പ്രതിവര്‍ഷം ഇന്ത്യക്ക് 414 മില്യണ്‍ ഡോളര്‍ ലാഭിക്കാനാകുമെന്ന് ട്രൂകോളര്‍

പ്രതിവര്‍ഷം ഇന്ത്യക്ക് 414 മില്യണ്‍ ഡോളര്‍ ലാഭിക്കാനാകുമെന്ന് ട്രൂകോളര്‍

ഏറ്റവും കൂടുതല്‍ ശല്യവിളികള്‍ വരുന്നത് ടെലികോം കമ്പനികളില്‍ നിന്നും ഫിനാന്‍ഷ്യല്‍ സര്‍വീസസ് കമ്പനികളില്‍ നിന്നും

ബെംഗളൂരു: ശല്യ വിളികള്‍ (സ്പാം കോള്‍) അവഗണിക്കുന്നതിലൂടെ ഇന്ത്യന്‍ മൊബീല്‍ ഉപയോക്താക്കള്‍ക്ക് പ്രതിവര്‍ഷം 63 മില്യണ്‍ മണിക്കൂര്‍ ലാഭിക്കാനാകുമെന്ന് ഓണ്‍ലൈന്‍ ഫോണ്‍ബുക്ക് കമ്പനിയായ ട്രൂകോളറിന്റെ കണ്ടെത്തല്‍. സമയം പണമാണ്, സ്പാം കോളുകള്‍ ബ്ലോക്ക് ചെയ്യുന്നതിലൂടെ ഉപയോക്താക്കള്‍ ലാഭിക്കുന്ന സമയം ഉല്‍പ്പാദനപരമായി ഉപയോഗിച്ചാല്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് പ്രതിവര്‍ഷം 414 മില്യണ്‍ ഡോളറിന്റെ നേട്ടമുണ്ടാക്കാമെന്നാണ് ട്രൂകോളര്‍ വിലയിരുത്തുന്നത്.

മൊബീല്‍ ഫോണുകളില്‍ ഏറ്റവും കൂടുതല്‍ ശല്യ വിളികളെത്തുന്നത് ഇന്ത്യക്കാര്‍ക്കാണെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടും നേരത്തെ ട്രൂകോളര്‍ പുറത്തുവിട്ടിരുന്നു. രാജ്യത്തെ ഒരു ഉപയോക്താവിന് പ്രതിമാസം 22 സ്പാം കോളുകള്‍ വരുന്നുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്. 20 രാജ്യങ്ങളില്‍ നടത്തിയ പഠനത്തിലാണ് ഏറ്റവും കൂടുതല്‍ ശല്യവിളികള്‍ വരുന്നത് ഇന്ത്യക്കാര്‍ക്കാണെന്ന് കണ്ടെത്തിയത്. രണ്ടാം സ്ഥാനത്ത് യുഎസും ബ്രസീലുമാണുള്ളത്. ഈ രാജ്യങ്ങളില്‍ 20.7 സ്പാം കോളുകളാണ് ഒരു ഉപയോക്താവിന് പ്രതിമാസം വരുന്നത്.

ഒരു സ്പാം കോളിന്റെ ദൈര്‍ഘ്യം ശരാശരി 30 സെക്കന്‍ഡ് വച്ച് കണക്കാക്കിയാല്‍ ഇവ അവഗണിക്കുന്നതിലൂടെ ഒരു വര്‍ഷം 63 മില്യണ്‍ മണിക്കൂര്‍ ഇന്ത്യന്‍ മൊബീല്‍ വരിക്കാര്‍ക്ക് ലാഭിക്കാനാകുമെന്ന് ട്രൂകോളര്‍ പറയുന്നു.

ഡിജിറ്റല്‍ യുഗത്തില്‍ വ്യക്തികളുടെ കോണ്ടാക്റ്റ് വിവരങ്ങള്‍ ഓണ്‍ലൈനായി എളുപ്പത്തില്‍ ലഭ്യമാകും. വിവിധ ആപ്ലിക്കേഷനുകള്‍ക്ക് അടിസ്ഥാന വിവരങ്ങള്‍ ആക്‌സസ് ചെയ്യാന്‍ ഉപയോക്താക്കള്‍ അനുമതി നല്‍കുന്നതിലൂടെ സ്പാമര്‍മാര്‍ക്ക് വ്യക്തികളുടെ കോണ്ടാക്റ്റ് വിവരങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാകുകയാണെന്ന് കൗണ്ടര്‍പോയ്ന്റ് റിസര്‍ച്ച് അസോസിയേറ്റ് ഡയറക്റ്റര്‍ തരുണ്‍ പതക് പറഞ്ഞു.

ഇന്ത്യയില്‍ സ്മാര്‍ട്ട്‌ഫോണുകളുടെയും ഫീച്ചര്‍ഫോണുകളുടെയും വിപ്ലവകരമായ വളര്‍ച്ച ഭാവിയില്‍ സ്പാം കോളുകള്‍ വര്‍ധിക്കുമെന്നാണ് വ്യക്തമാക്കുന്നതെന്നും ട്രൂകോളര്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ മൊബീല്‍ ഉപയോക്താള്‍ക്ക് ഏറ്റവും കൂടുതല്‍ ശല്യവിളികള്‍ വരുന്നത് ടെലികോം കമ്പനികളില്‍ നിന്നും ഫിനാന്‍ഷ്യല്‍ സര്‍വീസസ് കമ്പനികളില്‍ നിന്നുമാണ്. വിവിധ ഓഫറുകള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനു വേണ്ടിയുള്ളതാണ് ഈ വിളികളത്രയും. യുഎസില്‍ ഏറ്റവും കൂടുതല്‍ ശല്യ വിളികള്‍ വരുന്നത് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Comments

comments

Categories: Tech