അഭയാര്‍ത്ഥിത്വത്തിന്റെ ചങ്ങലയില്‍പ്പെടുന്ന അവകാശങ്ങള്‍

അഭയാര്‍ത്ഥിത്വത്തിന്റെ ചങ്ങലയില്‍പ്പെടുന്ന അവകാശങ്ങള്‍

റോഹിങ്ക്യന്‍ മുസ്ലീങ്ങളിലെ തീവ്രവാദ വിഭാഗക്കാര്‍ രൂപവല്‍ക്കരിച്ച അരകന്‍ റോഹിങ്ക്യ സാല്‍വേഷന്‍ ആര്‍മി (എആര്‍എസ്എ-അര്‍സ) രാജ്യത്തെ സമാധാന സംരക്ഷണ സേനയ്ക്ക് നേരെ ഓഗസ്റ്റ് അവസാന വാരം നടത്തിയ ആക്രമണത്തില്‍ നൂറിലധികം പേര്‍ കൊല്ലപ്പെട്ടിരിക്കുകയാണ്.

പഗോഡകളുടെ നാടാണ് മ്യാന്‍മര്‍ എന്ന പഴയ ബര്‍മ. അഹിംസയുടെയും ക്ഷമയുടെയും പ്രതീകമായ ബുദ്ധന്റെ അനുയായികളുടെ വിഹാരങ്ങളാണ് പഗോഡകളെന്ന വന്‍ സ്തൂപങ്ങള്‍. എന്നാല്‍ ബുദ്ധഭിക്ഷുക്കളുടെ നാട്ടില്‍ നിന്ന് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേള്‍ക്കുന്ന വാര്‍ത്തകള്‍ ഹിംസകളുടേതും അക്ഷമയുടേതുമാണ്. ഫലമോ ലക്ഷക്കണക്കിനാളുകള്‍ അഭയാര്‍ത്ഥികളാക്കപ്പെടുകയും ആയിരക്കണക്കിനാളുകള്‍ കൊല്ലപ്പെടുകയും ചെയ്യപ്പെട്ടിരിക്കുന്നു. ഈ പ്രക്രിയ തുടര്‍ന്നുകൊണ്ടിരിക്കുന്നു.

റാഖൈന്‍ പ്രവിശ്യയിലുള്ള റോഹിങ്ക്യന്‍ മുസ്ലീങ്ങളും തീവ്രമതഅനുയായികളും തമ്മിലെ നേരിട്ടുള്ള സംഘര്‍ഷമാണ് മ്യാന്‍മറില്‍ നിന്ന് ദിനംപ്രതിയെന്നോണം പുറത്തുവരുന്നത്. ബംഗ്ലാദേശില്‍ വേരുകളുള്ള റോഹിങ്ക്യകള്‍ക്ക് മ്യാന്‍മറിന്റെ മണ്ണില്‍ ഇടമില്ലെന്നാണ് രാജ്യം ഭരിക്കുന്ന നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി എന്ന പാര്‍ട്ടിയുടേയും പൊതു നിലപാട്. ഈ കക്ഷിയെ പുറകില്‍ നിന്ന് നയിക്കുന്ന, സമാധാനത്തിനുള്ള നൊബേല്‍ സമ്മാനിതയായ ആംഗ് സാന്‍ സുചിയും റോഹിങ്ക്യകളോട് മുഖം തിരിഞ്ഞ് നില്‍ക്കുകയാണ്. മ്യാന്‍മറില്‍ ജനാധിപത്യം പുനഃസ്ഥാപിക്കാന്‍ ത്യാഗനിര്‍ഭരമായ പ്രവര്‍ത്തനം നടത്തിയ ആംഗ് സാന്‍ സൂചി ഇപ്പോള്‍ വിദേശകാര്യ ചുമതല വഹിക്കുന്ന സ്‌റ്റേറ്റ് കൗണ്‍സിലര്‍ എന്ന പദവിയാണ് കൈയാളുന്നത്.

റോഹിങ്ക്യന്‍ മുസ്ലീങ്ങളിലെ തീവ്രവാദ വിഭാഗക്കാര്‍ രൂപവല്‍ക്കരിച്ച അരകന്‍ റോഹിങ്ക്യ സാല്‍വേഷന്‍ ആര്‍മി (എആര്‍എസ്എ-അര്‍സ) രാജ്യത്തെ സമാധാന സംരക്ഷണ സേനയ്ക്ക് നേരെ ഓഗസ്റ്റ് അവസാന വാരം നടത്തിയ ആക്രമണത്തില്‍ നൂറിലധികം പേര്‍ കൊല്ലപ്പെട്ടിരിക്കുകയാണ്. ഇതോടെ റോഹിങ്ക്യന്‍ പ്രശ്‌നം ഒരിക്കല്‍ കൂടി അന്തര്‍ദേശീയവല്‍ക്കരിക്കപ്പെട്ടിരിക്കുകയാണ്. 18000ത്തിലധികം റോഹിങ്ക്യകള്‍ ബംഗ്ലാദേശ്-മ്യാന്‍മര്‍ അതിര്‍ത്തിയിലെ നദി മുറിച്ചുകടന്ന് അനധികൃതമായി ബംഗ്ലാദേശില്‍ എത്തിയിരിക്കുകയാണ്.

