ആദിവാസി സമരത്തിനു മുമ്പില്‍ മുട്ടുമടക്കി കല്‍ക്കരി കമ്പനികള്‍

ആദിവാസി സമരത്തിനു മുമ്പില്‍ മുട്ടുമടക്കി കല്‍ക്കരി കമ്പനികള്‍

ഇന്ത്യന്‍ കല്‍ക്കരികമ്പനികളുടെ വിലപേശലിനു തിരിച്ചടി

പതിനാറു ദിവസമായി സന്നദ്ധ പ്രവര്‍ത്തക, കാനായി പട്ടേല്‍ നിരാഹാരസമരം തുടങ്ങിയിട്ട്. അവരുടെ കൂടാരത്തിനു മുമ്പില്‍ പിന്തുണയുമായി തടിച്ചു കൂടിയ ഛത്തീസ്ഗഡിലെ കൊസംപലി ആദിവാസി ഗ്രാമത്തിലെ ജനത ഈ ദിവസങ്ങളത്രയും കോള്‍ ഇന്ത്യ എന്ന രാജ്യത്തെ ഏറ്റവും വലിയ കമ്പനി നടത്തിയ അനുനയ ശ്രമങ്ങള്‍ക്ക് സാക്ഷിയായി. ടെട്രാ ജ്യൂസ് പായ്ക്കുകളുമായി കമ്പനി ഉദ്യോഗസ്ഥര്‍ പലകുറി കൂടാരത്തില്‍ കയറിയിറങ്ങിയെങ്കിലും സമരം നിര്‍ത്താന്‍ പട്ടേല്‍ തയാറായില്ല. ഈ അസാധാരണ സമരം രാജ്യത്തെ കല്‍ക്കരി വ്യവസായത്തിന് പുതിയൊരു പാഠം പകര്‍ന്നിരിക്കുന്നു. ഒരു സമരം ജനങ്ങള്‍ക്കു വേണ്ടിയും യുക്തിസഹവുമാണെങ്കില്‍ നേര്‍വഴിക്കു നടത്തുന്ന പക്ഷം അതിനെ തകര്‍ക്കാന്‍ ഒരു ശക്തിക്കുമാകില്ല. 3.675 ബില്യണ്‍ ടണ്‍ കല്‍ക്കരി കുഴിച്ചെടുക്കാറുള്ള മണ്ഡ് റായ്ഗഡിലെ കല്‍ക്കരിപ്പാടങ്ങളെ രണ്ടാഴ്ച സ്തംഭിപ്പിക്കാന്‍ സമരത്തിനു കഴിഞ്ഞു.

ആദിവാസി ഗോത്രവിഭാഗങ്ങള്‍ തലമുറകളായി വസിച്ചു പോരുന്ന മേഖലകളാണ് കൊസംപാലിയും സരസ്മലും. കല്‍ക്കരി മന്ത്രാലയം ഖനനം തുടങ്ങിയതോടെ പ്രദേശം പല തുണ്ടുകളായി വിഭജിച്ചു വിറ്റുപോകാന്‍ തുടങ്ങി. ഗരേ പേല്‍മ പാടത്തോട് അതിര്‍ത്തി പങ്കിടുന്ന ഗ്രാമങ്ങളിലെ വീടുകള്‍ ഖനികള്‍ക്ക് 80- 160 മീറ്റര്‍ വരെ അടുത്താണു സ്ഥിതി ചെയ്യുന്നത്. ഖനികളില്‍ നിന്നുള്ള ചൂടും പുകയും പാറ പൊട്ടിക്കാനുള്ള സ്‌ഫോടനങ്ങളും ഇവിടെ സൈ്വര്യജീവിതം ഇല്ലാതാക്കുന്നു. ഇരു ഗ്രാമങ്ങളിലും ഖനികള്‍ക്കെതിരേ വലിയ ജനകീയപ്രക്ഷോഭങ്ങള്‍ക്ക് ഇതു വഴിതെളിച്ചു. കോള്‍ ഇന്ത്യയുടെ രണ്ടാമത്തെ വലിയ ഉപസ്ഥാപനമായ സൗത്ത് ഈസ്റ്റ് കോള്‍ഫീല്‍ഡ്‌സ് ലിമിറ്റഡിനാണ് (എസ്ഇസിഎല്‍) ഇതിന്റെ ഉടമസ്ഥാവകാശം. മുമ്പ് ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍ കമ്പനിയായിരുന്നു ഖനിയുടമകള്‍.

