംബന്ധിച്ചിടത്തോളം ടിയാഗോ ശരിക്കും ഒരു ഗെയിം ചെയ്ഞ്ചറാണ്. പുറത്തിറക്കിയശേഷം കമ്പനിയുടെ പ്രതിമാസ വളര്‍ച്ച ഉറപ്പുവരുത്തുന്നതില്‍ ടിയാഗോയുടെ വഹിച്ച പങ്ക് നിസ്തുലമാണ്. കാറിന്റെ വമ്പിച്ച ഡിമാന്‍ഡാണ് ഇതിന് സഹായിച്ചത്. ടിയാഗോയുടെ എഎംടി വേരിയന്റ് ടാറ്റ മോട്ടോഴ്‌സ് ഈയിടെ അവതരിപ്പിച്ചിരുന്നു.

ടിയാഗോ വിസ്സിന്റെ മെക്കാനിക്കല്‍ കാര്യങ്ങളില്‍ മാറ്റമില്ല. 1.2 ലിറ്റര്‍ പെട്രോള്‍, 1.05 ലിറ്റര്‍ ഡീസല്‍ എന്നിവയാണ് എന്‍ജിനുകള്‍.

Comments

comments

Categories: Auto