ഇ-ചൗപ്പലില്‍ 10 മില്ല്യണ്‍ കര്‍ഷകരെ ഉള്‍പ്പെടുത്താന്‍ ഐടിസി

ഇ-ചൗപ്പലില്‍ 10 മില്ല്യണ്‍ കര്‍ഷകരെ ഉള്‍പ്പെടുത്താന്‍ ഐടിസി

നിലവില്‍ പദ്ധതിക്ക് കീഴില്‍ നാല് മില്ല്യണ്‍ കര്‍ഷകരുണ്ട്

ന്യൂഡെല്‍ഹി: 2020ഓടെ ഇ- ചൗപ്പല്‍ പദ്ധതിയില്‍ പത്ത് മില്ല്യണ്‍ കര്‍ഷകരെ ഉള്‍പ്പെടുത്താന്‍ നീക്കമിട്ട് പ്രമുഖ ഉപഭോക്തൃ ഉല്‍പ്പന്ന കമ്പനിയായ ഐടിസി. കര്‍ഷകരില്‍ നിന്ന് പച്ചക്കറികളും മറ്റ് ഉല്‍പ്പന്നങ്ങളും നേരിട്ട് ശേഖരിക്കുന്നതിന് ഐടിസി തുടങ്ങിയ പദ്ധതിയാണ് ഇ- ചൗപ്പല്‍. നിലവില്‍ ഈ പദ്ധതിക്ക് കീഴില്‍ നാല് മില്ല്യണ്‍ കര്‍ഷകരുണ്ട്.

ഇ- ചൗപ്പല്‍ പദ്ധതിയെ കാര്‍ഷിക സേവനങ്ങളിലേക്ക് കൂടി തിരിക്കാനാണ് ഐടിസിയുടെ ശ്രമം. യന്ത്രവല്‍ക്കരണം, വായ്പാ സൗകര്യം, കാലാവസ്ഥ സംബന്ധിച്ച വിവര കൈമാറ്റം തുടങ്ങിയ സേവനങ്ങള്‍ ഈ- ചൗപ്പല്‍ കര്‍ഷകര്‍ക്ക് പ്രദാനം ചെയ്യും.

നാലാം തലമുറ മാതൃകയായ ഇ- ചൗപ്പല്‍ 4.0 കാര്‍ഷിക സേവനങ്ങളുടെ സംയോജനമാണ് ലക്ഷ്യമിടുന്നത്. ഇതിനോട് ചേര്‍ന്ന് ഇ- കൊമേഴ്‌സും നില്‍ക്കും- ഐടിസിയുടെ കാര്‍ഷിക, ഐടി വ്യവസായ വിഭാഗം തലവന്‍ എസ് ശിവകുമാര്‍ പറഞ്ഞു.

65 ലധികം പദ്ധതികളിലായി 25000 കോടി രൂപ ചെലവാക്കാനാണ് ആലോചിക്കുന്നത്. സാമൂഹ്യ മൂല്യവര്‍ധന കാഴ്ചപ്പാടോടെ രാജ്യത്തെ ഒന്നാമതെത്തിക്കാനും വിപണിയില്‍ കൂടുതല്‍ മത്സരം സൃഷ്ടിക്കാനുമുള്ള നയമാണ് ഐടിസിയുടേത്. പ്രതിഭയുള്ളവരുമായി ചേര്‍ന്ന് പുതിയ ഐടിസി സൃഷ്ടിക്കുന്നതിനായി ഞങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നു- സിഇഒ സഞ്ജീവ് പുരി പറഞ്ഞു.

2030 ഓടെ പായ്ക്ക് ചെയ്ത ഉല്‍പ്പന്നങ്ങളില്‍ നിന്നുള്ള വിറ്റുവരവ് ഒരുലക്ഷം കോടിയിലെത്തിക്കുകയാണ് ഐടിസിയുടെ ലക്ഷ്യം

സംസ്‌കരിച്ച പഴങ്ങളുടെയും പച്ചക്കറികളുടെയും വില്‍പ്പനയിലേക്കും ഐടിസി പ്രവേശിക്കും. ഇതിന്റെ ഭാഗമായി ഉരുളക്കിഴങ്ങ് സംസ്‌കരിക്കുന്നതിനും ഉള്ളിയിലെ ജലാംശം നീക്കം ചെയ്യുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ ഈ മാസം കആരംഭിക്കും.

വരും നാളുകളില്‍ കൂടുതല്‍ പഴവര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍, സമുദ്രവിഭവങ്ങള്‍ എന്നിവയെ സംസ്‌കരണം, ജലാംശം നീക്കം ചെയ്യല്‍, തണുപ്പിക്കല്‍ തുടങ്ങിയ പ്രക്രിയകള്‍ക്ക് വിധേയമാക്കും. ഇവ നിലവിലെ റീട്ടെയ്‌ലര്‍മാര്‍ വഴിയും ആമസോണ്‍ ഫ്രഷ് പോലുള്ള പ്ലാറ്റ്‌ഫോമുകളിലൂടെയും വില്‍പ്പന നടത്തും.

ഐടിസിയുടെ പായ്ക്ക് ചെയ്ത ഭക്ഷണ സാധനങ്ങള്‍, പേഴ്‌സണല്‍കെയര്‍ ഉല്‍പ്പന്നങ്ങള്‍, പഠനോപകരണങ്ങള്‍ എന്നിവയില്‍ നിന്നുള്ള വരുമാനം 2016-2017 ല്‍ 10000 കോടി രൂപ കടന്നിരുന്നു. വില്‍പ്പന എട്ട് ശതമാനം വര്‍ധിച്ച് 10,511.83 കോടി രൂപയായെന്നും കമ്പനി വ്യക്തമാക്കി. 2030 ഓടെ പായ്ക്ക് ചെയ്ത ഉല്‍പ്പന്നങ്ങളില്‍ നിന്നുള്ള വിറ്റുവരവ് ഒരുലക്ഷം കോടിയിലെത്തിക്കുകയാണ് ഐടിസിയുടെ ലക്ഷ്യം.

Comments

comments

Categories: More