പഞ്ചാബ് ഒലയുമായി കൈകോര്‍ക്കുന്നു

പഞ്ചാബ് ഒലയുമായി കൈകോര്‍ക്കുന്നു

ചണ്ഡീഗഡ് : പഞ്ചാബില്‍ സംരംഭകത്വത്തിന്റെ അവസരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ഓണ്‍ലൈന്‍ ടാക്‌സി ആപ്പായ ഒലയുമായി ധാരണാപത്രം ഒപ്പിട്ടു. പഞ്ചാബ് സര്‍ക്കാരിന്റെ അപ്‌നി ഗാഡി, അപ്ന റോസ്ഗാര്‍ സ്‌കീമിന്റെ ഭാഗമായിട്ടാണിത്.

ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പ്ലാറ്റ്‌ഫോമായ ഒല നൈപുണ്യം, പരിശീലനം, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, ഇലക്ട്രിക്ക് വാഹനം, സഞ്ചാരികള്‍ക്കും തദ്ദേശീയര്‍ക്കും വേണ്ടിയുള്ള ഗതാഗത സേവനങ്ങള്‍ ഉള്‍പ്പെടെ വിവിധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരുമായി ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഒലയുടെ സ്ഥാപക പങ്കാളിയായ പ്രണയ് ജിവരാജ്കാ വ്യക്തമാക്കി.

2014 മുതല്‍ കമ്പനിക്ക് പഞ്ചാബില്‍ സാന്നിധ്യമുണ്ട്. ജനങ്ങളുടെ പ്രാദേശിക ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ നിരവധി വിഭാഗങ്ങള്‍ കമ്പനി ലോഞ്ച് ചെയ്തിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ അപ്‌നി ഗാഡി, അപ്ന റോസ്ഗാര്‍ സ്‌കീമിന് സഹകരണവും പിന്തുണയും നല്‍കുന്നതില്‍ സന്തോഷമുണ്ട്. ആയിരക്കണക്കിന് ഡ്രൈവര്‍മാര്‍ക്ക് പരിശീലനം കൊടുക്കാന്‍ സ്‌കീം അവസരമൊരുക്കും. കൂടാതെ സംരംഭകത്വ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും പദ്ധതി സഹായകരവുമാകുമെന്ന് അദ്ദേഹം വെളിപ്പെടുത്തി.

ഈ വര്‍ഷം ഓഗസ്റ്റില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഓപ്പറേറ്റിംഗ് സിസ്റ്റമായ ഒഎസുമായി ഒല സഹകരണത്തില്‍ ഏര്‍പ്പെട്ടിരുന്നു. പൗരന്‍മാരുടെ മൊബിലിറ്റി ആവശ്യകതകള്‍ ശക്തിപ്പെടുത്തുകയായിരുന്നു സഹകരണത്തിന്റെ ലക്ഷ്യം. മെയില്‍ ഒല മഹീന്ദ്രയുമായി ചേര്‍ന്ന് നാഗ്പൂരില്‍ ഇലക്ട്രിക്ക് മാസ് മൊബിലിറ്റി ഇക്കോസിസ്റ്റം സ്ഥാപിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ പരിപാടിയുടെ ഭാഗമായിട്ടായിരുന്നിത്. രാജ്യത്തെ ആദ്യ മള്‍ട്ടി- മോഡല്‍ ഇലക്ട്രിക്ക് പ്ലാറ്റ്‌ഫോമായ ഒല ഇലക്ട്രിക്ക് ഇരു കമ്പനികളും ചേര്‍ന്ന് ലോഞ്ച് ചെയ്തിരുന്നു.

2020 ഓടെ 50 ലക്ഷം ഡ്രൈവര്‍മാര്‍ക്ക് സംരംഭകത്വവും നൈപുണ്യവും നല്‍കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി മാര്‍ച്ചില്‍ ഒല മധ്യപ്രദേശ് സ്റ്റേറ്റ് സ്‌കില്‍ ഡെവലപ്പ്‌മെന്റ് മിഷനുമായും (എംപിഎസ്എസ്ഡിഎം), ഡയറക്ട്രേറ്റ് ഓഫ് സ്‌കില്‍ ഡെവലപ്പ്‌മെന്റുമായും (ടെക്‌നിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് സ്‌കില്‍ ഡെവലപ്പ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് ) ധാരണയില്‍ ഒപ്പിട്ടിരുന്നു. മധ്യപ്രദേശ് സര്‍ക്കാര്‍ സംസ്ഥാനത്ത് 25,000 സംരംഭകരെ സൃഷ്ടിച്ചിട്ടുണ്ട്.

ഐഐടി ബോംബയിലെ പൂര്‍വ വിദ്യാര്‍ത്ഥികളായ ഭവിഷ് അഗര്‍വാളും അന്‍കിത് ഭാട്ടിയും 2011 ജനുവരിയിലാണ് ഒലകാബ്‌സിന് തുടക്കമിട്ടത്. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ പേഴ്‌സണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ മൊബീല്‍ ആപ്പാണ് ഒല.

Comments

comments

Categories: Entrepreneurship