കാര്‍ നിര്‍മാതാക്കള്‍ ഒരുക്കങ്ങള്‍ തുടങ്ങി

കാര്‍ നിര്‍മാതാക്കള്‍ ഒരുക്കങ്ങള്‍ തുടങ്ങി

ഈ വര്‍ഷം അവസാനത്തോടെ പുതിയ വാഹന നയം പുറത്തിറക്കും

ന്യൂ ഡെല്‍ഹി : 2030 ഓടെ എല്ലാ പുതിയ വാഹനങ്ങളും ഇലക്ട്രിക് ആകണമെന്ന കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം കാര്‍ നിര്‍മ്മാതാക്കളെയും പാര്‍ട്‌സ് നിര്‍മ്മാതാക്കളെയും ഉണര്‍ത്തിവിട്ടുകഴിഞ്ഞു. കാറുകളുടെ വൈദ്യുതീകരണത്തിന് വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കുകയാണ് അതാത് കമ്പനികള്‍. അതേസമയം ഇലക്ട്രിക് വാഹനങ്ങള്‍ സംബന്ധിച്ച റോഡ്മാപ്പ് ഉള്‍പ്പെടെ പുതിയ വാഹന നയം തയ്യാറായിവരികയാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഈ വര്‍ഷം അവസാനത്തോടെ പുതിയ വാഹന നയം പുറത്തിറക്കിയേക്കും.

എന്‍ജിന്‍ നിര്‍മ്മാതാക്കളായ കമ്മിന്‍സ് ഇന്ത്യയുടെ ഇലക്ട്രിക് വാഹന ഭാവി കണക്കിലെടുത്ത് ഗവേഷണങ്ങള്‍ക്കായി പുതിയ നിക്ഷേപം നടത്തുകയാണ്. ഇലക്ട്രിക് വാഹന മേഖലയില്‍ ശ്രദ്ധ വെയ്ക്കാന്‍ ഇന്ത്യയിലെ കൊമേഴ്‌സ്യല്‍ വാഹന നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടതായി കമ്മിന്‍സ് ഇന്ത്യാ മാനേജിംഗ് ഡയറക്റ്റര്‍ അനന്ത് തലൗലികര്‍ പറഞ്ഞു. കൃത്യമായ നിര്‍ദ്ദേശം മുന്നോട്ടുവെച്ചാല്‍ മൂലധന നിക്ഷേപം നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.

അതേസമയം ഇലക്ട്രിക് കാറുകള്‍ക്കായി വാഹനഘടകങ്ങള്‍ ലഭ്യമാക്കുന്നതിന് തങ്ങളുടെ ചില വിതരണ കമ്പനികളുമായി ഹ്യുണ്ടായ് മോട്ടോര്‍ കമ്പനി ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. ഹ്യുണ്ടായുടെ നിലവിലെ ഇലക്ട്രിക് കാറുകള്‍ ഇന്ത്യന്‍ വിപണി സാഹചര്യങ്ങള്‍ കണക്കിലെടുത്ത് കസ്റ്റമൈസ് ചെയ്യേണ്ടിവരുമെന്ന് സെയ്ല്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ഡയറക്റ്റര്‍ രാകേഷ് ശ്രീവാസ്തവ പറഞ്ഞു. നിലവിലെ കാറുകള്‍ ഇന്ത്യന്‍ വിപണിക്ക് അനുയോജ്യമല്ലെങ്കില്‍ പുതിയ ഇലക്ട്രിക് കാറുകള്‍ നിര്‍മ്മിക്കും.

ഇലക്ട്രിക് വാഹനങ്ങളിലേക്കും മറ്റ് ബദല്‍ ഇന്ധന വാഹനങ്ങളിലേക്കും അതിവേഗം തിരിയണമെന്ന് നിതിന്‍ ഗഡ്കരി വാഹന നിര്‍മാതാക്കള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു

ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പായ സണ്‍ മൊബിലിറ്റിയുമായി ചേര്‍ന്ന് കാറുകള്‍ക്കും ബസ്സുകള്‍ക്കും ട്രക്കുകള്‍ക്കുമായി ബാറ്ററി-സ്വാപ്പിംഗ് സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിന് ശ്രമിച്ചുവരികയാണ് അശോക് ലെയ്‌ലാന്‍ഡ്. കഴിഞ്ഞ വര്‍ഷം കമ്പനി ഇലക്ട്രിക് ബസ് പുറത്തിറക്കിയിരുന്നു.

പെട്രോള്‍, ഡീസല്‍ കാറുകളുടെ വില്‍പ്പനയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയില്‍ ഇലക്ട്രിക് കാറുകള്‍ നന്നേ കുറവാണ് വിറ്റുപോകുന്നത്. ലോകത്ത് അതിവേഗം വളരുന്ന കാര്‍ വിപണികളിലൊന്നാണ് ഇന്ത്യ എന്നുകൂടി ഓര്‍ക്കണം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയില്‍ മുപ്പത് ലക്ഷത്തിലധികം പെട്രോള്‍, ഡീസല്‍ കാറുകളാണ് വിറ്റത്. നിലവില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര മാത്രമാണ് ഇന്ത്യയില്‍ ഇലക്ട്രിക് കാറുകള്‍ നിര്‍മ്മിക്കുന്നത്. എന്നാല്‍ ടാറ്റ മോട്ടോഴ്‌സ് എത്രയും വേഗം ഇവര്‍ക്കൊപ്പമെത്തും. ടാറ്റ ടിയാഗോയുടെ ഇലക്ട്രിക് കണ്‍സെപ്റ്റ് ദിവസങ്ങള്‍ക്കുമുമ്പ് യുകെയില്‍ അനാവരണം ചെയ്തിരുന്നു.

ഇലക്ട്രിക് വാഹനങ്ങളിലേക്കും മറ്റ് ബദല്‍ ഇന്ധന വാഹനങ്ങളിലേക്കും അതിവേഗം തിരിയണമെന്ന് റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി കഴിഞ്ഞ ദിവസം വാഹന നിര്‍മാതാക്കള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു.

Comments

comments

Categories: Auto