ആവശ്യം ലളിതമാണെന്നാണ് സമരക്കാര്‍ പറയുന്നത്. ഖനനം നിര്‍ത്തിവെക്കണം, വന്‍കുഴികള്‍ നികത്തണം, സിഎസ്ആര്‍ രേഖകളില്‍ പറഞ്ഞിരിക്കുന്ന വാഗ്ദാനങ്ങള്‍ പാലിക്കണം, കൈയേറിയ കര്‍ഷകഭൂമിക്ക് നഷ്ടപരിഹാരവും കുടുംബാഗങ്ങള്‍ക്കു ജോലിയും നല്‍കണമെന്നുമുള്ള ആവശ്യങ്ങളാണ് ഇവര്‍ മുമ്പോട്ടു വെക്കുന്നത്. ഖനനത്തിന് ഇനി അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് അവര്‍. ഖനിയുടെ ഉടമസ്ഥാവകാശത്തെച്ചൊല്ലി അവ്യക്തത സൃഷ്ടിച്ചു കൊണ്ടാണ് കമ്പനി ഇവരെ ചൂഷണം ചെയ്യുന്നത്. 968 ഹെക്റ്റര്‍ പ്രദേശത്തു വ്യാപിച്ചു കിടക്കുന്ന ഗരേ പേല്‍മ ബ്ലോക്കിന് 246 മില്യണ്‍ ടണ്‍ കല്‍ക്കരി ഉല്‍പ്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്.

ആദിവാസി ഗോത്രവിഭാഗങ്ങള്‍ തലമുറകളായി വസിച്ചു പോരുന്ന മേഖലകളാണ് കൊസംപാലിയും സരസ്മലും. കല്‍ക്കരി മന്ത്രാലയം ഖനനം തുടങ്ങിയതോടെ പ്രദേശം പല തുണ്ടുകളായി വിഭജിച്ചു വിറ്റുപോകാന്‍ തുടങ്ങി. ഖനികളില്‍ നിന്നുള്ള ചൂടും പുകയും പാറ പൊട്ടിക്കാനുള്ള സ്‌ഫോടനങ്ങളും ഇവിടെ സൈ്വര്യജീവിതം ഇല്ലാതാക്കുന്നു

1998-ല്‍ ഇത് ജിന്‍ഡാല്‍ ഗ്രൂപ്പിനാണ് നല്‍കിയിരുന്നത്. പ്രതിവര്‍ഷം ആറു മില്യണ്‍ കല്‍ക്കരി ഉല്‍പ്പാദിപ്പിക്കാനായിരുന്നു കരാര്‍. അനുമതി ലഭിച്ച ഉടന്‍ തന്നെ അവര്‍ ഉല്‍പ്പാദനം തുടങ്ങി. കമ്പനിയുടെ വൈദ്യുതിനിലയങ്ങള്‍ക്ക് വേണ്ടി കുറഞ്ഞ ചെലവില്‍ കല്‍ക്കരി ലഭ്യമാക്കാനും കൂടിയ വിലയ്ക്ക് വൈദ്യുതി വില്‍ക്കാനും ഇത് അവര്‍ക്ക് സഹായകമായി. എന്നാല്‍ പ്രതീക്ഷിച്ചത്ര കാലം ഇതുമായി മുമ്പോട്ടു പോകാന്‍ അവര്‍ക്കായില്ല. കല്‍ക്കരി അഴിമതിക്കേസുമായി ബന്ധപ്പെട്ട സുപ്രീംകോതി ഉത്തരവിനെത്തുടര്‍ന്ന് 2014-ല്‍ 214 സ്വകാര്യ കല്‍ക്കരി ഖനികളുടെ പ്രവര്‍ത്തനം നിയമവിരുദ്ധമായി പ്രഖ്യാപിച്ചപ്പോഴായിരുന്നു അത്. ഇത് ജിന്‍ഡാലിനു കനത്ത തിരിച്ചടിയായെങ്കിലും പ്രദേശത്തെ ആദിവാസി സമൂഹങ്ങള്‍ക്ക് വലിയ ആശ്വാസമായിരുന്നു. കാരണം, സ്വകാര്യ കമ്പനികള്‍ക്ക് ആദിവാസി ഭൂമി വില്‍ക്കുന്നതും ഉത്തരവില്‍ നിരോധിച്ചിരുന്നു.

