‘മേക്ക് ദി വേള്‍ഡ് വണ്ടര്‍ഫുള്‍’

‘മേക്ക് ദി വേള്‍ഡ് വണ്ടര്‍ഫുള്‍’

സമൂഹത്തിലെ പാവപ്പെട്ട കുട്ടികള്‍ക്കായി വേറിട്ട വിദ്യാഭ്യാസ മാതൃക ഒരുക്കിയാണ് മേഘന ദബ്ബാറയും കൂട്ടരും ദേശീയ അന്തര്‍ദേശിയ തലത്തില്‍ ശ്രദ്ദേയമാകുന്നത്. മേക്ക് ദി വേള്‍ഡ് വണ്ടര്‍ഫുള്‍ എന്ന എന്‍ജിഒ പ്രസ്ഥാനത്തിലൂടെ അമ്പതില്‍പരം കുട്ടികളുടെ ആഹാരം, താമസം, വിദ്യാഭ്യാസം എന്നിവ ഏറ്റെടുത്ത് അവര്‍ക്ക് വേറിട്ട മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ സമത്വബോധം നല്‍കുകയാണിവിടെ. വ്യക്തിത്വ വികാസത്തിലൂടെ കുട്ടികളെ മികച്ച ലോക പൗരന്‍മാരാക്കി മാറ്റുകയാണ് ഈ കൗമാരക്കാരികളുടെ ലക്ഷ്യം

മേഘന ദബ്ബാറ എന്ന പേര് അധികമാരും കേട്ടുകാണില്ല. ഹൈദരാബാദ് സ്വദേശിയായ ഈ 19കാരി തന്റെ പഠനത്തോടൊപ്പം നിസഹായരായ കുട്ടികള്‍ക്ക് ഒരു താങ്ങും തണലുമാകാന്‍ ശ്രമിക്കുകയാണ്. എല്ലാവര്‍ക്കും വിദ്യാഭ്യാസം എന്നതല്ല, മറിച്ച് വിദ്യാഭ്യാസത്തിനൊപ്പം എങ്ങനെ നല്ലൊരു മനുഷ്യനാകാം എന്ന ആശയത്തിനാണ് ഈ പെണ്‍കുട്ടി മുന്‍തൂക്കം നല്‍കുന്നത്. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന മേക്ക് ദി വേള്‍ഡ് വണ്ടര്‍ഫുള്‍ (എംടിഡബ്ല്യൂഡബ്ല്യൂ) എന്ന സ്ഥാപനം തുടങ്ങാന്‍ കാരണമായ ബുദ്ധികേന്ദ്രവും മേഘന തന്നെ. ഇന്ന് അമ്പതില്‍പരം കുട്ടികള്‍ ഈ സ്ഥാപനത്തിന്റെ സഹായത്താല്‍ പഠനത്തിലും ജീവിതത്തിലും മറ്റൊരു സമത്വ സുന്ദര ലോകം സൃഷ്ടിച്ചിരിക്കുകയാണ്.

