സ്മാര്‍ട്ട്‌ഫോണ്‍ വിഭാഗത്തില്‍ ഫഌപ്കാര്‍ട്ടും ആമസോണും മത്സരം ശക്തമാക്കും

സ്മാര്‍ട്ട്‌ഫോണ്‍ വിഭാഗത്തില്‍ ഫഌപ്കാര്‍ട്ടും ആമസോണും മത്സരം ശക്തമാക്കും

ഇഎംഐ, കാഷ്ബാക്ക്, എക്‌സ്‌ചേഞ്ച് ഓഫറുകളിലൂടെ ഉപഭോക്താക്കളെ ആകര്‍ഷിക്കാനാണ് ഫഌപ്കാര്‍ട്ടും ആമസോണും പദ്ധതിയിടുന്നത്

മുംബൈ: ഈ ഉത്സവകാലത്ത് സ്മാര്‍ട്ട്‌ഫോണ്‍ വിഭാഗത്തില്‍ ശക്തമായ മത്സരം നടത്താനുള്ള മുന്നൊരുക്കത്തിലാണ് ഇന്ത്യന്‍ ഇ-കൊമേഴ്‌സ് വിപണിയിലെ മുഖ്യ എതിരാളികളായ ഫഌപ്കാര്‍ട്ടും ആമസോണ്‍ ഇന്ത്യയും. സ്മാര്‍ട്ട്‌ഫോണ്‍ വിഭാഗത്തില്‍ നാലിരട്ടി വില്‍പ്പന എന്ന ലക്ഷ്യമാണ് ഫഌപ്കാര്‍ട്ടിനുള്ളത്. ഉത്സവകാല വില്‍പ്പനയിലൂടെ സ്മാര്‍ട്ട്‌ഫോണ്‍ വിഭാഗത്തില്‍ 100 ശതമാനത്തിലധികം വാര്‍ഷിക വളര്‍ച്ചാ നിരക്ക് രേഖപ്പടുത്താനാണ് ആമസോണിന്റെ ശ്രമം.

ഉല്‍സവ സീസണില്‍ ഇന്ത്യയില്‍ സ്മാര്‍ട്ട് ഫോണ്‍ വാങ്ങുന്ന രണ്ട് ഉപഭോക്താക്കളില്‍ ഒരാള്‍ ഫഌപ്കാര്‍ട്ടില്‍ നിന്നായിരിക്കും വാങ്ങല്‍ നടത്തുകയെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഫഌപ്കാര്‍ട്ട് മൊബീല്‍സ് വിഭാഗം സീനിയര്‍ ഡയറക്റ്റര്‍ അയ്യപ്പന്‍ രാജഗോപാല്‍ പറഞ്ഞു. സെപ്റ്റംബര്‍ 20 മുതല്‍ 24 വരെയാണ് ഫഌപ്കാര്‍ട്ടിന്റെ ‘ബിഗ് ബില്യണ്‍ ഡേയ്‌സ് സെയില്‍’ നടക്കുന്നത്. മെഗാ വില്‍പ്പന തീയതികള്‍ ആമസോണും ഉടന്‍ പ്രഖ്യാപിച്ചേക്കും. അതേസമയം, ഇരു കമ്പനികളും വിവിധ തീയതികളിലായി വന്‍ ഓഫറുകള്‍ അവതരിപ്പിച്ചുകൊണ്ടുള്ള വില്‍പ്പന മാമങ്കം ഈ മാസം മുഴുവനും തുടരും.

ഉത്സസീസണിലെ ആവശ്യകതയും കമ്പനിയുടെ ലക്ഷ്യവും കണക്കിലെടുത്ത് വിവിധ വില വിഭാഗങ്ങളിലായി മുന്‍പുള്ളതിന്റെ ഇരട്ടിയിലധികം സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് ആമസോണിന്റെ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് സ്മാര്‍ട്ട്‌ഫോണ്‍ വിഭാഗം ഡയറക്റ്റര്‍ അരുണ്‍ ശ്രീനിവാസന്‍ അറിയിച്ചത്. നടപ്പു വര്‍ഷം ജൂലൈയില്‍ നടത്തിയ 30 മണിക്കൂര്‍ പ്രൈം ഡേ വില്‍പ്പനയില്‍ സ്മാര്‍ട്ട്‌ഫോണ്‍ വഭാഗം അഞ്ച് മടങ്ങിന്റെ റെക്കോഡ് വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ടെന്നും ആമസോണ്‍ വ്യക്തമാക്കുന്നു.