ഇത് തികച്ചും നീതിയുക്തമായ വിധിയാണെന്ന് ആദിവാസി ഗ്രാമത്തലവനും സമരനായകനുമായ ശിവ്പാല്‍ ഭഗത്തിനെപ്പോലുള്ളവര്‍ വിശ്വസിക്കുന്നു. തങ്ങള്‍ സഹിച്ച മര്‍ദ്ദനത്തിനും കള്ളക്കേസുകള്‍ക്കും അവസാനം അര്‍ത്ഥമുണ്ടായിരിക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഭൂമികൈയേറ്റത്തിനെതിരേയുള്ള പ്രതിഷേധത്തെത്തുടര്‍ന്ന് അദ്ദേഹത്തിനെതിരേ ജിന്‍ഡാലും എസ്ഇസിഎല്ലും സര്‍ക്കാരും അദ്ദേഹത്തിനെതിരേ നല്‍കിയ കേസുകള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്. എന്നാല്‍ കോടതിവിധിയെത്തുടര്‍ന്നുള്ള ഗ്രാമവാസികളുടെ ആശ്വാസം താല്‍ക്കാലികം മാത്രമായിരുന്നുവെന്ന് പിന്നീടുള്ള സംഭവങ്ങള്‍ വ്യക്തമാക്കി. കല്‍ക്കരിയിടപാടുകള്‍ സുതാര്യമാക്കാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ പുറപ്പെടുവിച്ച കല്‍ക്കരി ഖനി ഓര്‍ഡിനന്‍സ് വീണ്ടും ഗരേ പേല്‍മ ഖനിയെ സജീവമാക്കി. ലേലത്തില്‍ ജിന്‍ഡാല്‍ ഖനി ഏറ്റെടുത്തു. ജിന്‍ഡാല്‍ കമ്പനി മാത്രമായിരുന്നു അവസാന ഘട്ടത്തില്‍ യോഗ്യത നേടിയത്.

2015 മാച്ച് എട്ടിന് കല്‍ക്കരി ഖനിനിയമത്തില്‍ കേന്ദ്രം നടത്തിയ ഭേദഗതിയില്‍ പൊതുജനതാല്‍പര്യാര്‍ത്ഥം ഖനികള്‍ പൊതുമേഖലാകമ്പനികള്‍ക്ക് മാത്രമായി കൈമാറണമെന്നു നിര്‍ദേശിക്കപ്പെട്ടു. തുടര്‍ന്ന് മാര്‍ച്ച് 20ന് ഒരു നാലുവരി സന്ദേശത്തില്‍ ജിന്‍ഡാലിന്റെ ലേലം തള്ളിക്കളയുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു. മൂന്നു ദിവസം കഴിഞ്ഞ് കല്‍ക്കരിമന്ത്രാലയം ഗരേ പേല്‍മ ഖനി കോള്‍ ഇന്ത്യക്കു കൈമാറുകയും ചെയ്തു. എന്നാല്‍ അന്നു തന്നെ ജിന്‍ഡാല്‍ കമ്പനി, സര്‍ക്കാര്‍പ്രഖ്യാപനത്തെ ചോദ്യം ചെയ്ത് ഡെല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഖനനം ചെയ്ത കല്‍ക്കരി പുതിയ ഇ- ലേലത്തിലൂടെ കൈമാറ്റം ചെയ്യാനും കോള്‍ ഇന്ത്യയെ സൂക്ഷിപ്പുകാരനായി നിര്‍ദേശിക്കുകയും ചെയ്ത് ഇടക്കാലഉത്തരവിടുകയാണ് കോടതി ചെയ്തത്. ഇതു പ്രകാരം പരിസ്ഥിതിമന്ത്രാലയം ഖനികളുടെ ക്ലിയറന്‍സ് അതിവേഗം നടത്തി എസ്ഇസിഎല്ലിനു കൈമാറി.

