2030 ഓടെ എല്ലാ മോഡലുകളും ഇലക്ട്രിക് എന്ന് ഫോക്‌സ്‌വാഗണ്‍

2030 ഓടെ എല്ലാ മോഡലുകളും ഇലക്ട്രിക് എന്ന് ഫോക്‌സ്‌വാഗണ്‍

ഗ്രൂപ്പിനുകീഴിലെ മുന്നൂറോളം മോഡലുകളുടെ ഒരു ഇലക്ട്രിക് വേരിയന്റ് എങ്കിലും അവതരിപ്പിക്കും

ഫ്രാങ്ക്ഫര്‍ട്ട് : ഡീസല്‍ഗേറ്റ് വരുത്തിവെച്ച പാപക്കറ കഴുകിക്കളയാന്‍ ജര്‍മ്മന്‍ കാര്‍ നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണ്‍ ദൃഢനിശ്ചയമെടുത്തു. 2030 ഓടെ എല്ലാ മോഡലുകളും ഇലക്ട്രിക് ആയിരിക്കുമെന്ന് ഫ്രാങ്ക്ഫര്‍ട്ട് മോട്ടോര്‍ ഷോയ്ക്കു മുന്നോടിയായി കമ്പനി ആണയിട്ടു. ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിനുകീഴിലെ മുന്നൂറോളം മോഡലുകളുടെ ഒരു ഇലക്ട്രിക് വേരിയന്റ് എങ്കിലും അവതരിപ്പിക്കുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.

ഫോക്‌സ്‌വാഗണ്‍, സീറ്റ്, സ്‌കോഡ, ഔഡി, ബെന്റ്‌ലി, ലംബോര്‍ഗിനി, ട്രക്ക്-ബസ് നിര്‍മാതാക്കളായ മാന്‍, സ്‌കാനിയ, മോട്ടോര്‍ബൈക്ക് കമ്പനിയായ ഡ്യുക്കാറ്റി തുടങ്ങി പന്ത്രണ്ട് ബ്രാന്‍ഡുകളാണ് ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന് കീഴിലുള്ളത്.

2025 ഓടെ പുതിയ വാഹനങ്ങളില്‍ നാലിലൊന്ന് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്നതായിരിക്കണമെന്ന ലക്ഷ്യം കമ്പനി നിശ്ചയിച്ചതായി ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് മത്തിയാസ് മുള്ളര്‍ പറഞ്ഞു. അതായത് പ്രതിവര്‍ഷം മുപ്പത് ലക്ഷം വാഹനങ്ങള്‍. ബഹിര്‍ഗമന മാനദണ്ഡ പരിശോധനകള്‍ മറികടക്കുന്നതിന് ലോകമാകമാനം 1.10 കോടി കാറുകളില്‍ കൃത്രിമം കാണിച്ചതായി 2015 ല്‍ ഫോക്‌സ്‌വാഗണ്‍ സമ്മതിച്ചിരുന്നു. ഇതേതുടര്‍ന്നാണ് കമ്പനിക്ക് പുതിയ പ്രതിച്ഛായ സമ്മാനിക്കുന്നതിന് മുള്ളറെ മേധാവിയായി നിയമിച്ചത്.

പുതിയ വാഹനങ്ങള്‍ നിര്‍മിക്കുന്നതിനും കാര്‍ നിര്‍മാണശാലകള്‍ നവീകരിക്കുന്നതിനും ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുന്നതിനുമായി 24 ബില്യണ്‍ യുഎസ് ഡോളര്‍ നിക്ഷേപിക്കും

2025 ഓടെ ലോകത്തെ ഏറ്റവും വലിയ ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായി മാറുകയാണ് ലക്ഷ്യമെന്ന് ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് കഴിഞ്ഞ വര്‍ഷം നവംബറില്‍ പ്രഖ്യാപിച്ചിരുന്നു. പുതിയ സാങ്കേതികവിദ്യകള്‍ സംബന്ധിച്ച ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തുന്നതിന് 30,000 ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിട്ടത്.

ഒരു പടി കൂടി മുന്നോട്ടുപോകുന്നതാണ് ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ ഇപ്പോഴത്തെ പ്രഖ്യാപനം. അടുത്ത ദശകത്തിന്റെ മധ്യത്തോടെ അമ്പത് പുതിയ ഇലക്ട്രിക് വാഹനങ്ങളും മുപ്പത് പുതിയ ഹൈബ്രിഡ് വാഹനങ്ങളുമാണ് ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് വാഗ്ദാനം ചെയ്യുന്നത്.

പുതിയ വാഹനങ്ങള്‍ നിര്‍മിക്കുന്നതിനും കാര്‍ നിര്‍മാണശാലകള്‍ നവീകരിക്കുന്നതിനും ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുന്നതിനുമായി 24 ബില്യണ്‍ യുഎസ് ഡോളര്‍ നിക്ഷേപിക്കുമെന്ന് ഫോക്‌സ് വാഗണ്‍ വ്യക്തമാക്കി. ചാര്‍ജിംഗ് സംബന്ധിച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതും ബാറ്ററി സാങ്കേതികവിദ്യ വികസിപ്പിക്കുന്നതും നിര്‍മ്മിക്കുന്നതും ഇതിലുള്‍പ്പെടും.

അതേസമയം ആന്തരിക ദഹന എന്‍ജിനുകള്‍ പൂര്‍ണമായി ഉപേക്ഷിക്കുമെന്ന് ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് പറഞ്ഞില്ല. പുതു തലമുറ ഡീസല്‍ എന്‍ജിനുകളുടെ ക്ലീന്‍ പെര്‍ഫോമന്‍സ് കമ്പനി ഉയര്‍ത്തിക്കാട്ടുകയും ചെയ്തു.

Comments

comments

Categories: Auto