ഇഎംഐ, കാഷ്ബാക്ക്, എക്‌സ്‌ചേഞ്ച് ഓഫറുകളിലൂടെ ഉപഭോക്താക്കളെ ആകര്‍ഷിക്കാനാണ് ഫഌപ്കാര്‍ട്ടും ആമസോണും പദ്ധതിയിടുന്നത്. കൗണ്ടര്‍ പോയിന്റ് റിസര്‍ച്ചില്‍ നിന്നുള്ള റിപ്പോര്‍ട്ട് അനുസരിച്ച് ഏപ്രില്‍-ജൂണ്‍ കാലയളവില്‍ ഇന്ത്യന്‍ ഓണ്‍ലൈന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ 50 ശതമാനം പങ്കാളിത്തമാണ് ഫഌപ്കാര്‍ട്ടിനുണ്ടായിരുന്നത്. നേരത്തെ 57 ശതമാനം വിപണി പങ്കാളിത്തം രേഖപ്പെടുത്തിയ സ്ഥാനത്താണിത്. അതേസമയം ഈ വിഭാഗത്തില്‍ വിപണി വിഹിതം 27 ശതമാനത്തില്‍ നിന്നും 33 ശതമാനത്തിലേക്കുയര്‍ത്താന്‍ ആമസോണിനു സാധിച്ചിട്ടുണ്ട്.

എന്നാല്‍ കൗണ്ടര്‍പോയിന്റ് റിസര്‍ച്ചിന്റെ കണക്കുകളെ ഫഌപ്കാര്‍ട്ട് നിരസിക്കുകയാണ്. നടപ്പു വര്‍ഷം രണ്ടാം പാദത്തില്‍ മൊത്ത വില്‍പ്പനയുടെ അടിസ്ഥാനത്തിലുള്ള കമ്പനിയുടെ വിപണി വിഹിതം 60 ശതമാനത്തില്‍ നിന്നും 67 ശതമാനമായി ഉയര്‍ന്നിട്ടുണ്ടെന്നാണ് ഫഌപ്കാര്‍ട്ടിന്റെ വാദം. വിവിധ ബ്രാന്‍ഡുകളില്‍ നിന്നും വില്‍പ്പനക്കാരില്‍ നിന്നും ഫഌപ്കാര്‍ട്ട് മാര്‍ക്കറ്റ്‌പ്ലേസിലേക്കെത്തിയ മൊത്തം ഡിവൈസുകളുടെ അടിസ്ഥാനത്തിലുള്ളതാണ് കൗണ്ടര്‍പോയിന്റ് റിസര്‍ച്ച് റിപ്പോര്‍ട്ടെന്നും ഫഌപ്കാര്‍ട്ട് ചൂണ്ടിക്കാട്ടി.

കഴിഞ്ഞ വര്‍ഷം നടന്നിട്ടുള്ള മൊത്തം ഓണ്‍ലൈന്‍ റീട്ടെയ്ല്‍ വില്‍പ്പനയില്‍ ഏകദേശം 33 ശതമാനത്തോളം പങ്കുവഹിച്ചിട്ടുള്ളത് സ്മാര്‍ട്ട്‌ഫോണുകളാണ്. 2016ല്‍ ഇ-കൊമേഴ്‌സ് കമ്പനികള്‍ വഴിയുള്ള വില്‍പ്പനയുടെ മൊത്ത വ്യാപാര മൂല്യത്തിന്റെ (ജിവിഎം) 25 ശതമാനവും സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയില്‍ നിന്നായിരുന്നു.

Comments

comments

Categories: Business & Economy