ഭരണഘടനാ പരിശോധനയില്‍ ആധാര്‍ നിലനില്‍ക്കുമെന്ന് ജയ്റ്റ്‌ലി

ഭരണഘടനാ പരിശോധനയില്‍ ആധാര്‍ നിലനില്‍ക്കുമെന്ന് ജയ്റ്റ്‌ലി

ന്യൂഡെല്‍ഹി: ആധാര്‍ നിയമ നിര്‍മാണം ഭരണഘടനാ പരീക്ഷണം മറികടക്കുമെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. വിവിധ സാമുഹിക ക്ഷേമ പദ്ധതികളുടെ പ്രയോജനം ലഭ്യമാകുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തെ ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെയാണ് ജയ്റ്റ്‌ലിയുടെ പ്രതികരണം. ആധാറിന്റെ ഭരണഘടനാ സാധുത പരിശോധിക്കുന്നതിന് സുപ്രീം കോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചിട്ടുണ്ട് ഒരു സുപ്രധാന ഭരണഘടനാ അവകാശം എന്ന നിലയില്‍ സ്വകാര്യതയുടെ ആശയം ഉയര്‍ത്തിപ്പിടിക്കുന്ന സമയത്ത് പോലും, ആര്‍ട്ടിക്കിള്‍ 21 ന് കീഴിലുള്ള നിയമപരവും യുക്തിസഹവുമായ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

യുപിഎ സര്‍ക്കാര്‍ ആധാര്‍ കൊണ്ടുവന്നപ്പോള്‍ സാങ്കേതികമായി അത് മികച്ച ആശയമായിരുന്നെങ്കിലും അതിന്റെ സാധ്യതകള്‍ വ്യക്തമാകുന്ന തരത്തില്‍ കാര്യങ്ങള്‍ വികസിച്ചിരുന്നില്ല. . അന്ന് നിയമനിര്‍മാണം ഇല്ലായിരുന്നുവെന്നും കരട് നിയമം മാത്രമാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആനുകൂല്യങ്ങള്‍ നേരിട്ടെത്തിക്കുന്ന പദ്ധതിയുടെ (ഡയറക്റ്റ് ബെനഫിറ്റ് ഓഫ് ട്രാന്‍സ്ഫര്‍ -ഡിബിടി) വിപുലീകരണം കൂടുതല്‍ പ്രധാന്‍ മന്ത്രി ജന്‍ധന്‍ യോജന (പിഎംജെഡിവൈ) എക്കൗണ്ടുകള്‍ തുറക്കുന്നതിലേക്ക് വഴിതെളിക്കും. കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ സീറോ ബാലന്‍സ് ജന്‍ധന്‍ എക്കൗണ്ടുകള്‍ 77 ശതമാനത്തില്‍ നിന്ന് 20 ശതമാനമായി കുറഞ്ഞു.

സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ നടപടികള്‍ വേഗത്തിലാക്കുന്ന ജാം ട്രിനിറ്റി (ജന്‍ധന്‍,ആധാര്‍,മൊബില്‍) സമീപനത്തെ അടിസ്ഥാനമാക്കി 1 ബില്യണ്‍-1 ബില്യണ്‍-1 ബില്യണ്‍ കാഴ്പ്പാടില്‍ ഇന്ത്യ എത്തിയെന്ന് കഴിഞ്ഞമാസം ഫേസ്ബുക്കില്‍ ജയ്റ്റ്‌ലി കുറിച്ചിരുന്നു. 1 ബില്യണ്‍ ആധാര്‍ കാര്‍ഡുകള്‍ 1 ബില്യണ്‍ ബാങ്ക് എക്കൗണ്ടുകളുമായും 1 ബില്യണ്‍ മൊബീല്‍ നമ്പറുകളുമായും ബന്ധിപ്പിക്കുന്നതിനെയാണ് ഇതിലൂടെ ചൂണ്ടിക്കാണിച്ചത്.

Comments

comments

Categories: Slider, Top Stories