ലോകത്തിന്റെ വൈവിധ്യങ്ങള്‍ ഒപ്പിയെടുത്ത് ഒരു ഫോട്ടൊഗ്രാഫര്‍

ലോകത്തിന്റെ വൈവിധ്യങ്ങള്‍ ഒപ്പിയെടുത്ത് ഒരു ഫോട്ടൊഗ്രാഫര്‍

ഒരു നാടിന്റെ സംസ്‌കാരം ഉള്‍ക്കൊള്ളാനും മനസിലാക്കാനും യാത്രകളിലൂടെയാണു സാധിക്കുന്നത്. റഷ്യന്‍ വംശജനായ ഒരു ഫോട്ടൊഗ്രാഫര്‍ കഴിഞ്ഞ ഒന്‍പത് വര്‍ഷമായി ലോകത്തിന്റെ വൈവിധ്യം നിറഞ്ഞ സംസ്‌കാരം മനസിലാക്കുവാനുള്ള ഉദ്യമത്തിലാണ്. തന്റെ കാമറയില്‍ പതിഞ്ഞ ചിത്രങ്ങള്‍ കൊണ്ടു കേവലമൊരു ഫോട്ടൊ ആല്‍ബം പുറത്തിറക്കുക എന്ന ലക്ഷ്യത്തിലൊതുക്കുന്നില്ല ഈ ഫോട്ടൊഗ്രാഫറുടെ ഉദ്യമം, പകരം അന്യം നിന്നു പൊയ്‌ക്കൊണ്ടിരിക്കുന്ന വിവിധ ഗോത്ര സമൂഹങ്ങളെ സംരക്ഷിക്കേണ്ടതുണ്ടെന്നു ചിത്രങ്ങളിലൂടെ അദ്ദേഹം ലോകത്തോട് വിളിച്ചു പറയുന്നുണ്ട്.

ലോകത്തിന്റെ വൈവിധ്യങ്ങള്‍ ഒപ്പിയെടുക്കാനുള്ള ശ്രമത്തിലാണ് അലക്‌സാണ്ടര്‍ ഖിമൂഷിന്‍ എന്ന റഷ്യന്‍ വംശജനായ ഫോട്ടൊഗ്രാഫര്‍. ദി വേള്‍ഡ് ഇന്‍ ഫെയ്‌സസ് (The World In Faces) എന്നു പേരിട്ടിരിക്കുന്ന ഉദ്യമത്തിനായി കഴിഞ്ഞ ഒന്‍പത് വര്‍ഷമായി ലോകത്തിന്റെ വിവിധയിടങ്ങളിലായി അദ്ദേഹം യാത്ര തുടരുകയാണ്. 84-ാളം രാജ്യങ്ങള്‍ ഇതിനോടകം സന്ദര്‍ശിച്ചു കഴിഞ്ഞു. ഭാഷയിലും വേഷത്തിലും സംസ്‌കാരത്തിലും വ്യത്യസ്തത പുലര്‍ത്തുന്നവരുടെ ഛായാചിത്രങ്ങള്‍ ഒപ്പിയെടുത്തു കൊണ്ടാണു ഖിമൂഷിന്‍ യാത്ര തുടരുന്നത്.

ആഫ്രിക്കന്‍ ഗോത്ര സമൂഹങ്ങളിലെ ആചാരവും സൈബീരിയയിലെ വനാന്തരങ്ങളില്‍ കഴിയുന്ന ഇവന്‍കികള്‍ എന്ന നാടോടി വിഭാഗവും പാമിര്‍ മലനിരകളില്‍ വസിക്കുന്ന മനുഷ്യരും മംഗോളിയയിലെ വംശനാശ ഭീഷണി നേരിടുന്ന ഓറോഖന്‍ വിഭാഗവും ഫോട്ടൊഗ്രാഫറായ ഖിമൂഷിന്റെ ശേഖരത്തിനു മാറ്റുകൂട്ടുന്നു.

എത്യോപിയയിലെ ഓമോ താഴ്‌വാരങ്ങളില്‍ കാണപ്പെടുന്ന ഹാമര്‍ ഗോത്രത്തില്‍പ്പെട്ട പെണ്‍കുട്ടി പരമ്പരാഗത വേഷത്തില്‍.