രണ്ടു കൊല്ലം കഴിഞ്ഞപ്പോള്‍ ഈ വര്‍ഷം മാര്‍ച്ചില്‍ സര്‍ക്കാര്‍ തീരുമാനം ശരിവെച്ച് കൊണ്ട് ജിന്‍ഡാലിന്റെ ലേലനടപടികള്‍ ഹൈക്കോടതി റദ്ദാക്കി. എന്നാല്‍ കോള്‍ ഇന്ത്യക്ക് ഖനി കൈമാറിയ നടപടി ശരിവെക്കാന്‍ കോടതി തയാറായില്ല. പ്രത്യേക സാഹചര്യത്തിലുള്ള കോള്‍ ഇന്ത്യയുടെ ഇടപെടല്‍ ദീര്‍ഘകാലത്തേക്കുള്ള തീരുമാനമായി പരിഗണിക്കാനാകില്ലെന്നായിരുന്നു കോടതി വ്യക്തമാക്കിയത്. ഹൈക്കോടതി ഉത്തരവിനെ ജിന്‍ഡാല്‍ കമ്പനി സുപ്രീംകോടതിയില്‍ ചോദ്യം ചെയ്തതോടെ വിഷയം ത്രിശങ്കുവിലായി. എസ്ഇസിഎല്ലിനും കോള്‍ ഇന്ത്യക്കും എതിര്‍ സത്യവാങ്മൂലം നല്‍കാനാകാഞ്ഞതും സര്‍ക്കാരും മന്ത്രാലയവും നവീന്‍ ജിന്‍ഡാലും ഹാജരാകാത്തതുമാണ് പ്രശ്‌നം സ്തംഭനാവസ്ഥയിലാക്കിയത്.

ഇപ്പോള്‍ കേസില്‍ ഉള്‍പ്പെട്ട കക്ഷികളെല്ലാംകൂടി നാട്ടുകാരെ പന്തു തട്ടുകയാണ്. പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണവും ആശയക്കുഴപ്പമുള്ളതുമായിത്തീര്‍ന്നിരിക്കുന്നു. ഭൂമി, ജോലി, നഷ്ടപരിഹാരം, അന്തരീക്ഷമലിനീകരണം തുടങ്ങിയ വിഷയങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇവരുടെ കളി. എന്നാല്‍ ഇതൊന്നും കോടതി പരിഗണിക്കില്ല. കേന്ദ്രസര്‍ക്കാരും ഇവ അവഗണിക്കും. ലേലവുമായി മുമ്പോട്ടു പോകാനാണ് സര്‍ക്കാരിനു താല്‍പര്യം. ജിന്‍ഡാലിനു പിന്നാലെ എസ്ഇസിഎല്‍ വന്നപ്പോള്‍ തങ്ങള്‍ സന്തോഷിച്ചതായും എന്നാല്‍ അവരുടെ നിഷ്‌ക്രിയത മനസു മടുപ്പിച്ചതായും പട്ടേല്‍ പറയുന്നു. ”ജോലിയും സൗകര്യങ്ങളും ലഭിക്കുമെന്നതിനാല്‍ പൊതുമേഖലാ കമ്പനിയായ എസ്ഇസിഎല്ലിനെ ഞങ്ങള്‍ സ്വാഗതം ചെയ്തു. കാരണം ജിന്‍ഡാലിനെ രാവണനായാണ് ഞങ്ങള്‍ കണ്ടിരുന്നത്. എന്നാല്‍ പകരം വന്ന എസ്ഇസിഎല്‍ ആകട്ടെ കുംഭകര്‍ണനായി മാറിയിരിക്കുന്നു. ചെവിയില്‍ വിരലിട്ടു ചോദിച്ചാലും ഞങ്ങള്‍ എന്താണു ചെയ്യേണ്ടതെന്ന് അവര്‍ പറയുന്നില്ല,” അവര്‍ പറയുന്നു.

