ചൈനയുടെ നടപടി സ്വാഗതാര്‍ഹം

ചൈനയുടെ നടപടി സ്വാഗതാര്‍ഹം

പെട്രോള്‍, ഡീസല്‍ കാറുകളുടെ വില്‍പ്പന നിരോധിക്കാനുള്ള ചൈനയുടെ നീക്കം സ്വാഗതാര്‍ഹമാണ്. ആഗോള താപനം പ്രതിരോധിക്കുന്നതിലും പ്രകൃതിയെ സംരക്ഷിക്കുന്നതിനും കൂടുതല്‍ രാജ്യങ്ങള്‍ ഇത്തരം തീരുമാനത്തിലേക്ക് എത്തേണ്ടതുണ്ട്

പെട്രോള്‍, ഡീസല്‍ കാറുകളെ ഘട്ടംഘട്ടമായി തുരത്താനുള്ള നടപടികള്‍ ചൈനയിലെ വ്യവസായ മന്ത്രാലയം ആലോചിക്കുകയാണ്. തീര്‍ത്തും നല്ല തീരുമാനം തന്നെ. പെട്രോള്‍, ഡീസല്‍ കാറുകളുടെ നിര്‍മാണവും വില്‍പ്പനയും നിരോധിക്കുമെന്നാണ് ചൈനീസ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. കൃത്യമായ ഒരു തിയതി ഈ ലക്ഷ്യത്തിനായി ചൈന പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഓട്ടോ മേഖലയിലെ പ്രമുഖര്‍ക്കുള്ള കടുത്ത സന്ദേശമാണത്. കഴിഞ്ഞ ദിവസം ഇന്ത്യയുടെ ഗതാഗതമന്ത്രി നിതിന്‍ ഗഡ്ക്കരിയും സമാനമായ പ്രസ്താവന നടത്തിയിരുന്നു. ഹരിത ഇന്ധനത്തിലേക്ക് നിങ്ങള്‍ മാറാന്‍ തയാറല്ലെങ്കില്‍ നിങ്ങളുടെ കാറുകളെ ഞാന്‍ ‘ബുള്‍ഡോസ്’ ചെയ്യും എന്നായിരുന്നു ഗഡ്ക്കരി പറഞ്ഞത്.

ചൈനയുടെ ഇത്തരത്തിലുള്ള തീരുമാനം വളരെ പ്രസക്തമാണ്. കാരണം വാഹനങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ചൈനയാണ് ഏറ്റവും വലിയ ഓട്ടോമൊബീല്‍ വിപണി. അപ്പോള്‍ അവിടെയുണ്ടാകുന്ന ഈ മേഖലയെ സംബന്ധിച്ച എന്ത് നയം മാറ്റവും ലോക വിപണിയിലും നിഴലിക്കും. ചൈന പൂര്‍ണമായും ഇലക്ട്രിക് വാഹനങ്ങളിലേക്ക് എത്രയും വേഗം എത്തുന്നോ അത്രയും നല്ലത്. കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്നതിലും ആഗോള താപനത്തിനെതിരെയുള്ള യുദ്ധത്തിലുമെല്ലാം അത് നിര്‍ണായക പങ്കുവഹിക്കും.

വ്യവസായ വകുപ്പിലെ ജൂനിയര്‍ മന്ത്രി ചൈനയുടെ നയം വ്യക്തമാക്കിയിട്ടുണ്ട്. പരമ്പരാഗത ഊര്‍ജ സ്രോതസുകള്‍ ഉപയോഗപ്പെടുത്തിയുള്ള വാഹനങ്ങളുടെ നിര്‍മാണവും വില്‍പ്പനയും നിരോധിക്കുന്നതിനുള്ള ടൈം ടേബിള്‍ ഉണ്ടാക്കുകയാണ് തങ്ങളെന്ന് ഷിന്‍ ഗുവോബിന്‍ കഴിഞ്ഞ ദിവസം പറഞ്ഞു. നേരത്തെ ഫ്രാന്‍സും ബ്രിട്ടനും ഈ തീരുമാനം പ്രഖ്യാപിച്ചിരുന്നു. 2040 ആകുമ്പോഴേക്കും എല്ലാ ഡീസല്‍, പെട്രോള്‍ കാറുകളുടെയും വില്‍പ്പന അവസാനിപ്പിക്കുമെന്നും പൂര്‍ണമായും ഇലക്ട്രിക് വാഹനങ്ങളാകും നിരത്തിലിറങ്ങുകയെന്നും ഇരു രാജ്യങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള സമയപരിധി കൂടി തങ്ങളുടെ ലക്ഷ്യത്തിന് ചൈന നിശ്ചയിക്കുന്നത് നന്നായിരിക്കും.

