ദുബായ് ഹാര്‍ബര്‍ പദ്ധതിയില്‍ രണ്ടാമത്തെ ക്രൂയിസ് ടെര്‍മിനല്‍ നിര്‍മിക്കാന്‍ മെറാസ്

ദുബായ് ഹാര്‍ബര്‍ പദ്ധതിയില്‍ രണ്ടാമത്തെ ക്രൂയിസ് ടെര്‍മിനല്‍ നിര്‍മിക്കാന്‍ മെറാസ്

മിന അല്‍ സെയാഹിയിലാണ് മെഗാ ദുബായ് ഹാര്‍ബര്‍ പ്രൊജക്റ്റ് നിര്‍മിക്കുന്നത്

ദുബായ്: ദുബായ് ഹാര്‍ബറില്‍ ഒരു ക്രൂയിസ് ടെര്‍മിനല്‍ കൂടി നിര്‍മിക്കാന്‍ പ്രമുഖ നിര്‍മാതാക്കളായ മെറാസ് പദ്ധതിയിടുന്നു. സിറ്റിസ്‌കാപ് എക്‌സിബിഷനിലാണ് കമ്പനി പ്രഖ്യാപനം നടത്തിയത്. ഈ വര്‍ഷം ജനുവരിയില്‍ കൊണ്ടുവന്ന മെഗാ ദുബായ് ഹാര്‍ബര്‍ പ്രൊജക്റ്റില്‍ ഉള്‍പ്പെടുത്തിയാണ് രണ്ടാമത്തെ ടെര്‍മിനല്‍ നിര്‍മിക്കുന്നത്.

മിന അല്‍ സെയാഹിയിലെ കിംഗ് സല്‍മാന്‍ ബിന്‍ അബ്ദുള്ളസീസ് അല്‍ സൗദ് സ്ട്രീറ്റിലാണ് ദുബായ് ഹാര്‍ബര്‍ സ്ഥിതിചെയ്യുന്നത്. രണ്ട് ടെര്‍മിനലുകളുടെ നിര്‍മാണം ഒരു സമയത്ത് നടക്കുന്ന ആദ്യത്തെ ക്രൂയിസ് ഡെസ്റ്റിനേഷനാണിതെന്നും മെറാസ് പത്രക്കുറിപ്പില്‍ പറഞ്ഞു. സമുദ്രത്തിന് അഭിമുഖമായി 20 മില്യണ്‍ സ്‌ക്വയര്‍ ഫീറ്റിലായി വ്യാപിച്ചുകിടക്കുന്ന പ്രദേശത്താണ് മെഗാ പദ്ധതി ഒരുങ്ങുന്നത്. ജുമൈറ ബീച്ച് റസിഡന്‍സിനും പൈം ജുമൈറയ്ക്കും ഇടിയിലായാണ് പദ്ധതി വരുന്നത്.

പദ്ധതിയുടെ നിര്‍മാണം പൂര്‍ത്തിയായാല്‍ പ്രതിവര്‍ഷം 1,200,000 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ടെര്‍മിനലുകള്‍ക്കാവും. ഓരോ ടെര്‍മിനലിനും ഏകദേശം 14,000 സ്‌ക്വയര്‍ മീറ്റര്‍ വലിപ്പമുണ്ടാകും. രണ്ട് ടെര്‍മിനലുകള്‍ക്കുമായി 900 മീറ്ററില്‍ ഒരു ഏപ്രണായിരിക്കും ഉണ്ടാവുക. രണ്ടാമത്തെ ടെര്‍മിനല്‍ നിര്‍മിക്കുന്നത് ആഗോള ക്രൂയിസ് ഇന്‍ഡസ്ട്രിയില്‍ മികച്ച വളര്‍ച്ചയ്ക്ക് കാരണമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മെറാസ് വ്യക്തമാക്കി.

പദ്ധതിയുടെ നിര്‍മാണം പൂര്‍ത്തിയായാല്‍ പ്രതിവര്‍ഷം 1,200,000 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ടെര്‍മിനലുകള്‍ക്കാവും. ഓരോ ടെര്‍മിനലിനും ഏകദേശം 14,000 സ്‌ക്വയര്‍ മീറ്റര്‍ വലിപ്പമുണ്ടാകും

2030 ആകുമ്പോഴേക്കും പ്രതിവര്‍ഷം 40 മില്യണ്‍ ആളുകള്‍ കപ്പലുകളിലൂടെ യാത്ര ചെയ്യുമെന്നാണ് ക്രൂയിസ് ഇന്‍ഡസ്ട്രിയുടെ വിവരങ്ങളില്‍ വ്യക്തമാക്കുന്നത്. 2017 ലെ 24 മില്യണില്‍ നിന്ന് 40 ശതമാനത്തിന്റെ വര്‍ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടെര്‍മിനലിനുള്ള ഭൂമി തയാറായതിന് ശേഷം ക്രൂയിസ് ടെര്‍മിനലിന്റെ കരാറുകാരെ നിശ്ചയിക്കുമെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.

ക്രൂയിസ് ടെര്‍മിനല്‍ കൂടാതെ ദുബായ് ഹാര്‍ബറില്‍ 875,000 സ്‌ക്വയര്‍ ഫീറ്റില്‍ ഷോപ്പിംഗ് മാള്‍, ആഡംബര താമസസൗകര്യം, പരിപാടികള്‍ അവതരിപ്പിക്കുന്നതിനുള്ള വേദി, റസ്റ്റോറന്റ്, കഫേകള്‍, ഹോട്ടലുകള്‍, യോട്ടിംഗ് ക്ലബ് എന്നിവ ഉള്‍പ്പെടുത്തുന്നുണ്ട്. ഇവ കൂടാതെ 135 മീറ്റര്‍ ഉയരത്തിലുള്ള ടവറും ഇവിടെ നിര്‍മിക്കുന്നുണ്ട്. ദുബായ് ലൈറ്റ്ഹൗസ് എന്ന് പേരിട്ടിരിക്കുന്ന ടവറില്‍ നിരീക്ഷിക്കാനുള്ള സ്ഥലവും ഉണ്ടാകും.

സ്‌കൈഡൈവ് ദുബായ്, ദുബായ് ഇന്റര്‍നാഷണല്‍ മറീന ക്ലബ്, ലോഗോ ഐലന്റ് എന്നിവയും ദുബായ് ഹാര്‍ബറിലെ പ്രവര്‍ത്തനങ്ങളുമായി സംയോജിപ്പിക്കുന്നണ്ട്. റോഡ്, വായു, കടല്‍ എന്നീ എല്ലാ ഗതാഗത സംവിധാനത്തേയും പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. പൊതുഗതാഗത സംവിധാനം, വാട്ടര്‍ സ്റ്റേഷന്‍, കാല്‍നടക്കാര്‍ക്കായി പാലം, ജോഗിംഗിനും സൈക്ലിംഗിനുമായുള്ള ട്രാക്കും പദ്ധതിയിലുണ്ടാകും.

Comments

comments

Categories: Arabia