പുതു ഇന്ത്യയില്‍ അസമത്വം പാടില്ല

പുതു ഇന്ത്യയില്‍ അസമത്വം പാടില്ല

പുതിയ ഇന്ത്യയെക്കുറിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എപ്പോഴും പറയാറുള്ളത്. എന്നാല്‍ ഇവിടെ അസമത്വം രൂക്ഷമാകുന്നത് തടയാനുള്ള പദ്ധതികള്‍ കൂടി അദ്ദേഹത്തിനുണ്ടാകേണ്ടതുണ്ടെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ ഓര്‍മപ്പെടുത്തുന്നത്

ഏഷ്യയിലെ സിംഹങ്ങളാണ് ഇന്ത്യയും ചൈനയും. അതിവേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥകള്‍. എന്നാല്‍ ഈ രണ്ട് രാജ്യങ്ങളിലും അസമത്വത്തിന്റെ വളര്‍ച്ചയ്ക്കും വേഗതക്കുറവില്ലെന്നാണ് പല പഠനങ്ങളും വ്യക്തമാക്കിയിട്ടുള്ളത്. പുതിയ ഇന്ത്യയില്‍ എല്ലാവര്‍ക്കും തുല്യ അവസരങ്ങളുണ്ടാകുമെന്ന് അവകാശപ്പെടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് വര്‍ധിച്ചുവരുന്ന അസമത്വത്തിന്റെ പ്രവണതകള്‍ കൂടി വിലയിരുത്തേണ്ടതുണ്ട്. അസമത്വം കുറയ്ക്കുന്ന കാര്യത്തില്‍ ഇന്ത്യയുടെ പദ്ധതികള്‍ക്ക് തീരെ മൂര്‍ച്ച പോരെന്നാണ് അടുത്തിടെ പുറത്തിറക്കിയ ഒരു പഠന റിപ്പോര്‍ട്ടില്‍ ലോക പ്രശസ്ത ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞന്‍ തോമസ് പിക്കെറ്റി പറഞ്ഞത്.

ഇന്ത്യയുടെ ദേശീയ വരുമാനത്തിന്റെ സിംഹഭാഗവും കൈയടക്കിവെച്ചിരിക്കുന്നത് ഉന്നതശ്രേണിയിലുള്ള ഒരു ശതമാനമാണ്. അതിന്റെ തോത് മറ്റെന്നത്തേക്കാളും വളരെ കൂടുതലാണെന്നതാണ് ഇപ്പോള്‍ ആശങ്കയുണര്‍ത്തുന്ന കാര്യം. സാമ്പത്തിക അവസരങ്ങളിലെ അസമത്വത്തിന്റെയും വരുമാന വിതരണത്തിലെ പാളിച്ചകളുടെയും ദൃഷ്ടാന്തമാണിത്. വ്യവസായവല്‍ക്കൃത ലോകത്ത് അസമത്വം കൂടുന്നുവെന്ന് തന്റെ ഏറെ പ്രശസ്തമായ കാപ്പിറ്റല്‍ എന്ന പുസ്തകത്തിലൂടെ കാര്യകാരണസഹിതം പിക്കെറ്റി പറഞ്ഞുവെച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം അവസാനം പുറത്തുവന്ന അന്താരാഷ്ട്ര നാണ്യനിധിയുടെ ഒരു ഗവേഷണ റിപ്പോര്‍ട്ടും അടിവരയിടുന്നത് പിക്കെറ്റി മുന്നോട്ടുവെച്ച കാര്യങ്ങള്‍ തന്നെയാണ്. ഏഷ്യയിലെ ഏറ്റവും അസമത്വം നിറഞ്ഞ വലിയ സമ്പദ് വ്യവസ്ഥകളില്‍ ഇന്ത്യയും ചൈനയുമാണ് മുന്‍നിര അലങ്കരിക്കുന്നത് എന്നായിരുന്നു റിപ്പോര്‍ട്ട്. ഇരു രാജ്യങ്ങളുടെയും വളര്‍ച്ച ഗംഭീരമാണെങ്കിലും സമ്പന്നര്‍ കൂടുതല്‍ സമ്പന്നരായിക്കൊണ്ടിരിക്കുന്ന പ്രവണതയാണ് കാണുന്നത്. പ്രമുഖ സാമ്പത്തിക ഗവേഷണ സ്ഥാപനമായ ക്രെഡിറ്റ് സ്യൂസെ അടുത്തിടെ പുറത്തുവിട്ട ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത് ഇന്ത്യയുടെ ദേശീയ സമ്പത്തിന്റെ 58 ശതമാനവും കൈയടക്കിവെച്ചിരിക്കുന്നത് ഒരു ശതമാനം മാത്രം വരുന്ന അതിസമ്പന്നര്‍ ആണെന്നാണ്. സമ്പത്ത് ജനാധിപത്യവല്‍ക്കരിക്കേണ്ടതിന്റെ അടിയന്തര പ്രാധാന്യത്തിലേക്കാണ് ആ കണക്ക് വിരല്‍ ചൂണ്ടുന്നത്. വികസനമെന്നും പുരോഗതിയെന്നും എല്ലാം നമ്മള്‍ ആവര്‍ത്തിച്ചു പറയുമ്പോഴും ഈ ഒരു ശതമാനത്തിന്റെ കൈയിലുള്ള സമ്പത്തിന്റെ അളവ് കൂടുകയാണെന്നതാണ് വലിയ പ്രശ്‌നം.