ഇലക്ട്രിക് കാര്‍ വ്യവസായത്തില്‍ ഒരു മുഴം മുമ്പേ സഞ്ചരിക്കാനാണ് ചൈന പദ്ധതിയിടുന്നത്. ഇത് മനസിലാക്കി ഇന്ത്യയും ഇലക്ട്രിക് വിപ്ലവം വേഗത്തിലാക്കേണ്ടതുണ്ട്.

കഴിഞ്ഞ വര്‍ഷമാണ് ലോകത്തെ ഏറ്റവും വലിയ ഇലക്ട്രിക് കാര്‍ വിപണിയെന്ന നിലയില്‍ ചൈന യുഎസിനെ മറികടന്നത്. 2015നെ അപേക്ഷിച്ച് വില്‍പ്പനയില്‍ 50 ശതമാനം വര്‍ധനയാണ് ഈ വര്‍ഷം ചൈനയുടെ ഇലക്ട്രിക്, ഇലക്ട്രിക്-ഹൈബ്രിഡ് വാഹനങ്ങള്‍ക്കുണ്ടായിരിക്കുന്നത്. 3336,000 ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങളാണ് ഇപ്പോള്‍ അവിടെ വിറ്റുപോകുന്നത്. ഈ പശ്ചാത്തലത്തില്‍ ചൈനയുടെ തീരുമാനം വളരെയധികം ഗുണം ചെയ്യാനാണ് സാധ്യത. ഇലക്ട്രിക് വാഹനങ്ങളുടെ വ്യാപനത്തിനായി ഗവേഷണങ്ങള്‍ക്കും സബ്‌സിഡികള്‍ക്കുമെല്ലാം ചൈന ബില്ല്യണ്‍ കണക്കിന് ഡോളറാണ് നീക്കിവെക്കുന്നത്. ഓരോ ഓട്ടോ കമ്പനിയും ഒരു നിശ്ചിത സമയപരിധിക്കുള്ളില്‍ അവരുടെ ഇലക്ട്രിക് കാറുകളുടെ ഉല്‍പ്പാദനത്തില്‍ കൃത്യമായ വര്‍ധന രേഖപ്പെടുത്തണമെന്ന ശക്തമായ നിര്‍ദേശം സര്‍ക്കാര്‍ നല്‍കുന്നുണ്ട്.

ഫ്രാന്‍സിന്റെയും ബ്രിട്ടന്റെയും ചൈനയുടെയും പാത പിന്തുടര്‍ന്ന് ഇന്ത്യയും ഉടന്‍ ഇത്തരത്തിലൊരു പ്രഖ്യാപനം നടത്തേണ്ടതുണ്ട്. ഭൂമിയെ സംരക്ഷിക്കുന്നതില്‍ ഇന്ത്യക്കുമുണ്ടല്ലോ ഈ രാജ്യങ്ങളോളം തന്നെ ഉത്തരവാദിത്തം. ആ നിലയ്ക്ക് അധികം താമസിയാതെ ഇലക്ട്രിക് വിപ്ലവത്തില്‍ മറ്റുള്ളവര്‍ക്ക് മാതൃകയാകുന്ന തരത്തിലാകണം ഇന്ത്യയുടെയും പ്രവര്‍ത്തനങ്ങള്‍. ചാര്‍ജിംഗ് സ്റ്റേഷനുകള്‍ വ്യാപിപ്പിക്കുന്നതും ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വില കുറയ്ക്കുന്നതും ഉള്‍പ്പെടെയുള്ള നിരവധി പദ്ധതികള്‍ ഇതിന്റെ ഭാഗമായി രാജ്യം ആവിഷ്‌കരിച്ച് നടപ്പാക്കേണ്ടതുണ്ട്.

Comments

comments

Categories: Editorial, Slider