ലോകത്തിലുള്ള നൂറോളം വരുന്ന ഗോത്ര ന്യൂനപക്ഷങ്ങളുടെ പോര്‍ട്രെയ്റ്റ് ചിത്രങ്ങള്‍ ഒപ്പിയെടുത്ത് അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ ലോകത്തിനു മുന്‍പാകെ അവതരിപ്പിക്കാന്‍ ഉതകും വിധമുള്ള പുസ്തകം പ്രസിദ്ധീകരിക്കാനാണു ഖിമൂഷിന്‍ പ്രധാനമായും ശ്രമിക്കുന്നത്. ഇതിനായി അദ്ദേഹം ഓരോ നാടിന്റെയും ഉള്ളറകളിലേക്ക് കടന്നു ചെല്ലുകയുണ്ടായി. ആഫ്രിക്കന്‍ രാജ്യങ്ങളിലെ വിദൂരതയില്‍ കഴിയുന്ന ഗ്രാമത്തിലും, താജിക്ക്സ്ഥാനിലെ പാമിര്‍ മലനിരകളിലെ ഉയര്‍ന്ന പ്രദേശങ്ങളിലും ഖിമൂഷിന്‍ കടന്നു ചെന്നു.

ചില ഘട്ടങ്ങളിലെല്ലാം അദ്ദേഹത്തിനു ജീവന്‍ വരെ പണയപ്പെടുത്തേണ്ടി വന്ന അനുഭവങ്ങളുമുണ്ടായി. ഒരിക്കല്‍ ആഫ്രിക്കന്‍ യാത്രയില്‍ തിരക്കേറിയ നിരത്തില്‍ ഖിമൂഷിന്‍ പടമെടുക്കാന്‍ ശ്രമിച്ചപ്പോള്‍ നാട്ടുകാര്‍ പിടികൂടി പൊലീസിനെ ഏല്‍പ്പിക്കുകയുണ്ടായി. അഞ്ച് ദിവസം ജയിലിലിട്ടു. ഖിമൂഷിന്‍ ചാര പ്രവര്‍ത്തനം നടത്താനെത്തിയതാണെന്നു വരെ പൊലീസും നാട്ടുകാരും ആരോപിച്ചു. പിന്നീട് കാമറയിലെ ചിത്രങ്ങളെല്ലാം അവര്‍ നശിപ്പിച്ചു. ജയിലില്‍നിന്നും പുറത്തുവിട്ടെങ്കിലും ഖിമൂഷിനോട് അധികം താമസിയാതെ തന്നെ രാജ്യംവിട്ട് പുറത്തു പോകണമെന്ന കര്‍ശന നിര്‍ദേശവും നല്‍കുകയുണ്ടായി.ആഫ്രിക്കന്‍ ഗോത്ര സമൂഹങ്ങള്‍ അവരുടെ ആചാരങ്ങള്‍ കൊണ്ട് ലോകത്തെ വിസ്മയിപ്പിക്കുന്നതെങ്കില്‍ സൈബീരിയയിലെ തയ്ഗ കാടുകളില്‍ വസിക്കുന്ന ഒരു പ്രത്യേക വിഭാഗമായ ഇവന്‍കികള്‍ മറ്റ് രീതികള്‍ കൊണ്ടു വ്യത്യസ്തരാണ്. ഇവര്‍ യഥാര്‍ഥത്തില്‍ നാടോടികളാണ്. ഒരു നാട്ടില്‍നിന്നും മറ്റൊരു നാട്ടിലേക്ക് ഇവര്‍ സഞ്ചരിക്കുമ്പോള്‍ ഒരിനം കലമാനുകളും ഇവരുടെ കൂടെയുണ്ടാകും. സൈബീരിയയിലാണ് ഈ വിഭാഗക്കാരെ കാണാനാവുന്നത്. സൈബീരയയുടെ വ്യത്യസ്തയില്‍നിന്നും ഖിമൂഷിന്റെ ചിത്രങ്ങള്‍ കാഴ്ചക്കാരുടെ ശ്രദ്ധ ആകര്‍ഷിക്കുന്നത് മംഗോളിയയിലെ ഓറോഖന്‍ പെണ്‍കുട്ടിയിലേക്കാണ്. പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈന അംഗീകരിച്ചിട്ടുള്ള 56 വംശീയ വിഭാഗങ്ങളിലൊന്നാണ് ഓറോഖന്‍. ഈ വംശജര്‍ അവരുടെ സംസ്‌കാരത്തിലും പാരമ്പര്യത്തിലും അഭിമാനിക്കുന്നവരാണ്. പക്ഷേ ഈ വംശം നാശത്തിന്റെ വക്കിലാണ്. അടുത്ത തലമുറയ്ക്ക് ഇവരെ കാണാന്‍ സാധിക്കുമോ എന്ന കാര്യം സംശയമാണ്.

