ആറ് മാസത്തെ കാത്തിരിപ്പ് ഒഴിവാക്കാമെന്ന് സുപ്രീം കോടതി

ആറ് മാസത്തെ കാത്തിരിപ്പ് ഒഴിവാക്കാമെന്ന് സുപ്രീം കോടതി

ന്യൂഡെല്‍ഹി: ഉഭയസമ്മത പ്രകാരമുള്ള വിവാഹമോചനത്തിന് ഹിന്ദു ദമ്പതികള്‍ ആറ് മാസം കാത്തിരിക്കേണ്ടതില്ലെന്ന് സുപ്രീം കോടതി. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ നിയമപരമായി വിവാഹമോചനം അനുവദിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. വിവാഹമോചനം തേടുന്ന ഹിന്ദു ദമ്പതികള്‍ക്ക് പുനര്‍വിചിന്തനത്തിനായി നല്‍കുന്ന കാലപരിധി നിര്‍ബന്ധിതമാക്കേണ്ടതില്ലെന്നാണ് സുപ്രീം കോടതി നിലപാട്.

മധ്യസ്ഥതയ്ക്കും അനുരഞ്ജനത്തിനുമുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടാല്‍ ഹിന്ദു വിവാഹ നിയമത്തിലെ 13 ബി(രണ്ട്) വ്യവസ്ഥ പ്രകാരം ആറുമാസം മുതല്‍ 18 മാസം വരെയുള്ള സമയപരിധി ഒഴിവാക്കാവുന്നതാണ്. ദമ്പതികള്‍ ഒരു വര്‍ഷമെങ്കിലും വേര്‍പെട്ട് ജീവിക്കുകയാണെങ്കില്‍ ഇക്കാര്യം പരിഗണിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. ജസ്റ്റിസുമാരായ എ കെ ഗോയല്‍, യുയു ലളിത് എന്നിവരടങ്ങുന്ന രണ്ടംഗ ബെഞ്ചാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്.

പൊടുന്നനെയുള്ള പ്രകോപനത്തിലുള്ള വിവാഹ മോചനം ഒഴിവാക്കുന്നതിനും പരിഹരിക്കാവുന്ന പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കുന്നതിന് അവസരം നല്‍കുന്നതിനുമാണ് ആറ് മാസത്തെ കാലാവധി അനുവദിക്കാന്‍ നിയമം വ്യവസ്ഥ ചെയ്യുന്നത്. എന്നാല്‍ ഒരുമിച്ച് ജീവിക്കാന്‍ തീര്‍ത്തും താല്‍പ്പര്യമില്ലാത്ത രണ്ട് പേരെ നിര്‍ബന്ധപൂര്‍വം അതിനു പ്രേരിപ്പിക്കുന്നത് യുക്തിസഹമല്ലെന്ന് വിലയിരുത്തിയാണ് ഹിന്ദു വിവാഹ നിയമത്തിലെ വ്യവവസ്ഥയില്‍ ഭേദഗതി നിര്‍ദേശിക്കുന്നതെന്ന് ജസ്റ്റിസുമാരായ എ കെ ഗോയല്‍, യുയു ലളിത് എന്നിവരടങ്ങുന്ന ബെഞ്ച് ചൂണ്ടിക്കാട്ടി.

കുട്ടികളുടെ സംരക്ഷണം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ ദമ്പതികള്‍ ധാരണയിലെത്തിയോ എന്നതിന്റെ അടിസ്ഥാനത്തിലാകണം പുനര്‍വിചിന്തന സമയം അനുവദിക്കണോ വേണ്ടയോ എന്നു തീരുമാനിക്കാനെന്നും കോടതി വ്യക്തമാക്കി. എട്ട് വര്‍ഷമായി പിരിഞ്ഞു കഴിയുന്ന ദമ്പതികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വിധി പ്രഖ്യാപിച്ചത്. ആറ് മാസത്തെ സമയം റദ്ദാക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം.

Comments

comments

Categories: Slider, Top Stories