1 ട്രില്യണ്‍ ഡോളര്‍ കമ്പനിയെന്ന സ്വപ്‌നനേട്ടത്തിലേക്ക് ആപ്പിള്‍

1 ട്രില്യണ്‍ ഡോളര്‍ കമ്പനിയെന്ന സ്വപ്‌നനേട്ടത്തിലേക്ക് ആപ്പിള്‍

ടെക് ലോകത്തെ വിസ്മയിപ്പിച്ച് ഐഫോണ്‍ എക്‌സ്

ന്യൂഡെല്‍ഹി: ഐ ഫോണിന്റെ പത്താം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ആപ്പിള്‍ അവതരിപ്പിച്ച ഐഫോണ്‍ എക്‌സ് ഇന്നുവരെ ഇറങ്ങിയതില്‍ ഏറ്റവും മികച്ച സ്മാര്‍ട്ട്‌ഫോണ്‍ എന്ന വിശേഷണമാണ് സ്വന്തമാക്കുന്നത്. ഒരു ട്രില്യണ്‍ ഡോളര്‍ വിപണി മൂല്യം നേടുന്ന ആദ്യ ലിസ്റ്റഡ് കമ്പനിയാക്കി ആപ്പിളിനെ മാറ്റാന്‍ ഐ ഫോണ്‍ എക്‌സിന് സാധിക്കുമോ എന്നതാണ് ഇപ്പോള്‍ വിപണി വിദഗ്ധരില്‍ നിന്നുയരുന്ന ചോദ്യം. ഒരു വര്‍ഷത്തിനുള്ളില്‍ ആപ്പിളിനെ ചരിത്രപരമായ ആ നേട്ടത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ എക്‌സ് സീരീസ് ഐഫോണ്‍ മോഡലുകള്‍ക്ക് സാധിക്കുമെന്ന സൂചനയാണ് വിപണിയില്‍ നിന്നും ലഭിക്കുന്നത്.

ഐഫോണ്‍ 8, 8 പ്ലസ് മോഡലുകളും ആപ്പിള്‍ പുതുതായി വിപണിയിലെത്തിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഏറെ നാളത്തെ കാത്തിരിപ്പിനു വിരമാമിട്ടുകൊണ്ട് ആപ്പിള്‍ ഐഫോണ്‍ എക്‌സ് മോഡലുകള്‍ ഔദ്യോഗികമായി വിപണിയിലവതരിപ്പിച്ചത്. ഇതുവരെയുള്ള ഐ ഫോണ്‍ ലോഞ്ചിംഗ് ചടങ്ങുകള്‍ക്കു ശേഷമുള്ള ഒരു വര്‍ഷക്കാലയളവില്‍ ശരാശരി 33 ശതമാനത്തിന്റെ നേട്ടമാണ് ആപ്പിള്‍ ഓഹരികള്‍ക്കുണ്ടായിട്ടുള്ളത്. 2007 ജനുവരി 9നാണ് ആപ്പിള്‍ ആദ്യമായി ഐഫോണ്‍ പുറത്തിറക്കിയത്. 13 അക്ക വിപണി മൂല്യം നേടുന്ന ആദ്യ കമ്പനി എന്ന റെക്കോഡ് സ്വന്തമാക്കുന്നതിന് നിലവിലുള്ള തലത്തില്‍ നിന്നും ആപ്പിള്‍ ഓഹരികള്‍ക്ക് 20 ശതമാനം വരെ വളര്‍ച്ചയാണ് ആവശ്യമായിട്ടുള്ളത് .

ആഗോള എണ്ണക്കമ്പനിയായ സൗദി ആരാംകോയുടെ മൂല്യം രണ്ട് ട്രില്യണ്‍ ഡോളറിനോ അതിനു മുകളിലോ വരുമെന്നാണ് സൗദി രാജകുടുംബവും ചില വിശകലന വിദഗ്ധരും വ്യക്തമാക്കുന്നത്. എന്നാല്‍ അടുത്ത വര്‍ഷം കമ്പനിയുടെ പ്രാഥമിക ഓഹരി വില്‍പ്പന കഴിയുന്നതുവരെ ഇതു സംബന്ധിച്ച സ്ഥിരീകരണം ഉണ്ടാകില്ല. ആപ്പിളിന്റെ ഓഹരി വിപണിയിലെ പ്രകടനം സംബന്ധിച്ച് വിശകലനം നടത്തുന്ന 38 വാള്‍സ്ട്രീറ്റ് അനലിസ്റ്റുകളില്‍ രണ്ട് പേര്‍ ഇതിനോടകം തന്നെ ഓഹരി വില ലക്ഷ്യം രേഖപ്പെടുത്തിക്കഴിഞ്ഞു.

ഒരു ട്രില്യണ്‍ ഡോളറിനു മുകളിലേക്ക് കമ്പനിയുടെ വിപണി മൂല്യം പോകുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. വാള്‍സ്ട്രീറ്റില്‍ ആപ്പിള്‍ ഓഹരികളുടെ ഏറ്റവും ഉയര്‍ന്ന നിരക്ക് ലക്ഷ്യമിട്ടിരിക്കുന്നത് ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിംഗ് സംരംഭമായ ഡ്രെക്‌സല്‍ ഹാമില്‍ട്ടണില്‍ നിന്നുള്ള ബ്രിയാന്‍ വൈറ്റ് ആണ്. 208 ഡോളര്‍ ആണ് അദ്ദേഹം ഓഹരി മൂല്യം കണക്കാക്കിയിരിക്കുന്നത്.

നിലവിലുള്ള ആപ്പിള്‍ ഓഹരികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ഈ വിലയില്‍ കമ്പനിയുടെ വിപണി മൂല്യം 1,075 ട്രില്യണ്‍ ഡോളറിലേക്ക് ഉയരും. ആപ്പിള്‍ ഓഹരികള്‍ ശക്തമായ മുന്നേറ്റം നടത്തുമെന്ന് ഐഫോണ്‍ എക്‌സിന്റെ അവതരണോടെ ഉറപ്പായതിനു ശേഷമാണ് ഈ വിലയിരുത്തല്‍ നടന്നിരിക്കുന്നത്. ഐഫോണ്‍ ശൃംഖലയില്‍ നിന്നു മാത്രമല്ല കമ്പനിയുടെ മൂലധന ഡിസ്ട്രിബ്യൂഷന്‍ പദ്ധതികളില്‍ നിന്നും ആപ്പിള്‍ ഓഹരികള്‍ക്ക് നേട്ടമുണ്ടാകുമെന്ന് വിശ്വസിക്കുന്നതായി ബ്രിയാന്‍ വൈറ്റ് അറിയിച്ചു. ഇനിയും ആപ്പിളിന് ആകര്‍ഷകമായ സാധ്യതകളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Comments

comments

Categories: Slider, Top Stories