ഡെല്‍ഹി ഹൈക്കോടതി കോള്‍ ഇന്ത്യയെ സൂക്ഷിപ്പുകാരായി ചുമതലപ്പെടുത്തിയ വിധിയില്‍ ജിന്‍ഡാല്‍കമ്പനിയുടെ ജോലിക്കാരെ ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. സ്ഥിരം ജോലി പ്രതീക്ഷിച്ച നാട്ടുകാര്‍ക്ക് ഇത് തിരിച്ചടിയായി. കരാര്‍ ജോലി പോലും ഇവര്‍ക്കു കിട്ടുന്നത് തടയാന്‍ നിര്‍ദേശം കാരണമായി. എസ്ഇസിഎല്‍ നിലപാടില്‍ പ്രദേശവാസികള്‍ ആകെ കലുഷിതരാണ്. തങ്ങളുടെ നിലം കുഴിക്കുകയും അന്തരീക്ഷം ദുഷിപ്പിക്കുകയും ചെയ്ത ശേഷം കരാറുകാരെയും പുറംനാട്ടുകാരായ തൊഴിലാളികളെയും ജോലിക്കെടുത്തിട്ട് ആഴ്ചയില്‍ രണ്ടു ദിവസത്തെ വരുമാനം കൊണ്ടു ജീവിക്കാന്‍ പറയുന്നത് എന്ത് സര്‍ക്കാര്‍ കമ്പനിയാണെന്ന് അവര്‍ ചോദിക്കുന്നു.

ഇതുവരെ നാട്ടുകാര്‍ക്ക് കിട്ടിയ ആശ്വാസം ഏപ്രിലില്‍ ലഭിച്ച ദേശീയ ഹരിത ട്രൈബ്യൂണല്‍ വിധിയാണ്. അന്തരീക്ഷ മലിനീകരണത്തിന് ഇരയാക്കപ്പെട്ടവര്‍ക്ക് ജിന്‍ഡാലും എസ്ഇസിഎല്ലും അഞ്ച് കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു വിധി. ഖനികള്‍ സൃഷ്ടിക്കുന്ന പരിസ്ഥിതി ലംഘനങ്ങള്‍ സംബന്ധിച്ച് കല്‍ക്കരി, പരിസ്ഥിതി മന്ത്രാലയങ്ങളിലെ ജോയിന്റ് സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥരടങ്ങിയ സമിതി റിപ്പോര്‍ട്ട് നല്‍കണമെന്നും ട്രൈബ്യൂണല്‍ ഉത്തരവിട്ടു. ഓഗസ്റ്റ് 31നകം ജോലി പൂര്‍ത്തീകരിക്കണമെന്നാണ് കോടതിയുത്തരവ്. എന്നാല്‍ ഇതുവരെ ഉദ്യോഗസ്ഥര്‍ ഇവിടെ സന്ദര്‍ശിക്കുകയോ നാട്ടുകാരില്‍ നിന്നു തെളിവെടുക്കുകയോ ചെയ്തിട്ടില്ല.