ലോകത്തിലെ തന്നെ ഏറ്റവും ജനസാന്ദ്രതയേറിയ ബംഗ്ലാദേശില്‍, മ്യാന്‍മറില്‍ നിന്നുള്ള റോഹിങ്ക്യകള്‍ കൂടി എത്തിയതോടെ ആ രാജ്യം നട്ടം തിരിയുകയാണെന്ന് പറയാം. 2012ലെ വംശീയാക്രമണത്തെ തുടര്‍ന്നാണ് 1.2 ലക്ഷം റോഹിങ്ക്യകള്‍ക്ക് സ്വന്തം നാടുവിട്ട് പലായനം ചെയ്യേണ്ടിവന്നത്. ഏതാണ്ട് 40000 റോഹിങ്ക്യകള്‍ ഇന്ത്യയിലും എത്തിച്ചേര്‍ന്നിട്ടുണ്ടെന്നാണ് നിഗമനം. ഇതില്‍ 14000 പേര്‍ മാത്രമെ ഔദ്യോഗികമായി യുഎന്‍ അഭയാര്‍ത്ഥി ഏജന്‍സിയുടെ (യുഎന്‍എച്ച്‌സിആര്‍) കണക്ക് പ്രകാരം രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുള്ളു. മ്യാന്‍മറിന്റെ പടിഞ്ഞാറ് റാഖൈന്‍ അഥവാ അറാക്കന്‍ സംസ്ഥാനത്ത് നിന്ന് വന്ന ഇവര്‍ ജമ്മു, ഹൈദരാബാദ്, ഹരിയാന, യുപി, ഡെല്‍ഹി, എന്നിവിടങ്ങളിലാണ് പ്രധാനമായും താവളമടിച്ചിരിക്കുന്നത്. ഇന്ത്യ യുഎന്‍എച്ച്‌സിആറില്‍ ഔദ്യോഗികമായി ഒപ്പുവെച്ചിട്ടില്ലാത്തതിനാല്‍ നിയമപരമായി അഭയം നല്‍കേണ്ട ബാധ്യതയില്ല.

ഇരുപത് ലക്ഷത്തോളം റോഹിങ്ക്യന്‍ വംശജര്‍ ഉണ്ടെന്നാണ് കണക്ക്. അതില്‍ 12 ലക്ഷവും ഇപ്പോള്‍ അഭയാര്‍ത്ഥികളാണ്. സൗദി അറേബ്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, മലേഷ്യ, തായ്‌ലന്‍ഡ്, ഇന്ത്യ എന്നിവിടങ്ങളിലായി പ്രാഥമിക മനുഷ്യാവകാശങ്ങള്‍ പോലും നിഷേധിക്കപ്പെട്ട് തികച്ചും പരിതാപകരമായ നിലയിലാണ് ഇവരില്‍ ബഹുഭൂരിപക്ഷത്തിന്റേയും ജീവിതം. എട്ട് ലക്ഷം റോഹിങ്ക്യകള്‍ മാത്രമാണ് റാഖൈനില്‍ ഇപ്പോഴുള്ളത്. ഭൂമുഖത്തെ ഏറ്റവും വലിയ ദുരിതം നേരിടുന്ന വംശമാണ് ഇവര്‍. അഭയാര്‍ത്ഥികള്‍ക്കായി സംസാരിക്കുന്നവര്‍ എന്നാല്‍, റോഹിങ്ക്യകള്‍ക്കായി ശബ്ദമുയര്‍ത്തുന്നില്ല എന്നതാണ് സത്യം. തുര്‍ക്കി മാത്രം ഈ കാര്യമായ പ്രതികരണം നടത്തിയതൊഴിച്ചാല്‍ ലോകശക്തികള്‍ തികച്ചും നിശബ്ദത പാലിക്കുകയാണ് ഈ വിഷയത്തില്‍. പോപ്പ് ഫ്രാന്‍സിസ് ഒക്‌റ്റോബര്‍-നവംബര്‍ മാസത്തില്‍ മ്യാന്‍മര്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ റോഹിങ്ക്യകളേയും കാണുമെന്നറിയിച്ചത് ഏറെ പ്രതീക്ഷയ്ക്ക് വക നല്‍കുന്നതാണ്.