പ്രായത്തെ വെല്ലുന്ന അവബോധം

ഹൈദരാബാദില്‍ അനന്ത്പൂര്‍ ജില്ലയിലെ ഗുണ്ടക്കലില്‍ ജനിച്ചു വളര്‍ന്ന മേഘന അമ്മയില്‍ നിന്നും ഗ്രാമത്തിലെ ശാന്തവും സമാധാനപരവുമായ ഒട്ടേറെ ഗ്രാമീണ കഥകള്‍ കേട്ടാണ് വളര്‍ന്നത്. ആളുകള്‍ പരസ്പരം സഹായിച്ചു ജീവിച്ച ആ കഥകള്‍ ഇന്നത്തേ നിലയിലേക്ക് വളരാന്‍ മേഘനയ്ക്കു ഒരുപാട് പ്രചോദനം നല്‍കിയിട്ടുണ്ട്. കൗമാരപ്രായമെത്തിയപ്പോള്‍ സമൂഹത്തിനു വേണ്ടി, നിസഹായരായ കുട്ടികളുടെ ഭാവിയിലേക്കായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം അവളില്‍ കൂടിവന്നു. തുടര്‍ന്ന് ഐബി ഗ്രൂപ്പ് സംഘടിപ്പിച്ച മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തേക്കുറിച്ച് ഒരു വര്‍ക്‌ഷോപ്പില്‍ പങ്കെടുത്ത്് കൂടുതല്‍ കാര്യങ്ങള്‍ മനസിലാക്കി. ഇതോടെ സ്വന്തമായി ഒരു സ്ഥാപനം തുടങ്ങണമെന്ന ആശയം മേഘനയ്ക്കുണ്ടായി. സമാന സ്വഭാവമുള്ള തന്റെ ഉദ്യമത്തിന് മുതല്‍ക്കൂട്ടാവുന്ന മൂന്ന് പെണ്‍കുട്ടികളേക്കൂടി പരിചയപ്പെട്ടതോടെ 2015ല്‍ മേക്ക് ദി വേള്‍ഡ് വണ്ടര്‍ഫുള്‍ എന്ന എന്‍ജിഒ സ്ഥാപനത്തിന് തുടക്കമാവുകയായിരുന്നു. ഐബി ഗ്രൂപ്പിന്റെ സ്റ്റാര്‍ട്ടപ്പ് ഹബ്ബായ ഐബി ഹബ്ബ് വഴിയാണ് മേഘനയ്ക്ക് തന്റെ കൂട്ടാളികളെ കണ്ടെത്താനായത്. ഹൈദരാബാദ് സ്വദേശിയായ ഖ്യാദി, കാലിഫോര്‍ണിയയില്‍ നിന്നുള്ള സൗമ്യ ഖടൂരി, ന്യൂയോര്‍ക്കില്‍ നിന്നുള്ള പ്രണിത ഗരിമല്ല എന്നിവരോടൊപ്പമാണ് മേഘന എംടിഡബ്ല്യൂഡബ്ല്യൂ എന്ന സ്ഥാപനത്തിന് തുടക്കമിട്ടത്. ടീനേജുകാരായ ഈ നാലുപേര്‍ക്കും തങ്ങളുടെ പ്രായക്കുറവ് ഒരു പ്രശ്‌നമായി തോന്നിയില്ലെന്നു മാത്രമല്ല സമൂഹത്തില്‍ ഒരു നല്ല കാര്യം ചെയ്യാന്‍ ഇതൊരു മികച്ച അവസരമായി കണ്ടാണ് അവര്‍ ഈ സംരംഭത്തിനു മുന്നിട്ടിറങ്ങിയത്. ” പ്രായം ഒരു നമ്പര്‍ മാത്രമാണ്. കാഴ്ചപ്പാടിലുള്ള വ്യക്തതയും സമൂഹത്തില്‍ എന്നാലാവുന്ന ഒരു ചെറിയ മാറ്റത്തിനു തുടക്കമിടുന്നു എന്ന ബോധവും ഈ സ്ഥാപനവുമായി മുന്നോട്ട് പോകാന്‍ പ്രേരിപ്പിക്കുകയായിരുന്നു,” മേഘന പറയുന്നു.

തുടക്കത്തില്‍ സമൂഹത്തിന്റെ പല ഭാഗത്തു നിന്നും എതിര്‍പ്പുകളും സംശയങ്ങളും നിരവധി ഉണ്ടായെങ്കിലും മേഘന പിന്‍മാറാന്‍ കൂട്ടാക്കിയില്ല. ” എല്ലാവരുടേയും ചോദ്യങ്ങള്‍ക്ക് എനിക്കു കൃത്യമായ ഉത്തരമുണ്ടായിരുന്നു. മാത്രമല്ല മാതാപിതാക്കളുടേയും ഐബി ഹബ്ബിന്റെയും അകമഴിഞ്ഞ പിന്തുണയും മുന്നോട്ട് പോകാന്‍ പ്രേരിപ്പിച്ചു,”, മേഘന പറയുന്നു. എന്‍ആര്‍ഐ ആയിരുന്ന സൗമ്യയും പ്രണിതയും ഇന്ത്യയിലേക്കെത്തി തങ്ങളുടെ എന്‍ജിഒയ്ക്കുവേണ്ടി മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുകയാണിപ്പോള്‍. ഇതിനൊപ്പംതന്നെ ഡിസ്റ്റന്റ് ലേണിംഗ് വഴിയാണിപ്പോള്‍ നാലുപേരും പഠനം മുന്നോട്ട് കൊണ്ടുപോകുന്നത്. തങ്ങളുടെ എളിയ ഉദ്യമത്തില്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്നതുവഴി പാഠപുസ്തകത്തില്‍ ഇല്ലാത്ത ചില പ്രായോഗിക കാര്യങ്ങള്‍ കൂടുതലായി മനസിലാക്കാനായെന്നും മേഘന വ്യക്തമാക്കുന്നു.

