മികച്ച ആശയവുമായെത്തുന്ന ഒരു സംരംഭകനും നിരാശനാകില്ല: മുഖ്യമന്ത്രി

മികച്ച ആശയവുമായെത്തുന്ന ഒരു സംരംഭകനും നിരാശനാകില്ല: മുഖ്യമന്ത്രി

ഭൂമിയുടെ ലഭ്യതക്കുറവ് ഒഴിവാക്കാന്‍ പുതിയ സംരംഭങ്ങള്‍ക്കു വേണ്ടി 5000 ഏക്കര്‍ അതിവേഗത്തില്‍ ഏറ്റെടുക്കുമെന്ന് യെസ് സംഗമത്തില്‍ വ്യവസായമന്ത്രി

കൊച്ചി: പുതിയ ആശയങ്ങളുമായി കേരളത്തിലേക്കു വരുന്ന ഒരു സംരംഭകനും നിരാശരായി മടങ്ങേണ്ടി വരില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ (കെഎസ്‌ഐഡിസി) കൊച്ചിയില്‍ സംഘടിപ്പിച്ച യുവ സംരംഭകത്വ ശില്‍പ്പശാലയായ യേസ് 3 ഡി 2017 ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

രാജ്യത്തെ ഏറ്റവും മികച്ച വ്യവസായ, നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റിയെടുക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. സംരംഭകത്വവുമായി ബന്ധപ്പെട്ട് ഫണ്ട് ലഭിക്കുന്നതില്‍ ഉള്‍പ്പടെ ഒരു മേഖലയിലും തടസ്സങ്ങള്‍ ഉണ്ടാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഐടി അധിഷ്ഠിത മേഖലകളില്‍ മാത്രമാകരുത് സ്റ്റാര്‍ട്ടപ്പുകളുടെ പ്രവര്‍ത്തനം. കൃഷി, വിനോദ സഞ്ചാരം, ആരോഗ്യം, മാലിന്യ നിര്‍മാര്‍ജനം തുടങ്ങിയ വ്യത്യസ്തങ്ങളായ മേഖലകളില്‍ നൂതന ആശയങ്ങളുമായി യുവാക്കള്‍ കടന്നു വരണം.

കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങളാക്കാനുള്ള നൂതന ആശയങ്ങളുമായി സംരംഭകര്‍ കടന്നു വരണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. തൊഴില്‍ സംരംഭങ്ങളുമായി ബന്ധപ്പെട്ട് യുവാക്കളുടെ കാഴ്ചപ്പാട് ഇപ്പോള്‍ വളരെ മാറിയിട്ടുണ്ട്. മുന്‍പ് വിദ്യാഭ്യാസം കഴിഞ്ഞ് ഏതെങ്കിലും ഒരു തൊഴില്‍ നേടാനായിരുന്നു ശ്രമം. ഇപ്പോള്‍ വിദ്യാഭ്യാസ ഘട്ടത്തില്‍ തന്നെ ചെറിയ, പുതിയ കാര്യങ്ങള്‍ക്കു തുടക്കം കുറിക്കാനാവുമോ എന്നാണ് അവര്‍ പരിശോധിക്കുന്നത്.

കെഎസ്‌ഐഡിസിയും കെഎഫ്‌സിയും ചേര്‍ന്ന് 1500 സരംഭങ്ങള്‍ക്കാണു ധനസഹായം ചെയ്യുന്നതെന്നു മുഖ്യമന്ത്രി

