ചൈനയുടെ ഇരട്ടത്താപ്പ്

ചൈനയുടെ ഇരട്ടത്താപ്പ്

ബ്രിക്‌സ് ഉച്ചകോടിക്ക് തൊട്ടുപിന്നാലെ പാക്കിസ്ഥാനെ പുകഴ്ത്തിയുള്ള ചൈനയുടെ നടപടിയില്‍ വ്യക്തമാണ് അവരുടെ ഇരട്ടത്താപ്പും ഭീകരതയക്കെതിരെയുള്ള നടപടികളിലെ ആത്മാര്‍ത്ഥതയില്ലായ്മയും

ബ്രിക്‌സ് ഉച്ചകോടിക്ക് ശേഷം ലോകം ധരിച്ചത് ഭീകരതയോടുള്ള സമീപനത്തില്‍ ചൈനയുടെ നയങ്ങള്‍ മാറുന്നുവെന്നാണ്. ഇന്ത്യയുടെയും മറ്റ് രാജ്യങ്ങളുടെയും സമ്മര്‍ദ്ദത്തിന്റെ ഫലമായി ബ്രിക്‌സില്‍ പാക്കിസ്ഥാന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ലഷ്‌കര്‍ ഇ തായ്ബ, ജയ്ഷ് ഇ മൊഹമ്മദ് എന്നീ രണ്ട് ഭീകരസംഘങ്ങളെ തള്ളിപ്പറയാന്‍ ചൈന തയാറായിരുന്നു. പാക്കിസ്ഥാന്‍ ഭീകരതയോടുള്ള ചൈനയുടെ സമീപനത്തില്‍ ഒരു പുനപരിശോധന ഉണ്ടാകുകയാണെന്ന് ലോകം ധരിച്ചു. എന്നാല്‍ ആ ധാരണ തെറ്റാണെന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ചൈന ബോധ്യപ്പെടുത്തിയിരിക്കുകയാണ്.

ബ്രിക്‌സ് ഉച്ചകോടിയിലെ സംയുക്ത പ്രഖ്യാപനത്തിന് നാല് ദിവസത്തിന്റെ ആയുസ്സ് മാത്രമേ അവര്‍ നല്‍കിയുള്ളൂ. അങ്ങനെയൊന്നും പാക്കിസ്ഥാനെ തങ്ങള്‍ കൈവിടില്ലെന്ന സന്ദേശമാണ് ചൈന നല്‍കിയിരിക്കുന്നത്. ചൈനയുടെ വിദേശകാര്യമന്ത്രി വാംഗ് യി പാക്കിസ്ഥാനെ തങ്ങള്‍ ശക്തമായി പിന്തുണയ്ക്കുന്നുവെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. ഭീകരതയ്‌ക്കെതിരെ പാക്കിസ്ഥാന്‍ ചെയ്യുന്ന കാര്യങ്ങളെ എല്ലാവരും കാണുന്നില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പാക്കിസ്ഥാനെതിരെ സ്വീകരിക്കുന്ന പുതിയ തീവ്രനിലപാടുകളെക്കുറിച്ച് പരാമര്‍ശിച്ചപ്പോഴായിരുന്നു ചൈനീസ് വിദേശകാര്യമന്ത്രിയുടെ പ്രസ്താവന.

ബ്രിക്‌സ് സമ്മേളനത്തിലെ പുരോഗതി കണ്ട് അങ്ങോട്ട് യാത്ര തിരിച്ച പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രി കൗജ മുഹമ്മദ് ആസിഫിന്റെ സന്ദര്‍ശനത്തിന് കാര്യമുണ്ടായെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്. അദ്ദേഹത്തോടൊപ്പമുള്ള സംയുക്ത പത്രസമ്മേളനത്തിലാണ് ബ്രിക്‌സ് രാജ്യങ്ങള്‍ കൈക്കൊണ്ട തീരുമാനത്തിന് വിരുദ്ധമായുള്ള പ്രസ്താവന വന്നത്.

