ഇന്ത്യയുടെ റീട്ടെയ്ല്‍ പണപ്പെരുപ്പം 3.36% വര്‍ധിച്ചു

ഇന്ത്യയുടെ റീട്ടെയ്ല്‍ പണപ്പെരുപ്പം 3.36% വര്‍ധിച്ചു

ജൂലൈയില്‍ ഫാക്റ്ററി ഉല്‍പ്പാദനത്തില്‍ 1.2% വര്‍ധന

ന്യൂഡെല്‍ഹി: രാജ്യത്ത് ഭക്ഷ്യസാധനങ്ങളുടെ വിലയിലുണ്ടായ വര്‍ധന ഓഗസ്റ്റില്‍ ഇന്ത്യയുടെ റീട്ടെയ്ല്‍ പണപ്പെരുപ്പം 3.36 ശതമാനത്തിലേക്കുയര്‍ത്തിയതായി ഒദ്യോഗിക റിപ്പോര്‍ട്ട്. അഞ്ച് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ജൂലൈ മാസത്തെ റീട്ടെയ്ല്‍ പണപ്പെരുപ്പം 2.36 ശതമാനമായിരുന്നു. സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയമാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ഉപഭോക്തൃ ഭക്ഷ്യ വില സൂചിക (സിഎഫ്പിഐ) 1.52 ശതമാനത്തിലേക്ക് ഉയര്‍ന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. അതേസമയം, ഓഗസ്റ്റ് മാസത്തെ റീട്ടെയ്ല്‍ പണപ്പെരുപ്പം മുന്‍ വര്‍ഷം സമാനകാലയളവിനെ അപേക്ഷിച്ച് കുറവാണ്. 2016 ഓഗസ്റ്റില്‍ 5.05 ശതമാനമാണ് റീട്ടെയ്ല്‍ പണപ്പെരുപ്പം രേഖപ്പെടുത്തിയത്. നഗര പ്രദേശങ്ങളില്‍ ഉപഭോക്തൃ വില സൂചികയില്‍ 3.35 ശതമാനത്തിന്റെ വര്‍ധനയാണ് അനുഭവപ്പെട്ടിട്ടുള്ളത്. ഇന്ത്യയുടെ ഗ്രാമീണ മേഖലയില്‍ സിപിഐ 3.30 ശതമാനത്തിലേക്ക് ഉയര്‍ന്നിട്ടുണ്ട്.

മന്ത്രാലയത്തില്‍ നിന്നുള്ള റിപ്പോര്‍ട്ട് അനുസരിച്ച് പച്ചക്കറികള്‍, ധാന്യങ്ങള്‍, പാലുല്‍പ്പന്നങ്ങള്‍, മത്സ്യം-മാംസം എന്നിവയുടെ വിലയിലുണ്ടായ വര്‍ധനയാണ് റീട്ടെയ്ല്‍ പണപ്പെരുപ്പത്തെ സ്വാധീനിച്ചിട്ടുള്ളത്. ഓഗസ്റ്റ് മാസം പച്ചക്കറികളുടെ വിലയില്‍ 6.16 ശതമാനവും ഭക്ഷ്യധാന്യങ്ങളുടെ വിലയില്‍ 3.87 ശതമാനത്തിന്റെയും വര്‍ധനയുണ്ടായി. പാലുല്‍പ്പന്നങ്ങളുടെ വിലയില്‍ 3.58 ശതമാനത്തിന്റെയും മാത്സ്യം-മാംസം എന്നിവയുടെ വിലയില്‍ 2.94 ശതമാനത്തിന്റെ റെക്കോഡ് വര്‍ധനയുമാണ് ഇക്കാലയളവില്‍ അനുഭവപ്പെട്ടിട്ടുള്ളത്. ഭക്ഷ്യേതര വിഭാഗത്തില്‍ പണപ്പെരുപ്പ നിരക്ക് 4.94 ശതമാനത്തിലേക്ക് ഉയര്‍ന്നിട്ടുള്ളതായും കേന്ദ്ര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

ജൂലൈ മാസം ഇന്ത്യയുടെ ഫാക്റ്ററി ഉല്‍പ്പാദനത്തില്‍ മിതമായ വളര്‍ച്ച നിരീക്ഷിക്കാനായിട്ടുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന വിവരം. ജൂലൈ ഒന്നിന് ജിഎസ്ടി നയം പ്രാബല്യത്തില്‍ വന്നതിനു ശേഷം കമ്പനികള്‍ കൂടുതല്‍ സ്റ്റോക്ക് ലഭ്യമാക്കാന്‍ തുടങ്ങിയതോടെ ഉല്‍പ്പാദനം 1.2 ശതമാനമായി ഉയര്‍ന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ജിഎസ്ടിക്കു മുന്‍പുള്ള ക്രമീകരണങ്ങളുടെ ഭാഗമായി ജൂണില്‍ ഫാക്റ്ററി ഉല്‍പ്പാദനം 0.17 ശതമാനം ചുരുങ്ങിയിരുന്നു. വ്യാവസായിക ഉല്‍പ്പാദനത്തില്‍ ചെറിയ വളര്‍ച്ച പ്രകടമായിട്ടുണ്ടെങ്കിലും മുന്‍ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഉല്‍പ്പാദനം കുറവാണ്. 2016 ജൂലൈയില്‍ 4.5 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഫാക്റ്ററി ഉല്‍പ്പാദനത്തില്‍ ഉണ്ടായിട്ടുള്ളത്.

ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ മാനുഫാക്ച്ചറിംഗ് രംഗത്തെ മൊത്ത ആഭ്യന്തര ഉല്‍പ്പാദന (ജിഡിപി) നിരക്ക് വര്‍ധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിരീക്ഷണം. നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ മാനുഫാക്ച്ചറിംഗ് വളര്‍ച്ച 1.2 ശതമാനത്തിലേക്ക് ചുരുങ്ങിയിരുന്നു. ഇന്ത്യയുടെ ജിഡിപി വളര്‍ച്ച മൂന്ന് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 5.7 ശതമാനത്തിലെത്തിയതാണ് ഇതിന്റെ പ്രധാന കാരണം.

ചില സാധനങ്ങളുടെ ജിഎസ്ടി നികുതി നിരക്കുകളില്‍ വരുത്തിയ മാറ്റം, ഹ്രസ്വകാലാടിസ്ഥാനത്തില്‍ ഇവയുടെ ഉല്‍പ്പാദനത്തെ ബാധിക്കുന്നത് അനിശ്ചിതത്വങ്ങള്‍ ഉണ്ടാക്കുമെങ്കിലും രാജ്യത്തെ വ്യാവസായിക ഉല്‍പ്പാദനത്തില്‍ അടുത്ത കുറച്ച് മാസത്തിനുള്ളില്‍ പുരോഗതി നേടാനാകുമെന്നാണ് ഇന്ത്യ റേറ്റിംഗ്‌സ് ആന്‍ഡ് റിസര്‍ച്ചില്‍ നിന്നുള്ള സാമ്പത്തികവിദഗ്ധനായ സുനില്‍ സിന്‍ഹ അഭിപ്രായപ്പെട്ടത്. രാജ്യത്തെ പണപ്പെരുപ്പം റിസര്‍വ് ബാങ്ക് ലക്ഷ്യംവെക്കുന്ന തരത്തില്‍ നാല് ശതമാനത്തിനു താഴെ തന്നെ നിലനില്‍ക്കുമെന്നാണ് സാമ്പത്തികവിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്.

Comments

comments

Categories: Business & Economy