എത്യോപിയയിലെ ബോദി എന്ന ഗോത്രവിഭാഗത്തില്‍പ്പെട്ടയാള്‍

ദി വേള്‍ഡ് ഇന്‍ ഫെയ്‌സസ് എന്ന തന്റെ ഉദ്യമത്തിലൂടെ ലോകത്തെ മികച്ചതാക്കാന്‍ ശ്രമിക്കുകയാണു ഖിമൂഷിന്‍. ആഗോളവത്കരണം അരങ്ങ് തകര്‍ക്കുന്ന, സ്വാധീന ശക്തിയായി മാറുന്ന ഈ കാലത്ത്, വിവിധ രാജ്യങ്ങളില്‍ അവശേഷിക്കുന്ന ഗോത്ര സമൂഹങ്ങളെ നിലനിര്‍ത്താനുള്ള എളിയ ശ്രമവും ഈ ഉദ്യമത്തിനുണ്ട്.

www.khimushin.com എന്ന വെബ്‌സൈറ്റിലൂടെ പ്രസിദ്ധപ്പെടുത്തിയിരിക്കുന്ന ചിത്രങ്ങളില്‍ അത് പ്രതിഫലിക്കുന്നുണ്ട്. ഗോത്ര സമൂഹങ്ങളെ തനിമയോടെ ലോകത്തിനു മുന്‍പില്‍ ഖിമൂഷിന്‍ അവതരിപ്പിക്കുന്നത് അവരുടെ പരമ്പരാഗത ശൈലിയിലും രീതിയിലുമാണ്.വംശനാശ ഭീഷണി നേരിടുന്ന, തദ്ദേശീയ ഭാഷ സംസാരിക്കുന്ന അവസാനത്തെ വ്യക്തികളുള്ള ചില ഗോത്ര സമൂഹങ്ങളുടെ പോര്‍ട്രെയ്റ്റ് ചിത്രങ്ങളെടുക്കാന്‍ സാധിച്ചതു വലിയ നേട്ടമായെന്നു ഖിമൂഷിന്‍ പറയുന്നു.

ചിപ്പികള്‍ കൊണ്ടു നിര്‍മിച്ച മാല കഴുത്തിലണിഞ്ഞ്, പരമ്പരാഗത വസ്ത്രങ്ങള്‍ ധരിച്ച ദക്ഷിണ എത്യോപിയയിലെ തുര്‍മിയിലുള്ള ഹാമര്‍ എന്ന ഗോത്ര വനിതയുടെയും, താജിക്ക്സ്ഥാനിലെ പാമിര്‍ മലനിരകളിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ജീവിക്കുന്ന കിര്‍ഗ്‌സ് വംശജന്റെയും ചിത്രങ്ങള്‍ ഫോട്ടൊഗ്രാഫിയുടെ അനുപമമായ സൗന്ദര്യത്തെ വിളിച്ചോതുകയാണ്. ഈ ചിത്രങ്ങള്‍ അപൂര്‍വ്വവും നയനാന്ദകരവുമാണ്.

ഒറ്റയ്ക്കാണു ഖിമൂഷിന്‍ യാത്രകള്‍ മുഴുവന്‍ നടത്തിയത്. ഇതിനോടകം 84 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ഇദ്ദേഹം സഞ്ചരിച്ച രാജ്യങ്ങളും നടന്നു തീര്‍ത്ത പാതകളും ഇതുവരെ ഒരു ഗൈഡുകളുടെയോ പുസ്തകങ്ങളുടെയോ സഹായത്തോടെയായിരുന്നില്ല. പകരം ഓഫ് ബീറ്റ് എന്നൊക്കെ പറയാവുന്ന പാതകളും തീര്‍ത്തും വിജനമായ പ്രദേശങ്ങളുമാണു ഖിമൂഷിന്‍ യാത്രയ്ക്കായി തെരഞ്ഞെടുത്തത്. സൈബീരിയയുടെ വിജനമായ പാതകളും ആഫ്രിക്കയിലെ അറിയപ്പെടാത്ത ഉള്‍നാടന്‍ ഗ്രാമങ്ങളും ഇത്തരത്തില്‍ ഖിമൂഷിന്‍ താണ്ടി കഴിഞ്ഞവയാണ്.

