കോണ്ടാക്റ്റ്‌ലെസ് പേമെന്റുമായി എസ്ബിഐ കാര്‍ഡ്

കോണ്ടാക്റ്റ്‌ലെസ് പേമെന്റുമായി എസ്ബിഐ കാര്‍ഡ്

മുംബൈ: എസ്ബിഐ കാര്‍ഡ് ഉപയോക്താക്കള്‍ക്ക് തങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് സൈ്വപ്പിങ് മെഷീന്‍ വഴി പേമെന്റ് നടത്താനുള്ള സംവിധാനമൊരുങ്ങുന്നു. പിഒഎസ് മെഷീനുകളില്‍ കോണ്ടാക്റ്റ്‌ലെസ് പേമെന്റ് നടത്താന്‍ ഉപയോക്താക്കളെ സഹായിക്കുന്ന വിധത്തില്‍ എസ്ബിഐ കാര്‍ഡ് മൊബീല്‍ ആപ്ലിക്കേഷന്‍ അപ്‌ഡേറ്റ് ചെയ്യാനാണ് ബാങ്ക് തയാറെടുക്കുന്നത്. ഇത് യാഥാര്‍ത്ഥ്യമാകുന്നതോടെ പണമിടപാട് നടത്താന്‍ ഉപഭോക്താക്കള്‍ അവരുടെ സ്മാര്‍ട്ട്‌ഫോണ്‍ കൊണ്ട് സൈ്വപ്പിംഗ് മെഷീനില്‍ ഒന്നു തൊട്ടാല്‍ മതി.

ഹോസ്റ്റ് കാര്‍ഡ് എമുലേഷന്‍ (എച്ച്‌സിഇ) എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ കോണ്‍ടാക്റ്റ്‌ലെസ് പേമെന്റ് സേവനം ആരംഭിക്കുന്നത്. അടുത്ത മാസത്തോടെ സ്്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ചുകൊണ്ടുള്ള നിയര്‍-ഫീല്‍ഡ് കമ്യൂണിക്കേഷന്‍ സാങ്കേതികവിദ്യ ബാങ്ക് അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. എസ്ബിഐ കാര്‍ഡ് ഉപയോക്താക്കള്‍ ഇതിനോടകം തന്നെ സാംസംഗ് പേ പ്ലാറ്റ്‌ഫോമില്‍ കാര്‍ഡിനുള്ള ബദലായി സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നുണ്ട്.

മൊബീല്‍ ആപ്ലിക്കേഷനില്‍ പുതിയ ഫീച്ചര്‍ ഉള്‍പ്പെടുത്തികൊണ്ട് ഭാരത് ക്യൂ ആര്‍ കോഡ് സേവനവും എസ്ബിഐ അടുത്തിടെ ആരംഭിച്ചിരുന്നതായി എസ്ബിഐ കാര്‍ഡ് സിഇഒ വിജയ് ജസൂജ പറഞ്ഞു. ജനറല്‍ ഇലക്ട്രേണിക്‌സുമായി (ജിഇ) ചേര്‍ന്നാണ് എസ്ബിഐ പുതിയ സംവിധാനം ഒരുക്കുന്നത്. ഇതിലൂടെ രണ്ട് വര്‍ഷത്തിനുള്ളില്‍ ഉപയോക്താക്കളുടെ എണ്ണം അമ്പത് ലക്ഷത്തില്‍ നിന്നും ഇരട്ടിയായി വര്‍ധിപ്പിക്കാനാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ലക്ഷ്യമിടുന്നത്. കാര്‍ഡ് ഇഷ്യു ചെയ്യുന്നതില്‍ അതിവേഗ വളര്‍ച്ചയാണ് ബാങ്ക് രേഖപ്പെടുത്തിയിട്ടുള്ളത്. സിഐഎഫില്‍ (കാര്‍ഡ് ഇന്‍ ഫോഴ്‌സ്) 15 ശതമാനം വിപണി വിഹിതം നേടാനും ബാങ്കിന് സാധിച്ചിട്ടുണ്ട്.

നോട്ട് നിരോധനത്തിന് മുമ്പ് മാസം ശരാശരി 60,000 പേരാണ് എസ്ബിഐ കാര്‍ഡ് ഉപയോക്താക്കളായിരുന്നതെങ്കില്‍ പിന്നീട് അത് പ്രതിമാസം ഒരു ലക്ഷത്തിലധികം കാര്‍ഡുകള്‍ എന്ന നിലയിലെത്തി. നിലവിലിത് മാസം രണ്ട് ലക്ഷം എന്ന നിലയിലെത്തിയിട്ടുണ്ടെന്നും എസ്ബിഐ കാര്‍ഡ് സിഇഒ വിജയ് ജസുജ പറഞ്ഞു.

Comments

comments

Categories: Slider, Top Stories