വിപണി മൂല്യത്തില്‍ ടിസിഎസിനെ പിന്തള്ളി എച്ച്ഡിഎഫ്‌സി ബാങ്ക്

വിപണി മൂല്യത്തില്‍ ടിസിഎസിനെ പിന്തള്ളി എച്ച്ഡിഎഫ്‌സി ബാങ്ക്

4.73 ലക്ഷം കോടി രൂപയുടെ വിപണി മൂല്യമാണ് എച്ച്ഡിഎഫ്‌സി ബാങ്കിനുള്ളത്

മുംബൈ: വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ടിസിഎസിനെ പിന്തള്ളി എച്ച്ഡിഎഫ്‌സി ബാങ്ക് രണ്ടാം സ്ഥാനത്ത്. രാജ്യത്തെ ഏറ്റവും വലിയ സോഫ്റ്റ്‌വെയര്‍ കമ്പനിയായ ടിസിഎസിനെ ഇതാദ്യമായാണ് സ്വകാര്യ ധനകാര്യ സ്ഥാപനമായ എച്ച്ഡിഎഫ്‌സി ബാങ്ക് വിപണി മൂല്യത്തില്‍ മറികടക്കുന്നത്.

ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ചില്‍ നിന്നുള്ള കണക്കനുസരിച്ച് 4.73 ലക്ഷം കോടി രൂപയുടെ വിപണി മൂല്യമാണ് എച്ച്ഡിഎഫ്‌സി ബാങ്കിനുള്ളത്. ഓഹരി വിപണിയില്‍ ടിസിഎസിന്റെ മൂല്യം 4.72 ലക്ഷം കോടി രൂപയാണ്. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഓഹരി വില 0.6 ശതമാനം വര്‍ധിച്ച് 1,833.75 രൂപയിലെത്തിയതോടെയാണ് വിപണി മൂല്യത്തില്‍ ടിസിഎസിനെ മറികടക്കാന്‍ എച്ച്ഡിഎഫ്‌സി ബാങ്കിനായതെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ വ്യാപാരമാരംഭിച്ചപ്പോള്‍ ഓഹരിമൂല്യം 0.94 ശതമാനം വര്‍ധിച്ച് സര്‍വകാല റെക്കോഡായ 1840 രൂപയിലെത്തിയിരുന്നു. ബാങ്കിന്റെ ഓഹരിയില്‍ ഈ വര്‍ഷം 53 ശതമാനം വര്‍ധനയാണ് ഇതുവരെയുണ്ടായത്.

ഈ വര്‍ഷം ഇതുവരെ ടിസിഎസ് ഓഹരികള്‍ 4.5 ശതമാനത്തിന്റെ നേട്ടമാണുണ്ടാക്കിയത്. 0.22 ശതമാനം വര്‍ധനയോടെ 2,469 രൂപയ്ക്കാണ് ടിസിഎസ് ഓഹരികള്‍ ഇന്നലെ വ്യാപാരം നടത്തിയത്. രൂപ കരുത്താര്‍ജിച്ചതും യുഎസ് ഉയര്‍ത്തുന്ന സംരക്ഷണ വാദ വെല്ലുവിളികളും ബിസിനസ് അനിശ്ചിതത്വങ്ങളും ഇന്ത്യന്‍ ഐടി കമ്പനികളെ പ്രതികൂലമായി ബാധിച്ചിരുന്നു.

വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഏറ്റവും മൂല്യമുള്ള കമ്പനി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡാണ്. 5.34 ലക്ഷം കോടി രൂപയാണ് കമ്പനിയുടെ വിപണി മൂലധനം. ഈ വര്‍ഷം ഇതുവരെ 52 ശതമാനത്തിന്റെ നേട്ടമാണ് റിലയന്‍സ് ഓഹരികള്‍ക്കുണ്ടായത്. നാലു വര്‍ഷം മുന്‍പ് റിലയന്‍സില്‍ നിന്നും ഒന്നാം സ്ഥാനം പിടിച്ചെടുത്ത ടിസിഎസിനെ ഇക്കഴിഞ്ഞ ഏപ്രില്‍ 23നാണ് റിലയന്‍സ് മറികടന്നത്.

Comments

comments

Categories: Slider, Top Stories