 

ത്രിപുരയിലെ കാഞ്ചന്‍പൂരില്‍ റിയാങ് ഗോത്രത്തില്‍പ്പെട്ട വനിത.

റഷ്യയിലെ കിഴക്കന്‍ പ്രദേശമായ യാകുതിയയാണു ഖിമൂഷിന്റെ ജന്മദേശം. ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ടതും ഭൂമിയിലെ ഏറ്റവും തണുപ്പേറിയ പ്രദേശവും കൂടിയാണു യാകുതി. ഇവിടെനിന്നും ഓസ്‌ട്രേലിയയിലേക്കു ഖിമൂഷിന്‍ കുടിയേറുകയായിരുന്നു. ചെറുപ്രായം മുതല്‍ യാത്രകളോടു വലിയ ഇഷ്ടമായിരുന്നു ഖിമൂഷിന്. ഈ ഇഷ്ടമാണ് അദ്ദേഹത്തെ ലോകപര്യടനം നടത്താന്‍ പ്രേരിപ്പിച്ചത്. യാത്രകള്‍ നടത്തിയിരുന്ന ആദ്യകാലത്തു ഖിമൂഷിന്റെ ഉറ്റ ചങ്ങാതിയായിരുന്നു കാമറ. മുത്തച്ഛനില്‍നിന്നും സ്വന്തമാക്കിയതായിരുന്നു കാമറ. കാമറയോടും ഫോട്ടൊഗ്രാഫിയോടുമുള്ള ഇഷ്ടം കാരണം യാത്രയ്ക്കിടെ നിരവധി പോര്‍ട്രെയ്റ്റ് ചിത്രങ്ങളെടുക്കാന്‍ ഖിമൂഷിനു സാധിച്ചിരുന്നു. ഇത്തരത്തില്‍ എടുത്ത ചിത്രങ്ങള്‍ ഖിമൂഷിനെ ഇരുത്തി ചിന്തിപ്പിച്ചു. ഇതാണ് ദി വേള്‍ഡ് ഇന്‍ ഫെയ്‌സസ് എന്ന വന്‍ പദ്ധതിയുമായി ലോകപര്യടനം നടത്താന്‍ ഖിമൂഷിനെ പ്രേരിപ്പിച്ചത്. ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടും ഖിമൂഷിന്‍ കാഴ്ചകളുടെ ലോകം തേടി യാത്ര തുടരുകയായിരുന്നു. ഒന്‍പതു വര്‍ഷം ബിസിനസ് കരിയര്‍ അവസാനിപ്പിച്ചു കൊണ്ടാണ് ലോകപര്യടനത്തിനു ഖിമൂഷിന്‍ ഇറങ്ങി പുറപ്പെട്ടത്.

ഒറ്റയ്ക്കാണു ഖിമൂഷിന്‍ യാത്രകള്‍ മുഴുവന്‍ നടത്തിയത്. ഇതിനോടകം 84 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ഇദ്ദേഹം സഞ്ചരിച്ച രാജ്യങ്ങളും നടന്നു തീര്‍ത്ത പാതകളും ഇതുവരെ ഒരു ഗൈഡുകളുടെയോ പുസ്തകങ്ങളുടെയോ സഹായത്തോടെയായിരുന്നില്ല. പകരം ഓഫ് ബീറ്റ് എന്നൊക്കെ പറയാവുന്ന പാതകളും തീര്‍ത്തും വിജനമായ പ്രദേശങ്ങളുമാണു ഖിമൂഷിന്‍ യാത്രയ്ക്കായി തെരഞ്ഞെടുത്തത്. സൈബീരിയയുടെ വിജനമായ പാതയും ആഫ്രിക്കയിലെ അറിയപ്പെടാത്ത ഉള്‍നാടന്‍ ഗ്രാമങ്ങളും ഇത്തരത്തില്‍ ഖിമൂഷിന്‍ താണ്ടി കഴിഞ്ഞവയാണ്.

Comments

comments

Categories: FK Special, Slider