ഐപിഒ: ബന്ധന്‍ ബാങ്ക് ഉപദേശകരെ തെരഞ്ഞെടുത്തു

ഐപിഒ: ബന്ധന്‍ ബാങ്ക് ഉപദേശകരെ തെരഞ്ഞെടുത്തു

10 ശതമാനം ഓഹരികളായിരിക്കും ഐപിഒ വഴി നിക്ഷേപകര്‍ക്ക് മുന്നില്‍വെയ്ക്കുക

കൊല്‍ക്കത്ത: ഇനിഷ്യല്‍ പബ്ലിക്ക് ഓഫറിംഗി(ഐപിഒ, പ്രാഥമിക ഓഹരി വില്‍പ്പന)നുള്ള ഉപദേശകരെ ബന്ധന്‍ ബാങ്ക് തെരഞ്ഞെടുത്തു. ഓഹരി വിപണി പ്രവേശനത്തിലൂടെ 50 ബില്ല്യണ്‍ രൂപ (780 മില്ല്യണ്‍ ഡോളര്‍) സമാഹരിക്കാനാണ് ബന്ധന്‍ ബാങ്കിന്റെ ശ്രമം. ബാങ്കിംഗ് ലൈസന്‍സ് സ്വന്തമാക്കിയ ആദ്യ മൈക്രോഫിനാന്‍സ് സ്ഥാപനം കൂടിയാണ് ബന്ധന്‍.

സിംഗപ്പൂര്‍ ആസ്ഥാനമാക്കിയ നിക്ഷേപ സ്ഥാപനം ജിഐസിയുടെ പിന്തുണയുള്ള ബന്ധന്‍ ബാങ്ക്, ഗോള്‍ഡ്മാന്‍ സാച്ച്‌സ് ഗ്രൂപ്പിനേയും ജെപി മോര്‍ഗന്‍ ചേസ് ആന്‍ഡ് കോയെയുമാണ് ഓഹരി വില്‍പ്പനയിലെ ഉപദേശകരായി നിശ്ചയിച്ചത്.

2018 ഓടെ ഓഹരികള്‍ വില്‍ക്കാനാണ് കൊല്‍ക്കത്ത ആസ്ഥാനമാക്കിയ ബന്ധന്‍ ബാങ്ക് ഉദ്ദേശിക്കുന്നത്. 10 ശതമാനം ഓഹരികളായിരിക്കും ഐപിഒ വഴി നിക്ഷേപകര്‍ക്ക് മുന്നില്‍വെയ്ക്കുക. ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ അന്തിമമായിട്ടില്ലെന്നും നിക്ഷേപകരുടെ ആവശ്യമനുസരിച്ച് സമാഹരിക്കാനുദ്ദേശിക്കുന്ന തുക വര്‍ധിപ്പിക്കുമെന്നും സ്ഥാപനവുമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.

ജൂണില്‍ അവസാനിച്ച പാദത്തില്‍ ബാങ്കിന്റെ അറ്റപലിശ വരുമാനം 10.75 ശതമാനമായിരുന്നു. ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ ബാങ്കുകളിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. കിട്ടാക്കടത്തിന്റെ അനുപാതം 0.82 ശതമാനത്തിലെത്തി നില്‍ക്കുന്നു.

841 ശാഖകളും 11 മില്ല്യണിലധികം ഇടപാടുകാരും ബന്ധന്‍ ബാങ്കിനുണ്ട്. 219 ബില്ല്യണ്‍ രൂപയുടെ ലോണ്‍ബുക്കുണ്ടെന്നും സ്ഥാപനത്തിന്റെ വെബ്‌സൈറ്റില്‍ പറയുന്നു. 2001ല്‍ മൈക്രോഫിനാന്‍സ് കമ്പനി എന്ന നിലയില്‍ പ്രവര്‍ത്തനമാരംഭിച്ച ബന്ധന്‍ 2015ലാണ് ബാങ്കിംഗ് രംഗത്തേക്ക് ചുവടുമാറിയത്.

Comments

comments

Categories: Business & Economy