18 മാസത്തിനുള്ളില്‍ 10,000 ഇ റിക്ഷകള്‍ പുറത്തിറക്കുമെന്ന് കൈനറ്റിക് ഗ്രീന്‍

18 മാസത്തിനുള്ളില്‍ 10,000 ഇ റിക്ഷകള്‍ പുറത്തിറക്കുമെന്ന് കൈനറ്റിക് ഗ്രീന്‍

സ്മാര്‍ട്ട്ഇ യുമായി ചേര്‍ന്നാണ് ഇലക്ട്രിക് മൂന്നുചക്ര വാഹനങ്ങള്‍ പുറത്തിറക്കുന്നത്

ന്യൂ ഡെല്‍ഹി : ഇലക്ട്രിക് ത്രീ വീലര്‍ നിര്‍മാതാക്കളായ കൈനറ്റിക് ഗ്രീന്‍ പതിനെട്ട് മാസത്തിനുള്ളില്‍ പതിനായിരം ഇലക്ട്രിക് മൂന്നുചക്ര വാഹനങ്ങള്‍ പുറത്തിറക്കും. ഇതുസംബന്ധിച്ച് ഷെയേര്‍ഡ് ഇലക്ട്രിക് മൊബിലിറ്റി കമ്പനിയായ സ്മാര്‍ട്ട്ഇയുമായി പങ്കാളിത്തം സ്ഥാപിച്ചതായി കൈനറ്റിക് ഗ്രീന്‍ വ്യക്തമാക്കി.

ആദ്യ പടിയായി ഗുരുഗ്രാമത്തില്‍ 500 വാഹനങ്ങള്‍ പുറത്തിറക്കി. ഡെല്‍ഹി മെട്രോ റെയില്‍, ഹരിയാണ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍, റാപിഡ് മെട്രോ ഗുരുഗ്രാമം എന്നിവയുമായി സഹകരിച്ച് ലാസ്റ്റ് മൈല്‍ കണക്റ്റിവിറ്റി ലഭ്യമാക്കുന്നതിനാണ് ഇത്രയും വാഹനങ്ങള്‍ പുറത്തിറക്കിയത്. വരുംമാസങ്ങളില്‍ രാജ്യത്തെ വിവിധ നഗരങ്ങളില്‍ ഇലക്ട്രിക് മൂന്നുചക്ര വാഹനങ്ങള്‍ സര്‍വീസ് തുടങ്ങും.

ജനങ്ങള്‍ക്കു മുമ്പാകെ പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ അവതരിപ്പിക്കുകയെന്നതാണ് കൈനറ്റിക് ഗ്രീനിന്റെ നിയോഗമെന്ന് കൈനറ്റിക് ഗ്രീന്‍ എനര്‍ജി ആന്‍ഡ് പവര്‍ സൊലൂഷന്‍സ് സ്ഥാപകയും സിഇഒയുമായ സുലജ്ജ ഫിറോദിയ മോട്‌വാനി പറഞ്ഞു. ജനങ്ങള്‍ക്ക് താങ്ങാവന്ന നിരക്കില്‍ സഞ്ചരിക്കാവുന്ന പൊതു ഗതാഗത സംവിധാനമായിരിക്കും ഇലക്ട്രിക് റിക്ഷകള്‍. മെട്രോ ട്രെയ്ന്‍ സര്‍വീസുകളുള്ള നഗരങ്ങളിലേക്കും രാജ്യത്തെ പുതിയ സ്മാര്‍ട്ട് സിറ്റികളിലേക്കും പരിസ്ഥിതി സൗഹാര്‍ദ്ദവും താങ്ങാവുന്ന നിരക്കിലുള്ളതുമായ പൊതു ഗതാഗത സംവിധാനം വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്നും സുലജ്ജ ഫിറോദിയ മോട്‌വാനി പറഞ്ഞു.

പുണെയ്ക്കു സമീപം അഹമ്മദ് നഗറിലെ പ്ലാന്റിലാണ് കൈനറ്റിക് ഗ്രീന്‍ ഇലക്ട്രിക് റിക്ഷകള്‍ നിര്‍മ്മിക്കുന്നത്

ഇന്ത്യയിലെ നഗരങ്ങളില്‍ ബസ്സുകളേക്കാള്‍ പൊതു ഗതാഗത സംവിധാനമായി മൂന്നുചക്ര വാഹനങ്ങളാണ് ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ വായു മലിനീകരണവും കാര്‍ബണ്‍ ബഹിര്‍ഗമനവും കുറയ്ക്കുന്നതിന് ഇലക്ട്രിക് റിക്ഷകളും ഓട്ടോകളും വലിയ പങ്ക് വഹിക്കും.

അടുത്ത 18 മാസത്തിനുള്ളില്‍ പ്രതിദിനം ശരാശരി പത്ത് ലക്ഷം യാത്രക്കാരെന്ന നേട്ടം കൈവരിക്കുകയാണ് ലക്ഷ്യമെന്ന് സ്മാര്‍ട്ട്ഇ സഹസ്ഥാപകനും സിഇഒയുമായ ഗോള്‍ഡി ശ്രീവാസ്തവ പറഞ്ഞു. പങ്കാളിത്തമനുസരിച്ച് കൈനറ്റിക് ഗ്രീന്‍, കമ്പനിക്ക് വാഹനങ്ങള്‍ ലഭ്യമാക്കും.

പുണെയ്ക്കു സമീപം അഹമ്മദ് നഗറിലെ പ്ലാന്റിലാണ് കൈനറ്റിക് ഗ്രീന്‍ ഇലക്ട്രിക് റിക്ഷകള്‍ നിര്‍മ്മിക്കുന്നത്. വിവിധ സാങ്കേതികവിദ്യകള്‍, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് കഴിവുകള്‍, ജിപിഎസ് ട്രാക്കിംഗ് സെന്‍സര്‍ ഉള്‍പ്പെടെയുള്ള ആധുനിക സുരക്ഷാ സംവിധാനങ്ങളോടെയാണ് ഇലക്ട്രിക് റിക്ഷകള്‍ പുറത്തിറക്കുന്നത്.

Comments

comments

Categories: Auto