അര്‍സ എന്ന തീവ്രവാദ സംഘടന സൗദി കേന്ദ്രമായി ഒരു വര്‍ഷം മുമ്പാണ് നിലവില്‍ വന്നത്. പ്രവാസി റോഹിങ്ക്യകളുടെ ഒരു പ്രതികരണം എന്ന നിലയ്ക്കാണ് അര്‍സയെ കണ്ടുവരുന്നത്. അത്തല്ലാഹ് അബു അമര്‍ ജൂനിയര്‍ എന്ന പാക്കിസ്ഥാനില്‍ ജനിച്ച റോഹിങ്ക്യ വംശജനാണ് അര്‍സയുടെ സ്ഥാപകന്‍ എന്നാണ് കരുതപ്പെടുന്നത്. മക്കയില്‍ വളര്‍ന്ന ജഹൂദികളും പ്രവാസികളായ റോഹിങ്ക്യകളും ചേര്‍ന്ന് സ്ഥാപിച്ച അര്‍സ തീവ്രവാദത്തിലേക്ക് കടന്നതോടെ ബുദ്ധിസ്റ്റ് തീവ്രപക്ഷക്കാരും മ്യാന്‍മറില്‍ വാളെടുത്തിരിക്കുകയാണ്. 2016 ഒക്‌റ്റോബറിലെ പൊലീസ് സ്റ്റേഷന്‍ ആക്രമണത്തോടു കൂടിയാണ് റാഖൈനില്‍ അര്‍സ സജീവമാകുന്നത്. അരകന്‍ എന്നത് റാഖൈന്‍ പ്രവിശ്യയുടെ മറ്റൊരു പേരാണ്. ഓഗസ്റ്റ് 28ന് അര്‍സ പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍ പറയുന്നത് ബര്‍മീസ് സര്‍ക്കാരിന്റെ ബുദ്ധതീവ്രവാദ അനുകൂല നിലപാടിനെതിരെ രക്തം ചിന്തിയും പോരാടും എന്നു തന്നെയാണ്.

മ്യാന്‍മര്‍-ബംഗ്ലാദേശ് അതിര്‍ത്തിയിലെ താപ് നദി മുറിച്ചുകടന്നെത്തുന്ന റോഹിങ്ക്യകളില്‍ പലര്‍ക്കും നദിയില്‍ മുങ്ങിമരിക്കാനാണ് വിധി എന്നതാണ് ദുഃഖകരമായ വസ്തുത. കോക്സ്സ് ബസാര്‍ എന്ന ബംഗ്ലാദേശിലെ ഏറ്റവും ജനസാന്ദ്രതയേറിയ ജില്ലയില്‍ താല്‍ക്കാലിക താവളമുറപ്പിക്കുന്ന റോഹിങ്ക്യകള്‍ കടുത്ത പീഡകളാണ് ഏറ്റുവാങ്ങുന്നത്. ഇന്ത്യയിലെ മനുഷ്യാവകാശ കമ്മീഷന്‍ ഇവരുടെ പരിതാപ സ്ഥിതിയില്‍ ഉത്കണ്ഠാകുലരാണ്. മോദി സര്‍ക്കാരാകട്ടെ, ഒട്ടും അനുകൂല നിലപാടല്ല ബംഗാളി വംശജരായ റോഹിങ്ക്യകളോട് തുടര്‍ന്നുവരുന്നത്.

ജനിച്ച മണ്ണില്‍ പൗരത്വം നിഷേധിക്കപ്പെടുന്ന നിര്‍ഭാഗ്യവാന്മാരാണ് പതിറ്റാണ്ടുകളായി റോഹിങ്ക്യകള്‍. അതുകൊണ്ടാണ് ഇവരെ ‘ഭൂമുഖത്ത് ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷം’എന്ന് ഐക്യരാഷ്ട്ര സംഘടന വിശേഷിപ്പിച്ചത്. മ്യാന്‍മര്‍ തലസ്ഥാനമായ നെപ്യിഡോയില്‍ ജനാധിപത്യമാണ് കളിയാടുന്നത്. സര്‍ക്കാരിനെ പിന്നില്‍ നിന്ന് നയിക്കുന്നത് ലോകജനാധിപത്യത്തിന്റെ തന്നെ മനഃസാക്ഷിയെന്ന് ഒരു കാലത്ത് വിളിപ്പേര് കേട്ട ആംഗ് സാന്‍ സുചിയാണ്. എങ്കിലും റോഹിങ്ക്യകളുടെ നിലവിളി ഇന്നും ബധിരകര്‍ണ്ണങ്ങളില്‍ തന്നെയാണ് പതിക്കുന്നത്.