ഐബി ഗ്രൂപ്പിന്റെ സ്റ്റാര്‍ട്ടപ്പ് ഹബ്ബായ ഐബി ഹബ്ബ് വഴിയാണ് മേഘനയ്ക്ക് തന്റെ കൂട്ടാളികളെ കണ്ടെത്താനായത്. ഹൈദരാബാദ് സ്വദേശിയായ ഖ്യാദി, കാലിഫോര്‍ണിയയില്‍ നിന്നുള്ള സൗമ്യ ഖടൂരി, ന്യൂയോര്‍ക്കില്‍ നിന്നുള്ള പ്രണിത ഗരിമല്ല എന്നിവരോടൊപ്പമാണ് മേഘന മേക്ക് ദി വേള്‍ഡ് വണ്ടര്‍ഫുള്‍ എന്ന സ്ഥാപനത്തിന് തുടക്കമിട്ടത്. ടീനേജുകാരായ ഈ നാലുപേര്‍ക്കും തങ്ങളുടെ പ്രായക്കുറവ് ഒരു പ്രശ്‌നമായി തോന്നിയിരുന്നില്ല

നമ്മുടേതായ ഒരു ലോകം

ഹൈദരാബാദ് ആസ്ഥാനമായ മേക്ക് ദി വേള്‍ഡ് വണ്ടര്‍ഫുള്‍ പ്രധാനമായും രണ്ടു കാര്യങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നത്. ഒന്ന് കുട്ടികളില്‍ ശരിയായ കാഴ്ചപ്പാടുകള്‍ ലഭിക്കുന്നതിനാവശ്യമായ ഒരു അവബോധന കോഴ്‌സ്. സ്‌കൂളുകളിലും കോളെജുകളിലുമായി നടപ്പിലാക്കി ഒരു മികച്ച കാഴ്ചപ്പാടുള്ള തലമുറയെ വാര്‍ത്തെടുക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം. മറ്റൊന്ന് നിസഹരായ കുട്ടികളെ ദത്തെടുക്കുന്ന ചൈല്‍ഡ് അഡോപ്ഷന്‍ പ്രോഗ്രാം (സിഎപി). ഇന്ന് ഈ നാലു പെണ്‍കുട്ടികള്‍ ചേര്‍ന്ന് എംടിഡബ്ല്യൂഡബ്ല്യൂവിന്റെ കീഴില്‍ ആറ് മുതല്‍ പത്തു വയസു വരെ പ്രായമുള്ള നിസഹരായി അമ്പതോളം കുട്ടികള്‍ക്ക് ആഹാരം, വിദ്യാഭ്യാസം മുതല്‍ താമസം വരെയുള്ള ഏര്‍പ്പാടുകള്‍ ചെയ്യുന്നുണ്ട്. ഹൈദരാബാദിലെ മേദ്ചലിലുള്ള മുന്നുനില വാടക കെട്ടിടത്തിലാണിപ്പോള്‍ അവരുടെ കാംപസ് പ്രവര്‍ത്തിക്കുന്നത്. കുട്ടികള്‍ക്കായി പഠനമുറി, ലൈബ്രറി, കംപ്യൂട്ടര്‍ ലാബ്, അടുക്കള, കുട്ടികള്‍ മേല്‍നോട്ടം വഹിക്കുന്ന പൂന്തോട്ടം എന്നിവയടങ്ങുന്നതാണ് കാംപസ്. ” ഇതിലേക്കാവശ്യമായ ഫണ്ട് ഐബ് ഹബ്ബിലെ വ്യക്തികള്‍ വഴിയും തങ്ങളോട് അടുത്ത വൃത്തങ്ങളിലൂടെയുമാണ്് സാധ്യമാകുന്നത്. സമൂഹത്തില്‍ ഒരു നല്ല കാര്യം ചെയ്യുന്നതിന് സഹായിക്കുന്ന ഒട്ടേറെ പേര്‍ ഞങ്ങളെ പിന്തുണയ്ക്കുന്നുണ്ട്,” മേഘന പറയുന്നു.

