ജപ്പാന്‍ പ്രധാനമന്ത്രി ഇന്ത്യയില്‍; പ്രോട്ടോക്കാള്‍ മറികടന്ന് നേരിട്ടെത്തി സ്വീകരിച്ച് മോദി

ജപ്പാന്‍ പ്രധാനമന്ത്രി ഇന്ത്യയില്‍; പ്രോട്ടോക്കാള്‍ മറികടന്ന് നേരിട്ടെത്തി സ്വീകരിച്ച് മോദി

ഇന്ത്യയുടെ ആദ്യത്തെ ബുള്ളറ്റ് ട്രെയ്ന്‍ പദ്ധതിക്ക് ഇരുപ്രധാനമന്ത്രിമാരും ചേര്‍ന്ന് ഇന്ന് തറക്കല്ലിടും

ന്യൂഡെല്‍ഹി: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ ഇന്ത്യയിലെത്തി. ആബെയെ സ്വീകരിക്കാന്‍ പ്രോട്ടോക്കോള്‍ മറികടന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടാണ് വിമാനത്താവളത്തിലെത്തിയത്. വിമാനത്താവളത്തില്‍ നിന്നും ആബെയെ സ്വീകരിച്ചു കൊണ്ട് റോഡ്‌ഷോയും സംഘടിപ്പിച്ചിരുന്നു. ഇന്ത്യ-ജപ്പാന്‍ പന്ത്രണ്ടാമത് വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാനായാണ് ആബെ ഇന്ത്യയിലെത്തിയത്. ഗുജറാത്തിലെ ഗാന്ധിനഗറിലാണ് ഉച്ചകോടി നടക്കുന്നത്.

ഇന്ത്യയുടെ ആദ്യത്തെ ബുള്ളറ്റ് ട്രെയ്ന്‍ പദ്ധതിക്ക് ഇരുപ്രധാനമന്ത്രിമാരും ചേര്‍ന്ന് ഇന്ന് തറക്കല്ലിടും. ജപ്പാന്റെ സഹകരണത്തോടെ നടപ്പാക്കുന്ന ഹൈ സ്പീഡ് ബുള്ളറ്റ് ട്രെയിന്‍ മുംബൈ-അഹമ്മദാബാദ് മേഖലകളെ തമ്മിലാണ് ബന്ധിപ്പിക്കുന്നത്. ജപ്പാനുമായുള്ള ബന്ധത്തെ ഇന്ത്യ വിലമതിക്കുന്നുവെന്നും വൈവിധ്യമാര്‍ന്ന മേഖലകളില്‍ ഉഭയകക്ഷി ബന്ധത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് മുന്നോട്ട് നീങ്ങുമെന്നും ജപ്പാന്‍ പ്രധാനമന്ത്രിയുടെ വരവിന് മുന്നോടിയായി മോദി ട്വീറ്റ് ചെയ്തിരുന്നു.

ഇരു രാജ്യങ്ങളുടെയും തന്ത്രപരമായ പങ്കാളിത്തത്തിന്റെയും ബഹുമുഖ പങ്കാളിത്തത്തിന്റെയും പുരോഗതി സംബന്ധിച്ച് ഇരു രാഷ്ട്ര നേതാക്കളും തമ്മില്‍ ചര്‍ച്ച നടത്തും. പ്രതിരോധം, സാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളില്‍ ഉള്‍പ്പടെ സഹകരണം വര്‍ധിപ്പിക്കുന്ന കരാറുകള്‍ ഉച്ചകോടിയില്‍ ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Comments

comments

Categories: Slider, Top Stories

Related Articles