1990കളുടെ മധ്യം വരെ ഫോബ്‌സ് മാസികയുടെ അതിസമ്പന്നരുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് അങ്ങനെ ആരുമുണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ 100ലധികം ഇന്ത്യക്കാര്‍ സമ്പന്നരുടെ മൊത്തം പട്ടികയില്‍ കടന്നുകൂടിയിട്ടുണ്ട്. അതിസമ്പന്നരാകുന്നതുകൊണ്ട് യാതൊരുവിധ പ്രശ്‌നവുമില്ല. എന്നാല്‍ ഇവര്‍ സമ്പന്നരാകുന്നതോടൊപ്പം സമൂഹത്തിന്റെ എല്ലാ തലങ്ങളിലും ആ പുരോഗതിയുണ്ടാകുന്നില്ല എന്നതാണ് പരിശോധിക്കപ്പെടേണ്ടത്.

അപ്പോഴാണ് നമ്മുടെ വളര്‍ച്ചയ്ക്ക് കാര്യമായി എന്തോ പ്രശ്‌നമുണ്ടെന്ന യാഥാര്‍ത്ഥ്യം പിക്കെറ്റിയെപ്പോലുള്ള ശാസ്ത്രജ്ഞര്‍ ഓര്‍മപ്പെടുത്തുന്നത്. അതല്ല അസമത്വം കണക്കാക്കുന്ന രീതിയില്‍ പാകപ്പിഴകളുണ്ടെങ്കില്‍ പിക്കെറ്റിയെപ്പോലുള്ളവര്‍ക്ക് പ്രതിരോധം തീര്‍ക്കാന്‍ ആരും അങ്ങനെ എത്തുന്നുമില്ല. മാനവ വികസന സൂചികയില്‍ മെച്ചപ്പെടല്‍ വരാത്ത വികസനത്തിന്റെ പൊള്ളത്തരമാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നതെന്നാണ് ഒരു വിഭാഗം സാമ്പത്തിക ഗവേഷകര്‍ വാദിക്കുന്നത്.

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയിലെ വേഗതയ്ക്കനുസരിച്ച് അസമത്വവും വര്‍ധിക്കുന്നുണ്ടെന്നത് വൈരുദ്ധ്യമായി തോന്നാമെങ്കിലും അതില്‍ കുറേയധികം കാര്യമുണ്ട്. സബ്‌സിഡികളുടേതും സൗജന്യങ്ങളുടേതും വോട്ട് ബാങ്കിന് വേണ്ടി വായ്പ എഴുതിത്തള്ളലുകളുടേതുമാകരുത് സാമ്പത്തിക പരിഷ്‌കരണത്തിന്റെ പാത. മറിച്ച് സംരംഭകത്വത്തിന്റെ ജനാധിപത്യവല്‍ക്കരണവും എല്ലാവരിലേക്കും സാമ്പത്തിക വികസനത്തിന്റെ ഫലങ്ങള്‍ എത്തുന്ന വേറിട്ട പദ്ധതികളുമാണ് ആവശ്യം. എങ്കില്‍ മാത്രമേ ഈ രൂക്ഷമായി വരുന്ന അസമത്വം കുറയ്ക്കാന്‍ നമുക്ക് സാധിക്കൂ. വികസനത്തിന്റെ പൊള്ളയായ കാഴ്ച്ചകളില്‍ മയങ്ങിയാകരുത് വന്‍ പദ്ധതികള്‍ നമ്മള്‍ നടപ്പാക്കേണ്ടതെന്ന വസ്തുത കൂടി സര്‍ക്കാരുകളെ ഓര്‍മിപ്പിക്കുകയാണ് പിക്കെറ്റിയുടെ കണക്കുകള്‍.

Comments

comments

Categories: Editorial, Slider