ടെക്‌സ്റ്റൈല്‍ രംഗത്ത് ഈജിപ്തുമായി ഇന്ത്യ സഹകരിക്കും

ടെക്‌സ്റ്റൈല്‍ രംഗത്ത് ഈജിപ്തുമായി ഇന്ത്യ സഹകരിക്കും

കെയ്‌റോ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഇന്നു തുടങ്ങുന്ന ഫാഷന്‍ ആന്‍ഡ് ടെക്‌സ് എക്‌സിബിഷനില്‍ ഇന്ത്യയില്‍ നിന്നുള്ള 37 ടെക്‌സ്റ്റൈല്‍ കമ്പനികള്‍ പങ്കെടുക്കും

കെയ്‌റോ: ടെക്‌സ്റ്റൈല്‍ വ്യവസായ മേഖലയില്‍ ഈജിപ്തുമായി സഹകരിക്കുന്നതിന് നടപടികള്‍ സ്വീകരിച്ച് ഇന്ത്യ. ഈജിപ്തിലേക്കുള്ള ടെക്‌സ്റ്റൈല്‍ മെഷീനുകളുടെ വിതരണം വര്‍ധിപ്പിക്കുന്നതിന് ചര്‍ച്ചകള്‍ തുടരുകയാണെന്ന് ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് ഭട്ടാചാര്യ പറഞ്ഞു. കെയ്‌റോ ഫാഷന്‍ ആന്‍ഡ് ടെക്‌സ് എക്‌സിബിഷനു മുന്നോടിയായി സംഘടിപ്പിച്ച പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടെക്‌സ്റ്റൈല്‍ രംഗത്ത് നിരവധി വര്‍ഷത്തെ പരസ്പര പങ്കാളിത്തം ഇന്ത്യയും ഈജിപ്തും തമ്മിലുണ്ട്. ഈ രംഗത്തെ ഉല്‍പ്പാദനം, വ്യാപാരം, നിക്ഷേപം എന്നിവയിലെ ലക്ഷ്യങ്ങള്‍ നേടുന്നതിന് ഈജിപ്തുമായി സഹകരിക്കാന്‍ ഇന്ത്യ തയാറാണ്-ഭട്ടാചാര്യ പറഞ്ഞു.

മനുഷ്യ നിര്‍മിത തുണിത്തരങ്ങളുടെ വിപണിയില്‍ ഇന്ത്യ ഏറെ പ്രശസ്തമാണ്. ഇന്ത്യന്‍ ടെക്‌സ്റ്റൈല്‍ ഇന്‍ഡസ്ട്രി ലോകത്തില്‍ രണ്ടാം സ്ഥാനത്തായതിനാല്‍ ആഗോള തലത്തില്‍ ഈ വിഭാഗത്തിന് വിശാലമായ സാന്നിധ്യമുണ്ട്.

ഉയര്‍ന്ന വിലയുള്ളതും താരതമ്യേന വില കുറഞ്ഞതുമായ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് ലഭ്യമാണ്.
ടെക്‌സ്റ്റൈല്‍ വ്യവസായത്തിലെ നിരവധി യന്ത്രങ്ങള്‍ ഇന്ത്യ നിര്‍മിക്കുന്നുണ്ടെന്നതും ഒരു വലിയ പ്രത്യേകതയാണ്. ഇന്ത്യയില്‍ നിന്ന് ഈജിപ്തിലേക്കുള്ള ടെക്‌സ്റ്റൈല്‍ യന്ത്രങ്ങളുടെ വിതരണം വര്‍ധിപ്പിക്കുന്നതിന് അവരുമായി ചര്‍ച്ച നടത്തിവരികയാണ്. ഗുണമേന്മയില്‍ മാത്രമല്ല ഇന്ത്യന്‍ ടെക്‌സ്റ്റൈല്‍സ് യന്ത്രങ്ങള്‍ മുന്നിട്ടു നില്‍ക്കുന്നത്. ഇന്ത്യയിലും ഈജിപ്തിലും സമാനമായ വലിയ ജനസംഖ്യയും തൊഴില്‍ ശക്തിയുമാണുള്ളത്. അതിനാല്‍, ഇത്തരത്തിലെ യന്ത്രങ്ങള്‍ ഈജിപ്തിലെ വിപണിക്ക് വളരെ നല്ലതാണ്-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെയ്‌റോ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഇന്നു തുടങ്ങുന്ന ഫാഷന്‍ ആന്‍ഡ് ടെക്‌സ് എക്‌സിബിഷനില്‍ ഇന്ത്യയില്‍ നിന്നുള്ള 37 ടെക്‌സ്റ്റൈല്‍ കമ്പനികള്‍ പങ്കെടുക്കും. 16നാണ് പ്രദര്‍ശനം സമാപിക്കുന്നത്. മനുഷ്യ നിര്‍മിത ഫൈബര്‍ തുണിത്തരങ്ങളുടെ ഉല്‍പ്പാദകരുടെയും കയറ്റുമതിക്കാരുടെയും സംഘടനയായ സിന്തറ്റിക് ആന്‍ഡ് റയോണ്‍ ടെക്‌സ്റ്റൈല്‍സ് എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സി (എസ്ആര്‍ടിഇപിസി) ലിന്റെ പ്രതിനിധികളായാണ് ഇന്ത്യന്‍ കമ്പനികള്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നത്. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്റെയും (എഫ്‌ഐഇഒ) ഇന്ത്യന്‍ എംബസിയുടെയും സഹകരണം പ്രദര്‍ശനത്തിനുണ്ട്. ചണത്തിന്റെയും തുണിയുടേയും വിഭാഗങ്ങളില്‍പ്പെട്ട നിരവധി ഉല്‍പ്പന്നങ്ങള്‍ ഇന്ത്യന്‍ കമ്പനികള്‍ അണിനിരത്തും.

Comments

comments

Categories: Business & Economy