വേറിട്ട പഠനം

എംടിഡബ്ല്യൂഡബ്ല്യൂ വിഭാവനം ചെയ്ത പാഠ്യരീതിയാണിവിടെ പിന്തുടരുന്നത്. സിബിഎസ്ഇ, ഐസിഎസ്ഇ, എന്നീ ബോര്‍ഡുകള്‍ക്കു സമാനമായി ദേശിയ അംഗീകാരം ലഭിച്ചിരിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിംഗ് (എന്‍ഐഒഎസ്) സ്‌കീമാണ് ഇവര്‍ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പിന്തുടരുന്നത്. നിസഹായരായ കുട്ടികളുടെ സമഗ്രവിദ്യാഭ്യാസം ലക്ഷ്യമിട്ട് ഉത്തമപൗരന്‍മാരായി വാര്‍ത്തെടുക്കാനും മനുഷ്യരിലെ സമത്വവും സാഹോദര്യവും അവരെ ശീലിപ്പിക്കാനുമാണ് ഇവരുടെ ശ്രമം. ” മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ കുട്ടികളില്‍ വിശാലമായ കാഴ്ചപ്പാടുകള്‍ സൃഷ്ടിക്കുവാനും നല്ല മനോഭാവമുണ്ടാക്കി ലോക പൗരന്‍മാരായി വളര്‍ത്താനുമാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്,” മേഘന പറയുന്നു. വിശാലമായ ചിന്ത, വ്യക്തിഗത വളര്‍ച്ച, മെച്ചപ്പെട്ട ആത്മവിശ്വാസം, സെല്‍ഫ് മാനേജ്‌മെന്റ്, വൈകാരികമായ ബുദ്ധിശക്തി എന്നിവ കുട്ടികളില്‍ വളര്‍ത്താനാവശ്യമായ എല്ലാം പാഠ്യപദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്നും മേഘന സാക്ഷ്യപ്പെടുത്തുന്നു.

എംടിഡബ്ല്യൂഡബ്ല്യൂ വിഭാവനം ചെയ്ത പാഠ്യരീതിയാണിവിടെ പിന്തുടരുന്നത്. സിബിഎസ്ഇ, ഐസിഎസ്ഇ, എന്നീ ബോര്‍ഡുകള്‍ക്കു സമാനമായി ദേശിയ അംഗീകാരം ലഭിച്ചിരിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിംഗ് (എന്‍ഐഒഎസ്) സ്‌കീമാണ് ഇവര്‍ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പിന്തുടരുന്നത്. നിസഹായരായ കുട്ടികളുടെ സമഗ്രവിദ്യാഭ്യാസം ലക്ഷ്യമിട്ട് ഉത്തമപൗരന്‍മാരായി വാര്‍ത്തെടുക്കാനും മനുഷ്യരിലെ സമത്വവും സാഹോദര്യവും അവരെ ശീലിപ്പിക്കാനുമാണ് ഇവരുടെ ശ്രമം

” ഞങ്ങളുടെ കുട്ടികള്‍ രാവിലെ 5.30ന് യോഗ ചെയ്യാനായി ഉണരും. രാവിലെ 9 മുതല്‍ വൈകിട്ട് നാലുമണിവരെയാണ് പഠനം. ആഴ്ചയില്‍ രണ്ടുദിവസം നൃത്തപരിശീലനം, മൂന്നു ദിവസം കുംഗ്ഫൂ, വ്യക്തിത്വ വികസന പരീശീലനം എന്നിങ്ങനെയുള്ള പാഠ്യേതര വിഷയങ്ങളും ഇവിടെയുണ്ട്. വൈകിട്ട് നാലു മുതല്‍ 6 വരെ ഗാര്‍ഡനിംഗിനും കളികള്‍ക്കും അവസരം നല്‍കിയിട്ടുണ്ട്. കുട്ടികള്‍ക്കുള്ള ഭക്ഷണത്തിനായി ഒരു അംഗീകൃത ഡയറ്റീഷ്യന്റെ നിര്‍ദേശത്തിലുള്ള ഡയറ്റിംഗ് പ്ലാനും പിന്തുടരുന്നുണ്ട്. മാത്രമല്ല മാസം തോറും കുട്ടികളുടെ ഉയരവും ഭാരവും നോക്കി കൃത്യമായ ബിഎംഐ വിശകലനവും ഇവിടെ നടക്കുന്നുണ്ട്, ” മേഘന പറയുന്നു. തങ്ങളുടെ ഉദ്യമത്തിലെ വ്യത്യസ്തത കൊണ്ടുതന്നെ ഈ നാലു പെണ്‍കുട്ടികളും ഇന്ത്യയെ പ്രതീനീധീകരിച്ച് യുണൈറ്റഡ് നേഷന്റെ യൂത്ത് അസംബ്ലിയിലും പങ്കെടുക്കുകയുണ്ടായി. 2023ഓടെ 2500 ചൈല്‍ഡ് അഡോപ്ഷന്‍ കേന്ദ്രങ്ങള്‍ സ്ഥാപിച്ച് തങ്ങളുടെ എളിയ ഉദ്യമം വിപുലമാക്കുകയാണ് അവരുടെ ഇപ്പോഴത്തെ ലക്ഷ്യം.

Comments

comments

Categories: FK Special, Slider