കൊസംപലിയിലെ ആദിവാസി ജനതയുടെ ആരോഗ്യാവസ്ഥ സംബന്ധിച്ച് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് ഈയിടെ പുറത്തു വന്നിരുന്നു. ഖനനവും ചാരപ്പുകയും സൃഷ്ടിക്കുന്ന അന്തരീക്ഷമലിനീകരണം മേഖലയില്‍ വിതറുന്ന അപകടഭീഷണി ഇതില്‍ വ്യക്തമാക്കിയിരിക്കുന്നു. പ്രദേശവാസികള്‍ ഉയര്‍ത്തിയ ആശങ്കകള്‍ ശരിവെക്കുന്ന റിപ്പോര്‍ട്ടാണിത്. കൊസംപലിയിലെയും സമീപപ്രദേശങ്ങളിലെയും വായുവിലും ജലത്തിലും മണ്ണിലും അര്‍ബുദകാരികളായ ഘന ലോഹങ്ങളുടെയും ഇതര വിഷവസ്തുക്കളുടെയും ശക്തമായ സാന്നിധ്യമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ലോകാരോഗ്യ സംഘടന പുറപ്പെടുവിച്ച മാനദണ്ഡങ്ങള്‍ക്ക് മുകളിലുള്ള ഘടകങ്ങളുടെ സാന്നിധ്യമാണ് കണ്ടെത്തിയത്. അന്തരീക്ഷത്തില്‍ മാംഗനീസ്, ആഴ്‌സെനിക്, നിക്കല്‍, സിലിക്ക എന്നീ ഘനലോഹാംശങ്ങളും വെള്ളത്തില്‍ മാംഗനീസ്, സെലിനിയം, ഹെക്‌സാവാലെന്റ് ക്രോമിയം എന്നിവയും മണ്ണില്‍ കാഡ്മിയവുമാണ് ക്രമാതീതമായി കണ്ടെത്തിയിരിക്കുന്നത്. കാഡ്മിയത്തിന്റെ അളവ് രാജ്യാന്തര മാര്‍ഗനിര്‍ദേശങ്ങളില്‍ പറഞ്ഞിരിക്കുന്നതിന്റെ 169 മടങ്ങ് അധികമാണ് അടങ്ങിയിട്ടുള്ളത്.

ഡെല്‍ഹി ഹൈക്കോടതി കോള്‍ ഇന്ത്യയെ സൂക്ഷിപ്പുകാരായി ചുമതലപ്പെടുത്തിയ വിധിയില്‍ ജിന്‍ഡാല്‍കമ്പനിയുടെ ജോലിക്കാരെ ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. സ്ഥിരം ജോലി പ്രതീക്ഷിച്ച നാട്ടുകാര്‍ക്ക് ഇത് തിരിച്ചടിയായി. കരാര്‍ ജോലി പോലും ഇവര്‍ക്കു കിട്ടുന്നത് തടയാന്‍ നിര്‍ദേശം കാരണമായി

ഛത്തീസ്ഗഡ് പരിസ്ഥിതി സംരക്ഷണ ബോര്‍ഡ് ഖനികള്‍ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് എസ്ഇസിഎല്ലിന് കത്തയച്ചു. ജലശുദ്ധീകരണപ്ലാന്റ് സ്ഥാപിക്കാന്‍ കമ്പനി തയാറായില്ലെന്നു പരിശോധനയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു ഇത്. കമ്പനി പാട്ടത്തിനെടുത്ത പ്രദേശത്തിനു പുറത്തേക്ക് മലിനജലം ഒഴുക്കിയതായും പുകച്ചാരം ഉപയോഗിച്ച് ഖനികളിലെ കുഴികള്‍ മൂടണമെന്ന നിര്‍ദേശം ലംഘിച്ചതായും ബോര്‍ഡ് കണ്ടെത്തി. എന്നാല്‍ ഇന്ത്യയില്‍ ഖനനകമ്പനികള്‍ക്ക് ആരോഗ്യസംബന്ധിയായ മാനദണ്ഡങ്ങള്‍ നിയമപരമായി പാലിക്കേണ്ടതില്ല. മാത്രമല്ല കടുത്ത മലിനീകരണപ്രദേശങ്ങളില്‍പ്പോലും പൗരന്മാര്‍ക്ക് ആരോഗ്യ രക്ഷാസംബന്ധിയായ നിര്‍ദേശങ്ങള്‍ നല്‍കുന്ന പതിവും ഇവിടെയില്ല.

