എസ് കെ ഫിന്‍കോര്‍പ്പിന്റെ ഓഹരി ഏറ്റെടുക്കാനുള്ള പദ്ധതിയുമായി എന്‍വിപി

എസ് കെ ഫിന്‍കോര്‍പ്പിന്റെ ഓഹരി ഏറ്റെടുക്കാനുള്ള പദ്ധതിയുമായി എന്‍വിപി

34 ശതമാനം ഓഹരി വില്‍പ്പന സംബന്ധിച്ച് ഇരു സ്ഥാപനങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ നടന്നുവരികയാണ്

മുംബൈ: വെഞ്ച്വര്‍ കാപ്പിറ്റല്‍ ഫണ്ടായ നോര്‍ത്ത്‌വെസ്റ്റ് വെഞ്ച്വര്‍ പാര്‍ട്‌ണേഴ്‌സ്(എന്‍വിപി) ബാങ്ക് ഇതര സാമ്പത്തിക സേവന സ്ഥാപനമായ എസ് കെ ഫിന്‍കോര്‍പ്പ് പ്രൈവറ്റ് ലിമിറ്റഡിന്റെ 34 ശതമാനം ഓഹരികള്‍ ഏറ്റെടുക്കാന്‍ പദ്ധതിയിടുന്നു. ഇതു സംബന്ധിച്ച് ഇരു സ്ഥാപനങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ നടന്നുവരികയാണ്. 200 കോടി രൂപക്കാകും ഇടപാട് നടക്കുകയെന്നാണ് കരുതുന്നത്. ഇടപാട് യാഥാര്‍ത്ഥ്യമാകുകയാണെങ്കില്‍ സാമ്പത്തികസേവന സ്ഥാപനത്തില്‍ എന്‍വിപി നടത്തുന്ന ഏഴാമത്തെ നിക്ഷേപമായിരിക്കും ഇത്.

ശ്രീറാം സിറ്റി യൂണിയന്‍ ഫിനാന്‍സ്, ചോളമണ്ഡലം ഇന്‍വെസ്റ്റ്‌മെന്റ്, ഫിനാന്‍സ് കോ ലിമിറ്റഡ് തുടങ്ങിയ കമ്പനികളില്‍ എന്‍വിപി നേരത്തെ നിക്ഷേപം നടത്തിയിട്ടുണ്ട്.

1994 ല്‍ പ്രവര്‍ത്തനമാരംഭിച്ച എസ് കെ ഫിന്‍കോര്‍പ്പ് വാഹനങ്ങള്‍, കാര്‍ഷിക ഉപകരണങ്ങള്‍ എന്നിവ വാങ്ങാനും ചെറുകിട-ഇടത്തര സംരംഭങ്ങള്‍ക്കുള്ള ധനസഹായവുമാണ് നല്‍കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 157 കോടിയുടെ പ്രവര്‍ത്തന വരുമാനം നേടിയ എസ് കെ 18 കോടി രൂപയുടെ മൊത്തലാഭം നേടിയതായാണ് കണക്ക്. 2012 ല്‍ ബന്യാന്‍ ട്രീ ഗ്രോത്ത് കാപ്പിറ്റലില്‍ നിന്നാണ് കമ്പനി ആദ്യത്തെ പ്രൈവറ്റ് ഇക്വിറ്റി നിക്ഷേപം സ്വന്തമാക്കുന്നത്. ബന്യാന്‍ ട്രീ ഗ്രോത്ത് കാപ്പിറ്റല്‍ നിക്ഷേപം പിന്‍വലിച്ച് കമ്പനിയില്‍ നിന്ന് പുറത്തുപോകാന്‍ ആലോചിക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു.

Comments

comments

Categories: Business & Economy