സ്‌കോഡ കോഡിയാക്ക് ഒക്ടോബര്‍ 4 ന്

സ്‌കോഡ കോഡിയാക്ക് ഒക്ടോബര്‍ 4 ന്

ഒരു ലക്ഷം രൂപ നല്‍കി എസ്‌യുവി ബുക്ക് ചെയ്യാം

ന്യൂ ഡെല്‍ഹി : സ്‌കോഡ കോഡിയാക്ക് അടുത്ത മാസം 4 ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. രാജ്യത്തെ സ്‌കോഡ ഡീലര്‍ഷിപ്പുകള്‍ കോഡിയാക്കിന്റെ ബുക്കിംഗ് ഇതിനകം സ്വീകരിച്ചുതുടങ്ങി. ഒരു ലക്ഷം രൂപ നല്‍കി എസ്‌യുവി ബുക്ക് ചെയ്യാം. വിവിധ സ്‌കോഡ മോഡലുകളുടെ ഏറ്റവും മുന്നിലായിരിക്കും കോഡിയാക്കിന്റെ സ്ഥാനം. സ്‌കോഡയുടെ ഇന്ത്യയിലെ ആദ്യ 7 സീറ്ററുമാണ് കോഡിയാക്ക്.

സൂപ്പര്‍ബ്, ഒക്ടാവിയ മോഡലുകള്‍ നിര്‍മ്മിച്ച സ്‌കോഡയുടെ എംക്യുബി പ്ലാറ്റ്‌ഫോമിലാണ് കോഡിയാക്കും നിര്‍മ്മിച്ചിരിക്കുന്നത്. ഫോക്‌സ്‌വാഗണ്‍ ടിഗ്വാന് കരുത്ത് പകരുന്ന 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് സ്‌കോഡ കോഡിയാക്കിന് നല്‍കിയിരിക്കുന്നത്. ഈ ഡീസല്‍ എന്‍ജിന്‍ പരമാവധി 147 എച്ച്പി കരുത്തും പരമാവധി 300 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും. 6 സ്പീഡ് ഗിയര്‍ബോക്‌സ്, സെവന്‍ സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ എന്നിവയുമായാണ് എന്‍ജിന്‍ ബന്ധിപ്പിച്ചിരിക്കുന്നത്. സ്‌കോഡ കോഡിയാക്ക് സ്റ്റാന്‍ഡേഡായി ഓള്‍ വീല്‍ ഡ്രൈവ് ആയിരിക്കും. എസ്‌യുവിയുടെ പെട്രോള്‍ വേരിയന്റ് പിന്നീട് പുറത്തിറക്കുമെന്നാണ് കരുതുന്നത്.

25 ലക്ഷം മുതല്‍ 30 ലക്ഷം രൂപ വരെയായിരിക്കും സ്‌കോഡ കോഡിയാക്കിന്റെ ഡെല്‍ഹി എക്‌സ് ഷോറൂം വില

പ്രോജക്റ്റര്‍ ഹെഡ്‌ലാംപുകള്‍, എല്‍ഇഡി ഡിആര്‍എല്‍, ക്രോം ഫിനിഷുള്ള ഫ്രണ്ട് ഗ്രില്ല് എന്നിവ സ്‌കോഡ കോഡിയാക്കിന്റെ സവിശേഷതകളാണ്. പനോരമിക് സണ്‍റൂഫ്, ബോഡി-കളേഡ് റൂഫ്, സൈഡ് ബോഡി ക്ലാഡിംഗ് എന്നിവയാണ് മറ്റ് ഫീച്ചറുകള്‍. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ, ഗൂഗിള്‍ എര്‍ത്ത് എന്നിവ സപ്പോര്‍ട്ട് ചെയ്യുന്ന ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, സ്റ്റിയറിംഗ്-മൗണ്ടഡ് കണ്‍ട്രോളുകള്‍, ഓട്ടോമാറ്റിക് എയര്‍ കണ്ടീഷണര്‍ എന്നിവയാണ് കാറിനകത്തെ വിശേഷങ്ങള്‍.

270 ലിറ്ററാണ് കോഡിയാക്ക് എസ്‌യുവിയുടെ ബൂട്ട്‌സ്‌പേസ്. മൂന്നാം നിരയിലെ സീറ്റുകള്‍ മടക്കിവെച്ചാല്‍ 630 ലിറ്ററായി വര്‍ധിപ്പിക്കാം. പിന്നിലെ എല്ലാ സീറ്റുകളും മടക്കിയാല്‍ ബൂട്ട് സ്‌പേസ് 2,065 ലിറ്ററായി പിന്നെയും വര്‍ധിക്കും. എബിഎസ്, ഇരട്ട എയര്‍ ബാഗുകള്‍ എന്നിവ സ്റ്റാന്‍ഡേഡായി ലഭിക്കും. ഉയര്‍ന്ന വേരിയന്റുകള്‍ക്ക് ആറ് എയര്‍ബാഗുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

25 ലക്ഷം മുതല്‍ 30 ലക്ഷം രൂപ വരെയായിരിക്കും സ്‌കോഡ കോഡിയാക്കിന്റെ ഡെല്‍ഹി എക്‌സ് ഷോറൂം വില. ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോഡ് എന്‍ഡവര്‍ എന്നിവയാണ് എതിരാളികള്‍.

Comments

comments

Categories: Auto