എന്നാല്‍ ബോര്‍ഡിന്റെ നിര്‍ദേശത്തിന് അല്‍പ്പായുസ്സേ ഉണ്ടായിരുന്നുള്ളൂ. ഓഗസ്റ്റ് 24ന് എസ്ഇസിഎല്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ 81 ലക്ഷം രൂപയുടെ ഗ്യാരണ്ടി സഹിതം ആറു മാസത്തിനകം ഖനിപ്രദേശം വൃത്തിയാക്കാമെന്ന് സമ്മതപത്രം നല്‍കിയിരുന്നു. തുടര്‍ന്ന് ബോര്‍ഡ് അവര്‍ക്ക് വീണ്ടും ഖനനാനുമതി നല്‍കി. ഖനിയോട് ഏറ്റവുമടുത്തുള്ളത് ജിന്‍ഡാല്‍ വൈദ്യുതി നിലയമാണ്. അതിനാല്‍ ചാരം അവര്‍ കൊണ്ടുപോകട്ടെയെന്നും അവശേഷിക്കുന്നവ സമയമനുസരിച്ച് ഏറ്റെടുക്കാമെന്നും നിര്‍ദേശിച്ചു. എന്നാല്‍ ജിന്‍ഡാല്‍ ചാരം ഖനിയില്‍ തള്ളുന്നത് ഈ വര്‍ഷമാദ്യം കോടതി വിലക്കി. ഇതോടെ ഇക്കാര്യത്തില്‍ വീണ്ടും സ്തംഭനാവസ്ഥ ഉണ്ടായിരിക്കുകയാണ്. മേഖലയിലെ പാടശേഖരങ്ങളില്‍ പുകച്ചാരം വീണതോടെ വിളവെല്ലാം നശിക്കുന്ന സ്ഥിതിവിശേഷവുമുണ്ട്.

എന്നാല്‍ പരിസ്ഥിതി സംരക്ഷണ ബോര്‍ഡ് നിരോധനം താല്‍ക്കാലികമായി മാറ്റിയെങ്കിലും സമരം മൂലം ഖനി സെപ്റ്റംബര്‍ അഞ്ച് വരെ അടച്ചിടേണ്ടി വന്നു. നഷ്ടം കുമിഞ്ഞതോടെ കമ്പനി മുട്ടു മടക്കാന്‍ തുടങ്ങി. സെപ്റ്റംബര്‍ ആറിന് പ്രദേശവാസികള്‍ക്ക് കുറഞ്ഞത് 100 ദിവസം കരാര്‍ ജോലി നല്‍കാമെന്ന് കമ്പനി വാഗ്ദാനം ചെയ്തു. ഏപ്രിലില്‍ ഉണ്ടാക്കിയ ധാരണ പ്രകാരം ക്ഷാമബത്ത പുതുക്കാനും തീരുമാനിച്ചു. ജിന്‍ഡാല്‍ കമ്പനിയുടെ ഭൂമി കൈയേറ്റം സംബന്ധിച്ച നാട്ടുകാരുടെ പരാതികളില്‍ കേസെടുക്കാമെന്നു സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ഉറപ്പു നല്‍കി. ഇതുവരെ 17 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 287 കേസുകള്‍ രജിസ്റ്റര്‍ ചെയ്യാനുണ്ട്. എസ്ഇസിഎല്‍ അധികൃതര്‍ പുതുതായി ഖനനം നടത്തില്ലെന്ന് പ്രദേശവാസികള്‍ക്ക് ഉറപ്പു നല്‍കി. കല്‍ക്കരി മന്ത്രാലയത്തിനെ ഇവിടത്തെ സങ്കീര്‍ണ സാഹചര്യം ബോധ്യപ്പെടുത്താമെന്നും ഉറപ്പു നല്‍കി.

Comments

comments

Categories: FK Special, Slider