ചൈന ഇന്ത്യയെ ആണ് ശത്രുവായി കാണുന്നത്. അവര്‍ക്ക് ഒരു ഭാഗത്ത് വമ്പന്‍ ബിസിനസ് താല്‍പ്പര്യങ്ങള്‍ ഉണ്ടെങ്കില്‍ കൂടി. എന്നാല്‍ ആ ശുത്രുതയുടെ അടിസ്ഥാനത്തില്‍ തന്ത്രങ്ങള്‍ മെനയാന്‍ അവര്‍ കൂട്ടുകൂടുന്നതും ഉപയോഗപ്പെടുത്തുന്നതും പാക്കിസ്ഥാനെയാണ്. ഇന്ത്യാ വിരുദ്ധത എന്ന ആശയം ചൈനയ്ക്കുണ്ട് എന്ന ഒറ്റ കാരണത്താലാണ് പാക്കിസ്ഥാന്‍ ചൈനയോടൊപ്പം സര്‍വതും മറന്ന് നില്‍ക്കുന്നത്. നാളെ ചൈനയ്ക്ക് ഏറ്റവും വലിയ ഭീഷണിയായി മതതീവ്രവാദം മാറുമെന്നുള്ള യാഥാര്‍ത്ഥ്യം ഷി ജിന്‍ പിംഗിന് തിരിച്ചറിയാന്‍ ആകാത്തതാണ് ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം അടിസ്ഥാന കാരണം. പാക്കിസ്ഥാന്‍ കൂടി ഭാഗമായ ആഗോള ഭീകരതയുടെ ഭാവിയിലെ ഇര തന്നെയാണ് ചൈന.

ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പാക്കിസ്ഥാന്‍ അവരാല്‍ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും അതിനുള്ള മുഴുവന്‍ ക്രെഡിറ്റും ചില രാജ്യങ്ങള്‍ അവര്‍ക്ക് നല്‍കുന്നില്ലെന്നും ചൈനീസ് വിദേശകാര്യമന്ത്രി പറഞ്ഞു. എന്തായാലും ചൈനയുടെ ഇരട്ടത്താപ്പ് ഒരിക്കല്‍ കൂടി ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. ചൈനയ്ക്ക് തലവേദനയായ ഷിങ്ജിയാങ്ങ് പ്രവിശ്യയിലെ വിഘനടവാദി നേതാക്കളായ ചിലര്‍ പാക്കിസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ക്കെതിരെ നടപടിയെടുക്കാമെന്ന് പാക്കിസ്ഥാന്‍ ചൈനയ്ക്ക് ഉറപ്പു നല്‍കിയതായാണ് വിവരം. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് ആത്മസുഹൃത്തിനെ പിന്താങ്ങിയുള്ള ചൈനയുടെ പുതിയ പ്രസ്താവനകള്‍. വലിയ ത്യാഗങ്ങളാണ് ഭീകരതയ്‌ക്കെതിരായ യുദ്ധത്തില്‍ പാക്കിസ്ഥാന്‍ ചെയ്യുന്നത് എന്നെല്ലാമുള്ള ശുദ്ധ അസംബന്ധങ്ങളാണ് ചൈന തട്ടിവിട്ടിരിക്കുന്നത്. ഭീകരത ആഗോള വിഷയമാണെന്നും രണ്ടു രാജ്യങ്ങള്‍ തമ്മില്‍ പരസ്പരം പഴിചാരുന്നതില്‍ കാര്യമില്ല എന്നുള്ള ഉപദേശങ്ങളും ഇന്ത്യയെ ഉദ്ദേശിച്ച് വാംഗ് നല്‍കുകയുണ്ടായി. ഇനിയും ഭീകരതയ്‌ക്കെതിരെ നിലപാടെടുക്കണമെന്ന് പറഞ്ഞ് ബ്രിക്‌സില്‍ ഇന്ത്യ സമ്മര്‍ദ്ദം ചെലുത്തുന്നതില്‍ ഒരു അര്‍ത്ഥവുമില്ല. ബ്രിക്‌സ് അപ്രസക്തമായ സംഘടനയായി പോയാല്‍ അതിന് പൂര്‍ണ ഉത്തരവാദി ചൈന മാത്രമായിരിക്കും.

Comments

comments

Categories: Editorial, Slider