യുഎസില്‍ പുതിയ ഇന്നൊവേഷന്‍ ഹബ്ബ് തുറക്കാന്‍ ഇന്‍ഫോസിസ്

യുഎസില്‍ പുതിയ ഇന്നൊവേഷന്‍ ഹബ്ബ് തുറക്കാന്‍ ഇന്‍ഫോസിസ്

രണ്ട് വര്‍ഷത്തിനുള്ളില്‍ യുഎസ് കേന്ദ്രീകരിച്ച് 10,000 പ്രാദേശിക തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് പദ്ധതി

ന്യൂഡെല്‍ഹി: യുഎസിലെ നോര്‍ത്ത് കരോലിനയില്‍ അടുത്ത വര്‍ഷം പുതിയ ടെക്‌നോളജി-ഇന്നൊവേഷന്‍ ഹബ്ബ് തുറക്കുമെന്ന് ഐടി ഭീമന്‍ ഇന്‍ഫോസിസ്. 2021 ഓടെ 2,000 അമേരിക്കന്‍ ജീവനക്കാരെ നിയമിക്കാനാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

രണ്ട് വര്‍ഷത്തിനുള്ളില്‍ യുഎസ് കേന്ദ്രീകരിച്ച് 10,000 പ്രാദേശിക തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് പദ്ധതിയിടുന്നതെന്നും ഇതിനോടകം അമേരിക്കയില്‍ നിന്നും 1,200 ജീവനക്കാരെ കൂട്ടിച്ചേര്‍ത്തതായും ഇന്‍ഫോസിസ് പറഞ്ഞു. 2018ന്റെ തുടക്കത്തില്‍ തന്നെ പുതിയ ഇന്നൊവേഷന്‍ സെന്റര്‍ തുറക്കും. 60,000 ചതുരശ്രയടിയില്‍ 500 ജിവനക്കാരെ ഉള്‍കൊള്ളാന്‍ ശേഷിയുള്ളതായിരിക്കും ഇന്നൊവേഷന്‍ ഹബ്ബ്. ആദ്യത്തെ 500 ജീവനക്കാരെ ഹബ്ബ് സ്ഥിതി ചെയ്യുന്ന റാലൈയില്‍ നിന്നും രണ്ട് വര്‍ഷത്തിനുള്ളില്‍ നിയമിക്കും. അവശേഷിക്കുന്നവരെ 2021 ഓടെ നിയമിക്കുമെന്നും ഇന്‍ഫോസിസ് വ്യക്തമാക്കി.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സംരക്ഷണവാദ നിലപാടുകളാണ് നിയമന കാര്യത്തില്‍ പുനര്‍വിചിന്തനത്തിന് ഇന്ത്യന്‍ കമ്പനികളെ പ്രേരിപ്പിക്കുന്നത്‌

നോര്‍ത്ത് കരോലിനയിലെ കോളെജുകളില്‍ നിന്നും സര്‍വകലാശാലകളില്‍ നിന്നും സമീപകാലത്ത് പഠനം പൂര്‍ത്തിയാക്കിയ ബിരുദധാരികളും നിയമനത്തിന് പരിഗണിപ്പെടുന്നവരില്‍ ഉള്‍പ്പെടുന്നു. നൈപുണ്യ പരിശീലന പരിപാടികളുടെ ഭാഗമായിട്ടുള്ള തദ്ദേശീയ പ്രൊഫഷണലുകള്‍ക്കും കമ്പനി അവസരം നല്‍കുമെന്നും ഇന്‍ഫോഫിസ് അറിയിച്ചു. മേഖലയില്‍ രണ്ടായിരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് നോര്‍ത്ത് കരോലിന കമ്യൂണിറ്റി കോളെജ് സിസ്റ്റവുമായി കമ്പനി സഹകരിക്കുന്നുണ്ട്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സംരക്ഷണവാദ നിലപാടുകളാണ് നിയമന കാര്യത്തില്‍ പുനര്‍വിചിന്തനത്തിന് ഇന്ത്യന്‍ കമ്പനികളെ പ്രേരിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ യുഎസില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്പനികള്‍ തദ്ദേശീയ ജീവനക്കാരെ കൂടുതല്‍ നിയമിക്കാന്‍ നിര്‍ബന്ധിതരാവുകയാണ്. ഇതിനു പുറമെ യുകെ, സിംഗപ്പൂര്‍ എന്നിവിടങ്ങളിലെ വിസാ പ്രശ്‌നങ്ങളും ബിസിനസ് മാതൃകകളിലെ മാറ്റങ്ങളും ഇന്ത്യന്‍ ഐടി വ്യവസായത്തെ ബാധിച്ച കാര്യങ്ങളില്‍പ്പെടുന്നു.

Comments

comments

Categories: Business & Economy