ഇരുപത് ലക്ഷത്തോളം റോഹിങ്ക്യന്‍ വംശജര്‍ ഉണ്ടെന്നാണ് കണക്ക്. അതില്‍ 12 ലക്ഷവും ഇപ്പോള്‍ അഭയാര്‍ത്ഥികളാണ്. സൗദി അറേബ്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, മലേഷ്യ, തായ്‌ലന്‍ഡ്, ഇന്ത്യ എന്നിവിടങ്ങളിലായി പ്രാഥമിക മനുഷ്യാവകാശങ്ങള്‍ പോലും നിഷേധിക്കപ്പെട്ട് തികച്ചും പരിതാപകരമായ നിലയിലാണ് ഇവരില്‍ ബഹുഭൂരിപക്ഷത്തിന്റേയും ജീവിതം. എട്ട് ലക്ഷം റോഹിങ്ക്യകള്‍ മാത്രമാണ് റാഖൈനില്‍ ഇപ്പോഴുള്ളത്.

‘All you can do is pray’ എന്നാണ് 2013ല്‍ ഹ്യൂമന്‍ റൈറ്റ്‌വാച്ച് എന്ന മനുഷ്യാവകാശ സര്‍ക്കാരിതര സംഘടന റോഹിങ്ക്യന്‍ പ്രശ്‌നത്തെക്കുറിച്ച് പുറത്തിറക്കിയ റിപ്പോര്‍ട്ടിന്റെ തലക്കെട്ട് തന്നെ. അന്തര്‍ദേശീയ സമൂഹം കുറ്റകരമായ മൗനം തന്നെയാണ് റോഹിങ്ക്യകളുടെ കാര്യത്തില്‍ അവലംബിക്കുന്നത്. പ്രാര്‍ത്ഥനകള്‍ മാത്രമല്ല, പ്രയത്‌നം കൂടിയുണ്ടായാലേ നമ്മുടെ അയല്‍പ്പക്കത്തെ ഈ പ്രതിസന്ധിക്ക് ശാശ്വത പരിഹാരമാവൂ. മതതീവ്രവാദികള്‍ അര്‍സ പോലുള്ള സംഘടനകളെ ദുരുപയോഗം ചെയ്താല്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ തന്നെ അത് സുരക്ഷാ പ്രശ്‌നമുണ്ടാക്കുമെന്നതില്‍ സംശയമില്ല.

ഭക്ഷണം, വെള്ളം, പുതപ്പ് എന്നിങ്ങനെയുള്ള പ്രാഥമിക കാര്യങ്ങള്‍ പോലും ഭൂരിപക്ഷം അഭയാര്‍ത്ഥികള്‍ക്കും അന്യമാണ്. മ്യാന്‍മര്‍ സൈന്യവും ബുദ്ധമത തീവ്രവാദികളും റോഹിങ്ക്യന്‍ തീവ്രവാദികളും ചേര്‍ന്ന് നടത്തുന്ന യുദ്ധത്തില്‍ ആയിരങ്ങളാണ് ദുരിതം പേറുന്നത്.

സ്ത്രീകളും കുട്ടികളുമാണ് മറ്റേതൊരു യുദ്ധമുഖത്തുമെന്ന വണ്ണം ഇക്കാര്യത്തിലും ദുരിതങ്ങള്‍ ഏറെ സഹിക്കേണ്ടിവരുന്നവര്‍. ഓഗസ്റ്റ് 25നുണ്ടായ ആക്രമണങ്ങളില്‍ 103 സുരക്ഷാ ഉദ്യോഗസ്ഥരെ അര്‍സ വധിച്ചെങ്കില്‍ 38000 പേര്‍ ഒറ്റരാത്രി കൊണ്ട് അഭയാര്‍ത്ഥികളാക്കപ്പെട്ടു. ഏകദേശം 370 റോഹിങ്ക്യകള്‍ കൊല്ലപ്പെട്ടു.
മ്യാന്‍മറിലെ തീവ്രവലതുപക്ഷ ബുദ്ധമത തീവ്രവാദികളും റോഹിങ്ക്യന്‍ മുസ്ലീമുകളുടെ അര്‍സയെന്ന മതമൗലിക സംഘടനയും തോക്ക് താഴെവെച്ചില്ലെങ്കില്‍ ദക്ഷിണേഷ്യയ്ക്കും ദക്ഷിണ പൂര്‍വേഷ്യയ്ക്കും കടുത്ത സുരക്ഷാ പ്രതിസന്ധിയാവും ഉണ്ടാകാന്‍ പോകുന്നത്. പരിഷ്‌കൃത ലോകത്തിന് കേട്ടു നില്‍ക്കാന്‍ പോലും ആവുന്നതല്ല റാഖൈനില്‍ നിന്നുള്ള വാര്‍ത്തകള്‍.

Comments

comments

Categories: FK Special, Slider