ഓസ്‌ട്രേലിയയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന എല്‍എന്‍ജിയുടെ വില കുറയും

ഓസ്‌ട്രേലിയയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന എല്‍എന്‍ജിയുടെ വില കുറയും

ഓസ്‌ട്രോലിയയിലെ ഗോര്‍ഗോണ്‍ പദ്ധതിയുടെ ഭാഗമായി ഇറക്കുമതി ചെയ്യുന്ന എല്‍എന്‍ജിയുടെ വിലയാണ് കുറയുക

ന്യൂഡെല്‍ഹി: ഓസ്‌ട്രേലിയയിലെ ഗോര്‍ഗോണ്‍ പ്രൊജക്റ്റില്‍ നിന്നു ഇറക്കുമതി ചെയ്യുന്ന ദ്രവീകൃത പ്രകൃതി വാതക (എല്‍എന്‍ജി) ത്തിന്റെ വില ചര്‍ച്ചകളിലൂടെ പുതുക്കി നിശ്ചയിച്ചതായി കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ അറിയിച്ചു. ഇറക്കുമതി ചെയ്യുന്ന ഇന്ധനം കുറഞ്ഞ വിലയ്ക്ക് രാജ്യത്തെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിന് ഇത് സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ വിപണിക്ക് അനുകൂലമായി ഗോര്‍ഗോണില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന എല്‍എന്‍ജിയുടെ വില സംബന്ധിച്ച പ്രശ്‌നം ദീര്‍ഘകാല പ്രാബല്യത്തോടെ പരിഹരിക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു-മന്ത്രി ട്വിറ്ററില്‍ കുറിച്ചു.

കമ്പനികളുമായി മികച്ച വിലപേശല്‍ നടത്തി ഏറ്റവും വലിയ ഊര്‍ജ്ജ ഉപഭോക്താക്കളായി മാറുന്നതിനുള്ള ശ്രമത്തിലാണ് ഇന്ത്യ. യഥാര്‍ത്ഥ വിലയുടെ പകുതി വിലയ്ക്ക് ഗ്യാസ് വാങ്ങുന്നതിന് വേണ്ടി 2015ല്‍ ഖത്തറിന്റെ റാസ്ഗ്യാസുമായുള്ള എന്‍എന്‍ജി ഇടപാടില്‍ ഇന്ത്യ മാറ്റം വരുത്തിയിരുന്നു.

ഗോര്‍ഗോണില്‍ നിന്നുള്ള എല്‍എന്‍ജി താങ്ങാവുന്ന വിലയ്ക്ക് ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് വൈകാതെ ലഭിച്ചു തുടങ്ങും. ഖത്തറില്‍ നിന്നുള്ള എല്‍എന്‍ജി ഇറക്കുമതിയില്‍ വിലയുമായി ബന്ധപ്പെട്ട് ചെയ്ത കാര്യങ്ങള്‍ക്ക് സമാനമായാണ് ഇവിടെയും ചെയ്തിരിക്കുന്നത്-മന്ത്രി ട്വീറ്റ് ചെയ്തു.

ഗ്യാസ് അധിഷ്ഠിത സമ്പദ് വ്യവസ്ഥയിലേക്ക് മാറാനുള്ള തയാറെടുപ്പിലാണ് ഇന്ത്യ

പ്രതിവര്‍ഷം 1.5 മില്ല്യണ്‍ ടണ്‍ എല്‍എന്‍ജി വാങ്ങുന്നതിന് എക്‌സോണ്‍ മൊബീല്‍ കോര്‍പ്പുമായി ഇന്ത്യയുടെ ഏറ്റവും വലിയ ഗ്യാസ് ഇറക്കുമതി സ്ഥാപനമായ പെട്രോനെറ്റ് എല്‍എന്‍ജി 2009ല്‍ കരാര്‍ ഒപ്പിട്ടിരുന്നു. ഇരുപത് വര്‍ഷത്തേക്കാണ് കരാര്‍ കാലാവധി. എണ്ണവിലയുടെ 14.5 ശതമാനത്തിന് സമാനമായ വിലയില്‍ എല്‍എന്‍ജി വാങ്ങുന്നതിനാണ് പെട്രോനെറ്റ് അന്ന് കരാര്‍ ഒപ്പിട്ടത്. ഇതിന് പുറമെ, കപ്പലില്‍ ചരക്ക് കയറ്റുന്നതിനു വേറെ തുകയും പെട്രോനെറ്റ് അടയ്ക്കണം.

2017 ജനുവരി മുതലുള്ള കരാറിനു കീഴില്‍ വരുന്ന ഇന്ധന വിതരണത്തിന്, മില്ല്യണ്‍ ബ്രിട്ടീഷ് തെര്‍മല്‍ യൂണിറ്റിന് 11 ഡോളര്‍ മുതല്‍ 12 ഡോളര്‍ വരെയാണ് ഇറക്കുമതി തുക അടയ്‌ക്കേണ്ടത്. ഏഷ്യന്‍ സ്‌പോട്ട് എല്‍എന്‍ജി വിലയുടെ ഇരട്ടി വരുമിത്. ആഗോള എണ്ണ വിലയുടെ 13 മുതല്‍ 13.5 ശതമാനവുമായി ഗോര്‍ഗോണ്‍ ഗ്യാസ് വില ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

ആഗോള ഊര്‍ജ്ജ വിപണികളിലെ തങ്ങളുടെ വിഹിതം തിരിച്ചു പിടിയ്ക്കുന്നതിന് മികച്ച കരാറുകള്‍ മുന്നോട്ട് വയ്ക്കാന്‍ കുറഞ്ഞ എണ്ണ വിലയും ആഗോളതലത്തിലെ കൂടുതല്‍ വിതരണവും എല്‍എന്‍ജി കയറ്റുമതി സ്ഥാപനങ്ങളുടെ മേല്‍ എന്തുമാത്രം സമ്മര്‍ദ്ദം ചെലുത്തുവെന്നതിന്റെ ഉദാഹരണമാണ് പുതിയ പുനക്രമീകരണം.

ഗ്യാസ് അധിഷ്ഠിത സമ്പദ് വ്യവസ്ഥയിലേക്കു മാറുന്നതിനുള്ള തയാറെടുപ്പിലാണ് ഇന്ത്യ. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഊര്‍ജ്ജ വിഭാഗത്തില്‍ ഹരിത ഇന്ധനങ്ങള്‍ക്ക് മേല്‍ക്കൈ നേടാനുള്ള പദ്ധതികള്‍ക്കാണ് ഇന്ത്യ മുന്‍ഗണന നല്‍കുന്നത്.

Comments

comments

Categories: Business & Economy