ഇകോം എക്‌സ്പ്രസ് വാര്‍ബര്‍ഗ് പിന്‍കസില്‍ നിന്ന് 192 കോടി രൂപ സമാഹരിച്ചു

ഇകോം എക്‌സ്പ്രസ് വാര്‍ബര്‍ഗ് പിന്‍കസില്‍ നിന്ന് 192 കോടി രൂപ സമാഹരിച്ചു

ബെംഗളൂരു : ഇ-കൊമേഴ്‌സ് ലോജിസ്റ്റിക്‌സ് കമ്പനിയായ ഇകോം എക്‌സ്പ്രസ് തങ്ങളുടെ നിലവിലെ നിക്ഷേപകരായ വാര്‍ബര്‍ഗ് പിന്‍കസില്‍ നിന്ന് 192 കോടി രൂപ സമാഹരിച്ചെന്ന് റിപ്പോര്‍ട്ട്. സ്വകാര്യ നിക്ഷേപക കമ്പനി യൂണിറ്റായ ഈഗിള്‍ബെ ഇന്‍വെസ്റ്റ്‌മെന്റിലൂടെയാണ് ഇകോം നിക്ഷേപം സമാഹരിച്ചതെന്ന് കമ്പനി ഗവേഷക പ്ലാറ്റ്‌ഫോമായ ടോഫഌര്‍ വെളിപ്പെടുത്തി. 2015 ലും വാര്‍ബര്‍ഗ് പിന്‍കസ് ഇകോം എക്‌സ്പ്രസില്‍ 850 കോടി രൂപ നിക്ഷേപിച്ചിരുന്നു. 2012 ല്‍ ടി എ കൃഷ്ണ, മഞ്ചു ധവാന്‍, കെ സത്യനാരായണ, സഞ്ജീവ് സക്‌സേന എന്നിവര്‍ ചേര്‍ന്ന് സ്ഥാപിച്ച കമ്പനിയാണ് ഇകോം.

ഇകോം എക്‌സ്പ്രസ് വിവിധ നഗരങ്ങളില്‍ വെയര്‍ഹൗസിംഗ് സൗകര്യം ലോഞ്ച് ചെയ്തിട്ടുണ്ട്. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ 2,000 ത്തിലധികം നഗരങ്ങളിലായി 15,000 ത്തോളം പിന്‍കോഡുകള്‍ക്ക് സേവനത്തിനുള്ള ശ്രമത്തിലാണ് കമ്പനിയെന്ന് അധികൃതര്‍ വ്യക്തമാക്കി.

രാജ്യത്തെ ലോജിസ്റ്റിക്‌സ് മേഖലയില്‍ അടുത്തക്കാലത്ത് സജീവമായ നിക്ഷേകരാണ് വാര്‍ബര്‍ഗ് പിന്‍കസ്. കഴിഞ്ഞവര്‍ഷം ഗുരുഗ്രാം ആസ്ഥാനമാക്കിയ ലോജിസ്റ്റിക്‌സ് സേവന ദാതാക്കളായ റിവിഗോയില്‍ പിന്‍കസ് 500 കോടി രൂപ നിക്ഷേപിച്ചിരുന്നു. ലോജിസ്റ്റിക്‌സ് കമ്പനിയായ സ്റ്റീലര്‍ വാല്യു ചെയിന്റെയും നിക്ഷേപകരാണ് സ്വകാര്യ ഓഹരി കമ്പനിയായ പിന്‍കസ്.

ഈ വര്‍ഷമാദ്യം സ്വകാര്യ ഓഹരി ഫണ്ടായ കാര്‍ലൈ ഏഷ്യ പാര്‍ട്‌നേഴ്‌സ് ഇ-കൊമേഴ്‌സ് ലോജിസ്റ്റിക്‌സ് കമ്പനിയായ ഡെലിവറിയുടെ ന്യൂനപക്ഷ ഓഹരികള്‍ക്കായി 100 മില്ല്യണ്‍ ഡോളര്‍ ഫണ്ടിംഗ് നടത്തിയിരുന്നു. ചരക്ക് സേവന നികുതി നടപ്പിലായതോടെ അന്തര്‍നഗര ചെക്‌പോസ്റ്റുകള്‍ ഇല്ലാതായത് ലോജിസ്റ്റിക്‌സ് മേഖലയെ അഭിവൃദ്ധിപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇ- കൊമേഴ്‌സ് മേഖലയിലെ പ്രമുഖ കമ്പനികളായ ഫഌപ്പ്കാര്‍ട്ടും ആമസോണും അടുത്തിടെ തങ്ങളുടെ ലോജിസ്റ്റിക്‌സ് സേവനം ശക്തിപ്പെടുത്തിയിരുന്നു.

Comments

comments

Categories: Business & Economy