ബാഗേജ്: പിഴവുകളൊഴുവാക്കാന്‍ വിമാനക്കമ്പനികള്‍

ബാഗേജ്: പിഴവുകളൊഴുവാക്കാന്‍ വിമാനക്കമ്പനികള്‍

നഷ്ടപ്പെട്ട ബാഗുകള്‍ കണ്ടുപിടിച്ച് യാത്രക്കാര്‍ക്ക് തിരിച്ചെത്തിച്ചുകൊടുക്കാന്‍ വിമാനക്കമ്പനികള്‍ക്ക് 2016 ല്‍ ചെലവായത് 2.1 ബില്ല്യണ്‍ ഡോളര്‍

മുംബൈ: ആഗോള തലത്തില്‍ വിമാനക്കമ്പനികള്‍ ബാഗേജ് കൈകാര്യം ചെയ്യുന്നതില്‍ 2016ല്‍ മികച്ച പ്രകടനം കാഴ്ചവച്ചതായി റിപ്പോര്‍ട്ട്. ബാഗേജ് മാനേജ്‌മെന്റ് സേവനം നല്‍കുന്ന പ്രമുഖ കമ്പനിയായ സിറ്റയാണ് ഇക്കാര്യം വ്യക്തമാക്കിയത്.2018 ജൂണ്‍ മാസത്തോടെ പിഴവില്ലാത്ത ബാഗേജ് കൈകാര്യം ചെയ്യുകയെന്നതാണ് വിമാനകമ്പനികളുടെ ലക്ഷ്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2016-ല്‍ അശ്രദ്ധമായി കൈകാര്യം ചെയ്ത ബാഗേജുകളുടെ തോത് 1000 യാത്രക്കാര്‍ക്ക് 5.73 ശതമാനം എന്ന നിരക്കിലായിരുന്നു.

ബാഗേജുകള്‍ മോശമായി കൈകാര്യം ചെയ്യുന്നതില്‍ 12.25 ശതമാനം കുറവുണ്ടായെങ്കിലും അതിന്റെ ചെലവ് വളരെ കൂടുതലാണെന്ന് സിറ്റ റിപ്പോര്‍ട്ട് വിലയിരുത്തി. നഷ്ടപ്പെട്ട ബാഗുകള്‍ കണ്ടുപിടിച്ച് അത് യാത്രക്കാര്‍ക്ക് തിരിച്ചെത്തിച്ചുകൊടുക്കാന്‍ 2016-ല്‍ ചെലവായത് 2.1 ബില്ല്യണ്‍ ഡോളറാണ്.
കണക്ഷന്‍ ഫ്‌ളൈറ്റുകള്‍ കൂടുതല്‍ അടുപ്പിച്ചാകുമ്പോള്‍ ബാഗേജ് നീക്കം ഒരു തലവേദന തന്നെയാണ്. 2016-ല്‍ വൈകിയെത്തിയ ബാഗുകള്‍ 47 ശതമാനം ആണ്.

മുന്‍ വര്‍ഷം 3.77 ബില്യണ്‍ യാത്രക്കാരാണ് ആഗോളതലത്തില്‍ വിമാനയാത്ര നടത്തിയത്. 2007 മുതല്‍ അശ്രദ്ധവും അലസവുമായ രീതിയില്‍ ബാഗേജ് കൈകാര്യം ചെയ്യുന്നത് 70 ശതമാനം കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. വിമാനക്കമ്പനികളും വിമാനത്താവളങ്ങളും സാങ്കേതികവിദ്യ കൂടുതല്‍ പ്രയോജനപ്പെടുത്തിയതിന്റെ ഫലമാണ് ഈ നേട്ടം.

വരുന്ന 18 മാസങ്ങളില്‍ ബാഗേജ് കൈകാര്യം കൂടുതല്‍ മെച്ചപ്പെടുമെന്നാണ് വിമാനകമ്പനികളുടെ പ്രതീക്ഷ. അയാട്ടയും വിമാനകമ്പനികളും ഓരോ ചെക് ഇന്‍ ബാഗേജും അതത് യാത്രയില്‍ സസൂക്ഷ്മം നിരീക്ഷിക്കാനുള്ള സംവിധാനവും ഒരുക്കും.

എല്ലാ ബാഗേജുകളും നാലു പോയിന്റുകളില്‍ കര്‍ശനമായി നിരീക്ഷക്കപ്പെടുന്ന സംവിധാനവും നിലവില്‍ വരും. ചെക്ഇന്‍, വിമാനത്തില്‍ കയറുമ്പോള്‍, ചരക്കുവാഹനങ്ങളിലേക്ക് കൈമാറുമ്പോള്‍, അവസാനം യാത്രക്കാരന്റെ അടുത്ത് ബാഗേജ് ബെല്‍റ്റിലെത്തുമ്പോള്‍ എല്ലാം നിരീക്ഷണം കര്‍ശനമായിരിക്കും. യാത്രക്കാര്‍ക്ക് ബാഗേജ് ഒരു പാഴ്‌സല്‍ പോലെ ട്രാക്ക് ചെയ്യാനും കഴിയും. കഴിഞ്ഞ 20 വര്‍ഷമായി ബാഗുകള്‍ നിരീക്ഷിക്കുന്നതിലും കണ്ടുപിടിക്കുന്നതിലും ലോകത്തിലെ എല്ലാ വിമാനത്താവളങ്ങളിലും അംഗീകരിക്കപ്പെട്ട ഏജന്‍സിയാണ് സിറ്റ. 1000 വിമാനതാവളങ്ങളില്‍ സിറ്റയുടെ സാന്നിധ്യം ഉണ്ട്.

Comments

comments

Categories: More