സംരംഭകത്വ ശില്‍പ്പശാലയില്‍ കണ്ട തെങ്ങു കയറുന്ന യന്ത്രം ഉള്‍പ്പടെയുള്ളവ നൂതനമായ ആശയങ്ങളായി തോന്നി. പരമ്പരാഗത രീതികളില്‍ കുടുങ്ങിക്കിടക്കാതെ കാലാനുസൃതമായ രീതികള്‍ ആവിഷ്‌ക്കരിക്കണമെന്നും അദ്ദേഹം യുവ സംരംഭകരോട് ആഹ്വാനം ചെയ്തു. നമ്മുടെ വ്യാവസായിക അന്തരീക്ഷത്തില്‍ വലിയ മാറ്റമാണു വന്നിരിക്കുന്നത്. കെഎസ്‌ഐഡിസിയും കെഎഫ്‌സിയും ചേര്‍ന്ന് 1500 സരംഭങ്ങള്‍ക്കാണു ധനസഹായം ചെയ്യുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഭാവി സാമ്പത്തിക വളര്‍ച്ചാ സ്രോതസ്സ് എന്ന് സര്‍ക്കാര്‍ മനസ്സിലാക്കുന്ന സംരംഭങ്ങള്‍ക്ക് 1375 കോടി രൂപ വകയിരുത്തിയിട്ടുണ്ട് ഇതില്‍ 549 കോടി ഐടിഐടി അനുബന്ധ വ്യവസായങ്ങള്‍ക്ക് മാറ്റിവച്ചിരിക്കുന്നു. പത്തുകോടി രൂപ ടെക്‌നോളജി ഇന്നൊവേഷനും യുവജന സംരംഭകത്വ പരിപാടികള്‍ക്കായി 70 കോടി രൂപയും മാറ്റിവച്ചിട്ടുണ്ട്

കെഎസ്‌ഐഡിസിയുടെ സഹായത്തോടെ അസീമോ റോബോട്ടിക്‌സ് വികസിപ്പിച്ചെടുത്ത റോബോട്ട് വേദിയിലെത്തി കൈമാറിയ ടാബ് ഉപയോഗിച്ച് യേസ് 3 ഡി 2017ന്റെ പ്രമേയ ചിത്രം പ്രദര്‍ശിപ്പിച്ചാണ് മുഖ്യമന്ത്രി സംരംഭകത്വ ഉച്ചകോടി ഉദ്ഘാടനം ചെയ്തത്.

വ്യവസായ രംഗത്തെ തടസങ്ങള്‍ ഒഴിവാക്കാന്‍ കെഎസ്‌ഐഡിസിയെ നോഡല്‍ ഏജന്‍സിയാക്കാനുള്ള നിയമ നിര്‍മാണത്തിന് സര്‍ക്കാര്‍ ഒരുങ്ങുകയാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച വ്യവസായ മന്ത്രി എ സി മൊയ്തീന്‍ വ്യക്തമാക്കി. പുതിയ സംരംഭകര്‍ക്ക് ആവശ്യമായ പശ്ചാത്തല സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള പിന്തുണ ലഭ്യമാക്കാന്‍ മുന്‍പൊന്നുമില്ലാത്ത രീതിയിലുള്ള ഇടപെടലുകളാണ് സര്‍ക്കാര്‍ നടത്തുന്നത്. ഭൂമിയുടെ ലഭ്യതക്കുറവ് ഒഴിവാക്കാന്‍ പുതിയ സംരംഭങ്ങള്‍ക്കു വേണ്ടി 5000 ഏക്കര്‍ അതിവേഗത്തില്‍ ഏറ്റെടുക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി.

കേരളത്തിലെ സംരംഭക രംഗത്ത് അതിവേഗത്തിലുള്ള മാറ്റങ്ങളാണുണ്ടാകുന്നതെന്ന് പ്രത്യേക പ്രഭാഷണം നടത്തിയ കേന്ദ്ര ടെലികോം സെക്രട്ടറി അരുണാ സുന്ദരരാജന്‍ ചൂണ്ടിക്കാട്ടി. എണ്‍പതുകളിലേതിനെ അപേക്ഷിച്ച് വന്‍ മാറ്റമാണ് സംസ്ഥാനത്ത് ഉണ്ടായത്. അടുത്തിടെ അമേരിക്കയിലെ സിലിക്കണ്‍വാലി സന്ദര്‍ശിച്ചപ്പോള്‍ അവിടെ കണ്ട സംരംഭകരില്‍ നിരവധി മലയാളി യുവാക്കളുണ്ടായിരുന്നു എന്നു കാണാനായത് തികച്ചും ആവേശകരമായിരുന്നു എന്നും അരുണാ സുന്ദരരാജന്‍ പറഞ്ഞു.

Comments

comments

Categories: Slider, Top Stories